ഒരു വാക്ക്....

യഥാര്‍ത്ഥ ക്രിസ്തുദര്‍ശനത്തിനായി ചിന്തിക്കുകയും ആ സന്ദേശം പ്രചരിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു കത്തോലിക്കന്‍. സുവിശേഷസന്ദേശം ലോകമെങ്ങും എത്തിക്കുക എന്നത് ലോകമെങ്ങുമുള്ള ക്രൈസ്തവരുടെ ജീവിതദൌത്യമാണെന്ന തിരിച്ചറിവില്‍ എന്‍റെ തൊഴിലിലൂടെയും ജീവിതത്തിലൂടെയും ഞാന്‍ എന്‍റെ ക്രിസ്തുവിനെ മഹത്വപ്പെടുത്തുന്നു. സ്ഥാപനവല്‍ക്കരണത്തിലൂടെയും, സുവിശേഷവിരുദ്ധമായ നയങ്ങളിലൂടെയും കത്തോലിക്കാ സഭയില്‍ സംഭവിക്കുന്ന അപചയപ്രവണതകള്‍ക്കുള്ള പ്രതിവിധി സഭാംഗങ്ങള്‍ ഏവരും ശരിയായ ബോധ്യത്തിലേക്ക് കടന്നുവരികയാണ്. ശരിയായ വിശ്വാസവും ആത്മീയ കാഴ്ച്ചപ്പാടുകളും സ്വന്തമാക്കുവാന്‍ ഈ ദൈവജനത്തെ പര്യാപ്തരാക്കേണ്ട ചുമതല നാമേവര്‍ക്കുമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു.

Sunday, September 30, 2012

ദൈവത്തിനായ് മാറ്റിവയ്ക്കുമ്പോള്‍....

     പണ്ട് കേട്ടിട്ടുള്ള ഒരു കൊച്ചു കഥയുണ്ട്. ഒരു രാജാവ് തന്‍റെ പ്രജകളുടെ ക്ഷേമമന്വേഷിക്കാനായി വേഷപ്രച്ഛന്നനായി നാട്ടിലേക്ക് ഇറങ്ങുക പതിവായിരുന്നു. ഒരിക്കല്‍ ഒരു കച്ചവടക്കാരന്റെ വേഷം ധരിച്ച അദ്ദേഹത്തിന്‍റെ മുന്നില്‍ ഒരു യാചകന്‍ കൈനീട്ടി. രാജാവ് അയാള്‍ക്ക് ഒന്നും കൊടുത്തില്ലെന്ന് മാത്രമല്ല, തനിക്ക് എന്തെങ്കിലും തരണമെന്ന് യാചകനോട് ആവശ്യപ്പെടുകയും ചെയ്തു. അയാള്‍ പുച്ഛത്തോടെ തന്‍റെ ഭാണ്ഡത്തില്‍നിന്നും രണ്ട് അരിമണികള്‍ പെറുക്കിയെടുത്ത് രാജാവിന് നല്‍കി. രാജാവ് ഒരു പുഞ്ചിരിയോടെ അത് വാങ്ങി അവിടെനിന്നും പോയി. യാചകന്‍ വൈകുന്നേരം തന്‍റെ കുടിലില്‍ ചെന്ന് തനിക്ക് അന്നേദിവസം കിട്ടിയ ഭിക്ഷകള്‍ ഭാണ്ഡത്തില്‍നിന്ന് കുടഞ്ഞിട്ട് വേര്‍തിരിക്കവേ, അത്ഭുതകരമായ ഒരു കാഴ്ച കണ്ടു. ആ അരിമണികള്‍ക്കിടയില്‍ സ്വര്‍ണ്ണം കൊണ്ടുള്ള രണ്ട് അരിമണികള്‍. യാചകന്‍ രാജാവിന് കൊടുത്ത അരിമണികള്‍ക്ക് പകരം അദ്ദേഹം തന്നെ സൂത്രത്തില്‍ നിക്ഷേപിച്ചതായിരുന്നു അവ. കാര്യം മനസ്സിലായപ്പോള്‍ യാചകന് വലിയ ഇച്ഛാഭംഗം തോന്നി. തന്‍റെ കൈവശമുള്ളതൊക്കെയും അദ്ദേഹത്തിന് കൊടുക്കാന്‍ തോന്നിയിരുന്നെങ്കില്‍ ഇന്ന് താനൊരു ധനികനായി മാറിയേനെ എന്നയാള്‍ വേദനയോടെ ചിന്തിച്ചു.
     ദൈവത്തിനായി എന്തെങ്കിലും മാറ്റിവയ്ക്കുമ്പോള്‍ നാമും പലപ്പോഴും ഈ യാചകനെപ്പോലെ തരംതാഴാറില്ലേ? ധനമോ, സമയമോ, അദ്ധ്വാനമോ മറ്റെന്തെങ്കിലുമോ ആകട്ടെ, ദൈവത്തെ പ്രതി നാം മാറ്റിവയ്ക്കുമ്പോള്‍ അതില്‍ നമ്മുടെ വേദനയും ത്യാഗവും അടങ്ങിയിട്ടുണ്ടോ എന്നതാണ് പ്രധാനം എന്ന് വചനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. വിധവ ഭണ്ഡാരത്തില്‍ നിക്ഷേപിക്കുന്ന കേവലം നിസ്സാരങ്ങളായ ചില്ലിത്തുട്ടുകളെക്കുറിച്ച് നമ്മോട് പറയുന്ന ഈശോ സൂചിപ്പിക്കുന്നത് ഇതുതന്നെയാണ്. 
     ദൈവത്തെ പ്രതി, ദൈവസ്നേഹത്തെ പ്രതി സന്മനസ്സോടെ എന്ത് നീക്കിവയ്ക്കാന്‍ നമുക്ക് കഴിയുന്നു എന്നതാണ് നമുക്ക് ലഭിക്കുന്ന അനുഗ്രഹങ്ങളെ നിശ്ചയിക്കുന്നത്. ദശാംശം കൊടുക്കുക എന്ന ശീലം ജീവിതത്തിലുടനീളം പാലിക്കുന്ന അനേകരെ കണ്ടുമുട്ടിയിട്ടുണ്ട്. മാനുഷികമായി ചിന്തിച്ചാല്‍, ഇന്ന് ഒരു സാധാരണക്കാരന്‍റെ ഒരുമാസത്തെ ശരാശരി വരുമാനവും ചെലവുകളും പൊരുത്തപ്പെടുത്തികൊണ്ടുപോകാന്‍ തന്നെ ബുദ്ധിമുട്ടായിരിക്കെ, ദൈവത്തെപ്രതി നല്‍കുവാന്‍ സന്മനസ്സായിരിക്കുന്ന ഓരോരുത്തരുടെ ജീവിതത്തിലും അത്ഭുതങ്ങള്‍ സംഭവിക്കുന്നതാണ് കാണാന്‍ കഴിയുക. ഒരിക്കലും മനുഷ്യനെ തൃപ്തിപ്പെടുത്താന്‍ കഴിയാത്ത ചരിത്രമാണ് പണത്തിന്‍റെത്. സമ്പാദിക്കുംതോറും അതിന്‍റെ ആവശ്യങ്ങള്‍ വര്‍ദ്ധിക്കും; ഉപ്പുവെള്ളം കുടിക്കുന്നവന്റെ ദാഹം ഒരിക്കലും നിലയ്ക്കില്ല എന്ന് പറയുന്നതുപോലെ. പക്ഷെ, മനുഷ്യന്‍റെ അധ്വാനത്തിന്‍റെ പ്രതിഫലമായ സമ്പത്തിന്‍റെ ഒരു വിഹിതം ദൈവികമായ കാഴ്ചപ്പാടുകളോടെ വിനിയോഗിക്കാന്‍ സന്മനസ്സായാല്‍, ആ അധ്വാനത്തിന്‍റെ മുഴുവന്‍ ഫലങ്ങളും അതിന്‍റെ എല്ലാ വിനിയോഗങ്ങളും വിശുദ്ധീകരിക്കപ്പെടുകയും, അവന്‍റെ സകല ആവശ്യങ്ങളും നിറവേറ്റപ്പെടുകയും ചെയ്യും എന്ന് തീര്‍ച്ച.
     ദൈവത്തിനായി നീക്കിവയ്ക്കുന്നത് എന്തുതന്നെയായാലും അതിന്‍റെ പിന്നിലെ സന്മനസ്സിനെ ദൈവം അങ്ങേയറ്റം വിലമതിക്കുന്നു. അദ്ധ്വാനമോ, അദ്ധ്വാനഫലമോ, സമയമോ എന്തുതന്നെയായാലും ദൈവകാര്യത്തിനുവേണ്ടി നാം മാറ്റിവയ്ക്കുന്നെങ്കില്‍ നമ്മുടെ വിശ്വസ്തത അവിടെ മുഖ്യമാണ്. ഇത്തരത്തില്‍ ചിന്തിക്കുമ്പോള്‍, ദൈവകോപത്തിന് തന്നെ കാരണമായേക്കാവുന്ന അലംഭാവത്തെക്കുറിച്ച് തിരുവചനം സൂചിപ്പിക്കുന്നത് കാണാന്‍ സാധിക്കും. അപ്പസ്തോലന്മാരുടെ പ്രവര്‍ത്തനങ്ങളുടെ അഞ്ചാമദ്ധ്യായത്തില്‍ അനനിയാസ്, സഫീറ എന്നീ ഭാര്യാഭര്‍ത്താക്കന്മാര്‍ നേരിട്ട ദുരന്തത്തെക്കുറിച്ച് നാം വായിക്കുന്നു. ദൈവത്തിനുവേണ്ടി നല്‍കുവാന്‍ തീരുമാനിക്കപ്പെട്ട സമ്പത്തിന്‍റെ ഒരു വിഹിതം രഹസ്യമായി നീക്കിവയ്ക്കുവാന്‍ ഇടയായത് അവരുടെ മരണത്തില്‍ കലാശിക്കുന്നു. നാം പുലര്‍ത്തേണ്ട വിശ്വസ്ഥതയെക്കുറിച്ചുള്ള വലിയ സന്ദേശമാണ് അത്. 
     ഇത്തരത്തില്‍, നാം ദൈവത്തിനായി നീക്കിവയ്ക്കുന്ന ആരോഗ്യത്തെയും സമ്പത്തിനെയും കുറിച്ചെല്ലാം കൂടുതല്‍ വിശ്വസ്ഥമായ സമീപനം പുലര്‍ത്തേണ്ടത് ആവശ്യമാണ്‌. അല്ലാത്തപക്ഷം, നമുക്ക് ലഭിക്കേണ്ട അനുഗ്രഹങ്ങള്‍ ശാപങ്ങളായി പരിണമിച്ചേക്കാം. ഓര്‍ക്കുക, നാം സ്വയമേവ ഏറ്റെടുക്കുന്ന ഇത്തരം ത്യാഗങ്ങളെയും നഷ്ടങ്ങളെയുമെല്ലാം അതിലംഘിക്കുന്നതാണ് വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന നന്മകള്‍. 
     'സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു, ദൈവരാജ്യത്തിനുവേണ്ടി വീടിനെയോ, ഭാര്യയെയോ, സഹോദരന്മാരെയോ, മാതാപിതാക്കളെയോ, സന്താനങ്ങളെയോ ഉപേക്ഷിച്ചവരിലാര്‍ക്കും, ഇക്കാലത്തുതന്നെ അവ അനേകമടങ്ങ്‌ ലഭിക്കാതിരിക്കുകയില്ല. വരാനിരിക്കുന്ന കാലത്ത് നിത്യജീവനും.' ലൂക്കാ18/29,30
     സഹജീവികളില്‍നിന്നുള്ള പ്രശംസയോ പ്രതിഫലമോ കാംക്ഷിക്കാതെ ആവുംവിധം ഏവര്‍ക്കും സഹായം നല്‍കുവാനാണ് തിരുവചനം നമ്മെ ഉത്ബോധിപ്പിക്കുന്നത്. തിരിച്ചുകിട്ടുമെന്ന പ്രതീക്ഷ കൂടാതെ ദൈവത്തെപ്രതി നല്‍കാന്‍ തയ്യാറാകുമ്പോള്‍ അതിന്‍റെ പ്രതിഫലം വളരെ വലുതായിരിക്കും. പണത്തിന്‍റെയും, അദ്ധ്വാനത്തിന്‍റെയും, സമയത്തിന്‍റെയുമെല്ലാം മൂല്യം ഇത്തരത്തില്‍ ദൈവത്തിന്‍റെ കണ്ണില്‍ അമൂല്യങ്ങളായി മാറുകയും നമുക്ക് അവര്‍ണ്ണനീയങ്ങളായ അനുഗ്രഹങ്ങളായി പരിണമിക്കുകയും ചെയ്യുന്നത് നമ്മുടെ ഈ ജീവിതത്തില്‍ തിരിച്ചറിയാനാവും. 

Sunday, September 2, 2012

ജപമാല ഭക്തി


കത്തോലിക്കാസഭയുടെ വിശ്വാസപാരമ്പര്യങ്ങളില്‍ ഒഴിച്ചുകൂടാനാവാത്തതാണ് ജപമാല പ്രാര്‍ത്ഥന. "റോസാപ്പൂന്തോട്ടം" എന്നര്‍ത്ഥം വരുന്ന "റോസാരിയം" എന്ന ലത്തീന്‍ വാക്കില്‍നിന്നാണ് റോസറി എന്ന ഇംഗ്ലീഷ് വാക്ക് രൂപംകൊണ്ടത്‌. യേശുവിലേയ്ക്കുള്ള വഴി മാതാവിലൂടെയാണെന്നും മരിയശാസ്ത്രം ക്രിസ്തുശാസ്ത്രം തന്നെയാണെന്നുമുള്ള റോമൻകത്തോലിക്കാ മരിയശാസ്ത്രത്തിന്റെ പഠനങ്ങള്‍ പ്രകാരം ജപമാലഭക്തി നൂറ്റാണ്ടുകളായി പ്രോത്സാഹിപ്പിക്കപ്പെടുന്നു. കൊന്തയിൽ പരമ്പരാഗതമായി ചൊല്ലാറുള്ള 15 "രഹസ്യങ്ങൾ" ദീർഘകാലത്തെ പതിവിനെ അടിസ്ഥാനമാക്കി പതിനാറാം നൂറ്റാണ്ടിൽ പീയൂസ് അഞ്ചാമൻ മാർപ്പാപ്പ ക്രമപ്പെടുത്തിയവയാണ്. ഈ പതിനഞ്ചു "രഹസ്യങ്ങൾ" മുന്നു ഗണങ്ങളായി തിരിക്കപ്പെട്ടിട്ടുണ്ട്: സന്തോഷത്തിന്റെ രഹസ്യങ്ങൾ, ദുഃഖത്തിന്റെ രഹസ്യങ്ങൾ, മഹിമയുടെ രഹസ്യങ്ങൾ എന്നിവയാണ് ആ ഗണങ്ങൾ. 2002-ൽ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ പ്രകാശത്തിന്റെ രഹസ്യങ്ങൾ എന്ന പേരിൽ ഒരു ഗണം കൂട്ടിച്ചേർത്തതോടെ, മൊത്തം രഹസ്യങ്ങളുടെ എണ്ണം 20 ആയി. 

കൊന്തയുടെ ഉത്പത്തിയെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങൾ നിലവിലുണ്ട്. ഒരു പാരമ്പര്യമനുസരിച്ച് ഇന്നത്തെ ഫ്രാൻസിലെ പ്രൗവിൽ എന്ന സ്ഥലത്ത് 1214-ൽ വിശുദ്ധ ഡോമിനിക്കിന് പ്രത്യക്ഷപ്പെട്ട് മാതാവ് വെളിപ്പെടുത്തിയതാണിത്. പതിനഞ്ചാം നൂറ്റാണ്ടിലെ ഡോമിനിക്കൻ സന്യാസിയും ദൈവശാസ്ത്രജ്ഞനും വിശുദ്ധനുമായ റോക്കിയുടെ പേരും കൊന്തയുടെ ചരിത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. കൊന്തയുടെ പ്രചാരണത്തിനായി പല രാജ്യങ്ങളിലും ജപമാലസഖ്യങ്ങൾ സ്ഥാപിക്കാൻ മുൻകൈ എടുത്തത് അദ്ദേഹമാണ്. പക്ഷെ, അതിനും നൂറ്റാണ്ടുകള്‍ക്കുമുമ്പ് മുതല്‍ തന്നെ പ്രാര്‍ത്ഥനയ്ക്കായി പ്രാര്‍ത്ഥനാമണികള്‍ ഉപയോഗിച്ചിരുന്നതായി ചരിത്രസൂചനകളുണ്ട്. 
കൊന്തയിലെ "നന്മനിറഞ്ഞമറിയമേ" എന്ന പ്രാർത്ഥനയുടെ ആവർത്തനത്തിനൊപ്പമുള്ള ധ്യാനം പതിനഞ്ചാം നൂറ്റാണ്ടില്‍ കാർത്തൂസിയൻ സന്യാസി, പ്രഷ്യയിലെ ഡോമിനിക്ക് ഏർപ്പെടുത്തിയതാണെന്ന് പറയപ്പെടുന്നു. ധ്യാനത്തോടെയുള്ള കൊന്തയെ അദ്ദേഹം, യേശുവിന്റെ ജീവിതത്തിന്റെ ജപമാല" എന്നു വിളിച്ചു.

പിൽക്കാലത്ത്, കത്തോലിക്കാസഭയിൽ ഏറെ പ്രചാരമുള്ള മരിയഭക്തിയുടെ അവിഭാജ്യഘടകമായിത്തീർന്നു കൊന്ത. കൊന്തനമസ്കാരത്തെ സംബന്ധിച്ച് 12 ചാക്രികലേഖനങ്ങളും അഞ്ച് ശ്ലൈഹികലേഖനങ്ങളും പുറപ്പെടുവിച്ച ലിയോ പതിമൂന്നാമൻ ഉൾപ്പെടെ പല മാർപ്പാപ്പമാരും ഈ ഭക്ത്യഭ്യാസത്തെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. കൊന്തയോടനുബന്ധിച്ച് ചൊല്ലാറുള്ള മാതാവിന്റെ ലുത്തിനിയായിൽ "പരിശുദ്ധജപമാലയുടെ രാജ്ഞീ" എന്നു കൂട്ടിച്ചേർത്തതും "ജപമാലയുടെ മാര്‍പ്പാപ്പ" എന്നറിയപ്പെടുന്ന ലിയോ പതിമൂന്നാമന്‍ മാര്‍പ്പാപ്പയാണ്. 1571-ലെ ലെപ്പാന്റോ യുദ്ധത്തിൽ ക്രിസ്തീയരാഷ്ട്രങ്ങളുടെ "വിശുദ്ധസഖ്യത്തിന്റെ" വിജയം കൊന്തനമസ്കാരം വഴി ലഭിച്ച മാതാവിന്റെ മദ്ധ്യസ്ഥതവഴി ആണെന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ, പീയൂസ് അഞ്ചാമൻ മാർപ്പാപ്പ കൊന്തയെ കത്തോലിക്കാസഭയിലെ തിരുനാളുകളുടെ പഞ്ചാംഗത്തിൽ ഉൾപ്പെടുത്തി. "ജപമാലരാജ്ഞിയുടെ തിരുനാൾ" എന്ന പേരിൽ അത്, ലെപ്പാന്റോ യുദ്ധം നടന്ന ഒക്ടോബർ 7-ന് ആഘോഷിക്കപ്പെടുന്നു.
ഇന്ന് ഓരോ രഹസ്യത്തിനും ഒടുവില്‍ ചൊല്ലാറുള്ള "ഫാത്തിമാ ജപം" 1917ല്‍ പോര്‍ച്ചുഗലിലുള്ള ഫാത്തിമ എന്ന ഗ്രാമത്തില്‍ മൂന്ന് കുട്ടികള്‍ക്ക് മുന്നില്‍ പ്രത്യക്ഷയായ പരിശുദ്ധഅമ്മ അവരിലൂടെ ലോകത്തിന് നല്‍കിയതാണ്. 

കൊന്തനമസ്കാരം വഴിയുള്ള മരിയഭക്തിയുടെ ഒരു "പുതിയ വസന്തകാലം" വന്നെത്തിയെന്ന് അടുത്തകാലത്ത് ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ അഭിപ്രായപ്പെട്ടിട്ടുണ്ട്. യേശുവിനോടും മാതാവിനോടും യുവതലമുറക്കുള്ള സ്നേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ സൂചനകളിലൊന്നായി "കൊന്തഭക്തിയുടെ" പുതിയ ഉണർവിനെ കണ്ട അദ്ദേഹം ക്രിസ്തീയസങ്കല്പം അനുസരിച്ചുള്ള മനുഷ്യരക്ഷാചരിത്രത്തിലെ എല്ലാ പ്രധാനസംഭവങ്ങളേയും കുറിച്ചുള്ള ധ്യാനം എന്ന് കൊന്തയെ വിശേഷിപ്പിക്കുകയും ചെയ്തു. കത്തോലിക്കാ സഭയിലെ കൊന്ത, യേശുവിൽ ശ്രദ്ധയൂന്നി ജീവിച്ച മാതാവിന്റെ ജീവിതത്തിലുള്ള പങ്കുചേരലാണെന്ന് ദൈവശാസ്ത്രജ്ഞൻ റൊമാനോ ഗാർഡിനി അഭിപ്രായപ്പെട്ടിട്ടുണ്ട്.

"നന്മനിറഞ്ഞ മറിയമേ" എന്ന ജപത്തിന്റെ ആവർത്തനത്തിന്റെ എണ്ണം നിശ്ചയിക്കാനുള്ള ഉപകരണമാണ് മണികൾ ചേർന്ന കൊന്ത. പ്രാർത്ഥന ആവർത്തിക്കുമ്പോൾ വിരലുകൾ മണികളിലൂടെ കടന്നുപോവുന്നു. ജപാവർത്തനത്തിന്റെ എണ്ണം ഇങ്ങനെ യാന്ത്രികമായി നടക്കുന്നതിനാൽ, രഹസ്യങ്ങളിന്മേൽ ധ്യാനം ശ്രദ്ധകേന്ദ്രീകരിക്കാനാവുന്നു. സാധാരണ ഉപയോഗിക്കാറുള്ള കൊന്തകൾ അഞ്ചു ദശകങ്ങൾ ഉൾപ്പെട്ടവയാണ്. പത്തുമണികൾ ചേർന്ന ദശകങ്ങൾക്കിടയിൽ ഒരോ ഒറ്റ മണികൾ വേറേ ഉണ്ടായിരിക്കും. "നന്മനിറഞ്ഞമറിയമേ" എന്ന ജപം ദശകങ്ങളിലെ മണികളിന്മേൽ വിരലോടിച്ചും, ഇടയ്ക്കുള്ള കർത്തൃപ്രാർത്ഥന, ദശകങ്ങൾക്കിടയിലെ ഒറ്റപ്പെട്ട മണികളിൽ വിരലോടിച്ചുമാണ് ചൊല്ലേണ്ടത്. വലയത്തിലുള്ള കൊന്തയോട് ചേർത്ത് മൂന്നു മണികളും ഒറ്റപ്പെട്ട രണ്ടു മണികളും ചേർന്ന ഒരു ചെറിയ ഭാഗവും ഉണ്ട്. കൊന്തജപം തുടങ്ങുന്നത് ഈ ഭാഗത്തിന്മേലാണ്. മൂന്നു പ്രാരംഭപ്രാർത്ഥനകളെ സൂചിപ്പിക്കുന്ന മണികളാണവയിൽ. സാധാരണ കൊന്തകളിൽ ഈ ഭാഗത്ത് ഒരു ചെറിയ ക്രൂശിതരൂപവും ഉണ്ടാകും.

കൊന്തയുടെ മണികൾ തടി, അസ്ഥി, സ്ഫടികം, ഉണങ്ങിയ പൂക്കൾ, രത്നക്കല്ലുകൾ, പവിഴം, വെള്ളി, സ്വർണ്ണം ഇവ കൊണ്ടൊക്കെ നിർമ്മിക്കുക പതിവാണ്. "കൊന്തമണിമരം" എന്നറിയപ്പെടുന്ന ചെടിയിൽ ഉണ്ടാവുന്ന "കൊന്തപ്പയറും" കൊന്തയുടെ നിർമ്മാണത്തിനുപയോഗിക്കാറുണ്ട്. എന്നാൽ ഇക്കാലത്ത് മിക്കവാറും കൊന്തകളിലെ മണികൾ സ്പടികം, പ്ലാസ്റ്റിക്, മരം എന്നിവയിൽ ഒന്നു കൊണ്ട് ഉണ്ടാക്കിയവയാണ്. "മതാവിന്റെ കൊന്തനിർമ്മാതാക്കൾ" എന്ന സംഘടന വർഷം തോറും 70 ലക്ഷത്തോളം കൊന്തകൾ നിർമ്മിച്ച് വിതരണം ചെയ്യുന്നു.വിശുദ്ധിയുമായി ബന്ധപ്പെട്ടതും അതിന്റെ സ്മരണ ഉണർത്തുന്നതുമായ വസ്തുക്കളും കൊന്തമണികളുടെ നിർമ്മാണത്തിന് ഉപയോഗിക്കാറുണ്ട്. സ്പെയിനിലെ സാന്തിയോഗാ ഡി കമ്പോസ്റ്റെല്ലായിലെ യാക്കോബ് ശ്ലീഹായുടെ പള്ളിയിൽ നിന്നുള്ള ജെറ്റ് കല്ലുകൾ, യരുശലേമിൽ യേശുവിന്റെ മനോവ്യഥയുടെ രംഗമായിരുന്ന ഗദ്സമേൻ തോട്ടത്തിലെ ഒലിവിന്‍ കായ്കൾ എന്നിവ മണികളുടെ നിർമ്മാണത്തിനുപയോഗിക്കുന്നു. തിരുശേഷിപ്പുകളും വിശുദ്ധജലവും ഉൾക്കൊള്ളിച്ചും മണികൾ നിർമ്മിക്കാറുണ്ട്. ആശീർവദിക്കപ്പെട്ട കൊന്ത ഒരു വിശുദ്ധവസ്തുവായി കണക്കാക്കപ്പെടുന്നു. പരിശുദ്ധഅമ്മയുടെ സാന്നിധ്യസ്മരണയ്ക്കും മാദ്ധ്യസ്ഥസഹായത്തിനുമായി വാഹനങ്ങളിലും, കഴുത്തില്‍ ധരിക്കുവാനും മറ്റും ജപമാലകള്‍ വ്യാപകമായി ഉപയോഗിക്കാറുണ്ട്.