ഒരു വാക്ക്....

യഥാര്‍ത്ഥ ക്രിസ്തുദര്‍ശനത്തിനായി ചിന്തിക്കുകയും ആ സന്ദേശം പ്രചരിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു കത്തോലിക്കന്‍. സുവിശേഷസന്ദേശം ലോകമെങ്ങും എത്തിക്കുക എന്നത് ലോകമെങ്ങുമുള്ള ക്രൈസ്തവരുടെ ജീവിതദൌത്യമാണെന്ന തിരിച്ചറിവില്‍ എന്‍റെ തൊഴിലിലൂടെയും ജീവിതത്തിലൂടെയും ഞാന്‍ എന്‍റെ ക്രിസ്തുവിനെ മഹത്വപ്പെടുത്തുന്നു. സ്ഥാപനവല്‍ക്കരണത്തിലൂടെയും, സുവിശേഷവിരുദ്ധമായ നയങ്ങളിലൂടെയും കത്തോലിക്കാ സഭയില്‍ സംഭവിക്കുന്ന അപചയപ്രവണതകള്‍ക്കുള്ള പ്രതിവിധി സഭാംഗങ്ങള്‍ ഏവരും ശരിയായ ബോധ്യത്തിലേക്ക് കടന്നുവരികയാണ്. ശരിയായ വിശ്വാസവും ആത്മീയ കാഴ്ച്ചപ്പാടുകളും സ്വന്തമാക്കുവാന്‍ ഈ ദൈവജനത്തെ പര്യാപ്തരാക്കേണ്ട ചുമതല നാമേവര്‍ക്കുമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു.

Sunday, August 19, 2012

യുവത്വത്തിന് ഇവിടെ സംഭവിക്കുന്നത്....

 ഇന്നത്തെ സാമൂഹികപശ്ചാത്തലത്തില്‍ കൂടുതല്‍ ഗൌരവമായി ചര്‍ച്ചചെയ്യപ്പെടേണ്ട ഒരു വിഷയമാണ് 'കത്തോലിക്ക യുവത്ത്വത്തിന്‍റെ ദിശാബോധം'. ഒരുപക്ഷേ, ഈ സമൂഹത്തില്‍ പ്രതിബിംബിച്ച ഒട്ടേറെ ലക്ഷണങ്ങളെയും കാലങ്ങളായി അവഗണിച്ച നാം ഇന്ന് കൂടുതല്‍ ബോധ്യത്തോടെ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. വിശ്വാസരാഹിത്യം, ജീവിതപരാജയം, കുടുംബത്തകര്‍ച്ചകള്‍ തുടങ്ങി ഒട്ടേറെ വെല്ലുവിളികളിലൂടെ നീങ്ങിക്കൊണ്ടിരിക്കുന്ന കത്തോലിക്കായുവത്വം തന്നെയാണ് ഇന്നൊരുപക്ഷെ സഭയുടെയും പ്രധാന വെല്ലുവിളി. അനവധി നിരീശ്വര, ഭൌതികവാദ പ്രസ്ഥാനങ്ങളുടെയും, ധാര്‍മ്മിക, സാമൂഹിക വിധ്വംസക പ്രവര്‍ത്തനങ്ങളുടെയും വരെ പങ്കാളികളായി തള്ളിക്കളയാനാവാത്തൊരു ശതമാനം യുവജനങ്ങള്‍ ഈ സമൂഹത്തില്‍ പ്രത്യക്ഷപ്പെടുന്നു. ഏതെങ്കിലും ഒരുതലത്തില്‍ മാത്രം നിന്നുകൊണ്ട് വിലയിരുത്താനാവാത്തത്ര സങ്കീര്‍ണ്ണമായൊരു മാറ്റത്തെ അഭിമുഖീകരിക്കുകയാണ് യുവതലമുറകള്‍. സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്റെയും കൂട്ടുത്തരവാദിത്തത്തില്‍നിന്ന് അകന്ന്‍ സ്വാശ്രയദ്വീപുകളായി മാറ്റപ്പെടുന്ന ആഗോള പ്രതിഭാസത്തിന് നേതൃത്വം വഹിക്കുകയാണോ നമ്മുടെ യുവജനങ്ങള്‍ ഇവിടെ? യുവത്വത്തിന് സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളുടെ ഒരു വിശകലനമാണിവിടെ.

1. വിശ്വാസം - മതബോധനം

  ഗര്‍ഭകാലം മുതല്‍ തുടങ്ങുന്ന ഒരു കുഞ്ഞിന്‍റെ സ്വഭാവ രൂപീകരണവേളയില്‍ തന്നെ വിശ്വാസത്തിന് അവന്‍റെ ജീവിതത്തിലുള്ള പങ്കും നിര്‍ണ്ണയിക്കപ്പെട്ട് തുടങ്ങുന്നു. അവന്‍ രൂപപ്പെടുന്ന അവസരം മുതല്‍ പിറന്നുവീഴുന്നത് വരെ മാതാപിതാക്കളുടെ വിശ്വാസജീവിതവും പ്രാര്‍ത്ഥനാ മനോഭാവവും കുഞ്ഞില്‍ സ്വാധീനം ചെലുത്തുന്നു. പിന്നീടും, വീടിന്‍റെ ചുവരുകള്‍ക്ക്‌ പുറത്ത് അവനെത്തുവോളം വിശ്വാസത്തിന്‍റെ ബാലപാഠം അവനു നല്‍കേണ്ടതും കുടുംബമാണ്. മാതാപിതാക്കളുടെ മാതൃകയാണ് ഇവിടെ പരമ പ്രധാനം. നമുക്കിടയില്‍ ഇന്ന് ഒഴിവാക്കപ്പെടേണ്ട ഒരുപാട് നിലപാടുകള്‍ ഈ മാതൃകയുടെ തലത്തില്‍ ഉണ്ട്. ദിവ്യബലിക്കും ഭക്താനുഷ്ടാനങ്ങള്‍ക്കും ജീവിതത്തില്‍ ഒന്നാംസ്ഥാനം നല്‍കാതിരിക്കുക, ചെറുപ്പത്തില്‍ കുഞ്ഞുങ്ങളെ പള്ളിയില്‍ കൊണ്ടുപോകാതിരിക്കുക, മതബോധനക്ലാസ്സുകള്‍ അത്യാവശ്യമല്ലെന്ന നിലപാട് സ്വീകരിക്കുക തുടങ്ങി ഒട്ടേറെ കുറവുകള്‍ ഇന്ന് കത്തോലിക്കാ മാതാപിതാക്കള്‍ക്കിടയില്‍ പൊതുവായി കാണപ്പെടുന്നു. 
  രണ്ടാമത്തെ ഘട്ടമാണ് ആര്‍ജ്ജിതമതബോധനം. കെട്ടുറപ്പുള്ള ചട്ടക്കൂടോടുകൂടിയ മതബോധനസമ്പ്രദായം ഇന്ന് കേരള കത്തോലിക്കാസഭക്ക് ഉണ്ട്. പക്വമായ സിലബസുകളും നിലപാടുകളുമുണ്ട്. എന്നാല്‍, കേരളത്തിലെ മറ്റേതൊരു വിദ്യാഭ്യാസരീതിയും പോലെ പലപ്പോഴും അത് പുസ്തകത്തില്‍ ഒതുങ്ങിപ്പോകുന്നു എന്നത് പ്രസ്താവ്യമാണ്. പുസ്തകപഠനമോ തിയറിപഠനമോ അല്ല മതബോധനം. അത് ബോധ്യങ്ങളിലെക്കുള്ള യാത്രയാണ്. ശക്തമായ ബോധ്യങ്ങളിലെക്കും, വ്യക്തമായ നിലപാടുകളിലെക്കും കുട്ടിയെ നയിക്കുവാന്‍ മതാധ്യാപകന് കഴിയണം. എങ്കിലേ മതബോധന സമ്പ്രദായം ലക്ഷ്യം കാണൂ. മതാധ്യാപകരുടെ യോഗ്യതയും പ്രധാനമാണ്. സന്നദ്ധതയും, ലഭ്യതയുമാണ് ഇന്ന് പലപ്പോഴും പൊതുവായി പരിഗണിക്കപ്പെടാറുള്ള യോഗ്യതകള്‍. രണ്ടും അത്യാവശ്യവുമാണ്. എന്നാല്‍, ഇവയ്ക്ക് മുന്നില്‍ കോംപ്രമൈസ് ചെയ്യപ്പെടുന്ന ചില അപകടസാധ്യതകളും ഉണ്ട്. വ്യക്തിത്വം തന്നെ പ്രധാനം. ചില സമീപകാല അനുഭവങ്ങള്‍ നിരാശാജനകമാം വിധം ഇത്തരം കാര്യങ്ങളിലെ അപകടങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. സ്വന്തം വിശ്വാസജീവിതത്തിലൂടെ കുട്ടികള്‍ക്ക് വഴികാട്ടാന്‍ കഴിയാത്ത ഒരു മതാധ്യാപകന് ആ ഉദ്യമത്തില്‍ വിജയിക്കാന്‍ കഴിയില്ല, മാനുഷികമായി ചിന്തിച്ചാല്‍ വിജയിച്ചു എന്ന് വിലയിരുത്തപ്പെട്ടാല്‍ പോലും.
ആദ്യമായി വേദപാഠാധ്യാപകരായി വരുന്ന പെണ്‍കുട്ടികളെ ഒന്നാംക്ലാസ്സിലേക്ക് അയക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. ഏറ്റവും അപകടകരമാണീ നിലപാട്. വിശ്വാസത്തിന് അടിത്തറ കെട്ടിത്തുടങ്ങേണ്ട നാളുകളില്‍ ശരിയായും തീക്ഷ്ണമായും നയിക്കപ്പെടുക എന്നത് കുഞ്ഞുങ്ങളുടെ വിശ്വാസജീവിതത്തില്‍ അതീവ പ്രധാനമാണ്. ഇത്തരത്തില്‍ ചിന്തിച്ചാല്‍, വേണ്ടത്ര യോഗ്യതയോടെ എത്ര ശതമാനം പേര്‍ മതധ്യാപകരായിരിക്കുന്നു എന്നത് ഒരു വലിയ ചോദ്യമായി മാറുന്നു. 
സ്കൂളില്‍ എടുത്താല്‍ പൊന്താത്ത പാഠ്യഭാഗങ്ങളുമായി മല്ലടിച്ച്, ആകെപ്പാടെ ഒഴിവുകിട്ടുന്ന ഒരു ഞായറാഴ്ച്ച മറ്റൊരു പാഠ്യവിഷയംകൂടി എന്ന ചിന്തയില്‍ ദുഃഖിക്കുന്നൊരുകുട്ടി വേദപഠനം അവസാനിച്ചുകിട്ടാന്‍ കാത്തിരിക്കും എന്ന് തീര്‍ച്ച. ഈ പ്രശ്നത്തിന് ഒരു പോംവഴിയെ ഉള്ളൂ, സ്വയം പാഠപുസ്തകമാകുന്ന അധ്യാപകര്‍. അങ്ങനെയൊരു അധ്യാപകന്‍റെ മുന്നില്‍ അവര്‍ ബോധ്യങ്ങളെ തേടിപ്പിടിക്കും. വിശ്വാസത്തിന്‍റെ അടിയുറച്ച പോരാളികളായിമാറി യുവജനത്തിന് മാര്‍ഗ്ഗദീപമാവുകയും ചെയ്യും. ആത്മീയതയുടെ ലോകത്ത് അക്ഷരങ്ങളും ആശയങ്ങളുമില്ല, ബോധ്യങ്ങളും സമര്‍പ്പണങ്ങളുമേയുള്ളൂ. ഉറപ്പില്ലാത്ത വിശ്വാസത്തിനുമുന്നില്‍ ആടിയുലയുന്ന ഇന്നത്തെ യുവതയുടെ മതബോധനകാലത്ത് സംഭവിച്ചിട്ടുള്ളത് ഈ ചര്‍ച്ച ചെയ്തതില്‍ നിന്ന് വ്യത്യസ്ഥമായൊന്നാവില്ല.

2. കുടുംബം

  കുടുംബാന്തരീക്ഷം വളരെ പ്രധാനമാണെന്നത് പ്രത്യേകം പറയേണ്ടതില്ല. ചെറുപ്പം മുതല്‍ മാതാപിതാക്കളും, മറ്റു കുടുംബാംഗങ്ങളും കുട്ടികളുടെ മുന്നില്‍ എടുത്തുകാണിക്കുന്ന ഒരുപാട് ലക്ഷ്യങ്ങളുണ്ട്. സാധാരണ മലയാളി കുടുംബങ്ങളില്‍ അതില്‍ ആത്മീയനേട്ടങ്ങള്‍ക്ക് എത്രത്തോളം സ്ഥാനമുണ്ടാകും എന്നത് ചിന്തിക്കാവുന്നതെയുള്ളൂ. ജീവിതവിജയത്തിലേക്കായി അടിവരയിട്ട് നല്‍കപ്പെടുന്ന ഒട്ടേറെ പരീക്ഷകളും പരീക്ഷണങ്ങളും. അവയിലെല്ലാം ഒന്നാമനായി വിജയിക്കുവാനാവശ്യമായ മനോധൈര്യവും, ഭൌതികസാഹചര്യങ്ങളും എങ്ങനെയും പകര്‍ന്നുനല്‍കുവാന്‍ നമ്മുടെ മാതാപിതാക്കള്‍ തത്രപ്പെടുന്നു. ഒന്നാമനാവുക എന്ന ഭൌതികലക്ഷ്യത്തിനപ്പുറത്തെവിടെയോ പരിഗണനീയമല്ലാതെ പോകുന്ന ആത്മീയ ബോധ്യങ്ങള്‍.... അവയെക്കുറിച്ച് ഈ തലമുറ വീണ്ടും ചിന്തിക്കണമെങ്കില്‍, പ്രതിരോധകവചത്തില്‍ പൊതിഞ്ഞ യൌവ്വനത്തിന്‍റെ ചട്ടക്കൂട് അഴിഞ്ഞുവീഴണം. 
ഇത്തരത്തില്‍ കുടുംബസാഹചര്യങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന അശ്രദ്ധാമനോഭാവം യുവജനത്തിന്‍റെ ആത്മീയതയ്ക്ക് വിലങ്ങുതടിയാവുന്നു. എല്ലാത്തിനും ഉപരിയായി മുമ്പ് പറഞ്ഞതുപോലെ, മാതാപിതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടാവേണ്ട മാതൃകയും അതീവ പ്രാധാന്യമര്‍ഹിക്കുന്നു. 
കുടുംബജീവിതത്തിലേക്ക് കടന്നുവരുന്ന യുവജനങ്ങള്‍ക്കിടയിലും യഥാര്‍ത്ഥ ബോധ്യങ്ങളുടെ അഭാവം പ്രശ്നകാരണമാകുന്നു. ശരിയായ ദൈവാശ്രയബോധം കുടുംബരൂപീകരണവേളയില്‍ അടിസ്ഥാനശിലയാകാത്തപക്ഷം ആ കുടുംബം ക്രിസ്തീയമാകുന്നില്ല. ഭൌതികലക്ഷ്യങ്ങളുടെ ചൂളയില്‍ വാര്‍ത്തെടുത്ത വ്യക്തിത്വങ്ങളായ ഓരോ യുവതീയുവാക്കളും ദൈവാശ്രയബോധത്തിന്‍റെ കാര്യത്തില്‍ പരാജയമാണ്. 

3. വിദ്യാഭ്യാസം - തൊഴില്‍

  വിദ്യാഭ്യാസ-തൊഴില്‍ മേഖലകളില്‍ നമ്മുടെ ഇളംതലമുറകള്‍ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന പരോക്ഷമായ പരാജയം ഇനിയുമൊരുപക്ഷെ ശരിയായി വിലയിരുത്തപ്പെട്ടിട്ടില്ല. വലിയൊരു വിഭാഗം യുവജനങ്ങളിലും പക്വതയില്ലാത്ത പ്രായത്തിലെ തെരഞ്ഞെടുപ്പുകളില്‍ സംഭവിച്ച ബാഹ്യസമ്മര്‍ദ്ദം ജീവിതത്തെ തന്നെ വഴിതിരിച്ചുവിടാന്‍ കാരണമായിട്ടുണ്ട്. തങ്ങള്‍ക്കനുയോജ്യമല്ലാത്ത വിദ്യാഭ്യാസം നേടി അസംതൃപ്തമായ തൊഴില്‍സാഹചര്യങ്ങളില്‍ കുടുങ്ങിപ്പോയ അനവധി യുവജനങ്ങള്‍ നമുക്കിടയിലുണ്ട്. അസംഖ്യം തൊഴില്‍ മേഖലകള്‍ കണ്ടെത്താമായിരുന്നിട്ടും, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മുഖ്യപങ്ക് പെണ്‍കുട്ടികളും നഴ്സിംഗ് പഠിക്കുവാന്‍ ഇറങ്ങിത്തിരിച്ചത് ഒരു ഉദാഹരണം മാത്രം. മെഡിസിന്‍, എഞ്ചിനീയറിംഗ്, ബി.എഡ് തുടങ്ങിയ മുഖ്യധാരാ വിദ്യാഭ്യാസ മേഖലകളും പി. എസ്.സി, ബാങ്കിംഗ്, ഇന്‍ഷുറന്‍സ് തുടങ്ങിയ തൊഴില്‍മേഖലകളും പോലും അനുയോജ്യമല്ലാതെ തെരഞ്ഞെടുക്കുന്നവരുടെ കാര്യത്തില്‍ വ്യത്യസ്ഥമല്ലാത്ത പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുന്നു. ഇത്തരത്തില്‍, പക്വതയെത്താത്ത പ്രായത്തിലെ തെരഞ്ഞെടുപ്പ് സംതൃപ്തിയില്ലാത്ത തൊഴില്‍സാഹചര്യത്തില്‍ തുടരാന്‍ നിര്‍ബന്ധിക്കുന്ന സാഹചര്യത്തില്‍ എങ്ങനെ ഒരാള്‍ക്ക്‌ സഭയിലും സമൂഹത്തിലും ആത്മാഭിമാനത്തോടെ നിലകൊള്ളാന്‍ സാധിക്കും? 
മറ്റൊരു വിഭാഗം യുവജനങ്ങള്‍ തൊഴിലിന്‍റെ കാര്യത്തില്‍ ജീവിതത്തില്‍ കടുത്ത വിട്ടുവീഴ്ചക്ക് തയ്യാറാകുന്നവരാണ്. മുന്‍കാലങ്ങളെ അപേക്ഷിച്ച് അവിദഗ്ദ്ധ തൊഴില്‍ മേഖലകളിലേക്ക് പതിന്മടങ്ങ്‌പേര്‍ ഒഴുകുന്നത്‌ ചില ദേശങ്ങളില്‍ യുവജനങ്ങളുടെ അഭാവത്തിനുതന്നെ ഇടയാക്കിയിരിക്കുന്നു. കേരളത്തിന് അകത്തും പുറത്തുമുള്ള പട്ടണങ്ങളിലേക്കും, ഗള്‍ഫ്‌ നാടുകളിലേക്കുമുള്ള കുടിയേറ്റം ആത്മീയ മേഖലയില്‍ സാമൂഹികവും വ്യക്തിപരവുമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. 
തനിക്ക്‌ അനുയോജ്യമായ തൊഴില്‍ സാഹചര്യവും അതിലുപരി, വിശാലമായ അറിവ് നല്‍കുന്ന, വ്യക്തിത്വത്തെ പരിപോഷിപ്പിക്കുന്ന വിദ്യാഭ്യാസവും ലക്ഷ്യം വയ്ക്കാന്‍ കഴിയാത്ത ഒരു തലമുറയില്‍നിന്ന് നമുക്ക് കൂടുതലൊന്നും പ്രതീക്ഷിക്കാനാവില്ല.
തൊഴില്‍ മേഖലകളിലെ ചൂഷണങ്ങളും തള്ളിക്കളയാന്‍ കഴിയാത്തൊരു പ്രതിസന്ധിയാണ്. അന്യനാട്ടില്‍ മാത്രമല്ല, സ്വന്തം നാട്ടിലും വിദഗ്ദ - അവിദഗ്ദ ഭേദമില്ലാതെ അനവധി തൊഴില്‍മേഖലകളില്‍ രൂക്ഷമായ ചൂഷണങ്ങളെ നേരിടേണ്ട അവസ്ഥ ഇന്നത്തെ യുവജനങ്ങള്‍ക്കുണ്ട്. ചിലപ്പോഴെങ്കിലും ഇത്തരം ചൂഷണങ്ങള്‍ സഭാധികാരികളുടെ അറിവോടെയാകുമ്പോള്‍ അത് ആത്മീയ മേഖലയില്‍ കനത്ത തിരിച്ചടിക്ക് കാരണമാകുന്നുണ്ട്. മാനസികവും, ആത്മീയവുമായ തകര്‍ച്ചയാണ് ഇത്തരം ചൂഷണങ്ങളുടെ പരിണിതഫലം.  

4. കൂട്ടായ്മകള്‍ - സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ്

  കൂട്ടുകെട്ടുകള്‍ക്ക് ഒരു വ്യക്തിയില്‍ ചെലുത്താന്‍ കഴിയുന്ന സ്വാധീനത്തെക്കുറിച്ച് കൂടുതലൊന്നും പറയേണ്ടതില്ല. സത്ജനസംസര്‍ഗ്ഗത്തിന്‍റെ അഭാവം നമ്മുടെ യുവജനത്തിന്‍റെ സാമൂഹികമാനത്തെ തകിടം മറിക്കുന്നുണ്ട്. ഒരിക്കല്‍ നഷ്ടപ്പെട്ടുപോയ സുഹൃദ്‌വലയത്തിന്‍റെ തിരിച്ചുവരവ് ഈ കാലഘട്ടത്തിന്‍റെ പ്രത്യേകതകളില്‍ ഒന്നാണ്. ഇലക്ട്രോണിക് മീഡിയയും ഇന്‍റെര്‍നെറ്റുമാണ് പ്രധാന കാരണങ്ങള്‍. ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ക്ക് യുവജനങ്ങള്‍ക്കിടയിലുള്ള സ്ഥാനം ചെറുതല്ല. ഇതുവഴി ഒട്ടേറെ ആശയങ്ങള്‍ക്കും, വ്യക്തികള്‍ക്കും ഓരോരുത്തരിലും വ്യക്തിപരമായ സ്വാധീനം ചെലുത്താന്‍ കഴിയുന്നു. 
മതവിരുദ്ധ - നിരീശ്വരവാദ പ്രസ്ഥാനങ്ങളുടെയും പ്രോട്ടസ്റ്റന്‍റ് പ്രസ്ഥാനങ്ങളുടെയും ആശയങ്ങള്‍ക്ക് ഇത്തരത്തില്‍ യുവജനങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനം ചെലുത്താന്‍ കഴിയുന്നുണ്ട് എന്നത് അനുഭവങ്ങളില്‍നിന്ന് വ്യക്തമാണ്. മതബോധനത്തിലൂടെ വേണ്ടത്ര ബോധ്യങ്ങളില്‍ എത്തിച്ചേരാത്ത നല്ലൊരുവിഭാഗത്തെ സമര്‍ത്ഥമായി തെറ്റിദ്ധരിപ്പിക്കാന്‍ ഈ പ്രസ്ഥാനങ്ങളുടെ പ്രചാരകര്‍ക്ക് കഴിയുന്നുണ്ട്. ഈ മീഡിയകള്‍ക്ക് അപകടകരങ്ങളായ ചില സവിശേഷതകളുമുണ്ട്. സെന്‍സറിംഗോ, ഫില്‍ട്ടറിംഗോ ഇല്ലാതെ ഏത് ആശയങ്ങളെയും പ്രചരിപ്പിക്കാം. അതിന്‍റെ സാര്‍വത്രിക സ്വീകാര്യതയും പ്രചാരവും നിമിത്തം ലോകമെമ്പാടും പടരാന്‍ ചുരുങ്ങിയ സമയം മതി. ആര്‍ക്കും ഏതു പേരും ഉപയോഗിക്കാമെന്നുള്ളതുകൊണ്ട് ആരെയും എളുപ്പം തെറ്റിദ്ധരിപ്പിക്കാനുമാവും. കേരള കത്തോലിക്കാസഭയിലെ യുവജനപ്രസ്ഥാനങ്ങളുടെയുള്‍പ്പെടെ പേരുകള്‍ ദുരുപയോഗിച്ചുകൊണ്ട് ഇത്തരത്തില്‍ അബദ്ധ ആശയങ്ങള്‍ പ്രചരിക്കപ്പെടുന്നു എന്നതുകൊണ്ട് തന്നെ ലക്ഷക്കണക്കിന് കത്തോലിക്കാ യുവജനങ്ങളിലേക്ക് ഇവ കടന്നെത്തുന്നു.
ഇതുപോലുള്ള മാധ്യമ ദുരുപയോഗത്തിനെതിരെ ശക്തമായ പ്രബോധനം നല്‍കേണ്ടത് കാലഘട്ടത്തിന്‍റെ അനിവാര്യതയാണ്. 

5. സാമൂഹികസാഹചര്യങ്ങളുടെ രസതന്ത്രം.

  പൊതുവില്‍ പറയുകയാണെങ്കില്‍ ലോകം മുഴുവന്‍ പടര്‍ന്നുനില്‍ക്കുന്ന ഒരു ഏകഭാവമുണ്ട് മലയാളിക്ക്. കാലമോ കാലാവസ്ഥയോ വരുത്തുന്ന മാറ്റങ്ങള്‍ എന്ത്തന്നെ ആയാലും, അതിനെ പങ്കുവയ്ക്കുന്ന സാമൂഹികമനശാസ്ത്രം മലയാളിയുടെ സ്വന്തം. യുവജനങ്ങളെ നിരീക്ഷിച്ചാല്‍, ഇത്തരത്തില്‍ പങ്കുവയ്ക്കപ്പെടുന്ന നല്ലതും ചീത്തയുമായ പല മാറ്റങ്ങളും എളുപ്പത്തില്‍ തിരിച്ചറിയാം. വ്യത്യസ്ഥ മനോഭാവങ്ങള്‍ക്കും, ജീവിതശൈലികള്‍ക്കും മധ്യത്തിലും ഏറെ സമാനതകള്‍ വലിയൊരു ശതമാനം യുവതയും പങ്കുവയ്ക്കുന്നുണ്ട്. മറ്റൊരു ദേശത്തിനുമില്ലാത്ത ചില പ്രത്യേകതകള്‍ തന്നെയായിരിക്കണം പ്രധാനപ്പെട്ട കാരണവും. കേരളത്തിലെ ജനസംഖ്യയുടെ തൊണ്ണൂറു ശതമാനവും മധ്യവര്‍ഗ്ഗമാണ്; അവര്‍ വിദേശമലയാളികളോ, ഉദ്യോഗസ്ഥരോ, കൃഷിക്കാരോ, ബിസിനസ്സ്കാരോ ആയിക്കൊള്ളട്ടെ. മറ്റൊന്ന്, എല്ലാത്തരം സൗകര്യങ്ങളും കേരളത്തിലെ ഓരോ പട്ടണങ്ങളും, ഗ്രാമങ്ങളും ഒരുപോലെ പങ്കുവയ്ക്കുന്നു. ഒരുപക്ഷേ പ്രഥമദൃഷ്ട്യാ സത്ഗുണങ്ങളായി കരുതപ്പെടാവുന്ന ഇവതന്നെ മറ്റൊരു തരത്തില്‍ ദോഷങ്ങളുമാണെന്ന് വരുന്നു. ഏവരും സമാനരാണ് എന്ന ചിന്ത ചെറുപ്പത്തിലേ തന്നെ ഭൌതികതലത്തില്‍ രൂപപ്പെടുന്നത് വഴി ഓരോ കുഞ്ഞിന്‍റെയും വ്യക്തിത്വ വികസനത്തില്‍ ചില ദോഷഫലങ്ങള്‍ ഉളവാകുന്നു. അനുകരണശീലവും മാത്സര്യബുദ്ധിയുമാണ് ഇതില്‍ പ്രധാനം. 
കേരളത്തിന്‍റെ മണ്ണില്‍ വളര്‍ന്ന ഓരോ ഉപബോധമനസ്സിനെയും കൂട്ടിയിണക്കുന്ന ബൃഹത്തായ ഒരു ശൃംഖല, അതിലൂടെ ഇത്തരത്തില്‍ ഒട്ടേറെ നെഗറ്റീവ് ചിന്താധാരകള്‍ പങ്കുവയ്ക്കപ്പെടുന്നു. ഒരു പക്ഷെ, മുന്‍തലമുറകള്‍ പകര്‍ന്നുനല്‍കിയ അതിജീവനങ്ങളുടെ തനത് പാഠങ്ങള്‍ കാലഹരണപ്പെട്ടതാവം മൂലകാരണം. മാത്സര്യത്തിന്‍റെയും, അനുകരണത്തിന്‍റെയും വിഷവിത്തുകള്‍ കുഞ്ഞുമനസ്സുകളില്‍ വിതയ്ക്കാതിരിക്കുക എന്നത് തന്നെയാണ് ഇതിന്‍റെ പ്രധാന പ്രതിവിധി. സാമൂഹികസ്വാധീനങ്ങളുടെ തെറ്റായ വലയങ്ങളില്‍ അവര്‍ ഉള്‍പ്പെടുന്നുവോ എന്ന വിലയിരുത്തലും പ്രധാനം. സമൂഹത്തിന്‍റെ പൊതുവായ ചില രീതികളുടെ അനുകരണം തെറ്റല്ല; എന്നാല്‍, അനുദിനം മാറിക്കൊണ്ടിരിക്കുന്ന ഫാഷനുകളുടെയും, ട്രെന്‍ഡ്കളുടെയും വക്താവായിരിക്കുക ഒരു രോഗലക്ഷണമായിരിക്കാം. വ്യക്തിത്വവികാസത്തിന്‍റെ കാലഘട്ടത്തില്‍, ഒരുവന്‍റെ തനത് കാഴ്ചപ്പാടുകളില്‍ പ്രാധാന്യം നല്‍കേണ്ട ഘടകങ്ങള്‍ക്കെല്ലാം സ്ഥാനമുണ്ടെങ്കില്‍, അനാവശ്യമായ സാമൂഹിക ഇടപെടലുകള്‍ അവിടെ ഉണ്ടായിട്ടില്ലെങ്കില്‍ അവന്‍ ഒരു മാതൃകാവ്യക്തിത്വം ആയിരിക്കും.

ഉപസംഹാരം

  ഇന്നത്തെ യുവതയും, ഇളംതലമുറകളും മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധിഘട്ടത്തിലൂടെയാണ് നീങ്ങുന്നത്. ചില ആഗോളീകൃത കാഴ്ചപ്പാടുകളുടെ പിന്‍ബലത്തില്‍ ധാര്‍മ്മികതയുടെയും, മാനുഷികതയുടെയും കത്തോലിക്കാമാനങ്ങളെ പൊളിച്ചെഴുതിക്കൊണ്ട് യുവജനങ്ങള്‍ ശിഥിലീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഒരു തിരിച്ചുവരവ് അനിവാര്യം. കെ.സി.വൈ.എം., ജീസസ്‌ യൂത്ത്‌, തുടങ്ങിയ യുവജനപ്രസ്ഥാനങ്ങള്‍ക്ക് ചെയ്യുവാന്‍ ഏറെയുണ്ട്. സാമൂഹികമായ ആത്മീയ ഇടപെടലുകള്‍ സംഘടനകളിലൂടെയെ സാധിക്കൂ. കാലത്തിന് അനുയോജ്യമായ വിധത്തില്‍ ശക്തമായ പ്രവര്‍ത്തന - ബോധന ശൈലികള്‍ സംഘടനകളും മതബോധന നേതൃത്വവും കൈക്കൊള്ളെണ്ടിയിരിക്കുന്നു. ശരിയായ ദിശയിലുള്ള പ്രവര്‍ത്തനങ്ങളിലൂടെ വലിയൊരു ശതമാനം യുവജനങ്ങളെ തിരിച്ചുകൊണ്ടുവരാനാവും.  

No comments:

Post a Comment