ഒരു വാക്ക്....

യഥാര്‍ത്ഥ ക്രിസ്തുദര്‍ശനത്തിനായി ചിന്തിക്കുകയും ആ സന്ദേശം പ്രചരിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു കത്തോലിക്കന്‍. സുവിശേഷസന്ദേശം ലോകമെങ്ങും എത്തിക്കുക എന്നത് ലോകമെങ്ങുമുള്ള ക്രൈസ്തവരുടെ ജീവിതദൌത്യമാണെന്ന തിരിച്ചറിവില്‍ എന്‍റെ തൊഴിലിലൂടെയും ജീവിതത്തിലൂടെയും ഞാന്‍ എന്‍റെ ക്രിസ്തുവിനെ മഹത്വപ്പെടുത്തുന്നു. സ്ഥാപനവല്‍ക്കരണത്തിലൂടെയും, സുവിശേഷവിരുദ്ധമായ നയങ്ങളിലൂടെയും കത്തോലിക്കാ സഭയില്‍ സംഭവിക്കുന്ന അപചയപ്രവണതകള്‍ക്കുള്ള പ്രതിവിധി സഭാംഗങ്ങള്‍ ഏവരും ശരിയായ ബോധ്യത്തിലേക്ക് കടന്നുവരികയാണ്. ശരിയായ വിശ്വാസവും ആത്മീയ കാഴ്ച്ചപ്പാടുകളും സ്വന്തമാക്കുവാന്‍ ഈ ദൈവജനത്തെ പര്യാപ്തരാക്കേണ്ട ചുമതല നാമേവര്‍ക്കുമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു.

Friday, September 26, 2014

അല്‍മായതീക്ഷ്ണത വഴിതെറ്റുമ്പോള്‍...

പരിശുദ്ധ കത്തോലിക്കാസഭയെ എല്ലാവിധ മാലിന്യങ്ങളില്‍നിന്നും വിമുക്തമാക്കി ശുദ്ധീകരിക്കണമെന്നുള്ള ശക്തമായ ആന്തരിക പ്രചോദനത്താല്‍ പ്രേരിതരായി ഇന്നോളം ഈ ലോകത്തില്‍ ഉയര്‍ന്നുവന്നിട്ടുള്ള പ്രസ്ഥാനങ്ങളും കൂട്ടായ്മകളും വ്യക്തികളും അനവധിയാണ്. പ്രത്യക്ഷത്തില്‍ ദോഷമൊന്നും കണ്ടെത്താനാവാത്ത ആദര്‍ശങ്ങളെ പിന്തുടര്‍ന്ന്, സഭയ്ക്ക് പുറത്തുനിന്ന് പ്രവര്‍ത്തിക്കുന്ന ഇത്തരം പല സംഘങ്ങളുടെയും പ്രവര്‍ത്തനങ്ങളും പ്രചാരണങ്ങളും പലപ്പോഴും എന്തുകൊണ്ട് സഭാവിരുദ്ധവും, സല്‍ഫലങ്ങള്‍ക്കിടയാക്കാത്തതും ആയി മാറുന്നു എന്നത് ഒരു ചിന്താവിഷയം തന്നെയാണ്. അടുത്തകാലങ്ങളിലായി ഈ ലക്ഷ്യത്തെ മുന്‍നിര്‍ത്തി അഹോരാത്രം അധ്വാനിക്കുകയും ഓണ്‍ലൈനിലും, ഓഫ്‌ലൈനിലുമായി നെടുനീളന്‍ ലേഖനങ്ങള്‍ എഴുതിക്കൂട്ടുകയും ചെയ്യുന്ന ചില ഗ്രൂപ്പുകളുടെ പ്രവര്‍ത്തനങ്ങളും പ്രായോഗിക തലത്തില്‍ ചിന്തിച്ചാല്‍ വ്യത്യസ്തമല്ല. ഇത്തരത്തില്‍, മലയാളത്തില്‍, പ്രത്യേകിച്ച്, സീറോമലബാര്‍ സഭയുടെ നിഴലില്‍ പ്രവര്‍ത്തിക്കുന്ന, കേരളത്തിനകത്തും പുറത്തുമുള്ള ചില ബുദ്ധിജീവികളായ അല്‍മായരുടെ പ്രകോപനപരമായ ആശയപ്രകടനങ്ങള്‍ പതിവായി കാണുകയും, അവയുടെ വാസ്തവവിരുദ്ധതയും വിവേകരാഹിത്യവും ബോധ്യപ്പെടുകയും ചെയ്തതിന്റെ ഫലമാണ് ഈ കുറിപ്പ്.

പാരമ്പര്യം, സ്വത്ത് സമ്പാദനം, അവയുടെ കൈകാര്യം, സാമൂഹിക ഇടപെടലുകള്‍ തുടങ്ങിയവയിലുള്ള സഭയുടെ നിലപാടുകള്‍ വിമര്‍ശനവിധേയമാക്കുക എന്ന മുഖംമൂടിയോടെ ഇത്തരം സംഘാംഗങ്ങള്‍ ചെയ്യുന്നത് പലപ്പോഴും സഭാവിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിക്കുകയും, എന്തെങ്കിലും ഒറ്റപ്പെട്ട കാരണങ്ങളാല്‍ സഭയോട് വിഘടിച്ചു നില്‍ക്കുന്നവരെ ഒരുമിച്ചുകൂട്ടി കൂടുതല്‍ ഫലപ്രദമായി കത്തോലിക്കാസഭയ്‌ക്കെതിരെ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുകയുമാണ്. എങ്കിലും, തങ്ങള്‍ എഴുതുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന അബദ്ധജഡിലമായ ആശയങ്ങള്‍ ഇവിടെ വിപ്ലവം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു എന്ന് ഊറ്റംകൊള്ളുകയും, തരംതാണ ഭാഷയില്‍ സഭാധികാരികളെയും, സാധാരണ വിശ്വാസികളെയും വെല്ലുവിളിക്കുകയും, വിലകുറഞ്ഞ വാദഗതികള്‍ നിരത്തി വാതോരാതെ പ്രസംഗിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ഇത്തരക്കാര്‍, തങ്ങള്‍ ചെയ്യുന്ന പ്രവര്‍ത്തികളിലെ വിവേകരാഹിത്യവും ഫലശൂന്യതയും മനസ്സിലാക്കുന്നില്ല എന്നതാണ് വാസ്തവം. പതിറ്റാണ്ടുകള്‍ക്ക് മുമ്പെന്നോ സഭയില്‍ (കേരള സഭയിലും) ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നതോ, ഈ കാലങ്ങളില്‍ ഒറ്റപ്പെട്ടതോ ആയ പ്രമാണിത്തമനോഭാവത്തെയും, അധികാര വടംവലികളെയും, സമ്പത്തിന്റെ അമിതവിനിയോഗത്തെയും സാമാന്യവല്‍ക്കരിച്ചുകൊണ്ട്, പൗരോഹിത്യത്തെ അടച്ച് തള്ളിപ്പറയുന്ന, സുവിശേഷത്തിന്റെ യഥാര്‍ത്ഥ സന്ദേശത്തെ പുച്ഛത്തോടെ തള്ളുന്ന ഇത്തരക്കാരുടെ നിലപാടുകളെ വിശ്വാസത്തിന്റെ വെളിച്ചത്തില്‍ ന്യായീകരിക്കാനാവില്ല.

മേല്‍പ്പറഞ്ഞ പ്രശ്‌നങ്ങള്‍ ഇന്ന് തീരെയും ഈ ദൈവജനത്തിനിടയില്‍ ഇല്ല എന്ന് അവകാശപ്പെടുന്നില്ല. ദൈവികസ്ഥാപിതമെങ്കിലും, മാനുഷികമായ ചട്ടക്കൂടുകളോടെ നിലനില്‍ക്കുന്ന ഒരു സംവിധാനത്തില്‍, മാനുഷികമായ ചില പോരായ്മകളും അപൂര്‍ണ്ണതകളും ഉണ്ടായേ തീരൂ. ആ അര്‍ത്ഥത്തില്‍ ഇത്തരം കുറവുകളെ ഭാഗികമായെങ്കിലും ഉള്‍ക്കൊള്ളുകയും, ഈ സമൂഹത്തോട് ചേര്‍ന്ന് നിന്നുകൊണ്ട് അത് പരിഹരിക്കാനായി ശ്രമിക്കുകയും ചെയ്യുന്നതിന് പകരം, വിമര്‍ശനങ്ങളുടെ കൂരമ്പുകള്‍ വിശ്രമമില്ലാതെ എയ്തുകൊണ്ട് എതിരാളികളായി കാണുന്നവരെ പരാജയപ്പെടുത്താനായുള്ള ഉദ്യമം ഇവിടെ തീരെയും ആശാസ്യമല്ല. അതൊരുപക്ഷേ, കേരളത്തില്‍ കണ്ടുവരുന്ന പതിവ് രാഷ്ട്രീയക്കളികളെക്കാള്‍ തരംതാണതാണ് എന്ന് പറയാതെ വയ്യ.      

തിരുസഭയെയും, െ്രെകസ്തവ വീക്ഷണങ്ങളെയും ശരിയായ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളാനും, ജീവിതത്തില്‍ സ്വീകരിക്കാനും കഴിയാതെ പോകുന്ന ഒരു വിഭാഗത്തിന്റെ സഹതാപാര്‍ഹമായ വീഴ്ചയാണ് ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ വെളിവാക്കപ്പെടുന്നത്. സ്‌നേഹം തന്നെയായ ദൈവത്തെയും, ആ ദൈവത്തില്‍ വിശ്വസിച്ചവരുടെ സമൂഹമായ സഭയെയും ആ അര്‍ത്ഥത്തില്‍ തന്നെ മനസ്സിലാക്കുന്ന ഒരാള്‍ക്കും ഈ സംവിധാനത്തെ തള്ളിപ്പറയാനാവില്ല എന്നതാണ് വാസ്തവം. മറിച്ച്, ദൈവം എന്ന ആശയത്തിന്, മതം എന്ന മാനുഷിക സംവിധാനത്തിന്റെ പിന്‍ബലത്തോടുകൂടിയ സങ്കീര്‍ണ്ണമായൊരു നിര്‍വ്വചനവും, സഭ എന്നാല്‍, ലോകത്തിലെ വലിയ സാമൂഹിക, സാമ്പത്തിക സ്വാധീന ശക്തി എന്ന അര്‍ത്ഥവും കല്‍പ്പിക്കപ്പെട്ടാല്‍, ദൈവത്തോടും, ദൈവത്തിന്റെ സ്വന്തം വിശ്വാസ സമൂഹത്തോടുമുള്ള നിലപാടുകള്‍ക്ക് മാറ്റമുണ്ടാകും എന്ന് തീര്‍ച്ച.

ഒരു കാലഘട്ടത്തില്‍ സഭ ആവശ്യപ്പെട്ടിരുന്ന ചില ശക്തമായ സാമൂഹിക ഇടപെടലുകളുടെ ഭാഗമായിരുന്നു വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിലെ സഭയുടെ പ്രവര്‍ത്തനോദ്യമങ്ങള്‍. ആ ഒരു കാലഘട്ടത്തില്‍ സ്തുത്യര്‍ഹമായ രീതിയില്‍, ചോദ്യം ചെയ്യപ്പെടാനാവാതെ മുന്നോട്ട് പോയിരുന്നുവെങ്കിലും, കാലഘട്ടത്തിന്റെ മാറിയ സമവാക്യങ്ങളനുസരിച്ചുള്ള ചില അപചയങ്ങള്‍ അത്തരം മേഖലകളില്‍ വ്യാപകമായി സംഭവിക്കുകയും സഭാസ്ഥാപനങ്ങളും ഒരളവുവരെ അതിന്റെ ഭാഗമായി മാറ്റപ്പെടുകയും ചെയ്തിരുന്നു എന്നത് വാസ്തവമാണ്. എങ്കിലും, രാഷ്ട്രീയത്തിന്റെയും, ആനുകാലിക മാധ്യമങ്ങളുടെയും  ചില പ്രത്യേക ഇടപെടലുകളുടെ തുടര്‍ഫലമായ വളച്ചൊടിക്കലുകളെ മാറ്റിനിര്‍ത്തിയാല്‍, മുമ്പ് ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള ഏറെ പ്രസ്ഥാനങ്ങള്‍ പോലും അടുത്തറിയുമ്പോള്‍ സ്തുത്യര്‍ഹമായ നിലയില്‍ സേവനം ചെയ്യുന്നവയാണെന്ന് കാണാം. ഇത് വ്യക്തമായും മറ്റൊരു വിഷയം തന്നെയായതിനാല്‍ ദീര്‍ഘിപ്പിക്കുന്നില്ല. എങ്കിലും, കത്തോലിക്കാ തിരുസഭയുടെ ആത്യന്തിക ദൗത്യത്തെ ചോദ്യം ചെയ്യാന്‍മാത്രം പ്രസക്തമല്ല അവയ്ക്കുമേലുള്ള ദുഷ്പ്രചാരണങ്ങളുടെ ആകെത്തുക. അതോടൊപ്പം, വിരലിലെണ്ണാവുന്ന, മേല്‍പ്പറഞ്ഞതരം ചില സ്ഥാപനങ്ങളെ മുന്‍നിര്‍ത്തി ആരോപണശരങ്ങള്‍ തൊടുക്കുമ്പോള്‍ തന്നെ വിമര്‍ശകര്‍ വിസ്മരിക്കുന്ന മറ്റൊരു വസ്തുതയുണ്ട്. പേരും പ്രശസ്തിയും ആഗ്രഹിക്കാതെയും, ലാഭേച്ഛയില്ലാതെയും ഈ സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിനായ സ്ഥാപനങ്ങള്‍... പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ അന്യരാജ്യങ്ങളിലേയ്ക്ക് കുടിയേറി, ഇപ്പോള്‍, സമ്പന്നതയുടെ ആനപ്പുറത്തിരുന്ന്, താഴേയ്ക്ക് നോക്കുമ്പോള്‍ ഉയര്‍ന്നുകാണുന്ന ചില വിഷയങ്ങളെ മാത്രം ഉപയോഗിച്ച് ഉതപ്പുണ്ടാക്കാന്‍ പരിശ്രമിക്കുന്ന യുട്ടോപ്യന്‍ വിമര്‍ശകരെ സംബന്ധിച്ച്, പലപ്പോഴും, നല്ലത് പറയുക എന്നത് അവരുടെ ആവശ്യമോ ലക്ഷ്യമോ അല്ലല്ലോ.

സമൂഹത്തില്‍ ചിലപ്പോഴൊക്കെ ഉയര്‍ന്നുകണ്ടിട്ടുള്ള ഒറ്റപ്പെട്ട ചില സംഭവങ്ങളെയും, വ്യക്തികളെയും മുന്‍നിര്‍ത്തി പൗരോഹിത്യത്തെയും, മെത്രാന്‍ പദവിയെയും, മറ്റും അടച്ച് തള്ളിപ്പറയുകയും, അന്ധമായി വിമര്‍ശിക്കുകയും, അനാവശ്യമായി ചോദ്യം ചെയ്യുകയുമാണ് പതിവായി കണ്ടുവരുന്ന മറ്റൊരു പ്രവണത. ഒരിക്കലുംതന്നെ, അടുത്തറിഞ്ഞ് പഠിച്ചതിനുശേഷമുള്ള വിലയിരുത്തലുകള്‍ പോലുമല്ല അതൊന്നും എന്നതാണ് കൂടുതല്‍ ദുഃഖകരം. ചില മുഖ്യധാരാ മാധ്യമങ്ങളുടെ ദുഷ്ടലാക്കോടുകൂടിയ സമീപനങ്ങളുടെ ഫലമായി പലപ്പോഴും വളച്ചൊടിക്കപ്പെടുന്ന ചില വിഷയങ്ങളുണ്ട്. അടുത്തകാലങ്ങളായി ഏറെ ചര്‍ച്ചചെയ്യപ്പെട്ടിട്ടുള്ള ചില വിവാദങ്ങള്‍ ഉദാഹരണങ്ങള്‍ മാത്രം. എക്‌സ്‌ക്ലൂസീവ് ന്യൂസുകള്‍ക്കായി പരത്തി നടക്കുന്ന, അടിസ്ഥാന ധാര്‍മ്മിക നിയമങ്ങള്‍പോലും പാലിക്കാത്ത ചില മാധ്യമകിങ്കരന്മാര്‍ ഇവിടെ ഇത്തരത്തില്‍ സൃഷ്ടിച്ചിട്ടുള്ളതും, വഴിതെറ്റിച്ചുവിട്ടിട്ടുള്ളതും, സമൂഹത്തിന് തെറ്റിദ്ധാരണകള്‍ സമ്മാനിച്ചിട്ടുള്ളതുമായ ഒട്ടേറെ ചൂട് വാര്‍ത്തകളില്‍ മതപരവും, ആത്മീയവുമായ വിഷയങ്ങള്‍ക്കുള്ള പങ്ക് വലുതാണ്. വര്‍ഗ്ഗീയമായ ചില പ്രശ്‌നങ്ങളെ ബോധപൂര്‍വ്വം സൃഷ്ടിച്ചുകൊണ്ട് സമൂഹത്തില്‍ അസന്തുലിതാവസ്ഥ രൂപീകരിക്കുന്നതിനുള്ള ചില ഗൂഡശക്തികളുടെ സംഘടിത ശ്രമങ്ങളുടെ ഭാഗമാണത്. ഇത്തരത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള ചില സംഭവങ്ങളെ ഉയര്‍ത്തിപ്പിടിച്ച്, കത്തോലിക്കാ സഭയെയും, പൗരോഹിത്യത്തെയും ഒന്നടങ്കം ചോദ്യം ചെയ്യുകയും, ആക്ഷേപിക്കുകയും ചെയ്യുന്ന അഭിനവ ബുദ്ധിജീവികളുടെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യപ്പെടേണ്ടതാണ്. അറിഞ്ഞോ അറിയാതെയോ ഇത്തരക്കാര്‍ കൂട്ടുനില്‍ക്കുന്നത് വര്‍ഗ്ഗീയവിഷവിത്തുകള്‍ വിതയ്ക്കുന്നവരുടെ ലക്ഷ്യപ്രാപ്തിക്കാണ്.

പലപ്പോഴും, തെറ്റിധാരണാജനകമായ ചില വാര്‍ത്തകളില്‍ ഉയര്‍ന്നുവന്നിട്ടുള്ള അപൂര്‍വ്വം ചില വ്യക്തികളെ ഉയര്‍ത്തിക്കാട്ടി ഒരു സമൂഹത്തെ മുഴുവന്‍ വെല്ലുവിളിക്കുന്നവര്‍ ഒരിക്കലും കാണാതെ പോകുന്ന ചില വാസ്തവങ്ങളുണ്ട്. വിമര്‍ശകപ്രധാനികളില്‍ പലരും കേരളമണ്ണില്‍ കാലുറപ്പിച്ചു നിന്നിരുന്ന  ആദ്യകാലങ്ങളില്‍ ഇവിടെയുണ്ടായിരുന്ന വിരലിലെണ്ണാവുന്ന നാട്ടുമെത്രാന്‍മാര്‍ മാത്രമല്ല ഇന്നുള്ളത്. ഇന്ന് അഹോരാത്രം സഭാമക്കള്‍ക്കിടയിലും, സമൂഹത്തിലും ഇറങ്ങി പ്രവര്‍ത്തിക്കുന്ന ഒട്ടേറെ മെത്രാന്മാരടക്കം ഏറെ പുരോഹിതശ്രേഷ്ഠര്‍ കേരളത്തിലുണ്ട്. അതിനൊന്നും അവര്‍ മാധ്യമപരസ്യം നല്‍കാറില്ല എന്ന് മാത്രം. 'സുഖസൗകര്യങ്ങളിലും, ആര്‍ഭാടങ്ങളിലും' മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നവര്‍ എന്ന് ചിലപ്പോഴെങ്കിലും ചിലര്‍ വിലയിരുത്തുമ്പോള്‍, തങ്ങളുടെ വീക്ഷണവ്യാപ്തിയുടെ അപര്യാപ്തതയെക്കുറിച്ച് സ്വയം സഹതപിക്കേണ്ട സമയമായെന്ന് സാരം. വിരലിലെണ്ണിയാല്‍ തീരാത്തത്ര മെത്രാന്‍മാരെയും, പരശതം വൈദികരെയും അടുത്ത് മനസിലാക്കാന്‍ കഴിഞ്ഞിട്ടുള്ള ലേഖകന് നെഞ്ചത്ത് കൈവച്ച് പറയുവാന്‍ കഴിയുന്ന വസ്തുതകളാണ് ഇവ. എല്ലാ കാലത്തും, എല്ലാ ദേശത്തും, എല്ലാ സമൂഹങ്ങളിലും നന്മയ്‌ക്കൊപ്പം തന്നെ അതിനു വിരുദ്ധമായ ചില ചിത്രങ്ങളും പ്രത്യക്ഷമായിട്ടുണ്ട്. ഭാഗികമായ ഒരു മാനുഷിക സംവിധാനം എന്ന നിലയില്‍ സഭയും ആ പ്രത്യേകതകളില്‍ നിന്ന് വിമുക്തമല്ല. അതിനാല്‍ത്തന്നെ, അതിവിശുദ്ധരെ മാത്രമേ സഭയുടെ വേദിയില്‍ കാണാന്‍പാടുള്ളൂ എന്ന ശാഠ്യം ബാലിശമാണ്. എന്നാല്‍ കുറവുകളോട് കൂടി നാം കാണുന്ന വ്യക്തിത്വങ്ങള്‍ക്കപ്പുറം, ജീവിതത്തിലും, കര്‍മ്മങ്ങളിലും വിശുദ്ധി കാത്തുസൂക്ഷിക്കുന്ന ഒട്ടേറെപ്പേര്‍ ഈ സമൂഹത്തിലുണ്ട് എന്നത് മനസിലാക്കിയിരിക്കേണ്ട ഒരു വാസ്തവമാണ്.

അധികാരത്തെയും, ധനവിനിയോഗത്തെയുംകുറിച്ച് എന്നും ആവശ്യത്തിലധികമായി കലിതുള്ളുന്ന ഒരു വിഭാഗം മനുഷ്യര്‍ക്കുള്ളില്‍ സ്വാഭാവികമായും കുടികൊള്ളുന്ന ചില മാനസിക ദൗര്‍ബ്ബല്യങ്ങളുണ്ടാവണം. തങ്ങള്‍ക്ക് അര്‍ഹിക്കപ്പെട്ട സ്ഥാനങ്ങള്‍ ഒരിക്കലും സമൂഹം നല്‍കിയിട്ടില്ല എന്ന മിഥ്യാബോധം അതിലൊന്നാവാം. താന്‍ അതിശ്രേഷ്ഠമായി ചിന്തിക്കുന്നു എന്ന ധാരണയ്‌ക്കൊപ്പം, മറ്റുള്ളവര്‍ തീരെ കുറഞ്ഞവരാണ് എന്ന ഏകപക്ഷീയമായ വിലയിരുത്തലുകളായിരിക്കാം ഇത്തരത്തില്‍ ബാലിശങ്ങളായ വാദഗതികളുമായി ചര്‍ച്ചകളില്‍ നിറഞ്ഞുനില്‍ക്കാന്‍ ഇത്തരക്കാരെ പ്രേരിപ്പിക്കുന്നത്. തങ്ങള്‍ ധരിച്ചിരിക്കുന്നതുപോലെ, സഭയെന്നാല്‍ ഭൗതികമായൊരു സംവിധാനമല്ല എന്നും, യഥാര്‍ത്ഥ വിശ്വാസം സ്‌നേഹത്തിലധിഷ്ടിതമാണെന്നും ഗ്രഹിക്കുക മാത്രമാണ് പരിഹാരം.

പാരമ്പര്യത്തെയും, അതിന്റെ ശ്രേഷ്ടതയെയും ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള വിമര്‍ശനങ്ങളാണ് മറ്റൊന്ന്. പാരമ്പര്യങ്ങളുടെ മാഹാത്മ്യത്തെ തള്ളിപ്പറയുന്നില്ല. കഴിവുള്ളിടത്തോളം, പാരമ്പര്യങ്ങളെയും പാരമ്പര്യസിദ്ധമായ ആചാരാനുഷ്ടാനരീതികളെയും പിന്തുടരുകയും വേണം. എന്നാല്‍, ഓരോ കാലഘട്ടങ്ങളിലെയും ദൈവനിവേശിതമായ പ്രവര്‍ത്തന രീതികളും, ആചാരാനുഷ്ടാനങ്ങളുമാണ് പാരമ്പര്യമായി മാറുന്നതെന്ന് ഓര്‍ക്കുന്നത് നന്ന്. മനുഷ്യസമൂഹത്തിനുമേലുള്ള ദൈവിക ഇടപെടലുകള്‍ ഒരിക്കലും അവസാനിക്കുന്നതോ, ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കുന്നതോ അല്ല. ദൈവികതയും, ദൈവശാസ്ത്രവും രണ്ടാണ്. ഓരോ കാലഘട്ടങ്ങളിലും ദൈവികതാബോധത്തില്‍ സമൂഹത്തിനുവരുന്ന മാറ്റങ്ങള്‍ക്കനുസൃതമായി ദൈവശാസ്ത്രത്തിനും വികാസം സംഭവിച്ചേക്കാം. ദൈവമനുഷ്യ ബന്ധത്തിലെ ദൃഡതയ്ക്കപ്പുറം എഴുതി തയ്യാറാക്കപ്പെട്ട രീതികള്‍ക്ക് പ്രസക്തിയില്ലെന്ന് സാരം. പാരമ്പര്യങ്ങളെ വിശ്വാസധാരയ്ക്കും മീതെ ഉയര്‍ത്തിപ്പിടിച്ച്, കൂടുതല്‍ അഭിപ്രായ ഭിന്നതകള്‍ക്ക് കളമൊരുക്കുന്നവര്‍ ശ്രദ്ധിക്കുക, ആദ്യകാലത്തെ നിയമജ്ഞര്‍ വിധിക്കപ്പെട്ടതുപോലെ നിങ്ങളും പുറംതള്ളപ്പെട്ടേക്കാം. നിയമത്തിന് ദൈവത്തെക്കാളും, ദൈവസ്‌നേഹത്തിന്റെ മാഹാത്മ്യത്തെക്കാളും വിലകല്‍പ്പിക്കപ്പെടുകയും, അതുവഴി വിശ്വാസക്ഷയത്തിന് കാരണമാവുകയും ചെയ്താല്‍, അതിനു വഴിയൊരുക്കുന്നവര്‍ക്ക് ദുരിതം. ഏറെ വിശദീകരണങ്ങള്‍ ആവശ്യപ്പെടുന്ന വിഷയമാണെങ്കിലും അധികം ദീര്‍ഘിപ്പിക്കുന്നില്ല.

ആക്കും ആണിയും തിരിച്ച്, സങ്കീര്‍ണ്ണതകളെ വേര്‍തിരിക്കുകയും, കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ അനുദിനം ഉത്സാഹിക്കുകയും ചെയ്യുന്നവരോട് പറയാന്‍ ഒന്നേയുള്ളൂ. നിയമങ്ങളും, മര്‍മ്മങ്ങളും, സ്ഥാനഭേദങ്ങളും പഠിക്കുകയും, അതിനുവേണ്ടി വാദിക്കുകയും, എന്നാല്‍, വിശ്വാസത്തിന്റെയോ, സ്‌നേഹം തന്നെയായ ദൈവത്തിന്റെയോ പിന്‍ബലമില്ലാതെ അതിനുവേണ്ടി അലമുറയിടുകയും ചെയ്യുന്നതിന് മുമ്പായി, ചെയ്യുന്നത് പാഴ് വേലയും, പലപ്പോഴും, വിശ്വാസത്തിനും, സ്‌നേഹത്തിനും വിരുദ്ധവുമാണെന്ന് തിരിച്ചറിയുക.