ഒരു വാക്ക്....

യഥാര്‍ത്ഥ ക്രിസ്തുദര്‍ശനത്തിനായി ചിന്തിക്കുകയും ആ സന്ദേശം പ്രചരിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു കത്തോലിക്കന്‍. സുവിശേഷസന്ദേശം ലോകമെങ്ങും എത്തിക്കുക എന്നത് ലോകമെങ്ങുമുള്ള ക്രൈസ്തവരുടെ ജീവിതദൌത്യമാണെന്ന തിരിച്ചറിവില്‍ എന്‍റെ തൊഴിലിലൂടെയും ജീവിതത്തിലൂടെയും ഞാന്‍ എന്‍റെ ക്രിസ്തുവിനെ മഹത്വപ്പെടുത്തുന്നു. സ്ഥാപനവല്‍ക്കരണത്തിലൂടെയും, സുവിശേഷവിരുദ്ധമായ നയങ്ങളിലൂടെയും കത്തോലിക്കാ സഭയില്‍ സംഭവിക്കുന്ന അപചയപ്രവണതകള്‍ക്കുള്ള പ്രതിവിധി സഭാംഗങ്ങള്‍ ഏവരും ശരിയായ ബോധ്യത്തിലേക്ക് കടന്നുവരികയാണ്. ശരിയായ വിശ്വാസവും ആത്മീയ കാഴ്ച്ചപ്പാടുകളും സ്വന്തമാക്കുവാന്‍ ഈ ദൈവജനത്തെ പര്യാപ്തരാക്കേണ്ട ചുമതല നാമേവര്‍ക്കുമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു.

Friday, September 26, 2014

അല്‍മായതീക്ഷ്ണത വഴിതെറ്റുമ്പോള്‍...

പരിശുദ്ധ കത്തോലിക്കാസഭയെ എല്ലാവിധ മാലിന്യങ്ങളില്‍നിന്നും വിമുക്തമാക്കി ശുദ്ധീകരിക്കണമെന്നുള്ള ശക്തമായ ആന്തരിക പ്രചോദനത്താല്‍ പ്രേരിതരായി ഇന്നോളം ഈ ലോകത്തില്‍ ഉയര്‍ന്നുവന്നിട്ടുള്ള പ്രസ്ഥാനങ്ങളും കൂട്ടായ്മകളും വ്യക്തികളും അനവധിയാണ്. പ്രത്യക്ഷത്തില്‍ ദോഷമൊന്നും കണ്ടെത്താനാവാത്ത ആദര്‍ശങ്ങളെ പിന്തുടര്‍ന്ന്, സഭയ്ക്ക് പുറത്തുനിന്ന് പ്രവര്‍ത്തിക്കുന്ന ഇത്തരം പല സംഘങ്ങളുടെയും പ്രവര്‍ത്തനങ്ങളും പ്രചാരണങ്ങളും പലപ്പോഴും എന്തുകൊണ്ട് സഭാവിരുദ്ധവും, സല്‍ഫലങ്ങള്‍ക്കിടയാക്കാത്തതും ആയി മാറുന്നു എന്നത് ഒരു ചിന്താവിഷയം തന്നെയാണ്. അടുത്തകാലങ്ങളിലായി ഈ ലക്ഷ്യത്തെ മുന്‍നിര്‍ത്തി അഹോരാത്രം അധ്വാനിക്കുകയും ഓണ്‍ലൈനിലും, ഓഫ്‌ലൈനിലുമായി നെടുനീളന്‍ ലേഖനങ്ങള്‍ എഴുതിക്കൂട്ടുകയും ചെയ്യുന്ന ചില ഗ്രൂപ്പുകളുടെ പ്രവര്‍ത്തനങ്ങളും പ്രായോഗിക തലത്തില്‍ ചിന്തിച്ചാല്‍ വ്യത്യസ്തമല്ല. ഇത്തരത്തില്‍, മലയാളത്തില്‍, പ്രത്യേകിച്ച്, സീറോമലബാര്‍ സഭയുടെ നിഴലില്‍ പ്രവര്‍ത്തിക്കുന്ന, കേരളത്തിനകത്തും പുറത്തുമുള്ള ചില ബുദ്ധിജീവികളായ അല്‍മായരുടെ പ്രകോപനപരമായ ആശയപ്രകടനങ്ങള്‍ പതിവായി കാണുകയും, അവയുടെ വാസ്തവവിരുദ്ധതയും വിവേകരാഹിത്യവും ബോധ്യപ്പെടുകയും ചെയ്തതിന്റെ ഫലമാണ് ഈ കുറിപ്പ്.

പാരമ്പര്യം, സ്വത്ത് സമ്പാദനം, അവയുടെ കൈകാര്യം, സാമൂഹിക ഇടപെടലുകള്‍ തുടങ്ങിയവയിലുള്ള സഭയുടെ നിലപാടുകള്‍ വിമര്‍ശനവിധേയമാക്കുക എന്ന മുഖംമൂടിയോടെ ഇത്തരം സംഘാംഗങ്ങള്‍ ചെയ്യുന്നത് പലപ്പോഴും സഭാവിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിക്കുകയും, എന്തെങ്കിലും ഒറ്റപ്പെട്ട കാരണങ്ങളാല്‍ സഭയോട് വിഘടിച്ചു നില്‍ക്കുന്നവരെ ഒരുമിച്ചുകൂട്ടി കൂടുതല്‍ ഫലപ്രദമായി കത്തോലിക്കാസഭയ്‌ക്കെതിരെ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുകയുമാണ്. എങ്കിലും, തങ്ങള്‍ എഴുതുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന അബദ്ധജഡിലമായ ആശയങ്ങള്‍ ഇവിടെ വിപ്ലവം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു എന്ന് ഊറ്റംകൊള്ളുകയും, തരംതാണ ഭാഷയില്‍ സഭാധികാരികളെയും, സാധാരണ വിശ്വാസികളെയും വെല്ലുവിളിക്കുകയും, വിലകുറഞ്ഞ വാദഗതികള്‍ നിരത്തി വാതോരാതെ പ്രസംഗിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ഇത്തരക്കാര്‍, തങ്ങള്‍ ചെയ്യുന്ന പ്രവര്‍ത്തികളിലെ വിവേകരാഹിത്യവും ഫലശൂന്യതയും മനസ്സിലാക്കുന്നില്ല എന്നതാണ് വാസ്തവം. പതിറ്റാണ്ടുകള്‍ക്ക് മുമ്പെന്നോ സഭയില്‍ (കേരള സഭയിലും) ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നതോ, ഈ കാലങ്ങളില്‍ ഒറ്റപ്പെട്ടതോ ആയ പ്രമാണിത്തമനോഭാവത്തെയും, അധികാര വടംവലികളെയും, സമ്പത്തിന്റെ അമിതവിനിയോഗത്തെയും സാമാന്യവല്‍ക്കരിച്ചുകൊണ്ട്, പൗരോഹിത്യത്തെ അടച്ച് തള്ളിപ്പറയുന്ന, സുവിശേഷത്തിന്റെ യഥാര്‍ത്ഥ സന്ദേശത്തെ പുച്ഛത്തോടെ തള്ളുന്ന ഇത്തരക്കാരുടെ നിലപാടുകളെ വിശ്വാസത്തിന്റെ വെളിച്ചത്തില്‍ ന്യായീകരിക്കാനാവില്ല.

മേല്‍പ്പറഞ്ഞ പ്രശ്‌നങ്ങള്‍ ഇന്ന് തീരെയും ഈ ദൈവജനത്തിനിടയില്‍ ഇല്ല എന്ന് അവകാശപ്പെടുന്നില്ല. ദൈവികസ്ഥാപിതമെങ്കിലും, മാനുഷികമായ ചട്ടക്കൂടുകളോടെ നിലനില്‍ക്കുന്ന ഒരു സംവിധാനത്തില്‍, മാനുഷികമായ ചില പോരായ്മകളും അപൂര്‍ണ്ണതകളും ഉണ്ടായേ തീരൂ. ആ അര്‍ത്ഥത്തില്‍ ഇത്തരം കുറവുകളെ ഭാഗികമായെങ്കിലും ഉള്‍ക്കൊള്ളുകയും, ഈ സമൂഹത്തോട് ചേര്‍ന്ന് നിന്നുകൊണ്ട് അത് പരിഹരിക്കാനായി ശ്രമിക്കുകയും ചെയ്യുന്നതിന് പകരം, വിമര്‍ശനങ്ങളുടെ കൂരമ്പുകള്‍ വിശ്രമമില്ലാതെ എയ്തുകൊണ്ട് എതിരാളികളായി കാണുന്നവരെ പരാജയപ്പെടുത്താനായുള്ള ഉദ്യമം ഇവിടെ തീരെയും ആശാസ്യമല്ല. അതൊരുപക്ഷേ, കേരളത്തില്‍ കണ്ടുവരുന്ന പതിവ് രാഷ്ട്രീയക്കളികളെക്കാള്‍ തരംതാണതാണ് എന്ന് പറയാതെ വയ്യ.      

തിരുസഭയെയും, െ്രെകസ്തവ വീക്ഷണങ്ങളെയും ശരിയായ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളാനും, ജീവിതത്തില്‍ സ്വീകരിക്കാനും കഴിയാതെ പോകുന്ന ഒരു വിഭാഗത്തിന്റെ സഹതാപാര്‍ഹമായ വീഴ്ചയാണ് ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ വെളിവാക്കപ്പെടുന്നത്. സ്‌നേഹം തന്നെയായ ദൈവത്തെയും, ആ ദൈവത്തില്‍ വിശ്വസിച്ചവരുടെ സമൂഹമായ സഭയെയും ആ അര്‍ത്ഥത്തില്‍ തന്നെ മനസ്സിലാക്കുന്ന ഒരാള്‍ക്കും ഈ സംവിധാനത്തെ തള്ളിപ്പറയാനാവില്ല എന്നതാണ് വാസ്തവം. മറിച്ച്, ദൈവം എന്ന ആശയത്തിന്, മതം എന്ന മാനുഷിക സംവിധാനത്തിന്റെ പിന്‍ബലത്തോടുകൂടിയ സങ്കീര്‍ണ്ണമായൊരു നിര്‍വ്വചനവും, സഭ എന്നാല്‍, ലോകത്തിലെ വലിയ സാമൂഹിക, സാമ്പത്തിക സ്വാധീന ശക്തി എന്ന അര്‍ത്ഥവും കല്‍പ്പിക്കപ്പെട്ടാല്‍, ദൈവത്തോടും, ദൈവത്തിന്റെ സ്വന്തം വിശ്വാസ സമൂഹത്തോടുമുള്ള നിലപാടുകള്‍ക്ക് മാറ്റമുണ്ടാകും എന്ന് തീര്‍ച്ച.

ഒരു കാലഘട്ടത്തില്‍ സഭ ആവശ്യപ്പെട്ടിരുന്ന ചില ശക്തമായ സാമൂഹിക ഇടപെടലുകളുടെ ഭാഗമായിരുന്നു വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിലെ സഭയുടെ പ്രവര്‍ത്തനോദ്യമങ്ങള്‍. ആ ഒരു കാലഘട്ടത്തില്‍ സ്തുത്യര്‍ഹമായ രീതിയില്‍, ചോദ്യം ചെയ്യപ്പെടാനാവാതെ മുന്നോട്ട് പോയിരുന്നുവെങ്കിലും, കാലഘട്ടത്തിന്റെ മാറിയ സമവാക്യങ്ങളനുസരിച്ചുള്ള ചില അപചയങ്ങള്‍ അത്തരം മേഖലകളില്‍ വ്യാപകമായി സംഭവിക്കുകയും സഭാസ്ഥാപനങ്ങളും ഒരളവുവരെ അതിന്റെ ഭാഗമായി മാറ്റപ്പെടുകയും ചെയ്തിരുന്നു എന്നത് വാസ്തവമാണ്. എങ്കിലും, രാഷ്ട്രീയത്തിന്റെയും, ആനുകാലിക മാധ്യമങ്ങളുടെയും  ചില പ്രത്യേക ഇടപെടലുകളുടെ തുടര്‍ഫലമായ വളച്ചൊടിക്കലുകളെ മാറ്റിനിര്‍ത്തിയാല്‍, മുമ്പ് ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള ഏറെ പ്രസ്ഥാനങ്ങള്‍ പോലും അടുത്തറിയുമ്പോള്‍ സ്തുത്യര്‍ഹമായ നിലയില്‍ സേവനം ചെയ്യുന്നവയാണെന്ന് കാണാം. ഇത് വ്യക്തമായും മറ്റൊരു വിഷയം തന്നെയായതിനാല്‍ ദീര്‍ഘിപ്പിക്കുന്നില്ല. എങ്കിലും, കത്തോലിക്കാ തിരുസഭയുടെ ആത്യന്തിക ദൗത്യത്തെ ചോദ്യം ചെയ്യാന്‍മാത്രം പ്രസക്തമല്ല അവയ്ക്കുമേലുള്ള ദുഷ്പ്രചാരണങ്ങളുടെ ആകെത്തുക. അതോടൊപ്പം, വിരലിലെണ്ണാവുന്ന, മേല്‍പ്പറഞ്ഞതരം ചില സ്ഥാപനങ്ങളെ മുന്‍നിര്‍ത്തി ആരോപണശരങ്ങള്‍ തൊടുക്കുമ്പോള്‍ തന്നെ വിമര്‍ശകര്‍ വിസ്മരിക്കുന്ന മറ്റൊരു വസ്തുതയുണ്ട്. പേരും പ്രശസ്തിയും ആഗ്രഹിക്കാതെയും, ലാഭേച്ഛയില്ലാതെയും ഈ സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിനായ സ്ഥാപനങ്ങള്‍... പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ അന്യരാജ്യങ്ങളിലേയ്ക്ക് കുടിയേറി, ഇപ്പോള്‍, സമ്പന്നതയുടെ ആനപ്പുറത്തിരുന്ന്, താഴേയ്ക്ക് നോക്കുമ്പോള്‍ ഉയര്‍ന്നുകാണുന്ന ചില വിഷയങ്ങളെ മാത്രം ഉപയോഗിച്ച് ഉതപ്പുണ്ടാക്കാന്‍ പരിശ്രമിക്കുന്ന യുട്ടോപ്യന്‍ വിമര്‍ശകരെ സംബന്ധിച്ച്, പലപ്പോഴും, നല്ലത് പറയുക എന്നത് അവരുടെ ആവശ്യമോ ലക്ഷ്യമോ അല്ലല്ലോ.

സമൂഹത്തില്‍ ചിലപ്പോഴൊക്കെ ഉയര്‍ന്നുകണ്ടിട്ടുള്ള ഒറ്റപ്പെട്ട ചില സംഭവങ്ങളെയും, വ്യക്തികളെയും മുന്‍നിര്‍ത്തി പൗരോഹിത്യത്തെയും, മെത്രാന്‍ പദവിയെയും, മറ്റും അടച്ച് തള്ളിപ്പറയുകയും, അന്ധമായി വിമര്‍ശിക്കുകയും, അനാവശ്യമായി ചോദ്യം ചെയ്യുകയുമാണ് പതിവായി കണ്ടുവരുന്ന മറ്റൊരു പ്രവണത. ഒരിക്കലുംതന്നെ, അടുത്തറിഞ്ഞ് പഠിച്ചതിനുശേഷമുള്ള വിലയിരുത്തലുകള്‍ പോലുമല്ല അതൊന്നും എന്നതാണ് കൂടുതല്‍ ദുഃഖകരം. ചില മുഖ്യധാരാ മാധ്യമങ്ങളുടെ ദുഷ്ടലാക്കോടുകൂടിയ സമീപനങ്ങളുടെ ഫലമായി പലപ്പോഴും വളച്ചൊടിക്കപ്പെടുന്ന ചില വിഷയങ്ങളുണ്ട്. അടുത്തകാലങ്ങളായി ഏറെ ചര്‍ച്ചചെയ്യപ്പെട്ടിട്ടുള്ള ചില വിവാദങ്ങള്‍ ഉദാഹരണങ്ങള്‍ മാത്രം. എക്‌സ്‌ക്ലൂസീവ് ന്യൂസുകള്‍ക്കായി പരത്തി നടക്കുന്ന, അടിസ്ഥാന ധാര്‍മ്മിക നിയമങ്ങള്‍പോലും പാലിക്കാത്ത ചില മാധ്യമകിങ്കരന്മാര്‍ ഇവിടെ ഇത്തരത്തില്‍ സൃഷ്ടിച്ചിട്ടുള്ളതും, വഴിതെറ്റിച്ചുവിട്ടിട്ടുള്ളതും, സമൂഹത്തിന് തെറ്റിദ്ധാരണകള്‍ സമ്മാനിച്ചിട്ടുള്ളതുമായ ഒട്ടേറെ ചൂട് വാര്‍ത്തകളില്‍ മതപരവും, ആത്മീയവുമായ വിഷയങ്ങള്‍ക്കുള്ള പങ്ക് വലുതാണ്. വര്‍ഗ്ഗീയമായ ചില പ്രശ്‌നങ്ങളെ ബോധപൂര്‍വ്വം സൃഷ്ടിച്ചുകൊണ്ട് സമൂഹത്തില്‍ അസന്തുലിതാവസ്ഥ രൂപീകരിക്കുന്നതിനുള്ള ചില ഗൂഡശക്തികളുടെ സംഘടിത ശ്രമങ്ങളുടെ ഭാഗമാണത്. ഇത്തരത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള ചില സംഭവങ്ങളെ ഉയര്‍ത്തിപ്പിടിച്ച്, കത്തോലിക്കാ സഭയെയും, പൗരോഹിത്യത്തെയും ഒന്നടങ്കം ചോദ്യം ചെയ്യുകയും, ആക്ഷേപിക്കുകയും ചെയ്യുന്ന അഭിനവ ബുദ്ധിജീവികളുടെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യപ്പെടേണ്ടതാണ്. അറിഞ്ഞോ അറിയാതെയോ ഇത്തരക്കാര്‍ കൂട്ടുനില്‍ക്കുന്നത് വര്‍ഗ്ഗീയവിഷവിത്തുകള്‍ വിതയ്ക്കുന്നവരുടെ ലക്ഷ്യപ്രാപ്തിക്കാണ്.

പലപ്പോഴും, തെറ്റിധാരണാജനകമായ ചില വാര്‍ത്തകളില്‍ ഉയര്‍ന്നുവന്നിട്ടുള്ള അപൂര്‍വ്വം ചില വ്യക്തികളെ ഉയര്‍ത്തിക്കാട്ടി ഒരു സമൂഹത്തെ മുഴുവന്‍ വെല്ലുവിളിക്കുന്നവര്‍ ഒരിക്കലും കാണാതെ പോകുന്ന ചില വാസ്തവങ്ങളുണ്ട്. വിമര്‍ശകപ്രധാനികളില്‍ പലരും കേരളമണ്ണില്‍ കാലുറപ്പിച്ചു നിന്നിരുന്ന  ആദ്യകാലങ്ങളില്‍ ഇവിടെയുണ്ടായിരുന്ന വിരലിലെണ്ണാവുന്ന നാട്ടുമെത്രാന്‍മാര്‍ മാത്രമല്ല ഇന്നുള്ളത്. ഇന്ന് അഹോരാത്രം സഭാമക്കള്‍ക്കിടയിലും, സമൂഹത്തിലും ഇറങ്ങി പ്രവര്‍ത്തിക്കുന്ന ഒട്ടേറെ മെത്രാന്മാരടക്കം ഏറെ പുരോഹിതശ്രേഷ്ഠര്‍ കേരളത്തിലുണ്ട്. അതിനൊന്നും അവര്‍ മാധ്യമപരസ്യം നല്‍കാറില്ല എന്ന് മാത്രം. 'സുഖസൗകര്യങ്ങളിലും, ആര്‍ഭാടങ്ങളിലും' മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നവര്‍ എന്ന് ചിലപ്പോഴെങ്കിലും ചിലര്‍ വിലയിരുത്തുമ്പോള്‍, തങ്ങളുടെ വീക്ഷണവ്യാപ്തിയുടെ അപര്യാപ്തതയെക്കുറിച്ച് സ്വയം സഹതപിക്കേണ്ട സമയമായെന്ന് സാരം. വിരലിലെണ്ണിയാല്‍ തീരാത്തത്ര മെത്രാന്‍മാരെയും, പരശതം വൈദികരെയും അടുത്ത് മനസിലാക്കാന്‍ കഴിഞ്ഞിട്ടുള്ള ലേഖകന് നെഞ്ചത്ത് കൈവച്ച് പറയുവാന്‍ കഴിയുന്ന വസ്തുതകളാണ് ഇവ. എല്ലാ കാലത്തും, എല്ലാ ദേശത്തും, എല്ലാ സമൂഹങ്ങളിലും നന്മയ്‌ക്കൊപ്പം തന്നെ അതിനു വിരുദ്ധമായ ചില ചിത്രങ്ങളും പ്രത്യക്ഷമായിട്ടുണ്ട്. ഭാഗികമായ ഒരു മാനുഷിക സംവിധാനം എന്ന നിലയില്‍ സഭയും ആ പ്രത്യേകതകളില്‍ നിന്ന് വിമുക്തമല്ല. അതിനാല്‍ത്തന്നെ, അതിവിശുദ്ധരെ മാത്രമേ സഭയുടെ വേദിയില്‍ കാണാന്‍പാടുള്ളൂ എന്ന ശാഠ്യം ബാലിശമാണ്. എന്നാല്‍ കുറവുകളോട് കൂടി നാം കാണുന്ന വ്യക്തിത്വങ്ങള്‍ക്കപ്പുറം, ജീവിതത്തിലും, കര്‍മ്മങ്ങളിലും വിശുദ്ധി കാത്തുസൂക്ഷിക്കുന്ന ഒട്ടേറെപ്പേര്‍ ഈ സമൂഹത്തിലുണ്ട് എന്നത് മനസിലാക്കിയിരിക്കേണ്ട ഒരു വാസ്തവമാണ്.

അധികാരത്തെയും, ധനവിനിയോഗത്തെയുംകുറിച്ച് എന്നും ആവശ്യത്തിലധികമായി കലിതുള്ളുന്ന ഒരു വിഭാഗം മനുഷ്യര്‍ക്കുള്ളില്‍ സ്വാഭാവികമായും കുടികൊള്ളുന്ന ചില മാനസിക ദൗര്‍ബ്ബല്യങ്ങളുണ്ടാവണം. തങ്ങള്‍ക്ക് അര്‍ഹിക്കപ്പെട്ട സ്ഥാനങ്ങള്‍ ഒരിക്കലും സമൂഹം നല്‍കിയിട്ടില്ല എന്ന മിഥ്യാബോധം അതിലൊന്നാവാം. താന്‍ അതിശ്രേഷ്ഠമായി ചിന്തിക്കുന്നു എന്ന ധാരണയ്‌ക്കൊപ്പം, മറ്റുള്ളവര്‍ തീരെ കുറഞ്ഞവരാണ് എന്ന ഏകപക്ഷീയമായ വിലയിരുത്തലുകളായിരിക്കാം ഇത്തരത്തില്‍ ബാലിശങ്ങളായ വാദഗതികളുമായി ചര്‍ച്ചകളില്‍ നിറഞ്ഞുനില്‍ക്കാന്‍ ഇത്തരക്കാരെ പ്രേരിപ്പിക്കുന്നത്. തങ്ങള്‍ ധരിച്ചിരിക്കുന്നതുപോലെ, സഭയെന്നാല്‍ ഭൗതികമായൊരു സംവിധാനമല്ല എന്നും, യഥാര്‍ത്ഥ വിശ്വാസം സ്‌നേഹത്തിലധിഷ്ടിതമാണെന്നും ഗ്രഹിക്കുക മാത്രമാണ് പരിഹാരം.

പാരമ്പര്യത്തെയും, അതിന്റെ ശ്രേഷ്ടതയെയും ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള വിമര്‍ശനങ്ങളാണ് മറ്റൊന്ന്. പാരമ്പര്യങ്ങളുടെ മാഹാത്മ്യത്തെ തള്ളിപ്പറയുന്നില്ല. കഴിവുള്ളിടത്തോളം, പാരമ്പര്യങ്ങളെയും പാരമ്പര്യസിദ്ധമായ ആചാരാനുഷ്ടാനരീതികളെയും പിന്തുടരുകയും വേണം. എന്നാല്‍, ഓരോ കാലഘട്ടങ്ങളിലെയും ദൈവനിവേശിതമായ പ്രവര്‍ത്തന രീതികളും, ആചാരാനുഷ്ടാനങ്ങളുമാണ് പാരമ്പര്യമായി മാറുന്നതെന്ന് ഓര്‍ക്കുന്നത് നന്ന്. മനുഷ്യസമൂഹത്തിനുമേലുള്ള ദൈവിക ഇടപെടലുകള്‍ ഒരിക്കലും അവസാനിക്കുന്നതോ, ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കുന്നതോ അല്ല. ദൈവികതയും, ദൈവശാസ്ത്രവും രണ്ടാണ്. ഓരോ കാലഘട്ടങ്ങളിലും ദൈവികതാബോധത്തില്‍ സമൂഹത്തിനുവരുന്ന മാറ്റങ്ങള്‍ക്കനുസൃതമായി ദൈവശാസ്ത്രത്തിനും വികാസം സംഭവിച്ചേക്കാം. ദൈവമനുഷ്യ ബന്ധത്തിലെ ദൃഡതയ്ക്കപ്പുറം എഴുതി തയ്യാറാക്കപ്പെട്ട രീതികള്‍ക്ക് പ്രസക്തിയില്ലെന്ന് സാരം. പാരമ്പര്യങ്ങളെ വിശ്വാസധാരയ്ക്കും മീതെ ഉയര്‍ത്തിപ്പിടിച്ച്, കൂടുതല്‍ അഭിപ്രായ ഭിന്നതകള്‍ക്ക് കളമൊരുക്കുന്നവര്‍ ശ്രദ്ധിക്കുക, ആദ്യകാലത്തെ നിയമജ്ഞര്‍ വിധിക്കപ്പെട്ടതുപോലെ നിങ്ങളും പുറംതള്ളപ്പെട്ടേക്കാം. നിയമത്തിന് ദൈവത്തെക്കാളും, ദൈവസ്‌നേഹത്തിന്റെ മാഹാത്മ്യത്തെക്കാളും വിലകല്‍പ്പിക്കപ്പെടുകയും, അതുവഴി വിശ്വാസക്ഷയത്തിന് കാരണമാവുകയും ചെയ്താല്‍, അതിനു വഴിയൊരുക്കുന്നവര്‍ക്ക് ദുരിതം. ഏറെ വിശദീകരണങ്ങള്‍ ആവശ്യപ്പെടുന്ന വിഷയമാണെങ്കിലും അധികം ദീര്‍ഘിപ്പിക്കുന്നില്ല.

ആക്കും ആണിയും തിരിച്ച്, സങ്കീര്‍ണ്ണതകളെ വേര്‍തിരിക്കുകയും, കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ അനുദിനം ഉത്സാഹിക്കുകയും ചെയ്യുന്നവരോട് പറയാന്‍ ഒന്നേയുള്ളൂ. നിയമങ്ങളും, മര്‍മ്മങ്ങളും, സ്ഥാനഭേദങ്ങളും പഠിക്കുകയും, അതിനുവേണ്ടി വാദിക്കുകയും, എന്നാല്‍, വിശ്വാസത്തിന്റെയോ, സ്‌നേഹം തന്നെയായ ദൈവത്തിന്റെയോ പിന്‍ബലമില്ലാതെ അതിനുവേണ്ടി അലമുറയിടുകയും ചെയ്യുന്നതിന് മുമ്പായി, ചെയ്യുന്നത് പാഴ് വേലയും, പലപ്പോഴും, വിശ്വാസത്തിനും, സ്‌നേഹത്തിനും വിരുദ്ധവുമാണെന്ന് തിരിച്ചറിയുക. 

Friday, February 21, 2014

സഹനവീഥിയിൽ നിന്ന് വിവാഹവേദിയിലേക്ക്...

2014 ഫെബ്രുവരി മൂന്നാം തിയ്യതി വിവാഹ വേദിയിലേയ്ക്ക് അണയുമ്പോള്‍, ലിനറ്റ് എന്ന മുപ്പതുവയസ്സുകാരിക്ക് അത് ദൈവം തന്റെ ജീവിതത്തില്‍ പകര്‍ന്നു നല്‍കിയ വ്യത്യസ്ഥമായ ഒരു നിര്‍വചനത്തിന്റെ പൂര്‍ത്തീകരണം. താന്‍ രൂപകല്‍പ്പന ചെയ്യാനാഗ്രഹിച്ച ജീവിതത്തില്‍ ദൈവം നടത്തിയ ഇടപെടല്‍ ഒരു അപകടത്തിന്റെ രൂപത്തില്‍ കടന്നുവന്നപ്പോള്‍, അത് അവള്‍ക്ക് പകര്‍ന്നുനല്‍കിയ തിരിച്ചറിവ് വളരെ വലുതായിരുന്നു. മനോഹരമായതും, ഇഷ്ടപ്പെട്ടവയുമായ നല്ല ഭാഗങ്ങള്‍ മാത്രം കൂട്ടിച്ചേര്‍ത്ത്‌ ഓരോരുത്തരും ഹൃദയത്തില്‍ സൂക്ഷിക്കുന്ന ഒരു ജീവിത ചിത്രത്തിനു വിരുദ്ധമായ യാഥാര്‍ത്ഥ്യം അപ്രതീക്ഷിതമായി പടികടന്നെത്തുമ്പോള്‍, സ്വാഭാവികമായി അതിനെ സമീപിക്കുക മനുഷ്യസാധ്യമല്ല. എങ്കിലും, ഒരിക്കലും സംഭവിക്കാനിടയില്ലാത്ത അപൂര്‍വ്വ വീഥികളിലൂടെ കൈ പിടിച്ചു നടത്തിയ ദൈവം അവളെ കൊണ്ടുചെന്നെത്തിച്ച ബോധ്യങ്ങളുടെ മുന്നില്‍ തെളിഞ്ഞു കാണുന്നത് ഈ അപൂര്‍വ്വതയുടെ മനോഹാരിതയാണ്. അതോടൊപ്പം അല്‍പ്പം പോലും മാറ്റ് കുറയാതെ ചേര്‍ത്തു നിര്‍ത്തേണ്ടത്, ജോണ്‍സണ്‍ എന്ന ചെറുപ്പക്കാരന്റെ ദൈവിക തീരുമാനങ്ങളോടുള്ള അടിയുടച്ച വിശ്വസ്ഥതയും വിധേയത്വവും മാത്രം. ദൈവം തന്നെ ഭരമേല്‍പ്പിച്ച വിലയേറിയ ഒരു ആത്മാവിനെ ഏറ്റവും വിശ്വസ്ഥതയോടെ സംരക്ഷിച്ച അദ്ദേഹത്തിന്റെ ജീവിതവും സ്വപ്നങ്ങളും ദൈവത്തിനു മുന്നില്‍ ഉപാധികളില്ലാതെ സമര്‍പ്പിക്കപ്പെട്ടപ്പോള്‍, ലോകത്തിനുമുന്നില്‍ മാതൃകയും അനുഗ്രഹവുമായി ദൈവം അദ്ദേഹത്തെ ഉയര്‍ത്തി.

പത്ത്‌ വര്‍ഷങ്ങള്‍ക്കു മുമ്പ്‌, അതായത്, 2004 ജനുവരി മാസം രണ്ടാം തിയ്യതി വയനാടിനെയും ലോകത്തെയും നടുക്കിയ വലിയ ഒരു ബസ്സപകടത്തില്‍ നിന്നുമാണ് ലിനറ്റിന്റെയും, പിന്നീട് അവളുടെ എല്ലാമായി മാറിയ ജോണ്‍സണ്‍ന്റെയും കഥ ആരംഭിക്കുന്നത്. അന്ന് മാനന്തവാടിയ്ക്കടുത്ത്, ദ്വാരകയിലെ ലിറ്റില്‍ഫ്‌ളവര്‍ ഐ ടി സിയില്‍ സിവില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിനിയായിരുന്നു ലിനറ്റ്. പള്ളിക്കുന്നിലുള്ള അവളുടെ വീട്ടില്‍നിന്നും പതിവായി ഇന്‍സ്റ്റിറ്റ്യൂട്ടിലേയ്ക്ക്‌ പോയിരുന്ന ബസ്‌ പനമരത്ത് വച്ച് നിയന്ത്രണം വിട്ട് ഒരു മരത്തില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്. ജോലിക്കാരുടെയും, വിദ്യാര്‍ത്ഥികളുടെയും പതിവ്‌ യാത്രാസമയമായിരുന്നതിനാല്‍ ബസ്സില്‍ നിറയെ ആള്‍ ഉണ്ടായിരുന്നു. ആ അപകടത്തില്‍ പതിനൊന്നുപേര്‍ മരിക്കുകയും, ലിനെറ്റിനടക്കം ഒട്ടേറെപ്പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.  നട്ടെല്ലിന് ഏറ്റ മാരകമായ പരിക്ക് നിമിത്തം ലിനെറ്റിന്റെ ശരീരം തുടര്‍ന്ന് പൂര്‍ണ്ണമായി തളര്‍ന്നുപോകുവാന്‍ കാരണമാവുകയും ചെയ്തു.

ആ അപകടത്തെ തുടര്‍ന്നാണ് ജോണ്‍സണ്‍ എന്ന യുവാവിന് ലിനെറ്റിന്റെ ജീവിതത്തില്‍ നിര്‍ണ്ണായകമായൊരു സ്ഥാനം ലഭിക്കുന്നത്. ഈ അപകടം സംഭവിക്കുന്നതിന് ഏതാനും നാളുകള്‍ക്ക്‌ മുമ്പ്‌, ഒരു താല്‍ക്കാലിക ഗവണ്‍മെന്റ് ജീവനക്കാരനും ഇലക്ട്രീഷ്യനും ആയിരുന്ന ജോണ്‍സണ്‍ ഒരു മധ്യസ്ഥന്‍ മുഖേന ലിനെറ്റുമായി വിവാഹാലോചന നടത്തിയിരുന്നു. എന്നാല്‍, പഠനം കഴിഞ്ഞിട്ട് ആലോചിക്കാം എന്ന ന്യായീകരണത്തോടെ അവളുടെ മാതാപിതാക്കള്‍ ആ ആലോചനയെ തല്‍ക്കാലത്തേയ്ക്ക് നിരസിക്കുകയാണ് ഉണ്ടായത്.  പെട്ടെന്നുണ്ടായ ആ വിവാഹാലോചനയുടെ പിന്നില്‍ വ്യക്തമായൊരു കാരണം കണ്ടെത്താന്‍ ഇന്ന് ജോണ്‍സണ് കഴിയുന്നില്ല. കേവലം, കണ്ണിന്റെ ആശയോ, ഭൌതികവും, താല്‍ക്കാലികവുമായ ആകര്‍ഷണീയതയോ ആയിരുന്നില്ല അതിനുപിന്നില്‍ എന്ന് മാത്രം അദ്ദേഹം തിരിച്ചറിയുന്നു.

അപകടം സംഭവിച്ച ആ ദിവസം രാവിലെ ഒരു നിയോഗമെന്ന വണ്ണം ജോണ്‍സണ്‍ കോഴിക്കോട്‌ ഉണ്ടായിരുന്നു. മണിക്കൂറുകള്‍ക്കകം പരിക്കേറ്റവരെയുമായി കോഴിക്കോട് മെഡിക്കല്‍കോളേജിലേയ്ക്ക്‌ വാഹനങ്ങള്‍ എത്തുമ്പോള്‍ എവിടെ നിന്നോ വിവരമറിഞ്ഞെത്തിയ ജോണ്‍സണ്‍ ലിനെറ്റിനും, പരിക്കേറ്റ മറ്റുള്ളവര്‍ക്കും വേണ്ട സഹായങ്ങള്‍ നല്‍കുന്നതിനായി അവിടെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. പരിക്കേറ്റവരുടെ, പ്രത്യേകിച്ച് ലിനെറ്റിന്റെ ബന്ധുക്കള്‍ വിവരമറിഞ്ഞ് എത്തുന്നത് വരെ അദ്ദേഹം തനിക്കാവുന്ന എല്ലാ സഹായങ്ങളും ചെയ്തുകൊണ്ട് അദ്ദേഹം തിരക്കിലായിരുന്നു. ആത്മാവുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന അദൃശ്യമായ ഒരു ദൈവിക ശക്തി അവിടെ പ്രവര്‍ത്തിച്ചിരുന്നു. ഭൌതികമായ എല്ലാ ബന്ധങ്ങള്‍ക്കും അപ്പുറം ദൈവം പകര്‍ന്നു നല്‍കിയ, ദൈവം നിശ്ചയിച്ച ഒരു അഭൌമികമായ ആകര്‍ഷണമായിരുന്നു അതിനു പിന്നിലെന്ന് പില്‍ക്കാലത്ത് കാലം തെളിയിച്ചു.

തുടര്‍ന്ന് ഏറെ നാളുകള്‍ ചികിത്സയുടെതായിരുന്നു. മാനുഷികമായ പരിഹാരം കണ്ടെത്താന്‍ ബുദ്ധിമുട്ടേറിയ തരത്തില്‍, മനസ്സുമ ശരീരവും തളര്‍ന്നുപോയ അവളെ ഏറെ ചികിത്സകര്‍ പരിശോധിച്ചു, ചികില്‍സാവിധികള്‍ നിശ്ചയിച്ചു. ഏറെ മരുന്നുകളും, പ്രതിവിധികളും പരീക്ഷിച്ചു. എങ്കിലും നട്ടെല്ലിന് പറ്റിയ ക്ഷതത്തെ അതൊന്നും സുഖപ്പെടുത്തിയില്ല. ഒടുവില്‍,ആയുര്‍വ്വേദ ചികില്‍സാവിധികളിലെയ്ക്ക് അവളുടെ വീട്ടുകാര്‍ തിരിഞ്ഞു. നാളുകള്‍ നീണ്ട ആയുര്‍വേദ ചികിത്സകള്‍ക്കിടയില്‍ മറ്റൊരു ദുരന്തംകൂടി സംഭവിച്ചു. കഴുത്തിനു കീഴ്പ്പോട്ട് ചലനശേഷിക്കൊപ്പം സ്പര്‍ശനശേഷിയും നഷ്ടപ്പെട്ടിരുന്ന അവളുടെ ശരീരത്തില്‍ നടത്തിയ ആയുര്‍വേദ ചികില്‍സാവിധികളില്‍ ഒന്നിന് പാകപ്പിഴ സംഭവിച്ചപ്പോള്‍, അവള്‍ക്ക് ഗുരുതരമായി പൊള്ളലേല്‍ക്കുവാന്‍ അതിടയാക്കി. പ്രതീക്ഷയുടെ നാമ്പുകള്‍ വീണ്ടും വാടിക്കരിഞ്ഞ അവസ്ഥ... അപകടത്തിന്റെ പരിക്കുകല്‍ക്കൊപ്പം പൊള്ളലിന്റെ സങ്കീര്‍ണ്ണതകള്‍ കൂടിയായപ്പോള്‍, അവളെ വൈദ്യശാസ്ത്രം കൈ വിട്ടു. ചികില്‍സിച്ച ഡോക്ടര്‍മാരെല്ലാം ഇനി പ്രതീക്ഷ വേണ്ട എന്ന് ഒരേ സ്വരത്തില്‍ പറഞ്ഞപ്പോള്‍, വീട്ടുകാര്‍ വേദനയോടെയും, മനസ്സില്ലാമനസ്സോടെയും അവളെ ദൈവഹിതത്തിനു വിട്ടുകൊടുക്കുവാന്‍ തയ്യാറെടുത്തുതുടങ്ങി.

എല്ലാ പ്രതീക്ഷകളും കൈവിട്ടുപോയ ആ ദിവസങ്ങളിലാണ് ജോണ്‍സണ്‍ ഒരിക്കല്‍ക്കൂടി അവളെ സന്ദര്‍ശിക്കാനെത്തിയത്. തികച്ചുമൊരു ദൈവവിശ്വാസിയും, ദൈവികപദ്ധതികളില്‍ അതിരില്ലാതെ ചേര്‍ന്ന്‍നിന്നിരുന്നവാനുമായ ജോണ്‍സണ്‍ന്റെ ഹൃദയത്തില്‍ ശക്തമായൊരു ചലനമുണ്ടായി. മാനുഷികമല്ലാത്തൊരു സാഹചര്യത്തില്‍ തങ്ങളെ കണ്ടുമുട്ടിച്ച, ഹൃദയത്തിന്റെ അഗാധതയില്‍നിന്നുതന്നെ ഏറ്റവും വേണ്ടപ്പെട്ടവള്‍ എന്ന ബോധ്യം ഉദിപ്പിച്ച ദൈവത്തിന് തങ്ങളെക്കുറിച്ച് വ്യക്തമായൊരു പദ്ധതി ഉണ്ടായിരിക്കണമെന്ന് അദ്ദേഹം ചിന്തിച്ചു. തുടര്‍ന്ന് സംഭവിച്ചത് മറ്റൊരു ദൈവിക ഇടപെടല്‍ ആയിരുന്നു. തങ്ങളുടെ പരിമിതമായ സാഹചര്യങ്ങളില്‍ അതില്‍ കൂടുതല്‍ ചികില്‍സ നല്‍കുവാന്‍ ലിനറ്റിന്റെ കുടുംബത്തിന് അപ്പോള്‍ ആകുമായിരുന്നില്ല. അതോടൊപ്പം, അവളുടെ അമ്മ വിദേശത്തും ആയിരുന്നു. ആ പ്രത്യേക സാഹചര്യങ്ങളുടെയും, സവിശേഷമായ ദൈവിക ഇടപെടലിന്റെയും ഫലമായി, ജോണ്‍സണ്‍ന്റെ അഭ്യര്‍ത്ഥനയെ മാനിച്ച്, എല്ലാ ചികില്‍സകളും, ശുശ്രൂഷകളും കുറവ് കൂടാതെ നല്കിക്കൊള്ളാമെന്ന ഉറപ്പിന്മേല്‍, അയാളുടെ സംരക്ഷണയില്‍ അവളെ വിട്ടുനല്‍കുവാന്‍ വീട്ടുകാര്‍ തയ്യാറായി.

ജീവച്ഛവമായി, മരണത്തെ മാത്രം പ്രതീക്ഷിച്ച്, ഒരു മനുഷ്യന് ജീവിതത്തില്‍ ഏറ്റെടുക്കാനായേക്കാവുന്ന എല്ലാ വേദനകളെയും ഒരുമിച്ചു സ്വീകരിക്കേണ്ടിവന്ന ലിനറ്റ്‌ അങ്ങനെ അപ്രതീക്ഷിതമായി ജോണ്‍സണ്‍ എന്ന ചെറുപ്പക്കാരന്റെ തണലിലായി മാറി. പരിമിതമായ വരുമാനവും, ജീവിതസൗകര്യങ്ങളും മാത്രമുണ്ടായിരുന്ന, സ്ഥിരമായൊരു ജോലി പോലുമില്ലാതിരുന്ന ആ ചെറുപ്പക്കാരന്‍, വളരെ വലിയൊരു വെല്ലുവിളിയെയാണ് തന്റെ ജീവിതത്തില്‍ ഏറ്റെടുക്കുവാന്‍ തയ്യാറായത്. ഒരു പക്ഷെ തന്റെ ജീവിതത്തെ എന്നേയ്ക്കുമായി ഇരുട്ടിലാഴ്ത്താന്‍ പര്യാപ്തമായ ഒരു തീരുമാനമായിരുന്നു അത്. ദൈവം പകര്‍ന്നുനല്‍കിയ അളവില്ലാത്ത കൃപയും സവിശേഷമായ ചങ്കൂറ്റവും മാത്രമായിരുന്നു അദ്ദേഹത്തിന്റെ കൈമുതല്‍.

ഒറ്റ മകന്‍ മാത്രമുണ്ടായിരുന്ന ജോണ്‍സണ്‍ന്റെ മാതാപിതാക്കളും, എല്ലാ സാഹചര്യങ്ങളെയും വ്യക്തമായി അറിഞ്ഞിരുന്ന സുഹൃത്തുക്കളും അദ്ദേഹത്തെ ആദ്യമൊക്കെ ശക്തമായി എതിര്‍ത്തു. എങ്കിലും, ദൈവം നല്‍കിയ ആ പ്രചോദനത്തെ, ആ ധൈര്യത്തെ അദ്ദേഹം നിരസിച്ചില്ല. തന്റെയും ലിനറ്റിന്റെയും ജീവിതത്തെക്കുറിച്ചുള്ള വ്യക്തമായ പദ്ധതികള്‍ ദൈവത്തിന്റെ പക്കലുണ്ടെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു.

ലിനറ്റിന്റെ അവസ്ഥ കുറേക്കൂടി വ്യത്യസ്ഥമായിരുന്നു. ചെറുപ്പം മുതല്‍ ഒരു ദൈവവിശ്വാസി ആയിരുന്നെങ്കിലും, കഴിയുമ്പോഴൊക്കെ ദിവ്യബലിയില്‍ പങ്കെടുക്കുമായിരുന്നെങ്കിലും, ജീവിതത്തില്‍ വളരെ അപ്രതീക്ഷിതമായി സംഭവിച്ചേക്കാവുന്ന ഇത്തരം ദുരന്തങ്ങളെ ദൈവഹിതമെന്നറിഞ്ഞു സ്വീകരിക്കുവാനുള്ള ഉറച്ച ബോധ്യമോ, വേദനകള്‍ ദൈവം സ്നേഹിക്കുന്നതിന്റെ അടയാളങ്ങളാണ് എന്ന തിരിച്ചറിവോ അവള്‍ക്കുണ്ടായിരുന്നില്ല.  അതുപോലെതന്നെ, ഒരുപക്ഷെ, താന്‍ സ്വപ്നം കണ്ടതില്‍നിന്നും വിരുദ്ധമായൊരു ജീവിതത്തെ വച്ചുനീട്ടിയ, തന്റെ സങ്കല്‍പ്പങ്ങളില്‍ നിന്നും വ്യത്യസ്തനായ ആ ചെറുപ്പക്കാരനെ ആദ്യമേ തന്നെ അവള്‍ അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല. അത്തരമൊരു അപകടം സംഭവിച്ചില്ലായിരുന്നെങ്കില്‍ പിന്നീടൊരിക്കലും അദ്ദേഹത്തെ കാണുവാന്‍ പോലും ഇടയാകുമായിരുന്നില്ല. ഇത്തരമൊരു സാഹചര്യത്തില്‍, തീര്‍ത്തും നിസ്സഹായാവസ്ഥയില്‍ മനസ്സുകൊണ്ട് അടുപ്പം തോന്നാത്ത ഒരാളുടെയൊപ്പം ഒറ്റപ്പെട്ടൊരു ജീവിതം... അവളുടെ ഹൃദയം ആദ്യ നാളുകളില്‍ ഉരുകുകയായിരുന്നു. അസ്സഹനീയമായ വേദനയില്‍, സ്വന്തം ശരീരത്തിലെ ഒരവയവവും സ്വയം ചലിപ്പിക്കാനാവാത്ത അവസ്ഥയില്‍, അറിഞ്ഞുകൊണ്ട് കണ്ണീരൊഴുക്കുവാന്‍ മാത്രം കഴിയുന്ന നിസ്സഹായാവസ്ഥയില്‍, ലോകത്തില്‍ ഏറ്റവും ശപിക്കപ്പെട്ടവല്‍ താനാണെന്ന് അവള്‍ കരുതി. ഏറ്റവും ദൌര്‍ഭാഗ്യവതി താനാണെന്ന് അവള്‍ കരുതി.

ദൈവം നല്‍കിയ ചങ്കൂറ്റത്തിന്റെ പിന്‍ബലത്തില്‍ മറ്റൊന്നും ചിന്തിക്കാതെ, വലിയൊരു ഉത്തരവാദിത്തത്തെ  സ്വയം ഏറ്റെടുത്തുവെങ്കിലും, തുടര്‍ന്നുള്ള ദിവസങ്ങളില്‍ ജോണ്‍സന്‍ ഏറെ പ്രതിസന്ധികളിലൂടെ കടന്നുപോയി. ചികിത്സകള്‍ക്ക് പുറമേ, സൗകര്യപ്രദമായൊരു താമസസ്ഥലവും, ഒരാളെ ശമ്പളം നല്‍കി നിര്‍ത്തിയുള്ള പരിചരണവും അദ്ദേഹത്തിന് സാധ്യമാവുമായിരുന്നില്ല. ജോലിഭാരത്തിനു പുറമേ, അവള്‍ക്കാവശ്യമായുള്ള പരിചരണങ്ങളും, ശുശ്രൂഷകളുമെല്ലാം താന്‍ തന്നെ ചെയ്യേണ്ട ഘട്ടം വന്നപ്പോള്‍, ജോലി സ്ഥലത്തോട് ചേര്‍ന്നൊരിടം കണ്ടെത്തി അദ്ദേഹം അവളെ അവിടെ താമസിപ്പിച്ചു. അവളുടെ ശരീരത്തിലെ എണ്ണമറ്റ വൃണങ്ങളും, മാരകമായ പരിക്കുകളും ദൈവം നല്‍കിയ പ്രത്യേക കൃപയുടെ വെളിച്ചത്തില്‍ അയാള്‍ മരുന്ന് പുരട്ടി വച്ചുകെട്ടുമ്പോള്‍, അതിനെ മനസ്സുകൊണ്ട് തെല്ലും അംഗീകരിക്കാനാവാതെ കണ്ണീരൊഴുക്കി സ്വയം പഴിച്ച് ലിനറ്റിന്റെ ഏറെ ദിനങ്ങള്‍ കടന്നുപോയി.

തുടര്‍ന്ന്, ഏറെ നാളുകള്‍ കഴിഞ്ഞ് മനം ശാന്തമായി തുടങ്ങിയപ്പോള്‍, അവളുടെ ചിന്തയുടെ രീതികള്‍ മാറി. തന്നെ, ശാന്തനും അക്ഷോഭ്യനുമായി പരിചരിക്കുന്ന, സ്നേഹത്തോടെ ശുശ്രൂഷിക്കുന്ന, അല്‍പ്പം പോലും അസഹ്യതയോ, നിരാശയോ, മറ്റെന്തെങ്കിലും തെറ്റായ ചിന്തകളോ കൂടാതെ തന്റെ ആത്മാവിനെ സ്നേഹിക്കുന്ന ആ ചെറുപ്പക്കാരനെ നിരീക്ഷിച്ചു തുടങ്ങിയപ്പോള്‍, അവളുടെ ജീവിതവീക്ഷണം തന്നെ മാറിത്തുടങ്ങി. സ്വന്തം ജീവിതപങ്കാളിക്ക് ഇത്രമേല്‍ത്തന്നെ ഗൌരവമില്ലാത്ത അനാരോഗ്യാവസ്ഥ പോലും ഉണ്ടായാല്‍ നിഷ്ക്കരുണം ആ വ്യക്തിയെ തള്ളിപ്പറഞ്ഞെക്കാവുന്ന ഈ നാട്ടില്‍, കേവലം, ഒരു വിവാഹാലോചന നടത്തി എന്ന ഒറ്റക്കാരണത്താല്‍ ഒരാളുടെ മുഴുവന്‍ ഉത്തരവാദിത്തവും, ആരും ഏറ്റെടുക്കാന്‍ മടിക്കുന്ന രോഗാവസ്ഥയും ഹൃദയത്തില്‍ സ്വീകരിച്ച ആ ചെറുപ്പക്കാരന്റെ ചിത്രം അവളെ വീണ്ടുംവീണ്ടും ചിന്തിപ്പിച്ചു. തുടര്‍ന്ന് പടിപടിയായി അവള്‍ തന്റെ ആരോഗ്യത്തിന്റെ ഗുരുതരാവസ്ഥകളെ അതിജീവിച്ചുതുടങ്ങി. പുറമെയുള്ള വൃണങ്ങളെല്ലാം കരിഞ്ഞപ്പോഴും ശരീരത്തിന്റെ തളര്‍ച്ച തുടര്‍ന്നെങ്കിലും, അവള്‍ ജോണ്‍സണ് ഒപ്പം ഒരു വ്യക്തമായ ദൈവാനുഭവത്തിലേയ്ക്ക് കടന്നുവന്നു. ദൈവം ജോണ്‍സണ് പകര്‍ന്നുനല്‍കിയ അമൂല്യങ്ങളായ ബോധ്യങ്ങള്‍ അവര്‍ക്കും നല്‍കി. തന്റെ വേദനകളെയും ദുരിതങ്ങളേയും അവള്‍ സ്നേഹിച്ചുതുടങ്ങി. സഹനം ദൈവത്തിന്റെ അമൂല്യസമ്മാനമാണെന്ന് മനസ്സിലാക്കി അവള്‍ ശക്തമായി പ്രാര്‍ത്ഥിക്കാന്‍ ആരംഭിച്ചു. അന്നുമുതല്‍ സഹനത്തിലൂടെ തനിക്ക്‌ ജീവിതത്തെ പഠിപ്പിച്ചു തന്ന ദൈവത്തെ അവള്‍ പ്രകീര്‍ത്തിക്കുന്നു.

തുടര്‍ന്നുള്ള നാളുകളില്‍ ജോണ്‍സണ്‍ന്റെ ജോലി സ്ഥിരമായി. ലിനറ്റിന്റെ വിദേശത്തു ജോലി ചെയ്തിരുന്ന അമ്മ അവള്‍ക്കായി ഒരു കൊച്ചു ഭവനം പണിത് നല്‍കി. അവളുടെ കാര്യങ്ങള്‍ നോക്കാന്‍ തുടര്‍ന്ന് ജോണ്‍സണ്‍ ഒരു ആയയെ നിയമിച്ചു. അവളുടെ വീട്ടുകാരും, ഈ ജീവിതാവസ്ഥകളിലെല്ലാം, മനുഷ്യന്റെ ബാലഹീനതകളിലും, അവരുടെ തീരുമാനങ്ങള്‍ക്കപ്പുറവും പ്രവര്‍ത്തിക്കുന്ന ദൈവത്തെ തിരിച്ചറിഞ്ഞു. ആ നാളുകളിലും ലിനറ്റിന്റെ ചികില്‍സകള്‍ അനുസ്യൂതം തുടരുകയായിരുന്നു. തന്റെ തൊഴിലില്‍നിന്നുള്ള വരുമാനവും, ഒഴിവുസമയങ്ങളില്‍ പറ്റുന്ന ജോലികളെല്ലാം ചെയ്ത് സമാഹരിക്കുന്ന ധനവും ചെലവഴിച്ച് അവളെ അയാള്‍ ചികില്‍സിച്ചുകൊണ്ടിരുന്നു. ഏറെക്കാലത്തെ ചികിത്സകളുടെ ഫലമായി ചെറിയ പുരോഗതികള്‍ അവളുടെ ശരീരത്തില്‍ സംഭവിച്ചു തുടങ്ങി. ഒരിക്കലും തിരിച്ചു വരില്ല എന്ന് ലോകം വിധിയെഴുതിയ ആ ജീവിതത്തില്‍ ദൈവം ഘട്ടംഘട്ടമായി അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. ഇന്ന് അവള്‍ക്ക് കൈ ചലിപ്പിക്കാന്‍ കഴിയുന്നു, കസേരയില്‍ പിടിച്ചിരുത്തിയാല്‍ ഇരിക്കാന്‍ കഴിയുന്നു. ദൈവം ആഗ്രഹിക്കുന്നെങ്കില്‍ തങ്ങളുടെ ജീവിതത്തില്‍ ഇനിയും ഏറെ മാറ്റങ്ങള്‍ സംഭവിക്കും എന്ന ബോധ്യത്തില്‍ അവിടുത്തെ തിരുവിഷ്ടത്തിന് അനുസൃതമായി തങ്ങളുടെ ജീവിതം മുന്നോട്ടുപോകട്ടെ എന്ന പ്രാര്‍ത്ഥനയാണ് അവര്‍ക്കുള്ളത്.

അപകടവും, അതിനെ തുടര്‍ന്നുണ്ടായ വേദനകളുടെയും തിരിച്ചറിവുകളുടെയും ദിനരാത്രങ്ങളും കടന്ന് ഇന്ന് പത്തുവര്‍ഷം പിന്നിട്ടിരിക്കുന്നു. ഈ ഫെബ്രുവരി മൂന്നാം തിയ്യതി മുതല്‍ ലിനറ്റ്‌ ജോണ്‍സണ്‍ന്റെ ഭാര്യകൂടിയാണ്. ദൈവം പത്തുവര്‍ഷം മുമ്പ്‌ നിശ്ചയിച്ചുനല്‍കിയ ജീവിതപങ്കാളിയെ പൂര്‍ണ്ണമായും ജീവിതത്തിലേയ്ക്ക്‌ തിരിച്ചുകൊണ്ടുവരാന്‍ കഴിഞ്ഞു എന്ന ചാരിതാര്‍ത്ഥ്യമാണ് ഇന്ന് ജോണ്‍സണ് ഉള്ളത്. അമൂല്യങ്ങളായ തിരിച്ചറിവുകളിലേയ്ക്ക് മനുഷ്യന് സങ്കല്‍പ്പിക്കാനാവാത്ത വഴികളിലൂടെ അവനെ കൈപിടിച്ച് നടത്തുന്ന ദൈവത്തിന്റെ ദുര്‍ഗ്രഹമായ കാരുണ്യത്തെയോര്‍ത്ത് ലിനറ്റ്‌ പുഞ്ചിരിക്കുന്നു. സ്വര്‍ഗ്ഗീയമായ സന്തോഷത്തെ വെളിപ്പെടുത്തുന്ന നിഷ്കളങ്കമായ ഒരു പുഞ്ചിരി.