ഒരു വാക്ക്....

യഥാര്‍ത്ഥ ക്രിസ്തുദര്‍ശനത്തിനായി ചിന്തിക്കുകയും ആ സന്ദേശം പ്രചരിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു കത്തോലിക്കന്‍. സുവിശേഷസന്ദേശം ലോകമെങ്ങും എത്തിക്കുക എന്നത് ലോകമെങ്ങുമുള്ള ക്രൈസ്തവരുടെ ജീവിതദൌത്യമാണെന്ന തിരിച്ചറിവില്‍ എന്‍റെ തൊഴിലിലൂടെയും ജീവിതത്തിലൂടെയും ഞാന്‍ എന്‍റെ ക്രിസ്തുവിനെ മഹത്വപ്പെടുത്തുന്നു. സ്ഥാപനവല്‍ക്കരണത്തിലൂടെയും, സുവിശേഷവിരുദ്ധമായ നയങ്ങളിലൂടെയും കത്തോലിക്കാ സഭയില്‍ സംഭവിക്കുന്ന അപചയപ്രവണതകള്‍ക്കുള്ള പ്രതിവിധി സഭാംഗങ്ങള്‍ ഏവരും ശരിയായ ബോധ്യത്തിലേക്ക് കടന്നുവരികയാണ്. ശരിയായ വിശ്വാസവും ആത്മീയ കാഴ്ച്ചപ്പാടുകളും സ്വന്തമാക്കുവാന്‍ ഈ ദൈവജനത്തെ പര്യാപ്തരാക്കേണ്ട ചുമതല നാമേവര്‍ക്കുമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു.

Tuesday, August 25, 2015

നവീകരണത്തിന്റെ പ്രവാചക ശബ്ദം: ഫാ അഗസ്റ്റിൻ തുരുത്തിമറ്റം

നവീകരണത്തിന്റെ പ്രവാചക ശബ്ദം
ദുര്‍ബ്ബലരും, കഴിവ് കുറഞ്ഞവരുമായ വ്യക്തികളെ ദൈവം തെരഞ്ഞെടുത്ത് ഉയര്‍ത്തിയ കഥകള്‍ ബൈബിള്‍  ആദ്യന്തം വിവരിക്കുന്നുണ്ട്. മോശയും പ്രവാചകന്മാരും മുതല്‍ ക്രിസ്തുവിന്റെ ശിഷ്യഗണവും പിന്നിട്ട്, ഈ  കാലഘട്ടത്തിലെ അനേകരിലൂടെയും വിസ്മയകരമായ ഇത്തരം തെരഞ്ഞെടുപ്പുകള്‍ നമുക്കുമുന്നില്‍ വിളങ്ങി  നില്‍ക്കുന്നു. ദൈവികമായ പദ്ധതികള്‍ എക്കാലവും നടപ്പാക്കപ്പെട്ടിട്ടുള്ളത് മാനുഷികമായ കഴിവുകളുടെയോ  കഴിവുകേടുകളുടെയോ അടിസ്ഥാനത്തിലായിരുന്നില്ല. ദൈവത്തിന് പ്രവര്‍ത്തിക്കുവാന്‍, മനുഷ്യന്റെ  ഭൗതികബലമല്ല, അവന്റെ ആത്മീയമായ സന്നദ്ധതയാണ് ആവശ്യം എന്ന് നാം ഇവിടെ തിരിച്ചറിയുന്നു. വചനം  പറയുന്നു, നാമെല്ലാം അവന്റെ പൂര്‍ണ്ണതയില്‍നിന്ന് കൃപയ്ക്ക് മേല്‍ കൃപ സ്വീകരിച്ചിരിക്കുന്നു. അതെ,  ദൈവത്തിന്റെ പൂര്‍ണ്ണതയില്‍നിന്ന് തന്റെ സന്നദ്ധതയിലൂടെയാണ് മനുഷ്യന്‍ കൃപ സ്വീകരിക്കുകയും, സമ്പന്നത  ആര്‍ജ്ജിക്കുകയും ചെയുന്നത്.
1929ല്‍ ജനിച്ച്, തന്റെ എഴുപത്തിഅഞ്ചാമത്തെ വയസ്സില്‍ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ട ഒരു സാധാരണ  ഇടവക വൈദികന്‍... അദ്ദേഹത്തിന്റെ ജീവിതത്തിലെ എടുത്തുപറയത്തക്കതായ മൂലധനം ഏറെ ശാരീരിക  ബലഹീനതകളായിരുന്നു. തീരെ ചെറുപ്പകാലം മുതല്‍, ഒപ്പമുള്ള സകലരിലും നിന്ന് അദ്ദേഹത്തെ  വ്യത്യസ്ഥനാക്കിയത് പ്രധാനമായും, അനാരോഗ്യകരമാം വിധം മെലിഞ്ഞ ശരീരപ്രകൃതിയും, ഒരിക്കലും  ചികിത്സകര്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലാത്ത ഏറെ ആരോഗ്യ പ്രശ്‌നങ്ങളുമാണ്. ഒരുപക്ഷെ, ആ  അനാരോഗ്യാവസ്ഥകളുടെ പേരില്‍ ജീവിതകാലം മുഴുവന്‍ കഴിവുകെട്ടവനും, പുറംലോകം അറിയാത്തവനുമായി  ഇരുട്ടറയില്‍ തള്ളി നീക്കപ്പെടുമായിരുന്ന ആ ജീവിതത്തെ ദൈവം ഏറ്റെടുത്തപ്പോള്‍ അത്ഭുതങ്ങള്‍ സംഭവിച്ചു.  അനേകലക്ഷം ആത്മാക്കളുടെ നിത്യരക്ഷയ്ക്കായി ദൈവം ആ മനുഷ്യനെ എടുത്തുപയോഗിച്ചു. ഇന്ന്,  അദ്ദേഹത്തിന്റെ മരണശേഷം ഒരു ദശാബ്ദത്തിനിപ്പുറം, ആ ജീവിതത്തിലേയ്ക്ക് തിരിഞ്ഞുനോക്കുമ്പോള്‍,  വിവരണാതീതവും, അവിസ്മരണീയവുമായ അനവധി വിസ്മയങ്ങള്‍ ആ ജീവിതത്തില്‍ നാം തിരിച്ചറിയുന്നു.
കേരളസഭയില്‍ കരിസ്മാറ്റിക് നവീകരണമുന്നേറ്റങ്ങള്‍ക്ക് തുടക്കംകുറിക്കപ്പെട്ട 1970കളില്‍ അതിന് നേതൃത്വം  നല്‍കുകയും, ആത്മാവിന്റെ വരദാനങ്ങള്‍ ധാരാളമായി ഉപയോഗിച്ച്, ഒരു വലിയ സമൂഹത്തെ  ദൈവാനുഭവത്തിന്റെ സമ്പന്നതയിലേയ്ക്ക് കൈപിടിച്ച് നടത്തുകയും ചെയ്ത ഒരഭിഷിക്തന്‍, അദ്ദേഹമാണ്,  ഫാ. അഗസ്റ്റിന്‍ തുരുത്തിമറ്റം. 1946ല്‍ ചങ്ങനാശ്ശേരി രൂപതയ്ക്ക് വേണ്ടി സെമിനാരിയില്‍ ചേര്‍ന്ന  അദ്ദേഹം 1955ല്‍ പൗരോഹിത്യം സ്വീകരിക്കുകയും, പിന്നീട് 1961ല്‍ അഭിവന്ദ്യ വള്ളോപ്പള്ളി പിതാവിന്റെ  അഭ്യര്‍ത്ഥനപ്രകാരം തലശ്ശേരി രൂപതയില്‍ സേവനത്തിനായി എത്തിച്ചേരുകയും ചെയ്തു. തലശ്ശേരി രൂപതയ്ക്ക്  കീഴില്‍ വിവിധ ദേവാലയങ്ങളില്‍ ദൈവജനത്തിന് ശുശ്രൂഷ ചെയ്തുകൊണ്ടിരുന്ന കാലയളവില്‍ അദ്ദേഹത്തിന്  ദൈവം നല്‍കിയ തിരിച്ചറിവുകള്‍ അമൂല്യങ്ങളായിരുന്നു. മരണം വരെയും ദൈവഹിതം ആരാഞ്ഞ്  പ്രവര്‍ത്തിക്കുകയും, അനേകര്‍ക്ക് വഴികാട്ടിയാവുകയും ചെയ്ത ആ ജീവിതം പില്‍ക്കാലത്ത് ഒട്ടനവധി  ആത്മാക്കള്‍ക്ക് നിത്യജീവിതത്തിലേയ്ക്കുള്ള പാതയില്‍ വെളിച്ചം പകര്‍ന്നു.

ബാല്യകാലം
എരുമേലി സ്വദേശികളായിരുന്ന തുരുത്തിമറ്റം ഫിലിപ്പോസ്, ത്രേസ്യ ദമ്പതികളുടെ ആറാമത്തെ പുത്രനായി 1929  നവംബര്‍ ആറാം തിയ്യതിയാണ് ബഹു. അഗസ്റ്റിന്‍ തുരുത്തിമറ്റം അച്ചന്റെ ജനനം. മൂത്ത സഹോദരി, സി.  തെയോഫിന്‍ ക്ലാര സഭാംഗവും, ഇളയ സഹോദരന്‍ ഫാ. ഫിലിപ്പ് സിഎംഐ സഭാ വൈദികനുമാണ്. അഗസ്റ്റിന്‍  അച്ചന്റെ മാതാപിതാക്കളും, മുതിര്‍ന്ന സഹോദരങ്ങളും അദ്ദേഹത്തിന്റെ മരണത്തിനു മുമ്പ് തന്നെ  നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടിരുന്നു. 
അഗസ്റ്റിന്‍ തുരുത്തിമറ്റം അച്ചനുമായി കേവലം രണ്ടുവയസ്സില്‍ താഴെ മാത്രം പ്രായവ്യത്യാസമുള്ള ഫാ. ഫിലിപ്പ്  തന്റെ സഹോദരനെക്കുറിച്ച് പങ്കുവയ്ക്കുന്ന സ്മരണകള്‍ ഏറെ ദീപ്തമാണ്. തീരെച്ചെറിയ പ്രായം മുതല്‍  സവിശേഷമായ ജീവിതവിശുദ്ധി പുലര്‍ത്തിയിരുന്ന, ഏറെ നന്മകള്‍ നിറഞ്ഞിരുന്ന വ്യക്തിത്വമായിരുന്നു, കുടുംബാംഗങ്ങള്‍ കുട്ടായി എന്ന് വിളിച്ചിരുന്ന ജ്യേഷ്ഠന്‍  അഗസ്റ്റിന്റെതെന്ന് അദ്ദേഹം ഓര്‍മ്മിക്കുന്നു. ചെറുപ്പകാലത്ത,് തന്റെ മക്കളെക്കുറിച്ച് ഒരു  പ്രത്യേകസാഹചര്യത്തില്‍ മറ്റ് കുടുംബാംഗങ്ങള്‍ക്കിടയില്‍ സംസാരിച്ച അമ്മ ത്രേസ്യ, അഗസ്റ്റിനെക്കുറിച്ച്  പറഞ്ഞത് ഫിലിപ്പച്ചന്‍ മറന്നിട്ടില്ല. 'അഗസ്റ്റിന്‍ എന്നാല്‍ സ്‌നേഹം തന്നെയാണ്' എന്നാണ് ആ അമ്മ അന്ന്  പറഞ്ഞത്. അത് വാസ്തവവുമായിരുന്നു.
ചെറുപ്പകാലം മുതല്‍ തന്നെ, വളരെ മെലിഞ്ഞ ശരീരപ്രകൃതിയായിരുന്നു അഗസ്റ്റിന്‍ അച്ചന്റേത്, എങ്കില്‍  തന്നെയും, ചുറുചുറുക്കിനും കാര്യപ്രാപ്തിക്കും അദ്ദേഹം ഏറ്റവും മുന്നിലായിരുന്നു. കൃഷിസ്ഥലത്ത്  മാതാപിതാക്കള്‍ക്കൊപ്പം അദ്ധ്വാനിക്കുന്നകാര്യത്തിലും, കൂട്ടുകാര്‍ക്കൊപ്പമുള്ള കളിയുടെ സമയങ്ങളിലും ഏറ്റവും  മുന്നിട്ടു നില്‍ക്കുമായിരുന്നത് കാഴ്ചയില്‍ അനാരോഗ്യം പുലര്‍ത്തിയിരുന്ന ബാലനായ അഗസ്റ്റിന്‍  തന്നെയായിരുന്നു. അദ്ദേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം എരുമേലി, കനകപ്പാലം സ്‌കൂളുകളില്‍ ആയിരുന്നു.  തുടര്‍ന്ന് മുണ്ടക്കയത്തും, ചങ്ങനാശ്ശേരിയിലുമായി ഹൈസ്‌കൂള്‍ വിദ്യാഭ്യാസവും പൂര്‍ത്തിയാക്കി.  അദ്ദേഹത്തിന്റെ മുതിര്‍ന്ന സഹോദരങ്ങളില്‍ ആരും തന്നെ അടിസ്ഥാനവിദ്യാഭ്യാസത്തിനപ്പുറം നേടുവാന്‍  ശ്രമിച്ചിരുന്നതോ, അഥവാ അതിന് കഴിഞ്ഞിരുന്നതോ ഇല്ല. ആ കാലഘട്ടത്തിലെ സാഹചര്യങ്ങള്‍ക്കനുസരിച്ച്  കിലോമീറ്ററുകളോളം നടന്നും, ഏറെ ബുദ്ധിമുട്ടുകള്‍ സഹിച്ചും വിദ്യാഭ്യാസം നേടുന്നവര്‍ അപൂര്‍വ്വമായിരുന്നു.  എന്നാല്‍, ആരോഗ്യപരമായി മറ്റെല്ലാവരിലും താഴെയായിരുന്ന ബഹു അഗസ്റ്റിനച്ചന്‍ വിദ്യാഭ്യാസകാര്യങ്ങളില്‍  അതിശയകരമായ പ്രാധാന്യം ആദ്യകാലങ്ങളില്‍ തന്നെ നല്‍കിയിരുന്നു.
സഹോദരങ്ങളായ അഗസ്റ്റിനും ഫിലിപ്പും സ്‌കൂള്‍ വിദ്യാര്‍ത്ഥികളായിരുന്ന കാലത്താണ് മൂത്തസഹോദരി തന്റെ  ജീവിതനിയോഗം മനസ്സിലാക്കി മഠത്തില്‍ ചേരുവാന്‍ തീരുമാനമെടുക്കുന്നത്. വ്യക്തമായ ദിശാബോധത്തോടെ  നീങ്ങിയിരുന്ന അവള്‍, ആ കാലത്ത്, തന്റെ സഹോദരങ്ങള്‍ക്ക് കത്തുകള്‍ എഴുതിയിരുന്നതിനൊപ്പം,  ഇളയവര്‍ക്ക് വായിക്കുവാനായി വിശുദ്ധരുടെ ജീവചരിത്രങ്ങളും മറ്റും അയച്ചുകൊടുക്കുകയും പതിവായിരുന്നു.  സഹോദരിയുടെ പ്രചോദനഫലമായി ബാലനായ അഗസ്റ്റിന്റെ ഹൃദയത്തില്‍ ദൈവവിളിയോടുള്ള അഭിനിവേശം  തഴച്ചുവളര്‍ന്നു. ചെറുപ്പത്തില്‍ തന്നെ തനിക്കുമേലുള്ള ദൈവനിയോഗത്തെ തിരിച്ചറിഞ്ഞിരുന്ന അദ്ദേഹം,  സഹോദരന്‍ ഫിലിപ്പിനെയും ദൈവവിളി തെരഞ്ഞെടുക്കുവാന്‍ പ്രോത്സാഹിപ്പിച്ചിരുന്നു. ആ കാലങ്ങളില്‍, ഒരു  മിഷനറി വൈദികനായി ദൂരദേശങ്ങളില്‍ ശുശ്രൂഷ ചെയ്യുന്നതിനെക്കുറിച്ച് അദ്ദേഹം തന്നോട് മിക്കപ്പോഴും  ആഗ്രഹം പ്രകടിപ്പിക്കുമായിരുന്നുവെന്ന് ഫാ. ഫിലിപ്പ് ഓര്‍മ്മിക്കുന്നു. അത്തരം സാഹചര്യങ്ങളാണ് ദൈവവിളി  തെരഞ്ഞെടുക്കുവാന്‍ തനിക്ക് പ്രേരണനല്‍കിയതെന്നും അദ്ദേഹം സ്മരിക്കുന്നു.
തന്റെ വലിയ പദ്ധതികളുടെ നിര്‍വ്വാഹകനായി അനാദിയില്‍ തന്നെ ദൈവം തെരഞ്ഞെടുത്ത് മുദ്രവച്ച ഫാ  അഗസ്റ്റിന്‍ തുരുത്തിമറ്റം എന്ന അഭിഷിക്തന്‍, തന്റെ മേലുള്ള ദൈവനിയോഗത്തെ തിരിച്ചറിഞ്ഞ വഴികള്‍  വിസ്മയനീയമാണ്. പ്രത്യേകിച്ചും, അനാരോഗ്യത്തിന്റെയും, ഏറെ പ്രതിബന്ധങ്ങളുടെയും നടുവിലും, ദൈവം  ഹൃദയത്തില്‍ നിക്ഷേപിച്ച വെളിച്ചം അദ്ദേഹത്തെ വഴി നയിക്കുകയായിരുന്നു. 

സെമിനാരിയിലേയ്ക്ക്
1946ല്‍ സ്‌കൂള്‍ വിദ്യാഭ്യാസകാലത്തിനു ശേഷം, വൈദികരാകുവാന്‍ തീരുമാനമെടുത്ത അഗസ്റ്റിനും  ഫിലിപ്പും ഒരേ ദിവസമാണ് സെമിനാരിയില്‍ ചേര്‍ന്നത്. ചങ്ങനാശ്ശേരി രൂപതയ്ക്കുവേണ്ടി വൈദികനാകുവാന്‍  നിശ്ചയിച്ച അഗസ്റ്റിന്‍ പാറേല്‍ പെറ്റി സെമിനാരിയിലേയ്ക്കാണ് എത്തിയത്. സെമിനാരി ജീവിതകാലത്തുടനീളം, ഏവര്‍ക്കും ഏറ്റവും പ്രീതിതമായൊരു വ്യക്തിത്വമായിരുന്നു അഗസ്റ്റിന്‍ എന്ന  വിദ്യാര്‍ത്ഥിയുടേത് എന്ന് സുഹൃത്തും, സഹസെമിനാരി വിദ്യാര്‍ത്ഥിയുമായിരുന്ന ആര്‍ച്ച്ബിഷപ്പ് മാര്‍ ജേക്കബ്  തൂങ്കുഴി ഓര്‍മ്മിക്കുന്നു. സകലരും അദ്ദേഹത്തെയും, അദ്ദേഹം സകലരെയും തുറന്ന മനസ്സോടെ സ്‌നേഹിച്ചിരുന്നു.  ആ കാലത്തും അദ്ദേഹത്തിന്റെ ശരീരപ്രകൃതിയും ആരോഗ്യവും ആരിലും സഹതാപമുണര്‍ത്തിയിരുന്നു എങ്കിലും  കാര്യപ്രാപ്തിയുടെയും ഉത്സാഹത്തിന്റെയും കാര്യത്തില്‍, അദ്ദേഹം അവിടെയും മുന്നില്‍ തന്നെയായിരുന്നു.  മറ്റുള്ളവര്‍ കഴിക്കുന്ന ഭക്ഷണം ഒന്നും തന്നെയും അദ്ദേഹത്തിന് കഴിക്കാനാവുമായിരുന്നില്ല. ചെറുപ്പകാലം മുതല്‍,  അന്ത്യം വരെയും, ശാരീരികമായും മാനസികമായും വളരെ സെന്‍സിറ്റീവ് ആയിരുന്ന അദ്ദേഹത്തിന്റെ  ദഹനേന്ദ്രിയം പ്രത്യേകമായും ഏറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചിരുന്നതായിരുന്നു കാരണം. ജീവിതകാലം മുഴുവന്‍  അദ്ദേഹത്തെ പിന്തുടര്‍ന്ന ഒരു പ്രതിസന്ധി തന്നെയായിരുന്നു അത്. അല്‍പ്പം കടുപ്പമുള്ള ഭക്ഷണം അദ്ദേഹത്തിന്റെ  വയറിനെയും ആരോഗ്യത്തെയും ഏറെ ബാധിച്ചിരുന്നു. തന്മൂലം അദ്ദേഹത്തെക്കുറിച്ച് സഹതാപം തോന്നിയിരുന്ന  സെമിനാരി റെക്ടര്‍ പ്രത്യേക ഭക്ഷണം അദ്ദേഹത്തിനായി തയ്യാറാക്കിയിരുന്നുവെന്ന് അഭിവന്ദ്യ തൂങ്കുഴി  പിതാവ് സ്മരിക്കുന്നു. പില്‍ക്കാലത്തും, ഭക്ഷണകാര്യത്തില്‍ ബഹു അഗസ്റ്റിനച്ചന്‍ ഏറെ മുന്‍കരുതലുകള്‍  എടുത്തിരുന്നു. മറ്റുള്ളവര്‍ കഴിക്കുന്ന വിധത്തിലുള്ള സ്വാഭാവിക ഭക്ഷണപദാര്‍ത്ഥങ്ങള്‍ അദ്ദേഹം പലപ്പോഴും ഉപയോഗിച്ചിരുന്നില്ല. ഇതുള്‍പ്പെടെ അദ്ദേഹത്തെ അലട്ടിയിരുന്ന പല ശാരീരിക പ്രശ്‌നങ്ങള്‍ക്കും ഒരിക്കലും  പരിഹാരം ഉണ്ടായിട്ടുമില്ല. പുറകോട്ട് തിരിഞ്ഞു നോക്കുമ്പോള്‍, ഇത്തരം ഗൗരവമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍  പതിവായി അലട്ടിയിരുന്ന ഒരു വ്യക്തി എന്നനിലയില്‍, അദ്ദേഹം കൈവരിച്ചിരുന്ന നേട്ടങ്ങള്‍  അതിശയകരമായിരുന്നു. ഉറപ്പേറിയ ആത്മീയബോധ്യങ്ങള്‍ ഉള്ളില്‍ സൂക്ഷിച്ചിരുന്ന അദ്ദേഹം, തന്റെ  പരിപാലകനായ ദൈവത്തില്‍ ആശ്രയിച്ചുകൊണ്ട് എല്ലാ പ്രതിബന്ധങ്ങളെയും തകര്‍ത്ത് മുന്നേറുകയായിരുന്നു. 
വൈദികപഠനത്തിന്റെ അവസാനഘട്ടത്തില്‍, അനാരോഗ്യം മൂലം അദ്ദേഹത്തെ ഒരു വര്‍ഷത്തെ ചികിത്സയ്ക്കും  വിശ്രമത്തിനുമായി ഭവനത്തിലേയ്ക്ക് അയക്കുകപോലുമുണ്ടായി. തന്മൂലം, ഒരുവര്‍ഷം വൈകിയായിരുന്നു  അദ്ദേഹത്തിന്റെ പൗരോഹിത്യസ്വീകരണം. ആ കാലഘട്ടം തന്റെ ജീവിതത്തില്‍, അല്‍പ്പം വിഷമകരമായിരുന്നു  എന്ന് അദ്ദേഹം ചിലരോട് പങ്കുവച്ചിരുന്നു.
ആരോഗ്യപരമായ കാരണങ്ങളാല്‍, അദ്ദേഹത്തിന്റെ ഭാവിയെക്കുറിച്ച് ചുറ്റുമുള്ളവര്‍ക്ക് എക്കാലവും ആശങ്കകള്‍  ഉണ്ടായിരുന്നു എന്നതാണ് വാസ്തവം. എന്നാല്‍ തന്റെ ഇത്തരം പരിമിതികള്‍ അദ്ദേഹത്തില്‍ ആശങ്കകളോ,  നിരാശയോ സൃഷ്ടിച്ചിരുന്നില്ല എന്നത് അതിശയകരമാണ്. ആരോഗ്യപരമായ കാര്യങ്ങള്‍ക്കപ്പുറം, ഏവര്‍ക്കും  സുസമ്മതനായിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം എന്നത് നിസ്തര്‍ക്കമാണ്. രൂപതാധ്യക്ഷന്‍ അടക്കമുള്ള  മേലധികാരികളും, അധ്യാപകരും സഹപാഠികളും മാത്രമല്ല, ബന്ധുക്കളും സുഹൃത്തുക്കളും പോലും  അദ്ദേഹത്തിന്റെ സ്വഭാവത്തെയും വ്യക്തിത്വത്തെയും ഏറെ മാനിച്ചിരുന്നു. അവധിക്കാലങ്ങളില്‍ നാട്ടിലെത്തിയാല്‍,  മിക്കവാറും എല്ലാ ബന്ധുവീടുകളും അദ്ദേഹം സന്ദര്‍ശിക്കുകയും, വ്യക്തിപരമായിത്തന്നെ പലര്‍ക്കും ഉപദേശങ്ങള്‍  നല്‍കുകയും ചെയ്യുന്നതിനുപോലും പ്രത്യേകം ശ്രദ്ധിച്ചിരുന്നുവെന്ന് സഹോദരന്‍ ഫാ. ഫിലിപ്പ് ഓര്‍മ്മിക്കുന്നു.  ചെറുപ്പകാലത്ത് പോലും ബന്ധുജനങ്ങള്‍ക്കിടയില്‍, അദ്ദേഹത്തിന്റെ നല്ലവാക്കുകള്‍ക്കും ഉപദേശങ്ങള്‍ക്കും ഏറെ  സ്വീകാര്യത ഉണ്ടായിരുന്നു. പില്‍ക്കാലത്തെന്നും അത്തരം പതിവുകള്‍ അദ്ദേഹം നിലനിര്‍ത്തിപ്പോന്നു.  കുടുംബാംഗങ്ങളുടെയും, അവരുടെ പിന്‍തലമുറകളിലെ അംഗങ്ങളുടെയും, സുഹൃത്തുക്കളുടെയും, തന്നെ  ഏല്‍പ്പിക്കപ്പെട്ട ഇടവകാജനത്തിന്റെയും, മാത്രമല്ല, ദിനംപ്രതി ഉപദേശം തേടി എത്തുമായിരുന്ന നിരവധിയായ  ആള്‍ക്കാരുടെയും കാര്യത്തില്‍ എക്കാലവും അദ്ദേഹം സവിശേഷശ്രദ്ധ പുലര്‍ത്തിപ്പോന്നു.

പൗരോഹിത്യസ്വീകരണത്തിന് ശേഷം...
1955 മാര്‍ച്ച് പതിനാറാംതിയ്യതിയായിരുന്നു ബഹു. അഗസ്റ്റിന്‍ തുരുത്തിമറ്റം അച്ചന്റെ പൗരോഹിത്യസ്വീകരണം.  അന്ന് ചങ്ങനാശ്ശേരി ആര്‍ച്ച്ബിഷപ്പ് ആയിരുന്ന, ദൈവദാസന്‍ മാര്‍ മാത്യു കാവുകാട്ട് അദ്ദേഹത്തിന്റെ ശിരസ്സില്‍  അഭിഷേകതൈലം പൂശി കര്‍ത്താവിന്റെ അഭിഷിക്തനാക്കി ഉയര്‍ത്തി. തൊട്ടടുത്തദിവസം, സ്വന്തം  ഇടവകയായിരുന്ന എരുമേലി അസംഷന്‍ പള്ളിയില്‍ നവപൂജാര്‍പ്പണവും നടത്തി. വളരെപ്രത്യേകമായ അനവധി  കാര്യങ്ങള്‍ക്കായി ദൈവം പ്രത്യേകമായി തെരഞ്ഞെടുത്ത ഒരഭിഷിക്തന്‍ അങ്ങനെ ജന്മമെടുത്തു.
അതേവര്‍ഷം മെയ്മാസം മുതല്‍, തുടര്‍ന്നുള്ള മൂന്നുവര്‍ഷക്കാലം ബഹു. അഗസ്റ്റിനച്ചന് ലഭിച്ച നിയോഗം,  കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് പള്ളിയിലെ അസിസ്റ്റന്റ് വികാരി സ്ഥാനമായിരുന്നു. അതോടൊപ്പംതന്നെ,  തുടര്‍ന്നുള്ള ഏതാനും കാലം, ചങ്ങനാശ്ശേരി, പാറേല്‍ മൈനര്‍ സെമിനാരിയുടെ വൈസ്‌റെക്ടര്‍ സ്ഥാനവും,  സ്പിരിച്വല്‍ ഫാദര്‍ എന്ന ചുമതലയും അദ്ദേഹത്തിന് അധികമായി നല്‍കപ്പെട്ടു. എക്കാലവും എല്ലാവരിലും  ശക്തമായ സ്വാധീനം ചെലുത്തിയിരുന്ന, നന്മയുടെയും സ്‌നേഹത്തിന്റെയും ആള്‍രൂപമായി അറിയപ്പെട്ട,  ഏവര്‍ക്കും പ്രിയങ്കരനായിരുന്ന ആ വൈദികനെ, അഭിവന്ദ്യ കാവുകാട്ട് പിതാവും പ്രത്യേകമായി  പരിഗണിക്കുകയും, കൂടുതല്‍ നന്മകള്‍ക്കായി നിയോഗിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇടവകാ  സേവനത്തിനും, സാധാരണജനങ്ങള്‍ക്കിടയിലുള്ള ശുശ്രൂഷകള്‍ക്കും കൂടുതല്‍ പ്രാധാന്യം കല്‍പ്പിച്ചിരുന്ന ബഹു.  അഗസ്റ്റിന്‍ അച്ചന്, സെമിനാരിയിലെ സേവനകാലം ഏറെയൊന്നും സംതൃപ്തി നല്‍കിയിരുന്നില്ല.
തുടര്‍ന്നുള്ള കാലങ്ങളില്‍, 1961 വരെ, അന്നത്തെ ചങ്ങനാശ്ശേരി അതിരൂപതയിലെ പൊടിമറ്റം, കാരികുളം എന്നീ  രണ്ട് ഇടവകകളില്‍ അദ്ദേഹം വികാരിയായി സേവനം അനുഷ്ഠിച്ചു. അതോടുകൂടി ആ ജീവിതത്തിലെ  സുപ്രധാനമായ ഒരു കാലഘട്ടം സമാപിക്കുകയായിരുന്നു. ജന്മം നല്‍കി വളര്‍ത്തിയെടുക്കുകയും, ഉറച്ച  ജീവിതദര്‍ശനങ്ങള്‍ നല്‍കി മുന്നോട്ട് നയിക്കുകയും ചെയ്ത ഒരു ദേശത്തെ ഇടപെടലുകള്‍ അവസാനിപ്പിച്ച്  പുതിയൊരു നാടിന്റെ ഭാഗമായിത്തീരുവാന്‍ സമയം അടുക്കുകയായിരുന്നു.

തലശ്ശേരി രൂപതയിലേയ്ക്ക്...
ആ കാലങ്ങളില്‍, സീറോ മലബാര്‍ സഭാചരിത്രത്തില്‍ വളരെ നിര്‍ണ്ണായകമായ ചില സംഭവവികാസങ്ങള്‍  അരങ്ങേറുകയായിരുന്നു. ഏറെ നാളത്തെ സഭാനേതൃത്വത്തിന്റെ ആവശ്യത്തെ മാനിച്ച്, ഭാരതപ്പുഴയ്ക്ക് അപ്പുറം  ആദ്യമായി സുറിയാനി കത്തോലിക്കര്‍ക്ക് തലശ്ശേരി ആസ്ഥാനമായി ഒരു രൂപത അനുവദിക്കപ്പെട്ടു. മൈനര്‍  സെമിനാരി കാലത്ത് ബഹു. അഗസ്റ്റിന്‍ തുരുത്തിമറ്റം അച്ചന്റെ ആത്മീയ പിതാവായിരുന്ന സെബാസ്റ്റ്യന്‍  വള്ളോപ്പള്ളി അച്ചനായിരുന്നു തലശ്ശേരി രൂപതയുടെ ആദ്യ മെത്രാന്‍. പഠനകാലം മുതല്‍ താന്‍ സവിശേഷശ്രദ്ധ  പുലര്‍ത്തിയിരുന്ന, പില്‍ക്കാലത്തെന്നും ഊഷ്മളമായ ബന്ധം കാത്തുസൂക്ഷിച്ചിരുന്ന, അഗസ്റ്റിന്‍അച്ചനെ തലശ്ശേരി  രൂപതയിലേയ്ക്ക് വള്ളോപ്പള്ളി പിതാവ് ക്ഷണിക്കുകയും, അദ്ദേഹം ആ ക്ഷണം ദൈവഹിതമായിക്കണ്ട്  സ്വീകരിക്കുകയും ചെയ്തു. ശാരീരികമായി ആരോഗ്യം കുറഞ്ഞവനെങ്കിലും, മാനസികമായും, ആത്മീയമായും  ഏറ്റവും കരുത്തനാണ് അദ്ദേഹമെന്ന് വള്ളോപ്പള്ളിപ്പിതാവ് മുമ്പേ തന്നെ തിരിച്ചറിഞ്ഞിരുന്നു.  ദീര്‍ഘവീക്ഷണത്തോടെ, ഒരു വലിയ ജനതയെ പടുത്തുയര്‍ത്തുവാന്‍ ഏറ്റവും അധികം യത്‌നിച്ച അഭിവന്ദ്യ  വള്ളോപ്പള്ളിപ്പിതാവിന്റെ പല തീരുമാനങ്ങളെയും പോലെ തന്നെ ഈ തീരുമാനവും വളരെ  ഉചിതമായിരുന്നുവെന്ന് കാലം തെളിയിച്ചു.
മലബാര്‍ മേഖലയിലേയ്ക്ക് തിരുവിതാംകൂറില്‍നിന്നുള്ള കുടിയേറ്റത്തിന്റെ ചരിത്രം അതിനും പതിറ്റാണ്ടുകള്‍ക്ക്  മുമ്പ് തന്നെ ആരംഭിക്കുന്നതാണ്. എന്നാല്‍, ഇരുപതാംനൂറ്റാണ്ടിന്റെ രണ്ടാം പകുതി ഏറെ പ്രയത്‌നങ്ങളുടെ  കഥകള്‍ പറയുന്നു. പള്ളികള്‍, സ്‌കൂളുകള്‍, മറ്റ് അടിസ്ഥാനസൗകര്യങ്ങള്‍ എന്നിങ്ങനെ ഏറെ നിര്‍മ്മിതികളും  ഒപ്പം ആത്മീയ ഇടപെടലുകളും ആവശ്യമുണ്ടായിരുന്ന കാലമായിരുന്നു അത്. കുടിയേറ്റപിതാവായിരുന്ന  അഭിവന്ദ്യ വള്ളോപ്പള്ളിപ്പിതാവിന്റെ നേതൃത്വത്തില്‍, ഏറെ വൈദികര്‍ എല്ലാവിധ പ്രവര്‍ത്തനങ്ങള്‍ക്കും  മുന്‍നിരയില്‍ ഉണ്ടായിരുന്നു. 1961 മുതല്‍, ബഹു. അഗസ്റ്റിന്‍ തുരുത്തിമറ്റം അച്ചനും വളരെ സജീവമായി  രംഗത്തിറങ്ങി. ആദ്യം അദ്ദേഹം സേവനം ചെയ്തത്, കരിക്കോട്ടക്കരി, ചെമ്പേരി, കുളക്കാട് തുടങ്ങിയ കണ്ണൂര്‍  ജില്ലയിലെ വിവിധ ഇടവകകളിലായിരുന്നു. ഈ ഇടവകകളിലെല്ലാം അദ്ദേഹം കൂടുതല്‍ ഊന്നല്‍ നല്‍കിയത്  ഭൗതികസൗകര്യങ്ങളുടെ വികസനത്തിനും സ്ഥലം വാങ്ങുന്നതിനും മറ്റുമായിരുന്നു. 
ഈ കാലഘട്ടത്തില്‍ തന്നെ, 1964ഓടുകൂടി, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെല്ലാം മലബാറിലേയ്ക്ക്  കുടിയേറി. മുമ്പ് തന്നെ മലബാറിലെത്തിയ ബഹു. അച്ചന്റെ രണ്ട് ജ്യേഷ്ഠന്മാരെ പിന്തുടര്‍ന്ന് ശേഷിച്ച സഹോദരങ്ങളും,  മാതാപിതാക്കളും എരുമേലിയില്‍ നിന്നും കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയില്‍ എത്തിയതോടെ ബഹു.  അച്ചനും മലബാറുകാരന്‍ ആയി മാറുകയായിരുന്നു.  
തുടര്‍ന്നുള്ള ബഹു അച്ചന്റെ അനുഭവങ്ങളെക്കുറിച്ച് ചില വാക്കുകള്‍ അദ്ദേഹത്തിന്റെ തന്നെ ഒരു കുറിപ്പില്‍ നിന്നും:
'1961ല്‍, തലശ്ശേരി രൂപതയില്‍ ചേര്‍ന്നശേഷം, പതിനഞ്ചു വര്‍ഷത്തേയ്ക്ക് പള്ളിമുറി, സ്‌കൂള്‍ കെട്ടിടങ്ങള്‍, മഠം  എന്നിങ്ങനെ കെട്ടിടം പണി, പറമ്പ് ദേഹണ്ഡം, റോഡ് പണി, ബസ് സര്‍വീസ് എന്നിങ്ങനെ മരാമത്ത്  പണികളായിരുന്നു 'അച്ചന്‍പണിയെ'ക്കാള്‍ കൂടുതലായി ചെയ്തിരുന്നത്. പള്ളികള്‍ സ്വയംപര്യാപ്തമാക്കണമെന്ന  ധാരണയില്‍, രണ്ട് പള്ളികള്‍ക്ക് ഇരുപത്തിമൂന്ന് ഏക്കര്‍ വീതവും റബ്ബര്‍ തെങ്ങ് കശുമാവ് എന്നിവ  വച്ചുപിടിപ്പിച്ചു. ഒരു മഠത്തിന് 8 ഏക്കര്‍ സ്ഥലം ദേഹണ്ഡിച്ച് കെട്ടിടവും പണിത് കൊടുത്തു. അതോടൊപ്പം,  തന്നാണ്ട് കൃഷികൊണ്ട് മാത്രം ജീവിച്ചിരുന്ന ഇടവകക്കാര്‍ക്ക് തെങ്ങും കമുകും കുരുമുളകും വച്ചുപിടിപ്പിക്കാന്‍  സഹായം ചെയ്തുകൊടുത്തു. പിന്നീട് അതെക്കുറിച്ച് സങ്കടപ്പെടേണ്ടിവന്നു. നല്ല ആദായം കിട്ടിത്തുടങ്ങിയപ്പോള്‍,  ഇടവകക്കാര്‍ മദ്യപാനവും(വിദേശമദ്യം), ധൂര്‍ത്തും തുടങ്ങി. പള്ളിക്കാരും മഠംകാരും, ഞാന്‍ ദേഹണ്ഡിച്ച്  കൊടുത്ത സ്ഥലം 'പിടിയാവിലയ്ക്ക്' വിറ്റുകളഞ്ഞു. സങ്കടം തോന്നിയപ്പോള്‍ ബൈബിള്‍ തുറന്നു. ലൂക്കാ 12ല്‍  ഭോഷനായ ധനികന്റെ ഉപമ. 'ഭോഷാ നീ ദേഹണ്ഡിച്ചതെല്ലാം ആരുടെതായി എന്നൊരു ചോദ്യം.'

പെരുവണ്ണാമൂഴിയിലേയ്ക്ക്...
1970ലാണ് ബഹു അഗസ്റ്റിന്‍ തുരുത്തിമറ്റം അച്ചന്‍ പെരുവണ്ണാമൂഴി ഫാത്തിമാ മാതാ ദേവാലയത്തിലേയ്ക്ക്  കടന്നെത്തുന്നത്. തലശ്ശേരി രൂപതയിലെ ചില പ്രധാന ഇടവകകളില്‍, സാമ്പത്തിക  ഭൗതിക വികസന  സംബന്ധമായി ഉണ്ടായിരുന്ന വലിയ ഉത്തരവാദിത്തങ്ങളില്‍നിന്നും അല്‍പ്പം മാറിനിന്ന് സ്വച്ഛമായ ഒരു  ഇടവകാന്തരീക്ഷത്തില്‍ കുറച്ചുകാലം കഴിയണമെന്ന ഒരാഗ്രഹം അതിനുപിന്നില്‍ ഉണ്ടായിരുന്നു. കാരണം, 'ഒരു  ചെറിയ ഇടവക ഞാന്‍ ചോദിച്ചു വാങ്ങിയതാണെന്ന്' അദ്ദേഹം ചിലരോട് ആദ്യകാലങ്ങളില്‍ പറഞ്ഞിരുന്നു.  എന്നാല്‍, പെരുവണ്ണാമൂഴി ഇടവക ഒരുപക്ഷെ അദ്ദേഹത്തിന്റെ സങ്കല്‍പ്പം പോലെ ആയിരുന്നില്ല.  മറ്റെങ്ങുമില്ലാത്ത ഒരു പ്രത്യേക അന്തരീക്ഷവും ചരിത്രവുമാണ് ആ നാടിനും ഇടവകയ്ക്കും ഉണ്ടായിരുന്നത്.  പില്‍ക്കാലത്ത് ശക്തമായ ആത്മീയ ബോധ്യങ്ങളോടെ കരിസ്മാറ്റിക് നവീകരണരംഗത്തെ പലര്‍ക്കും  ഗുരുസ്ഥാനീയനായി മാറുവാനുണ്ടായ കാരണങ്ങളില്‍ പ്രധാനപ്പെട്ട ചിലത് പെരുവണ്ണാമൂഴിക്ക്  അവകാശപ്പെട്ടതാണ്. 
1940കളില്‍ തന്നെ, കുറ്റ്യാടി, മരുതോങ്കര, ചക്കിട്ടപ്പാറ തുടങ്ങിയ സ്ഥലങ്ങള്‍ക്കൊപ്പം കുടിയേറ്റക്കാരുടെ ഇഷ്ടപ്പെട്ട  മണ്ണായിരുന്നു പെരുവണ്ണാമൂഴിയുടേതും. അവിടുത്തെ ഭൂപ്രകൃതി ഏറെ വശ്യവും, വിവിധ കാര്‍ഷിക  വിളകള്‍ക്കും, മനുഷ്യ വാസത്തിനും വളരെ യോഗ്യവുമായിരുന്നു. എന്നാല്‍, ഏറെ പ്രതീക്ഷകളോടെ  പെരുവണ്ണാമൂഴിയില്‍ വന്നെത്തിയ ആദ്യ കുടിയേറ്റക്കാര്‍ക്ക് തുടക്കത്തില്‍ തന്നെ ചില ദുരനുഭവങ്ങളെ  നേരിടേണ്ടിവന്നു. 1950നോടടുത്ത്, ആ ദേശത്തെ ചില ഭൂജന്മിമാര്‍ തമ്മിലുള്ള തര്‍ക്കമായിരുന്നു തുടക്കം.  അതേത്തുടര്‍ന്ന്, പെരുവണ്ണാമൂഴിയില്‍ ഭൂമി വാങ്ങിയ ഏറെപ്പേര്‍ക്ക് കുടിയിറക്ക് നേരിടേണ്ടിവന്നു. പോലീസ്  കേസുകളും ജയില്‍ വാസവും ആ നാട്ടുകാരുടെ സ്വസ്ഥത കെടുത്തി. കണ്ണീരിനൊപ്പം പ്രാര്‍ത്ഥനകളും മണ്ണില്‍  അലിഞ്ഞുചേര്‍ന്ന ആ നാളുകള്‍ക്ക് ശേഷം പതിയെ നാട് ശാന്തമായപ്പോഴാണ് പെരുവണ്ണാമൂഴിയില്‍ ഡാം  പണിയുവാന്‍ തീരുമാനമാകുന്നത്. 1960കള്‍ ഉടനീളം, ആ കാലത്തെ രാഷ്ട്രീയസാഹചര്യങ്ങള്‍ പോലെതന്നെ  പെരുവണ്ണാമൂഴി നിവാസികളുടെ മനസ്സും ജീവിതവും കലുഷിതമായിരുന്നു. സംസ്ഥാനഭരണം മാറിമറിഞ്ഞുവന്നു.  അതുകൊണ്ട്തന്നെ ഡാമുമായി ബന്ധപ്പെട്ട് ആശങ്കയില്‍ അകപ്പെട്ടവരുടെ പ്രശ്‌നപരിഹാരം വളരെ വൈകി.  ഒരുപക്ഷേ, കേരളത്തില്‍ ആദ്യമായി ഒരു ജനവാസകേന്ദ്രത്തില്‍ പണിയുവാന്‍ നിശ്ചയിക്കപ്പെട്ട ഡാമായിരുന്നു  പെരുവണ്ണാമൂഴിയിലേത്. അതിനാല്‍തന്നെ വ്യക്തമായ നയരേഖകളൊന്നും രൂപീകരിക്കപ്പെട്ടിരുന്നില്ല.  പ്രദേശവാസികളുടെ പ്രതിഷേധങ്ങള്‍ക്കിടെ ഡാം പണിയുന്നതിനാവശ്യമുള്ള സ്ഥലം മാത്രം ഏറ്റെടുത്ത് ഡാം  നിര്‍മ്മാണം ആരംഭിച്ചു. 1967ല്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നുകഴിഞ്ഞപ്പോള്‍  കുടിയിറക്കപ്പെടുന്നവര്‍ക്കുള്ള പാക്കേജ് അംഗീകരിക്കപ്പെടുകയും, പലരും നഷ്ടപരിഹാരം വാങ്ങി പോകുവാന്‍  തീരുമാനിക്കുകയും ചെയ്തു. 
1970ല്‍ ബഹു. തുരുത്തിമറ്റം അച്ചന്‍ പെരുവണ്ണാമൂഴിയിലേയ്ക്ക് എത്തുമ്പോള്‍, അവിടെ കാണുവാന്‍ കഴിഞ്ഞത്,  സമ്മിശ്രവികാരങ്ങളുടെ വേലിയേറ്റത്തില്‍ പരക്കം പായുന്ന ഒരു ജനതയെയാണ്. ഇടവാകാംഗങ്ങളായിരുന്ന  ഭൂരിഭാഗം പേരും അവിടെനിന്നും പിന്‍വാങ്ങുകയോ, പിന്‍വാങ്ങുവാന്‍ ഒരുങ്ങി നില്‍ക്കുകയോ ചെയ്യുന്ന  സമയം. ഏറെപ്പേര്‍ തങ്ങളുടെ പുതിയ വികാരിയച്ചനെ ആദ്യമായും അവസാനമായും കണ്ടത്  യാത്രപറയുവാനായാണ്. പലതും പടുത്തുയര്‍ത്തുന്നതില്‍ ഏറെ വര്‍ഷങ്ങളായി  ശ്രദ്ധകേന്ദ്രീകരിച്ചിരുന്ന ബഹു. തുരുത്തിമറ്റം അച്ചനില്‍, ഇത്തരം കാഴ്ചകള്‍ ഏറെ വിചിന്തനങ്ങള്‍ക്ക്  ഇടയാക്കിയിരിക്കണം. തന്റെ കര്‍മ്മത്തെക്കുറിച്ച് പുനര്‍വിചിന്തനം നടത്തിവന്നിരുന്ന ആ നാളുകളില്‍, ഭൗതിക  സമ്പാദ്യങ്ങളുടെ ക്ഷണികതയെക്കുറിച്ച് അദ്ദേഹം കൂടുതല്‍ തീക്ഷ്ണതയോടെ ചിന്തിച്ചു. അനേകവര്‍ഷങ്ങള്‍കൊണ്ട്  എല്ലാം കെട്ടിയുയര്‍ത്തിയ അനേകര്‍, നിസഹായാവസ്ഥയില്‍ എല്ലാമുപേക്ഷിച്ച് കണ്ണീരോടെ വിട്ടുപോകുന്ന കാഴ്ച  തീര്‍ച്ചയായും ഹൃദയഭേദകമായിരുന്നു. 
പെരുവണ്ണാമൂഴി എന്ന ആ പ്രദേശത്തെ കാത്തിരുന്ന അനിഷ്ടസംഭവങ്ങള്‍ അവസാനിക്കുകയായിരുന്നില്ല.  തുടര്‍ന്നുവന്ന വര്‍ഷങ്ങളില്‍, ഇടവകാ പരിധിയില്‍ ഉണ്ടായിരുന്ന നൂറുകണക്കിന് ഏക്കര്‍ റവന്യൂഭൂമിയില്‍  പുറമേനിന്ന് പല ദേശങ്ങളില്‍നിന്നും, രാഷ്ട്രീയപ്രേരിതമായി കടന്നെത്തിയ കുടുംബങ്ങള്‍ അധിനിവേശം  ആരംഭിച്ചു. തുടക്കത്തില്‍ പോലീസ് അവരെ കുടിയിറക്കിയെങ്കിലും, പിന്നീട് സര്‍ക്കാര്‍ പരീക്ഷിച്ച കൂട്ടുകൃഷി  പദ്ധതി പ്രകാരം, പല നാട്ടുകാരായിരുന്ന നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് കൃഷിയാവശ്യത്തിനായി സ്ഥലം  വിട്ടുനല്‍കുകയും, പിന്നീട് പതിച്ചുനല്‍കുകയും ഉണ്ടായി. ഇത്തരത്തില്‍ വിഭിന്നങ്ങളായ സാഹചര്യങ്ങളിലൂടെ  വ്യത്യസ്ഥദേശക്കാരും, ജാതി/മതങ്ങളില്‍ പെട്ടവരുമായ അനവധി കുടുംബങ്ങള്‍ ആ പ്രദേശത്ത് പുതുതായി  എത്തിച്ചേര്‍ന്നു. താരതമ്യേന കുറഞ്ഞ അംഗങ്ങള്‍ മാത്രമുണ്ടായിരുന്നതും, ഭൂരിഭാഗവും െ്രെകസ്തവര്‍  പാര്‍ത്തിരുന്നതുമായ ആ ദേശത്തിന്റെ സ്വഭാവവും രീതികളും സംസ്‌കാരവും മാറിമറിയുകയായിരുന്നു.  ഇത്തരത്തില്‍ ആ സമൂഹത്തില്‍ സംഭവിച്ചുകൊണ്ടിരുന്ന മാറ്റങ്ങള്‍ അവിടെ ഒരു തികഞ്ഞ ആത്മീയ  പിതാവിന്റെ ആവശ്യത്തെ വര്‍ദ്ധിപ്പിച്ചുകൊണ്ടിരുന്നു. മുമ്പേതന്നെ ആത്മീയബോധ്യങ്ങളുടെ വേലിയേറ്റത്തില്‍  പഴയ വീക്ഷണങ്ങളില്‍നിന്നും മാറി ചിന്തിച്ചുകൊണ്ടിരുന്ന ബഹു തുരുത്തിമറ്റം അച്ചന്‍, തന്നെ കര്‍ത്താവ്  ഭരമേല്‍പ്പിച്ച അജഗണത്തിന് ആശ്വാസം പകരുവാന്‍ തുനിഞ്ഞിറങ്ങി.


കരിസ്മാറ്റിക് നവീകരണരംഗത്തേയ്ക്ക്...

ആ കാലഘട്ടത്തില്‍, ഒരു കരിസ്മാറ്റിക് ധ്യാനത്തില്‍ പങ്കെടുക്കാന്‍ ഇടയായതിനെക്കുറിച്ച് അച്ചന്‍ തന്നെ തന്റെ  ഒരു കുറിപ്പില്‍ പറയുന്നു:
'1976 ഫെബ്രുവരിയില്‍ കേരളത്തില്‍ ആദ്യമായി നടന്ന ഒരു കരിസ്മാറ്റിക് ധ്യാനത്തില്‍ കൂടാന്‍ ദൈവം കൃപ  തന്നു. കോഴിക്കോട് െ്രെകസ്റ്റ് ഹാളില്‍, ഫാ. മാത്യു മൂഴിയില്‍ എസ്‌ജെ ഏര്‍പ്പാട് ചെയ്തതാണ്. ബോംബെയില്‍  നിന്നുള്ള ഫാ. ജെയിംസ് ഡിസൂസയായിരുന്നു ധ്യാനഗുരു. അന്ന് എനിക്ക് ആന്തരിക സൗഖ്യവും, ഹൃദയത്തില്‍  വലിയ ഭാരം നീങ്ങിയതുകൊണ്ട് ദൈവരാജ്യം എന്തെന്നും അനുഭവപ്പെട്ടു. ഞങ്ങള്‍ പത്തൊമ്പത് വൈദികരും,  ഇരുപത്തൊന്ന് സിസ്‌റ്റേഴ്‌സും മൂന്ന് അല്‍മേനികളുമാണ് അതില്‍ കൂടിയത്. ആ കൊല്ലം തന്നെ ജൂലൈയില്‍ ഒരു  ധ്യാനം കൂടി നടന്നു. അതില്‍ പങ്കെടുത്ത 90 പേരില്‍, 45 പേരെയും ഞാന്‍ സംഘടിപ്പിച്ചതാണ്. എനിക്ക് കിട്ടിയ  നല്ല അനുഭവം അവര്‍ക്കും ഉണ്ടാകണമെന്ന ആഗ്രഹം കൊണ്ട് മാത്രം. പിന്നീട് എല്ലാ വൈദികര്‍ക്കും ഈ  അനുഭവം കിട്ടണമെന്ന് കരുതി, നേരത്തെ ധ്യാനം കൂടിയ ഫാ. നായ്ക്കംപറമ്പില്‍, ഫാ. പാലാട്ടി, ഫാ. മനക്കില്‍,  ഫാ. പള്ളിവാതുക്കല്‍ എന്നിവര്‍ സംഘടിപ്പിച്ച വൈദികര്‍ക്കുവേണ്ടിയുള്ള ധ്യാനങ്ങളില്‍ എന്റെ അനുഭവം  പങ്കുവയ്ക്കുവാനും, ആന്തരികസൗഖ്യത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുവാനും ഞാനും പോയിരുന്നു. പിന്നീട് സേവനം  ചെയ്ത ഇടവകകളില്‍ മരാമത്തെല്ലാം കൈക്കാരന്മാരെ ഏല്‍പ്പിച്ച്, ഞാന്‍ നിര്‍ദ്ദേശം കൊടുക്കുക മാത്രമാക്കി.  കൂടുതല്‍ സമയം ദൈവരാജ്യശുശ്രൂഷയ്ക്ക്, പ്രത്യേകിച്ച് കൗണ്‍സിലിംഗിന് സഹായിച്ചു.'

1976ല്‍ കരിസ്മാറ്റിക് ധ്യാനത്തില്‍ സംബന്ധിക്കുന്നതിനും ചില വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ, തനിക്ക് ലഭിച്ച  ബോധ്യങ്ങളുടെ വെളിച്ചത്തില്‍, ഇടവകാജനങ്ങളെ പ്രാര്‍ത്ഥനയില്‍ ഒരുമിപ്പിക്കുവാനും, വചനസന്ദേശങ്ങളിലൂടെ  ശക്തിപ്പെടുത്തുവാനും അച്ചന്‍ സമയം കണ്ടെത്തിയിരുന്നു. ഏറെക്കുറെ, കരിസ്മാറ്റിക് കൂട്ടായ്മകളുടെ  രീതിയില്‍ത്തന്നെ, ആഴ്ചയിലൊരിക്കല്‍ ഇടവകാജനങ്ങളെ ദേവാലയത്തില്‍ അദ്ദേഹം ഒരുമിച്ചുകൂട്ടിയിരുന്നു.  പുതിയ രീതികളും, പ്രാര്‍ത്ഥനയിലുള്ള ആഴപ്പെടലും ഏറെപ്പേര്‍ക്ക് ആശ്വാസമായിത്തീര്‍ന്നിരുന്നു. 
തുടര്‍ന്നുള്ള കാലയളവില്‍, ആഗോളെ്രെകസ്തവര്‍ക്ക് പോലും മാതൃകയാകത്തക്കവിധത്തില്‍, ഒരു വലിയ  സമൂഹത്തെ വിശ്വാസത്തിലും, വരങ്ങളിലും ആഴപ്പെടുത്തുന്നതിനായുള്ള ദൈവിക ദൗത്യത്തിന് അനുസൃതമായി,  വളരെ മുമ്പ് തന്നെ ദൈവം അദ്ദേഹത്തെ ഒരുക്കുകയായിരുന്നു. 1976ല്‍ നടന്ന കരിസ്മാറ്റിക് ധ്യാനങ്ങളില്‍  പങ്കെടുത്ത അനേകം വൈദികര്‍ക്കും സന്യസ്തര്‍ക്കുമിടയില്‍ ബഹു. അഗസ്റ്റിന്‍ തുരുത്തിമറ്റം അച്ചന്റെ  ബോധ്യങ്ങള്‍ കൂടുതല്‍ ഉയര്‍ന്നുനിന്നു. പിന്നീട് വ്യക്തിപരമായിത്തന്നെ അനേകരെ കരിസ്മാറ്റിക് ധ്യാനങ്ങളില്‍  പങ്കെടുപ്പിക്കുവാന്‍ അദ്ദേഹം പ്രത്യേകം പരിശ്രമിച്ചിരുന്നു. അന്ന് അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന  മതാധ്യാപകരും സന്യാസിനികളുമെല്ലാം ഇത്തരത്തില്‍ അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം ധ്യാനത്തില്‍  സംബന്ധിച്ചിരുന്നവരാണ്.
ഏറെ ശ്രദ്ധേയമായ മറ്റൊന്നുകൂടിയുണ്ട്. ബഹു. തുരുത്തിമറ്റം അച്ചന്‍, താന്‍ ധ്യാനത്തില്‍ സംബന്ധിച്ച്, ഒരുവര്‍ഷം  തികയുന്നതിന് മുമ്പ് തന്നെ, ഇടവകയിലെ എല്ലാ മുതിര്‍ന്നവര്‍ക്കുമായി പെരുവണ്ണാമൂഴി ഇടവകാദേവാലയത്തില്‍  വച്ചുതന്നെ ആറുബാച്ചുകളിലായി ധ്യാനം നടത്തുകയുണ്ടായി. ഒരുപക്ഷേ, കേരളത്തിലെ തന്നെ ആദ്യത്തെ  കരിസ്മാറ്റിക് ഇടവകാധ്യാനത്തില്‍ അച്ചനെ സഹായിക്കുവാന്‍ ഫാ. ഫ്‌ളോറിന്‍ എന്ന ഒരു സിഎംഐ വൈദികന്‍  കൂടിയുണ്ടായിരുന്നു. പില്‍ക്കാലത്ത്, ഫ്‌ളോറിന്‍ അച്ചനുമായി സഹകരിച്ചുകൊണ്ട് ചില ഇടവകകളില്‍  തുരുത്തിമറ്റം അച്ചന്‍ ധ്യാനം നടത്തുകയും ഉണ്ടായി. 
തുടര്‍ന്നുള്ള കാലങ്ങളില്‍, തന്നെ ഏല്‍പ്പിച്ചിരുന്ന ഇടവകാജനത്തിന് ആശ്വാസം പകരുന്നതിന് പുറമേ, അനേകരെ  നവീകരണമുന്നേറ്റത്തിലേയ്ക്ക് കൈപിടിച്ച് നയിക്കുകയും, ജീവിതത്തില്‍ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കി വഴി  നടത്തുകയും ചെയ്തു. അനേകം വൈദികര്‍ക്ക് പോലും വഴിവിളക്കായി തീര്‍ന്ന അദ്ദേഹത്തെക്കുറിച്ചുള്ള  ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്ന അനേക പ്രമുഖര്‍ ഉണ്ട്. പ്രശസ്ത വചനപ്രഘോഷകനായ ബഹു. മാത്യു  നായ്ക്കംപറമ്പിലച്ചന്‍, തന്റെ ആദ്ധ്യാത്മിക ഗുരുവും കുമ്പസാരക്കാരനുമായാണ് തുരുത്തിമറ്റം അച്ചനെ  പരിചയപ്പെടുത്തുന്നത്. കേരള സര്‍വീസ് ടീം രൂപീകരിക്കപ്പെട്ട കാലം മുതല്‍, സജീവസാന്നിധ്യവും  മാറ്റിനിര്‍ത്താനാവാത്ത ഗുരുതുല്യവ്യക്തിത്വവുംആയിരുന്നു അദ്ദേഹമെന്ന്, കെ എസ് റ്റി യുടെ മുന്‍ ചെയര്‍മാന്‍,  ബഹു. ഫാ. അബ്രഹാം പള്ളിവാതുക്കല്‍ പറയുന്നു. ഒരിക്കലും ഒരു അധികാരസ്ഥാനത്തേയ്‌ക്കോ നേതൃത്വ  പദവിയിലേയ്‌ക്കോ കടന്നുവരുവാന്‍ താല്‍പ്പര്യപ്പെട്ടിരുന്നില്ലെങ്കിലും ബഹു. തുരുത്തിമറ്റം അച്ചന്‍,  ആദ്യകാലങ്ങളില്‍ കെ എസ് റ്റി യുടെ വൈസ്‌ചെയര്‍മാനും, ഏറെക്കാലം നാഷണല്‍ അഡൈ്വസറി ബോര്‍ഡ്  മെമ്പറും ആയിരുന്നു. 1985 മെയ് മാസം 30 മുതലുള്ള ഏതാനും മാസങ്ങള്‍ അദ്ദേഹം ഏറണാകുളം  എമ്മാവൂസില്‍ താമസിച്ച് ശുശ്രൂഷ ചെയ്തിരുന്നു. 


കൗണ്‍സിലിംഗ് രംഗത്തെ അതുല്യപ്രതിഭ.
1976ല്‍ കരിസ്മാറ്റിക് രംഗത്തേക്ക് സജീവമായി പ്രവേശിച്ച ബഹു. തുരുത്തിമറ്റം അച്ചന്‍, തന്റെ  പ്രവര്‍ത്തനങ്ങളുടെ ശൈലിയും, സ്വഭാവവും പൂര്‍ണ്ണമായും പരിഷ്‌കരിക്കുകയായിരുന്നു. പരിശുദ്ധാത്മാവിന്റെ  വരങ്ങളെക്കുറിച്ച് വ്യക്തമായ ബോധ്യങ്ങളും ഒപ്പം വിവേചന വരവും സ്വന്തമാക്കിയ അദ്ദേഹം,  അനേകായിരങ്ങള്‍ക്ക് വഴികാട്ടിയായിത്തീര്‍ന്നു. തുടര്‍ന്നുള്ളകാലങ്ങളില്‍, 1983ല്‍ അദ്ദേഹം പെരുവണ്ണാമൂഴിയില്‍  നിന്നും സ്ഥലം മാറി പോകുന്നത് വരെയും, എല്ലാദിവസവും കേരളത്തിലും പുറത്തുമുള്ള അനേകര്‍  അദ്ദേഹത്തിന്റെ പക്കല്‍ കൗണ്‍സിലിംഗിനായി എത്തിയിരുന്നു. അദ്ദേഹത്തിന്റെ ഇടപെടലുകളിലും,  ഉപദേശങ്ങളിലുംനിന്ന് അവര്‍ക്ക് ലഭിച്ചിരുന്ന ആശ്വാസം വര്‍ണ്ണനാതീതമാണ്. ഒരുപക്ഷേ പരിശുദ്ധാത്മാവിന്റെ  വരങ്ങള്‍ ഉപയോഗിച്ച് കൌണ്‍സിലിംഗ് ശുശ്രൂഷ ആദ്യമായി തുടങ്ങിവച്ചത് ബഹു. അഗസ്റ്റിന്‍ തുരുത്തിമറ്റം  അച്ചന്‍ ആയിരിക്കണം. മദ്യപാനം പോലുള്ള ദുശീലങ്ങളില്‍ അടിപ്പെട്ടവരും, മാനസിക അസ്വാസ്ഥ്യം മൂലം  ബുധിമുട്ടുന്നവരും ധാരാളമായി അദ്ദേഹത്തെ തേടിയെത്തിയിരുന്നു.
ബഹു. തുരുത്തിമറ്റം അച്ചന്‍ പെരുവണ്ണാമൂഴിയില്‍ സ്ഥാനം ഏറ്റെടുത്തതിന്റെ അടുത്ത നാളുകളില്‍ തന്നെ, MSMI  സന്യാസിനീ സമൂഹം അവിടെ മഠം സ്ഥാപിക്കുകയും, വലിയ താമസമില്ലാതെ അവിടെ അംഗവും,  ഹോമിയോപ്പതി ചികിത്സകയുമായിരുന്ന ഡോ. സിസ്റ്റര്‍ ജൈല്‍സ് ഒരു ക്ലിനിക് അവിടെ ആരംഭിക്കുകയും  ഉണ്ടായി. അക്കാലത്ത് അച്ചനുമായുള്ള ഒരു സംഭാഷണമദ്ധ്യേ, ഹോമിയോപ്പതി ചികില്‍സയുടെ  ഫലസിദ്ധിയെക്കുറിച്ചും, മാനസിക രോഗങ്ങള്‍ക്കും, അടിമത്തങ്ങള്‍ക്കും ഹോമിയോപ്പതിയിലുള്ള ഫലപ്രദമായ  മരുന്നുകളെക്കുറിച്ചും സി. ജൈല്‍സ് പരാമര്‍ശിക്കുകയുണ്ടായി. ആ ആശയം മനസ്സില്‍ സൂക്ഷിച്ച ബഹു.  തുരുത്തിമറ്റം അച്ചന്‍, തന്റെ ശ്രദ്ധയില്‍ പെടുന്ന അനേകരെ ചികില്‍സയ്ക്കായി  ക്ലിനിക്കിലേയ്ക്ക്അയയ്ക്കുമായിരുന്നു. 
തുടര്‍ന്ന് കരിസ്മാറ്റിക് അനുഭവത്തിനും, കൗണ്‍സിലിംഗ് ശുശ്രൂഷ ആരംഭിച്ചതിനും ശേഷം, തന്റെ പക്കല്‍  എത്തുന്നവരില്‍ ചികില്‍സ ആവശ്യമുള്ള അനേകരെ പ്രത്യേകം തിരിച്ചറിഞ്ഞ് അവരെയെല്ലാം, സി. ജൈല്‍സിന്റെ  ചികില്‍സയ്ക്കായി പറഞ്ഞയക്കുമായിരുന്നു. പ്രതിദിനം അനേകര്‍ ഇത്തരത്തില്‍ അച്ചന്റെ കുറിപ്പുമായി തന്റെ  പക്കല്‍ എത്താറുണ്ടായിരുന്നുവെന്ന് സി. ജൈല്‍സ് ഓര്‍മ്മിക്കുന്നു. സി. ജൈല്‍സിനെ അടക്കം പെരുവണ്ണാമൂഴി  കോണ്‍വെന്റിലെ എല്ലാ സന്യാസിനികളെയും പലപ്പോഴായി അച്ചന്‍ ധ്യാനത്തിന് അയച്ചിരുന്നു. അത്തരം  ധ്യാനങ്ങളില്‍ നിന്ന് പരിശുദ്ധാത്മാവിന്റെ ശക്തമായ അഭിഷേകവും രോഗശാന്തിവരവും ലഭിച്ച സി. ജൈല്‍സ്,  തുടര്‍ന്ന് തനിക്ക് ലഭിച്ച വരങ്ങളുടെ ശക്തിയാല്‍ ചികില്‍സാരംഗത്ത് കൂടുതല്‍ ഫലപ്രദമായി മുന്നേറി. ആ  കാലങ്ങളില്‍, ബഹു. തുരുത്തിമറ്റം അച്ചന്റെയും സിസ്റ്റര്‍ ജൈല്‍സിന്റെയും സംയുക്തമായ 'രോഗശാന്തി ശുശ്രൂഷ'  അവിടെ പ്രശസ്തമായിരുന്നു. കൗണ്‍സിലിംഗിനും തുടര്‍ന്ന് ചികിത്സയ്ക്കുമായി അവിടെ എത്തിയിരുന്ന  സകലര്‍ക്കും പങ്കുവയ്ക്കുവാനുള്ളത് വലിയ ദൈവിക ഇടപെടലിന്റെ അനുഭവങ്ങളാണ്.


മുന്‍കോപത്തെ സ്‌നേഹംകൊണ്ട് കീഴടക്കിയവന്‍
ചിലരെങ്കിലും ബഹു. അഗസ്റ്റിന്‍ തുരുത്തിമറ്റം അച്ചന്റെ വ്യക്തിത്വത്തില്‍ ഒരു കളങ്കമായി കണ്ടിരുന്ന ഒരേയൊരുകാര്യം  അദ്ദേഹത്തിന്റെ മുന്‍കോപമായിരുന്നു. സ്‌നേഹം നിറഞ്ഞ ആ വ്യക്തിത്വത്തിന്റെ പുറം കവചം മാത്രമായിരുന്നു  അതെങ്കിലും, അത്തരമൊരു കുറവിനെ അദ്ദേഹം തന്നെയും ഏറെ പശ്ചാത്താപത്തോടെ വീക്ഷിച്ചിരുന്നു.  'ചെറുപ്പകാലത്ത് ഉണ്ടായിട്ടുള്ള, ഇനിയും സുഖപ്പെടാത്ത ചില ആന്തരിക മുറിവുകള്‍ തന്നില്‍ ഇനിയും  അവശേഷിക്കുന്നതിനാലാണ് ഇത്തരമൊരു കുറവ് തന്നില്‍ നിലനില്‍ക്കുന്ന' തെന്ന് അദ്ദേഹം തനിക്ക് അടുപ്പമുള്ള  ചിലരോട് പങ്കുവയ്ക്കുകയുണ്ടായിട്ടുണ്ട്.
ആദ്യത്തെ കരിസ്മാറ്റിക് ധ്യാനത്തില്‍ പങ്കെടുത്തതിന് ശേഷം തിരിച്ചെത്തിയ അദ്ദേഹം, തന്റെ കോപം മൂലം  വേദനയുണ്ടായിട്ടുള്ള പലരെയും തെരഞ്ഞുപിടിച്ച് മാപ്പപേക്ഷിക്കുകയുണ്ടായി. തന്നില്‍ കുടികൊണ്ടിരുന്ന ഒരു  ചെറിയ കളങ്കത്തെക്കുറിച്ച് വ്യക്തമായുള്ള ബോധ്യം പരിശുദ്ധാത്മാവ് അദ്ദേഹത്തിന് നല്‍കുക വഴിയായി, ഒരു  വലിയ സത്യം അദ്ദേഹം പഠിക്കുകയായിരുന്നു. പൂര്‍ണ്ണമായ ക്ഷമ നല്‍കുന്ന സത്ഫലങ്ങളെക്കുറിച്ചുള്ള അറിവ്  അതുമൂലം അദ്ദേഹത്തിന് ലഭിച്ചു. തന്റെ മുന്നിലെത്തുന്ന അനേകരുടെ ഉള്ളില്‍ കുടികൊള്ളുന്ന  അടിസ്ഥാനപ്രശ്‌നം, ക്ഷമിക്കുവാന്‍ കഴിയാത്തതാണ് എന്ന് തിരിച്ചറിഞ്ഞ അദ്ദേഹം, നിരുപാധികം ക്ഷമിക്കുവാന്‍  അവരെ പ്രേരിപ്പിച്ചു. ചിലപ്പോഴൊക്കെ, ക്ഷമിക്കുവാന്‍ കഴിയാതെ തനിക്കുമുന്നില്‍ എത്തുന്നവരുടെ പാദങ്ങളില്‍  അദ്ദേഹം തന്നെ വീണ് അവരോടു തെറ്റ് ചെയ്തവര്‍ക്കുവേണ്ടി മാപ്പ് ചോദിച്ച്, ക്ഷമിക്കുവാന്‍ കഴിയുന്ന  അവസ്ഥയിലേയ്ക്ക് അവരെ എത്തിച്ചു. 
ഒരിക്കല്‍ ഒരു പെസഹാദിനത്തില്‍, തിരുക്കര്‍മ്മത്തിനിടെ പ്രത്യേകമായൊരു ചടങ്ങ് തന്നെ അദ്ദേഹം  പെരുവണ്ണാമൂഴി ഇടവക ദേവാലയത്തില്‍ നടത്തുകയുണ്ടായി. അന്ന് പള്ളിയില്‍ സന്നിഹിതരായിരുന്ന  സകലരുടെയും പാദം ചുംബിച്ച് അദ്ദേഹം അവരോടു ക്ഷമായാചനം നടത്തി. പക്ഷെ, അത് അദ്ദേഹത്തിന് വേണ്ടി  ആയിരുന്നില്ല, മറിച്ച് അവര്‍ ഓരോരുത്തരുടെയും ആത്മരക്ഷയ്ക്ക് വേണ്ടിയും, വലിയൊരു ആത്മീയപാഠം  അവരെ അഭ്യസിപ്പിക്കുന്നതിനുവേണ്ടിയും ആയിരുന്നു എന്ന് ചില ഗ്രഹിച്ചു.
ബഹു. അഗസ്റ്റിന്‍ തുരുത്തിമറ്റം അച്ചന്റെ മുന്‍കോപത്തെക്കുറിച്ച് ചിലര്‍ പറയുന്നെങ്കിലും, അദ്ദേഹം തന്നെ  വിലയിരുത്തിയതുപോലെ അത് പലപ്പോഴും ദോഷകരമായിരുന്നില്ല എന്ന് അവര്‍ ഓര്‍മ്മിക്കുന്നു. ഏറെപ്പേരെ  മാനസാന്തരാനുഭവത്തിലേയ്ക്ക് നയിക്കുന്നതിനും, ദൂരവ്യാപകമായ സത്ഫലങ്ങള്‍ ഉളവാക്കുന്നതിനും അച്ചന്റെ  കോപത്തിന് പലപ്പോഴും കഴിഞ്ഞിരുന്നു. അതുപോലെതന്നെ അദ്ദേഹത്തിന്റെ കോപം  നീണ്ടുനില്‍ക്കുന്നതായിരുന്നില്ല എന്ന് ഏവരും ഓര്‍മ്മിക്കുന്നു. പെട്ടെന്നുള്ള കോപം അതിനേക്കാള്‍ വേഗത്തില്‍  സ്‌നേഹപ്രകടനത്തിന് വഴിമാറിയിരുന്നു. ആദ്യകാലത്ത് പ്രമുഖ വചനപ്രഘോഷകനായ ജോര്‍ജ്ജ് ഗ്ലോറിയയ്ക്ക്  ഉണ്ടായ ഒരനുഭവം അദ്ദേഹം പങ്കുവയ്ക്കുന്നതും ഇപ്രകാരമാണ്. ജീവിതത്തില്‍ ആകെ തകര്‍ന്നവനായി  ആത്മഹത്യ മാത്രം മുന്നില്‍ കണ്ട് ദിവസങ്ങള്‍ തള്ളി നീക്കവേ ആരോ പറഞ്ഞു കേട്ടാണ് അദ്ദേഹം തുരുത്തിമറ്റം  അച്ചന്റെ അടുത്തെത്തുന്നത്. ഒരുപാട് പേര്‍ കാണാന്‍ കാത്തുനിക്കുന്നതിനിടെ മുമ്പേ അറിയിക്കാതെ വന്ന ഒരു  ചെറുപ്പക്കാരന്‍ നില്‍ക്കുന്നത് കണ്ട അച്ചന്‍ അദ്ദേഹത്തോടെ കോപിഷ്ടനായി പെരുമാറി. തകര്‍ന്നു  നില്‍ക്കുകയായിരുന്ന ജോര്‍ജ്ജ് ഗ്ലോറിയ പെട്ടെന്ന് പൊട്ടിക്കരഞ്ഞപ്പോള്‍, അച്ചന്‍ വേഗം ചെന്ന് കെട്ടിപ്പിടിച്ച്  ആശ്വസിപ്പിക്കുകയും ഒപ്പം വിളിച്ചുകൊണ്ടുപോയി ഭക്ഷണം നല്‍കുകയും ചെയ്തു. പില്‍ക്കാലത്തെന്നും തന്റെ  ആത്മീയ ഉപദേഷ്ടാവ് ബഹു തുരുത്തിമറ്റം അച്ചനായിരുന്നുവെന്നും അദ്ദേഹം ഓര്‍മ്മിക്കുന്നു.
1983 വരെയുള്ള കാലയളവില്‍ സുദീര്‍ഘമായ പതിനഞ്ചു വര്‍ഷക്കാലം പെരുവണ്ണാമൂഴിയില്‍ സേവനം ചെയ്ത ബഹു. തുരുത്തിമറ്റം അച്ചന്‍, തുടര്‍ന്ന് നെല്ലിക്കാംപൊയില്‍ ഇടവകയിലേയ്ക്കാണ് സ്ഥലം മാറി പോയത്. പെരുവണ്ണാമൂഴിയിലെ ശൈലികളുടെ തുടര്‍ച്ചയായിരുന്നു അവിടെയും. കരിസ്മാറ്റിക് നവീകരണത്തിന് ഊന്നല്‍ നല്‍കിക്കൊണ്ട്, ഏറെപ്പേരെ കൈപിടിച്ച് നയിക്കുവാന്‍ അവിടെയും അദ്ദേഹത്തിന് സാധിച്ചു. തുടര്‍ന്ന് എറണാകുളം എമ്മാവൂസില്‍ അല്‍പ്പകാലം സേവനം ചെയ്ത് വരവെയാണ്, തലശ്ശേരി രൂപതയില്‍നിന്നും, വേര്‍പിരിഞ്ഞ് താമരശ്ശേരി രൂപത രൂപംകൊള്ളുന്നത്. ബഹു. അഗസ്റ്റിന്‍ തുരുത്തിമറ്റം അച്ചന്റെ സമപ്രായക്കാരനും, സഹ സെമിനാരി വിദ്യാര്‍ത്ഥിയുമായിരുന്ന മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരിപ്പിതാവായിരുന്നു ആദ്യ മെത്രാന്‍. പുതിയ രൂപതയുടെ പ്രഥമ വികാരി ജനറാള്‍ ആയി നിയോഗിക്കപ്പെട്ടത് ബഹു. അഗസ്റ്റിന്‍ തുരുത്തിമറ്റം അച്ചനായിരുന്നു. അദ്ദേഹത്തിന്റെ ആ കാലത്തെ ശുശ്രൂഷാമേഖലകളുടെ പ്രത്യേകതകളും, അദ്ദേഹത്തിന്റെ സവിശേഷമായ താല്‍പ്പര്യങ്ങളും അനുസരിച്ച് പുതിയ പദവി അദ്ദേഹത്തിന് തീരെയും യോജിച്ചതായിരുന്നില്ല എങ്കിലും, അധികാരികളോടുള്ള വിധേയത്വത്തെ പ്രതി, രണ്ടു വര്‍ഷത്തോളം അദ്ദേഹം ആ സ്ഥാനത്ത് തുടരുകയുണ്ടായി. ആ കാലയളവിലും, ആവുംവിധം നവീകരണരംഗത്ത് അദ്ദേഹം സജീവമായിരുന്നു.
പിന്നീട് കൂരാച്ചുണ്ട് ഇടവകയായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്.നവീകരണമുന്നേറ്റത്തിന് അദ്ദേഹം അടിസ്ഥാനമിട്ട പെരുവണ്ണാമൂഴിയുടെ സമീപപ്രദേശമായിരുന്നതിനാലും, മുമ്പ് തന്നെ കൂരാച്ചുണ്ട് പ്രദേശത്തുള്ള ചിലരുമായി അദ്ദേഹത്തിന് ആത്മീയമായ അടുപ്പം ഉണ്ടായിരുന്നതിനാലും, നവീകരണരംഗത്തേയ്ക്കുള്ള ഒരു ശക്തമായ തിരിച്ചുവരവിന് അവിടെ കളമൊരുങ്ങി. അച്ചന്റെ നേതൃത്വത്തില്‍, ഒരു ശക്തമായ പ്രാര്‍ത്ഥനാകൂട്ടായ്മ അവിടെയുണ്ടായിരുന്നു. ആ കാലത്ത് തന്നെ നവീകരണരംഗത്ത് പ്രശസ്തനായിരുന്ന കാപ്പില്‍ ജോസ് തുടങ്ങിയ അല്‍മായപ്രമുഖരെ വളര്‍ത്തിയെടുക്കുവാനും, സഭയ്ക്കും സമൂഹത്തിനും അനുഗ്രഹമാകുന്ന രീതിയില്‍ മുന്നോട്ട് നയിക്കുവാനും അദ്ദേഹത്തിന് കഴിഞ്ഞത് കരിസ്മാറ്റിക് നവീകരണപ്രസ്ഥാനത്തിന് വലിയ ഊര്‍ജ്ജം പകര്‍ന്നു.
എം എസ് എം ഐ സഭയുടെ സ്ഥാപകനും, വചനപ്രഘോഷകനുമായിരുന്ന ഏറെ ദീര്‍ഘവീക്ഷണത്തോടുകൂടിയ വൈദിക ശ്രേഷ്ഠന്‍ മോണ്‍. സി ജെ വര്‍ക്കിയച്ചനുമായി, ബഹു. തുരുത്തിമറ്റം അച്ചന്‍ തീക്ഷ്ണമായ അടുപ്പം കാത്തുസൂക്ഷിച്ചിരുന്നു. ആവര്‍തമ്മില്‍, വളരെ സവിശേഷമായ ഒരു ആത്മീയ ബന്ധം ഉണ്ടായിരുന്നതായി ഇരുവരുമായും അടുപ്പമുള്ള അനേകര്‍ സാക്ഷ്യപ്പെടുത്തുന്നു. 1983ല്‍ പെരുവണ്ണാമൂഴി ഇടവകയില്‍നിന്നും സ്ഥലം മാറിയ തുരുത്തിമറ്റം അച്ചന് ശക്തനായ ഒരു പകരക്കാരനായി മാറിയതും, അദ്ദേഹത്തെ ആത്മീയഗുരുവായി കണ്ടിരുന്ന അനേകര്‍ക്ക് അത്താണിയായി മാറിയതും പിന്നീട് ദീര്‍ഘകാലം കുളത്തുവയലില്‍ ഉണ്ടായിരുന്ന വര്‍ക്കിയച്ചന്‍ ആയിരുന്നു. മുന്‍ഗാമിയായിരുന്ന തുരുത്തിമറ്റം അച്ചന്റെ പാത പിന്തുടര്‍ന്ന്, കരിസ്മാറ്റിക് നവീകരണരംഗത്ത് സജീവസാന്നിധ്യമായി രംഗപ്രവേശം ചെയ്ത വര്‍ക്കിയച്ചന്‍, കുളത്തുവയലില്‍ അദ്ദേഹം തന്നെ സ്ഥാപിച്ചിരുന്ന ഒരു പാരലല്‍ കോളേജ് നിര്‍ത്തലാക്കി, അവിടെ നിര്‍മ്മല റിട്രീറ്റ് സെന്റര്‍ എന്ന, പ്രശസ്തമായ ധ്യാനകേന്ദ്രം സ്ഥാപിക്കുകയുണ്ടായി. പില്‍ക്കാലങ്ങളില്‍ അവിടെ ശുശ്രൂഷകള്‍ക്ക് സഹായിക്കുവാന്‍ തുരുത്തിമറ്റം അച്ചന്‍ എത്തിയിരുന്നു.   
ബഹു. തുരുത്തിമറ്റം അച്ചന്റെ ജീവിതത്തില്‍ തിരിച്ചറിയാനാവുന്ന മറ്റൊരു സവിശേഷത, അദ്ദേഹം വ്യക്തിബന്ധങ്ങള്‍ക്ക് കൊടുത്തിരുന്ന പ്രാധാന്യമായിരുന്നു. ചേര്‍ന്നുനില്‍ക്കുന്ന ഓരോരുത്തര്‍ക്കും വളരെ പ്രത്യേകമായി പരിഗണന നല്‍കിയിരുന്ന, അടുപ്പവും സ്‌നേഹവും പ്രകടിപ്പിച്ചിരുന്ന അദ്ദേഹത്തെ സകലരും തീക്ഷണതയോടെ സ്‌നേഹിച്ചിരുന്നു. കുടുംബാംഗങ്ങള്‍ ഏവരോടും, സുഹൃത്തുക്കളോടും, ആത്മീയശിഷ്യരോടും ഏറ്റവും ആത്മാര്‍ത്ഥതയോടെ അദ്ദേഹം അടുപ്പം കാത്തുസൂക്ഷിച്ചിരുന്നു. കുടുംബത്തിലെ ഇളം തലമുറയില്‍, അദ്ദേഹം ജീവിച്ചിരുന്നപ്പോള്‍ നടന്ന വിവാഹങ്ങളും മറ്റ് ചടങ്ങുകളുമെല്ലാം നടത്തിക്കൊടുക്കുവാന്‍ ഏതുതിരക്കിനിടയിലും നിന്ന് അദ്ദേഹം ഓടിയെത്തിയിരുന്നു. മാത്രമല്ല, കുടുംബത്തില്‍ ആ കാലഘട്ടത്തിനിടയില്‍ നടന്ന ഏതാണ്ട് എല്ലാ വിവാഹങ്ങളും തന്നെ അദ്ദേഹത്തിന്റെ പ്രാര്‍ത്ഥനാപൂര്‍വ്വമുള്ള വിവേചനത്തോട് കൂടിയതായിരുന്നു. ഒരു വൈദികന്‍ തന്റെ ഭവനത്തില്‍ എത്രമാത്രം അനുഗ്രഹങ്ങള്‍ക്ക് കാരണമായി മാറുന്നുവന്നതിന് അദ്ദേഹത്തിന്റെ കുടുംബം ഒരു മാതൃകയാണ്.
ജീവിതകാലമത്രയും ഏറെ രോഗങ്ങളുടെ ഭാരം ആരെയുമറിയിക്കാതെ അദ്ദേഹം ചുമന്നിരുന്നുവെങ്കിലും, ഇടയ്‌ക്കൊക്കെ, പലവിധ രോഗാധിക്യം മൂലം ആശുപത്രികളില്‍ പ്രവേശിക്കപ്പെടുക പതിവായിരുന്നു. രോഗാധിക്യം മൂലം 1999 മെയ്മാസം മുതല്‍ അദ്ദേഹം വിശ്രമജീവിതത്തില്‍ പ്രവേശിച്ചു. തുടര്‍ന്നുള്ള അഞ്ചു വര്‍ഷക്കാലം കൂടുതലായും പ്രാര്‍ത്ഥനയ്ക്കായാണ് അദ്ദേഹം സമയം ചെലവഴിച്ചത്. 2005 ജൂലൈ മാസം അവസാനത്തോടെ രോഗം മൂര്‍ച്ഛിച്ച് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട അദ്ദേഹം, ആഗസ്റ്റ് ഇരുപത്തിരണ്ടാം തിയ്യതി ഈ ലോകത്തിലെ ശുശ്രൂഷകള്‍ക്ക് വിരാമമിട്ടുകൊണ്ട് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു.
ഫാ. അഗസ്റ്റിന്‍ തുരുത്തിമറ്റം എന്ന പ്രവാചകശബ്ദം പതിറ്റാണ്ടുകള്‍ക്ക് മുമ്പ് മുഴങ്ങിയത് വരും യുഗങ്ങള്‍ക്ക് വേണ്ടി കൂടിയാണ്. ഈ ലോകത്തിനുമേല്‍ ഇനിയും സംഭവിക്കാനിരിക്കുന്ന മഹത്തായ ദൈവിക ഇടപെടലിന്റെ കാഹളധ്വനിയായിരുന്നു അദ്ദേഹം. ആ ശബ്ദത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട്, ഈ ലോകത്തിലെങ്ങും വചനം പ്രസംഗിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. പെരുവണ്ണാമൂഴി എന്ന ദേശത്തെ പോലും, തന്റെ പ്രാര്‍ത്ഥനയും പ്രഘോഷണവും കൊണ്ട് ദൈവസന്നിധിയില്‍ എത്തിച്ച ആ വന്ദ്യവൈദികന്റെ പ്രയത്‌നങ്ങളുടെ തുടര്‍ച്ചയാണ് ഒരുപക്ഷെ, ഇന്ന് ലോകമെമ്പാടും വചനധ്വനി മുഴക്കുന്ന ശാലോം എന്ന പ്രസ്ഥാനം പോലും. പരിശുദ്ധാത്മാവിന്റെ പ്രത്യേക വരദാനങ്ങളെ ലോകത്തിന് പരിചയപ്പെടുത്തിയ ഈ പുണ്യാത്മാവിന്റെ പാത പിന്തുടര്‍ന്ന്, ദൈവരാജ്യത്തിനായി അധ്വാനിക്കുവാന്‍ ഇനിയും അനേകം പോരാളികള്‍ ജന്മമെടുക്കുവാനായി നമുക്ക് ആഗ്രഹിക്കാം പ്രാര്‍ത്ഥിക്കാം...