ഒരു വാക്ക്....

യഥാര്‍ത്ഥ ക്രിസ്തുദര്‍ശനത്തിനായി ചിന്തിക്കുകയും ആ സന്ദേശം പ്രചരിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു കത്തോലിക്കന്‍. സുവിശേഷസന്ദേശം ലോകമെങ്ങും എത്തിക്കുക എന്നത് ലോകമെങ്ങുമുള്ള ക്രൈസ്തവരുടെ ജീവിതദൌത്യമാണെന്ന തിരിച്ചറിവില്‍ എന്‍റെ തൊഴിലിലൂടെയും ജീവിതത്തിലൂടെയും ഞാന്‍ എന്‍റെ ക്രിസ്തുവിനെ മഹത്വപ്പെടുത്തുന്നു. സ്ഥാപനവല്‍ക്കരണത്തിലൂടെയും, സുവിശേഷവിരുദ്ധമായ നയങ്ങളിലൂടെയും കത്തോലിക്കാ സഭയില്‍ സംഭവിക്കുന്ന അപചയപ്രവണതകള്‍ക്കുള്ള പ്രതിവിധി സഭാംഗങ്ങള്‍ ഏവരും ശരിയായ ബോധ്യത്തിലേക്ക് കടന്നുവരികയാണ്. ശരിയായ വിശ്വാസവും ആത്മീയ കാഴ്ച്ചപ്പാടുകളും സ്വന്തമാക്കുവാന്‍ ഈ ദൈവജനത്തെ പര്യാപ്തരാക്കേണ്ട ചുമതല നാമേവര്‍ക്കുമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു.

Monday, October 29, 2012

വിശ്വാസത്തിന്‍റെ അളവുകോല്‍



     വിശുദ്ധ മത്തായിയുടെ സുവിശേഷം എട്ടാമധ്യായത്തില്‍ വിസ്മയനീയമായ ഒരു സംഭവത്തിലൂടെ നാം കടന്നു പോകുന്നുണ്ട്. ശിഷ്യന്മാര്‍ക്കൊപ്പം ഗലീലിയാ കടലില്‍ യാത്ര ചെയ്യവേ, പ്രക്ഷുബ്ദമായ അന്തരീക്ഷത്തെ ശാസിച്ച് ശാന്തമാക്കുന്ന യേശുവിനെ നാം അവിടെ കാണുന്നു. പക്ഷേ, കൊടുങ്കാറ്റും, തിരമാലകളും കണ്ടു ഭയന്ന ശിഷ്യന്മാര്‍ ഉറങ്ങുകയായിരുന്ന യേശുവിനെ വിളിച്ചുണര്‍ത്തിയപ്പോള്‍ അവിടുന്ന് അവരെ സംബോധന ചെയ്യുന്നത് 'അല്‍പ്പവിശ്വാസികളേ' എന്നാണ്. മരണത്തെ മുന്നില്‍ കണ്ട നിമിഷങ്ങളില്‍, യേശു ഉണര്‍ന്നാല്‍ പരിഹാരമുണ്ടാകും എന്ന് ബോധ്യമുണ്ടായിരുന്ന ശിഷ്യന്മാര്‍ എങ്ങനെ അല്‍പ്പവിശ്വാസികളായി പരിഗണിക്കപ്പെട്ടു എന്നത് ചിന്തനീയമായ വിഷയമാണ്.
     ഏറെ പ്രതിസന്ധികളിലൂടെയും, കാറും കോളും നിറഞ്ഞ ജീവിത സാഹചര്യങ്ങളിലൂടെയും സഞ്ചരിക്കുന്ന നിമിഷങ്ങളില്‍ നമ്മുടെ മുന്നിലും മരണത്തെയും, തകര്‍ച്ചകളെയും അഭിമുഖീകരിക്കേണ്ട അവസ്ഥകളുണ്ടാവാം. ക്രിസ്തുവിന്‍റെ ഇടപെടല്‍ അവയ്ക്കെല്ലാം പരിഹാരമെകുമെന്ന ബോധ്യവും നമ്മില്‍ പലര്‍ക്കുമുണ്ട്. എന്നാല്‍, ഇത്തരം സന്ദര്‍ഭങ്ങളില്‍പ്പോലും പലപ്പോഴും നാമും അല്‍പ്പവിശ്വാസികളാണെന്ന തിരിച്ചറിവിലേക്കാണ് ഈ തിരുവചനഭാഗം നമ്മെ നയിക്കുന്നത്. എന്താണ് വിശ്വാസത്തിന്‍റെ അളവുകോല്‍? എപ്പോഴാണ് യഥാര്‍ത്ഥ വിശ്വാസികളായി നാം പരിഗണിക്കപ്പെടുന്നത്?
     ഏതു തകര്‍ച്ചയിലും, പ്രതിസന്ധിഘട്ടങ്ങളിലും പരാജയത്തിനോ, മരണത്തിനോ വിട്ടുകൊടുക്കാതെ എന്നെ സംരക്ഷിക്കുന്ന ശക്തമായ ദൈവകരങ്ങള്‍ ഒപ്പമുണ്ടെന്ന പൂര്‍ണ്ണമായ ബോധ്യമാണ് യഥാര്‍ത്ഥ വിശ്വാസം. പഴയ നിയമത്തിലും, പുതിയ നിയമത്തിലുമായി തിരുവചനം പകര്‍ന്നുനല്‍കുന്ന ശക്തമായ തിരിച്ചറിവുകളുടെ സത്തയാണ് അത്. 'കര്‍ത്താവ് നിനക്ക് കഷ്ടതയുടെ അപ്പവും, ക്ലേശത്തിന്‍റെ ജലവും തന്നാലും നിന്‍റെ ഗുരു നിന്നില്‍നിന്ന്‍ മറഞ്ഞിരിക്കുകയില്ല. നിന്‍റെ നയനങ്ങള്‍ നിന്‍റെ ഗുരുവിനെ ദര്‍ശിക്കും.' ഏശയ്യ 30/32
     'നിങ്ങളുടെ സ്വര്‍ഗ്ഗസ്ഥനായ പിതാവ്‌, തന്നോട് ചോദിക്കുന്നവര്‍ക്ക് എത്രയോ കൂടുതല്‍ നന്മകള്‍ നല്‍കും' (മത്തായി 7/11) എന്ന കര്‍ത്താവിന്‍റെ പ്രഖ്യാപനത്തിലെ തീക്ഷ്ണത, ദൈവത്തിന്‍റെ പൂര്‍ണ്ണമായ പിതൃവാല്‍സല്യത്തെ നമുക്ക്‌ പകര്‍ന്നുനല്‍കുന്നുണ്ട്. അവിടെ കാര്യനിവൃത്തി തല്‍പ്പരതയെക്കാള്‍, കരുതലുള്ള ഒരു പിതാവിന്‍റെ പൂര്‍ണ്ണ ചിത്രമാണ് ഈശോ വരച്ചുകാണിക്കുന്നത്. ഇത്തരത്തില്‍, പ്രാര്‍ത്ഥനയെക്കുറിച്ചും, പ്രാര്‍ത്ഥനയുടെ ശക്തിയെക്കുറിച്ചും അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്ന സുവിശേഷവും നമ്മെ വളര്‍ത്തുന്നത് ശക്തമായ ദൈവാശ്രയബോധത്തിലേക്ക് തന്നെയാണ്. പീഡനങ്ങളുടെയും, കഷ്ടതകളുടെയും നാളുകളില്‍ പോലും ദൈവപരിപാലനയുടെ ശക്തമായ സംരക്ഷണയില്‍നിന്ന് നാം അകന്നുനില്‍ക്കുന്നില്ല എന്ന ഉറച്ച ബോധ്യമാണ് ശക്തമായ വിശ്വാസത്തിന്‍റെ അടിത്തറ. കണ്ണുനീരിലും, നിരാശയിലും നിപതിച്ച്, ജീവിതം തീരാദുഃഖത്തില്‍ അകപ്പെട്ട ചിന്തയില്‍ ദൈവത്തില്‍നിന്ന് അകന്നുപോകുന്നവര്‍ക്ക് മുന്നിലും പ്രത്യാശയുടെ സന്ദേശമാണ് തിരുവചനം നല്‍കുന്നത്. 'വെളിപ്പെടാനിരിക്കുന്ന മഹത്വത്തോട് തുലനം ചെയ്യുമ്പോള്‍ ഇന്നത്തെ കഷ്ടതകള്‍ നിസ്സാര'മെന്ന്  പൌലോസ് ശ്ലീഹ റോമാക്കാര്‍ക്കെഴുതിയ ലേഖനത്തിലൂടെ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. 
     ഉയരങ്ങളില്‍നിന്ന്‍ കൈവിട്ട് തന്‍റെ കുഞ്ഞിനെ പറക്കാന്‍ പരിശീലിപ്പിക്കുന്ന കഴുകന്‍റെ കരുതല്‍, സ്വര്‍ഗ്ഗസ്ഥനായ പിതാവിന്‍റെ ഭാഗത്തുനിന്ന് തിരിച്ചറിയാന്‍ നമുക്ക് കഴിയാതെ വരുമ്പോള്‍ നാം പരിഭ്രമിക്കുന്നു. നാമോരോരുത്തരിലും അവിടുന്ന് സൂക്ഷിച്ചിരിക്കുന്ന അനുപമമായ പദ്ധതികളെക്കുറിച്ചുള്ള തിരിച്ചറിവുകളുടെ അഭാവത്തില്‍ നാം പതറുന്നു. എന്നാല്‍, ഏറെ നന്മകളെ നമുക്കായി കരുതിവച്ചിരിക്കുന്ന സകലനന്മസ്വരൂപനെക്കുറിച്ചുള്ള ബോധ്യം അനന്തമായ ദൈവാശ്രയബോധത്തിലേയ്ക്കും, ശക്തമായ വിശ്വാസത്തിലേയ്ക്കും നമ്മെ നയിക്കും. 
     ജീവിതത്തിന്‍റെ ഓരോ നിമിഷവും ഉത്ക്കണ്ഠയിലും ആകുലതയിലും തള്ളിനീക്കുന്ന അനേകരെ കണ്ടുമുട്ടാറുണ്ട്. പലരും ഉത്തമ വിശ്വാസികളായി സ്വയം ധരിക്കുകയും ചെയ്യുന്നു. 'വിശ്വാസം എന്നത് പ്രത്യാശിക്കുന്നവ ലഭിക്കുമെന്ന ഉറപ്പും, കാണപ്പെടാത്തവ ഉണ്ട് എന്ന ബോധ്യവുമാണ്' (ഹെബ്രായര്‍ 11/1) എന്ന് തിരുവചനം പ്രഖ്യാപിക്കുമ്പോള്‍, എന്താണ് തങ്ങളുടെ ബോധ്യവും, ഉറപ്പും എന്ന ആത്മപരിശോധന ഇത്തരക്കാര്‍ക്ക് അനിവാര്യമാണ്. 'ഉത്ക്കണ്ഠ മൂലം ആയുസ്സിന്‍റെ ദൈര്‍ഘ്യം ഒരുമുഴമെങ്കിലും കൂട്ടാന്‍ നിങ്ങളില്‍ ആര്‍ക്കെങ്കിലും സാധിക്കുമോ' (മത്തായി 6/27) എന്ന് ചോദിക്കുന്ന ഈശോ തുടര്‍ന്നു പറയുന്നു: 'നിങ്ങള്‍ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക. അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്‍ക്ക് ലഭിക്കും.' (മത്തായി 6/33) നാം പലപ്പോഴും തെറ്റായ പാതയിലൂടെയാണെന്ന ബോധ്യത്തിലേയ്ക്കാണ് ഈ വചനം നമ്മെ നയിക്കുന്നത്. പലപ്പോഴും, ലക്ഷ്യത്തിലും, ലക്ഷ്യബോധത്തിലും പിഴവ് പറ്റുന്ന നാം മരീചിക ലക്ഷ്യമാക്കി മരുഭൂമിയിലൂടെ സഞ്ചരിക്കുമ്പോള്‍, വ്യത്യസ്ഥമായൊരു സന്ദേശം യേശു നമുക്ക് നല്‍കുന്നു. ശരിയായ ദിശാബോധത്തിന്‍റെ അഭാവത്തില്‍ നമ്മുടെ സഹയാത്രികരായി മാറുന്നവയാണ് ഉത്ക്കണ്ഠകളും ആകുലതകളുമെല്ലാം എന്ന ഉള്‍ക്കാഴ്ചയും ആ സന്ദേശത്തിന്‍റെ ഭാഗമാണ്. അപ്പോഴും, ദൈവപരിപാലനയിലുള്ള ആശ്രയം നമുക്ക് നല്‍കുന്ന വാഗ്ദാനം വലുതാണ്‌. 'നീ വലത്തോട്ടോ, ഇടത്തോട്ടോ തിരിയുമ്പോള്‍, നിന്‍റെ കാതുകള്‍ പിന്നില്‍നിന്ന് ഒരു സ്വരം ശ്രവിക്കും: ഇതാണ് വഴി, ഇതിലേ പോവുക.' (ഏശയ്യ 30/21)
           

Sunday, September 30, 2012

ദൈവത്തിനായ് മാറ്റിവയ്ക്കുമ്പോള്‍....

     പണ്ട് കേട്ടിട്ടുള്ള ഒരു കൊച്ചു കഥയുണ്ട്. ഒരു രാജാവ് തന്‍റെ പ്രജകളുടെ ക്ഷേമമന്വേഷിക്കാനായി വേഷപ്രച്ഛന്നനായി നാട്ടിലേക്ക് ഇറങ്ങുക പതിവായിരുന്നു. ഒരിക്കല്‍ ഒരു കച്ചവടക്കാരന്റെ വേഷം ധരിച്ച അദ്ദേഹത്തിന്‍റെ മുന്നില്‍ ഒരു യാചകന്‍ കൈനീട്ടി. രാജാവ് അയാള്‍ക്ക് ഒന്നും കൊടുത്തില്ലെന്ന് മാത്രമല്ല, തനിക്ക് എന്തെങ്കിലും തരണമെന്ന് യാചകനോട് ആവശ്യപ്പെടുകയും ചെയ്തു. അയാള്‍ പുച്ഛത്തോടെ തന്‍റെ ഭാണ്ഡത്തില്‍നിന്നും രണ്ട് അരിമണികള്‍ പെറുക്കിയെടുത്ത് രാജാവിന് നല്‍കി. രാജാവ് ഒരു പുഞ്ചിരിയോടെ അത് വാങ്ങി അവിടെനിന്നും പോയി. യാചകന്‍ വൈകുന്നേരം തന്‍റെ കുടിലില്‍ ചെന്ന് തനിക്ക് അന്നേദിവസം കിട്ടിയ ഭിക്ഷകള്‍ ഭാണ്ഡത്തില്‍നിന്ന് കുടഞ്ഞിട്ട് വേര്‍തിരിക്കവേ, അത്ഭുതകരമായ ഒരു കാഴ്ച കണ്ടു. ആ അരിമണികള്‍ക്കിടയില്‍ സ്വര്‍ണ്ണം കൊണ്ടുള്ള രണ്ട് അരിമണികള്‍. യാചകന്‍ രാജാവിന് കൊടുത്ത അരിമണികള്‍ക്ക് പകരം അദ്ദേഹം തന്നെ സൂത്രത്തില്‍ നിക്ഷേപിച്ചതായിരുന്നു അവ. കാര്യം മനസ്സിലായപ്പോള്‍ യാചകന് വലിയ ഇച്ഛാഭംഗം തോന്നി. തന്‍റെ കൈവശമുള്ളതൊക്കെയും അദ്ദേഹത്തിന് കൊടുക്കാന്‍ തോന്നിയിരുന്നെങ്കില്‍ ഇന്ന് താനൊരു ധനികനായി മാറിയേനെ എന്നയാള്‍ വേദനയോടെ ചിന്തിച്ചു.
     ദൈവത്തിനായി എന്തെങ്കിലും മാറ്റിവയ്ക്കുമ്പോള്‍ നാമും പലപ്പോഴും ഈ യാചകനെപ്പോലെ തരംതാഴാറില്ലേ? ധനമോ, സമയമോ, അദ്ധ്വാനമോ മറ്റെന്തെങ്കിലുമോ ആകട്ടെ, ദൈവത്തെ പ്രതി നാം മാറ്റിവയ്ക്കുമ്പോള്‍ അതില്‍ നമ്മുടെ വേദനയും ത്യാഗവും അടങ്ങിയിട്ടുണ്ടോ എന്നതാണ് പ്രധാനം എന്ന് വചനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. വിധവ ഭണ്ഡാരത്തില്‍ നിക്ഷേപിക്കുന്ന കേവലം നിസ്സാരങ്ങളായ ചില്ലിത്തുട്ടുകളെക്കുറിച്ച് നമ്മോട് പറയുന്ന ഈശോ സൂചിപ്പിക്കുന്നത് ഇതുതന്നെയാണ്. 
     ദൈവത്തെ പ്രതി, ദൈവസ്നേഹത്തെ പ്രതി സന്മനസ്സോടെ എന്ത് നീക്കിവയ്ക്കാന്‍ നമുക്ക് കഴിയുന്നു എന്നതാണ് നമുക്ക് ലഭിക്കുന്ന അനുഗ്രഹങ്ങളെ നിശ്ചയിക്കുന്നത്. ദശാംശം കൊടുക്കുക എന്ന ശീലം ജീവിതത്തിലുടനീളം പാലിക്കുന്ന അനേകരെ കണ്ടുമുട്ടിയിട്ടുണ്ട്. മാനുഷികമായി ചിന്തിച്ചാല്‍, ഇന്ന് ഒരു സാധാരണക്കാരന്‍റെ ഒരുമാസത്തെ ശരാശരി വരുമാനവും ചെലവുകളും പൊരുത്തപ്പെടുത്തികൊണ്ടുപോകാന്‍ തന്നെ ബുദ്ധിമുട്ടായിരിക്കെ, ദൈവത്തെപ്രതി നല്‍കുവാന്‍ സന്മനസ്സായിരിക്കുന്ന ഓരോരുത്തരുടെ ജീവിതത്തിലും അത്ഭുതങ്ങള്‍ സംഭവിക്കുന്നതാണ് കാണാന്‍ കഴിയുക. ഒരിക്കലും മനുഷ്യനെ തൃപ്തിപ്പെടുത്താന്‍ കഴിയാത്ത ചരിത്രമാണ് പണത്തിന്‍റെത്. സമ്പാദിക്കുംതോറും അതിന്‍റെ ആവശ്യങ്ങള്‍ വര്‍ദ്ധിക്കും; ഉപ്പുവെള്ളം കുടിക്കുന്നവന്റെ ദാഹം ഒരിക്കലും നിലയ്ക്കില്ല എന്ന് പറയുന്നതുപോലെ. പക്ഷെ, മനുഷ്യന്‍റെ അധ്വാനത്തിന്‍റെ പ്രതിഫലമായ സമ്പത്തിന്‍റെ ഒരു വിഹിതം ദൈവികമായ കാഴ്ചപ്പാടുകളോടെ വിനിയോഗിക്കാന്‍ സന്മനസ്സായാല്‍, ആ അധ്വാനത്തിന്‍റെ മുഴുവന്‍ ഫലങ്ങളും അതിന്‍റെ എല്ലാ വിനിയോഗങ്ങളും വിശുദ്ധീകരിക്കപ്പെടുകയും, അവന്‍റെ സകല ആവശ്യങ്ങളും നിറവേറ്റപ്പെടുകയും ചെയ്യും എന്ന് തീര്‍ച്ച.
     ദൈവത്തിനായി നീക്കിവയ്ക്കുന്നത് എന്തുതന്നെയായാലും അതിന്‍റെ പിന്നിലെ സന്മനസ്സിനെ ദൈവം അങ്ങേയറ്റം വിലമതിക്കുന്നു. അദ്ധ്വാനമോ, അദ്ധ്വാനഫലമോ, സമയമോ എന്തുതന്നെയായാലും ദൈവകാര്യത്തിനുവേണ്ടി നാം മാറ്റിവയ്ക്കുന്നെങ്കില്‍ നമ്മുടെ വിശ്വസ്തത അവിടെ മുഖ്യമാണ്. ഇത്തരത്തില്‍ ചിന്തിക്കുമ്പോള്‍, ദൈവകോപത്തിന് തന്നെ കാരണമായേക്കാവുന്ന അലംഭാവത്തെക്കുറിച്ച് തിരുവചനം സൂചിപ്പിക്കുന്നത് കാണാന്‍ സാധിക്കും. അപ്പസ്തോലന്മാരുടെ പ്രവര്‍ത്തനങ്ങളുടെ അഞ്ചാമദ്ധ്യായത്തില്‍ അനനിയാസ്, സഫീറ എന്നീ ഭാര്യാഭര്‍ത്താക്കന്മാര്‍ നേരിട്ട ദുരന്തത്തെക്കുറിച്ച് നാം വായിക്കുന്നു. ദൈവത്തിനുവേണ്ടി നല്‍കുവാന്‍ തീരുമാനിക്കപ്പെട്ട സമ്പത്തിന്‍റെ ഒരു വിഹിതം രഹസ്യമായി നീക്കിവയ്ക്കുവാന്‍ ഇടയായത് അവരുടെ മരണത്തില്‍ കലാശിക്കുന്നു. നാം പുലര്‍ത്തേണ്ട വിശ്വസ്ഥതയെക്കുറിച്ചുള്ള വലിയ സന്ദേശമാണ് അത്. 
     ഇത്തരത്തില്‍, നാം ദൈവത്തിനായി നീക്കിവയ്ക്കുന്ന ആരോഗ്യത്തെയും സമ്പത്തിനെയും കുറിച്ചെല്ലാം കൂടുതല്‍ വിശ്വസ്ഥമായ സമീപനം പുലര്‍ത്തേണ്ടത് ആവശ്യമാണ്‌. അല്ലാത്തപക്ഷം, നമുക്ക് ലഭിക്കേണ്ട അനുഗ്രഹങ്ങള്‍ ശാപങ്ങളായി പരിണമിച്ചേക്കാം. ഓര്‍ക്കുക, നാം സ്വയമേവ ഏറ്റെടുക്കുന്ന ഇത്തരം ത്യാഗങ്ങളെയും നഷ്ടങ്ങളെയുമെല്ലാം അതിലംഘിക്കുന്നതാണ് വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന നന്മകള്‍. 
     'സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു, ദൈവരാജ്യത്തിനുവേണ്ടി വീടിനെയോ, ഭാര്യയെയോ, സഹോദരന്മാരെയോ, മാതാപിതാക്കളെയോ, സന്താനങ്ങളെയോ ഉപേക്ഷിച്ചവരിലാര്‍ക്കും, ഇക്കാലത്തുതന്നെ അവ അനേകമടങ്ങ്‌ ലഭിക്കാതിരിക്കുകയില്ല. വരാനിരിക്കുന്ന കാലത്ത് നിത്യജീവനും.' ലൂക്കാ18/29,30
     സഹജീവികളില്‍നിന്നുള്ള പ്രശംസയോ പ്രതിഫലമോ കാംക്ഷിക്കാതെ ആവുംവിധം ഏവര്‍ക്കും സഹായം നല്‍കുവാനാണ് തിരുവചനം നമ്മെ ഉത്ബോധിപ്പിക്കുന്നത്. തിരിച്ചുകിട്ടുമെന്ന പ്രതീക്ഷ കൂടാതെ ദൈവത്തെപ്രതി നല്‍കാന്‍ തയ്യാറാകുമ്പോള്‍ അതിന്‍റെ പ്രതിഫലം വളരെ വലുതായിരിക്കും. പണത്തിന്‍റെയും, അദ്ധ്വാനത്തിന്‍റെയും, സമയത്തിന്‍റെയുമെല്ലാം മൂല്യം ഇത്തരത്തില്‍ ദൈവത്തിന്‍റെ കണ്ണില്‍ അമൂല്യങ്ങളായി മാറുകയും നമുക്ക് അവര്‍ണ്ണനീയങ്ങളായ അനുഗ്രഹങ്ങളായി പരിണമിക്കുകയും ചെയ്യുന്നത് നമ്മുടെ ഈ ജീവിതത്തില്‍ തിരിച്ചറിയാനാവും. 

Sunday, September 2, 2012

ജപമാല ഭക്തി


കത്തോലിക്കാസഭയുടെ വിശ്വാസപാരമ്പര്യങ്ങളില്‍ ഒഴിച്ചുകൂടാനാവാത്തതാണ് ജപമാല പ്രാര്‍ത്ഥന. "റോസാപ്പൂന്തോട്ടം" എന്നര്‍ത്ഥം വരുന്ന "റോസാരിയം" എന്ന ലത്തീന്‍ വാക്കില്‍നിന്നാണ് റോസറി എന്ന ഇംഗ്ലീഷ് വാക്ക് രൂപംകൊണ്ടത്‌. യേശുവിലേയ്ക്കുള്ള വഴി മാതാവിലൂടെയാണെന്നും മരിയശാസ്ത്രം ക്രിസ്തുശാസ്ത്രം തന്നെയാണെന്നുമുള്ള റോമൻകത്തോലിക്കാ മരിയശാസ്ത്രത്തിന്റെ പഠനങ്ങള്‍ പ്രകാരം ജപമാലഭക്തി നൂറ്റാണ്ടുകളായി പ്രോത്സാഹിപ്പിക്കപ്പെടുന്നു. കൊന്തയിൽ പരമ്പരാഗതമായി ചൊല്ലാറുള്ള 15 "രഹസ്യങ്ങൾ" ദീർഘകാലത്തെ പതിവിനെ അടിസ്ഥാനമാക്കി പതിനാറാം നൂറ്റാണ്ടിൽ പീയൂസ് അഞ്ചാമൻ മാർപ്പാപ്പ ക്രമപ്പെടുത്തിയവയാണ്. ഈ പതിനഞ്ചു "രഹസ്യങ്ങൾ" മുന്നു ഗണങ്ങളായി തിരിക്കപ്പെട്ടിട്ടുണ്ട്: സന്തോഷത്തിന്റെ രഹസ്യങ്ങൾ, ദുഃഖത്തിന്റെ രഹസ്യങ്ങൾ, മഹിമയുടെ രഹസ്യങ്ങൾ എന്നിവയാണ് ആ ഗണങ്ങൾ. 2002-ൽ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ പ്രകാശത്തിന്റെ രഹസ്യങ്ങൾ എന്ന പേരിൽ ഒരു ഗണം കൂട്ടിച്ചേർത്തതോടെ, മൊത്തം രഹസ്യങ്ങളുടെ എണ്ണം 20 ആയി. 

കൊന്തയുടെ ഉത്പത്തിയെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങൾ നിലവിലുണ്ട്. ഒരു പാരമ്പര്യമനുസരിച്ച് ഇന്നത്തെ ഫ്രാൻസിലെ പ്രൗവിൽ എന്ന സ്ഥലത്ത് 1214-ൽ വിശുദ്ധ ഡോമിനിക്കിന് പ്രത്യക്ഷപ്പെട്ട് മാതാവ് വെളിപ്പെടുത്തിയതാണിത്. പതിനഞ്ചാം നൂറ്റാണ്ടിലെ ഡോമിനിക്കൻ സന്യാസിയും ദൈവശാസ്ത്രജ്ഞനും വിശുദ്ധനുമായ റോക്കിയുടെ പേരും കൊന്തയുടെ ചരിത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. കൊന്തയുടെ പ്രചാരണത്തിനായി പല രാജ്യങ്ങളിലും ജപമാലസഖ്യങ്ങൾ സ്ഥാപിക്കാൻ മുൻകൈ എടുത്തത് അദ്ദേഹമാണ്. പക്ഷെ, അതിനും നൂറ്റാണ്ടുകള്‍ക്കുമുമ്പ് മുതല്‍ തന്നെ പ്രാര്‍ത്ഥനയ്ക്കായി പ്രാര്‍ത്ഥനാമണികള്‍ ഉപയോഗിച്ചിരുന്നതായി ചരിത്രസൂചനകളുണ്ട്. 
കൊന്തയിലെ "നന്മനിറഞ്ഞമറിയമേ" എന്ന പ്രാർത്ഥനയുടെ ആവർത്തനത്തിനൊപ്പമുള്ള ധ്യാനം പതിനഞ്ചാം നൂറ്റാണ്ടില്‍ കാർത്തൂസിയൻ സന്യാസി, പ്രഷ്യയിലെ ഡോമിനിക്ക് ഏർപ്പെടുത്തിയതാണെന്ന് പറയപ്പെടുന്നു. ധ്യാനത്തോടെയുള്ള കൊന്തയെ അദ്ദേഹം, യേശുവിന്റെ ജീവിതത്തിന്റെ ജപമാല" എന്നു വിളിച്ചു.

പിൽക്കാലത്ത്, കത്തോലിക്കാസഭയിൽ ഏറെ പ്രചാരമുള്ള മരിയഭക്തിയുടെ അവിഭാജ്യഘടകമായിത്തീർന്നു കൊന്ത. കൊന്തനമസ്കാരത്തെ സംബന്ധിച്ച് 12 ചാക്രികലേഖനങ്ങളും അഞ്ച് ശ്ലൈഹികലേഖനങ്ങളും പുറപ്പെടുവിച്ച ലിയോ പതിമൂന്നാമൻ ഉൾപ്പെടെ പല മാർപ്പാപ്പമാരും ഈ ഭക്ത്യഭ്യാസത്തെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. കൊന്തയോടനുബന്ധിച്ച് ചൊല്ലാറുള്ള മാതാവിന്റെ ലുത്തിനിയായിൽ "പരിശുദ്ധജപമാലയുടെ രാജ്ഞീ" എന്നു കൂട്ടിച്ചേർത്തതും "ജപമാലയുടെ മാര്‍പ്പാപ്പ" എന്നറിയപ്പെടുന്ന ലിയോ പതിമൂന്നാമന്‍ മാര്‍പ്പാപ്പയാണ്. 1571-ലെ ലെപ്പാന്റോ യുദ്ധത്തിൽ ക്രിസ്തീയരാഷ്ട്രങ്ങളുടെ "വിശുദ്ധസഖ്യത്തിന്റെ" വിജയം കൊന്തനമസ്കാരം വഴി ലഭിച്ച മാതാവിന്റെ മദ്ധ്യസ്ഥതവഴി ആണെന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ, പീയൂസ് അഞ്ചാമൻ മാർപ്പാപ്പ കൊന്തയെ കത്തോലിക്കാസഭയിലെ തിരുനാളുകളുടെ പഞ്ചാംഗത്തിൽ ഉൾപ്പെടുത്തി. "ജപമാലരാജ്ഞിയുടെ തിരുനാൾ" എന്ന പേരിൽ അത്, ലെപ്പാന്റോ യുദ്ധം നടന്ന ഒക്ടോബർ 7-ന് ആഘോഷിക്കപ്പെടുന്നു.
ഇന്ന് ഓരോ രഹസ്യത്തിനും ഒടുവില്‍ ചൊല്ലാറുള്ള "ഫാത്തിമാ ജപം" 1917ല്‍ പോര്‍ച്ചുഗലിലുള്ള ഫാത്തിമ എന്ന ഗ്രാമത്തില്‍ മൂന്ന് കുട്ടികള്‍ക്ക് മുന്നില്‍ പ്രത്യക്ഷയായ പരിശുദ്ധഅമ്മ അവരിലൂടെ ലോകത്തിന് നല്‍കിയതാണ്. 

കൊന്തനമസ്കാരം വഴിയുള്ള മരിയഭക്തിയുടെ ഒരു "പുതിയ വസന്തകാലം" വന്നെത്തിയെന്ന് അടുത്തകാലത്ത് ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ അഭിപ്രായപ്പെട്ടിട്ടുണ്ട്. യേശുവിനോടും മാതാവിനോടും യുവതലമുറക്കുള്ള സ്നേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ സൂചനകളിലൊന്നായി "കൊന്തഭക്തിയുടെ" പുതിയ ഉണർവിനെ കണ്ട അദ്ദേഹം ക്രിസ്തീയസങ്കല്പം അനുസരിച്ചുള്ള മനുഷ്യരക്ഷാചരിത്രത്തിലെ എല്ലാ പ്രധാനസംഭവങ്ങളേയും കുറിച്ചുള്ള ധ്യാനം എന്ന് കൊന്തയെ വിശേഷിപ്പിക്കുകയും ചെയ്തു. കത്തോലിക്കാ സഭയിലെ കൊന്ത, യേശുവിൽ ശ്രദ്ധയൂന്നി ജീവിച്ച മാതാവിന്റെ ജീവിതത്തിലുള്ള പങ്കുചേരലാണെന്ന് ദൈവശാസ്ത്രജ്ഞൻ റൊമാനോ ഗാർഡിനി അഭിപ്രായപ്പെട്ടിട്ടുണ്ട്.

"നന്മനിറഞ്ഞ മറിയമേ" എന്ന ജപത്തിന്റെ ആവർത്തനത്തിന്റെ എണ്ണം നിശ്ചയിക്കാനുള്ള ഉപകരണമാണ് മണികൾ ചേർന്ന കൊന്ത. പ്രാർത്ഥന ആവർത്തിക്കുമ്പോൾ വിരലുകൾ മണികളിലൂടെ കടന്നുപോവുന്നു. ജപാവർത്തനത്തിന്റെ എണ്ണം ഇങ്ങനെ യാന്ത്രികമായി നടക്കുന്നതിനാൽ, രഹസ്യങ്ങളിന്മേൽ ധ്യാനം ശ്രദ്ധകേന്ദ്രീകരിക്കാനാവുന്നു. സാധാരണ ഉപയോഗിക്കാറുള്ള കൊന്തകൾ അഞ്ചു ദശകങ്ങൾ ഉൾപ്പെട്ടവയാണ്. പത്തുമണികൾ ചേർന്ന ദശകങ്ങൾക്കിടയിൽ ഒരോ ഒറ്റ മണികൾ വേറേ ഉണ്ടായിരിക്കും. "നന്മനിറഞ്ഞമറിയമേ" എന്ന ജപം ദശകങ്ങളിലെ മണികളിന്മേൽ വിരലോടിച്ചും, ഇടയ്ക്കുള്ള കർത്തൃപ്രാർത്ഥന, ദശകങ്ങൾക്കിടയിലെ ഒറ്റപ്പെട്ട മണികളിൽ വിരലോടിച്ചുമാണ് ചൊല്ലേണ്ടത്. വലയത്തിലുള്ള കൊന്തയോട് ചേർത്ത് മൂന്നു മണികളും ഒറ്റപ്പെട്ട രണ്ടു മണികളും ചേർന്ന ഒരു ചെറിയ ഭാഗവും ഉണ്ട്. കൊന്തജപം തുടങ്ങുന്നത് ഈ ഭാഗത്തിന്മേലാണ്. മൂന്നു പ്രാരംഭപ്രാർത്ഥനകളെ സൂചിപ്പിക്കുന്ന മണികളാണവയിൽ. സാധാരണ കൊന്തകളിൽ ഈ ഭാഗത്ത് ഒരു ചെറിയ ക്രൂശിതരൂപവും ഉണ്ടാകും.

കൊന്തയുടെ മണികൾ തടി, അസ്ഥി, സ്ഫടികം, ഉണങ്ങിയ പൂക്കൾ, രത്നക്കല്ലുകൾ, പവിഴം, വെള്ളി, സ്വർണ്ണം ഇവ കൊണ്ടൊക്കെ നിർമ്മിക്കുക പതിവാണ്. "കൊന്തമണിമരം" എന്നറിയപ്പെടുന്ന ചെടിയിൽ ഉണ്ടാവുന്ന "കൊന്തപ്പയറും" കൊന്തയുടെ നിർമ്മാണത്തിനുപയോഗിക്കാറുണ്ട്. എന്നാൽ ഇക്കാലത്ത് മിക്കവാറും കൊന്തകളിലെ മണികൾ സ്പടികം, പ്ലാസ്റ്റിക്, മരം എന്നിവയിൽ ഒന്നു കൊണ്ട് ഉണ്ടാക്കിയവയാണ്. "മതാവിന്റെ കൊന്തനിർമ്മാതാക്കൾ" എന്ന സംഘടന വർഷം തോറും 70 ലക്ഷത്തോളം കൊന്തകൾ നിർമ്മിച്ച് വിതരണം ചെയ്യുന്നു.വിശുദ്ധിയുമായി ബന്ധപ്പെട്ടതും അതിന്റെ സ്മരണ ഉണർത്തുന്നതുമായ വസ്തുക്കളും കൊന്തമണികളുടെ നിർമ്മാണത്തിന് ഉപയോഗിക്കാറുണ്ട്. സ്പെയിനിലെ സാന്തിയോഗാ ഡി കമ്പോസ്റ്റെല്ലായിലെ യാക്കോബ് ശ്ലീഹായുടെ പള്ളിയിൽ നിന്നുള്ള ജെറ്റ് കല്ലുകൾ, യരുശലേമിൽ യേശുവിന്റെ മനോവ്യഥയുടെ രംഗമായിരുന്ന ഗദ്സമേൻ തോട്ടത്തിലെ ഒലിവിന്‍ കായ്കൾ എന്നിവ മണികളുടെ നിർമ്മാണത്തിനുപയോഗിക്കുന്നു. തിരുശേഷിപ്പുകളും വിശുദ്ധജലവും ഉൾക്കൊള്ളിച്ചും മണികൾ നിർമ്മിക്കാറുണ്ട്. ആശീർവദിക്കപ്പെട്ട കൊന്ത ഒരു വിശുദ്ധവസ്തുവായി കണക്കാക്കപ്പെടുന്നു. പരിശുദ്ധഅമ്മയുടെ സാന്നിധ്യസ്മരണയ്ക്കും മാദ്ധ്യസ്ഥസഹായത്തിനുമായി വാഹനങ്ങളിലും, കഴുത്തില്‍ ധരിക്കുവാനും മറ്റും ജപമാലകള്‍ വ്യാപകമായി ഉപയോഗിക്കാറുണ്ട്. 

Tuesday, August 28, 2012

കുശവന്‍റെ കയ്യിലെ കളിമണ്‍കുടങ്ങള്‍...


"ദൈവത്തെ സ്നേഹിക്കുന്നവര്‍ക്ക്, അവിടുത്തെ പദ്ധതിയനുസരിച്ച് വിളിക്കപ്പെട്ടവര്‍ക്ക് അവിടുന്ന് സകലവും നന്മയ്ക്കായി പരിണമിപ്പിക്കുന്നുവെന്ന് നമുക്കറിയാമല്ലോ." റോമാ - 8/28
     2010 മെയ്മാസം 28- ന്, തൃശ്ശൂര്‍ ടൌണിലുള്ള ഓഫീസില്‍നിന്നും താമസസ്ഥലത്തേയ്ക്ക് മോട്ടോര്‍സൈക്കിളില്‍ പോവുകയായിരുന്നു ഞാന്‍. യാത്രാമധ്യേ എവിടെയോവച്ച് ഇരുള്‍ വീണ ബോധം വീണ്ടെടുക്കുമ്പോള്‍ ഞാന്‍ ഒരു ഹോസ്പിറ്റലിന്‍റെ ട്രോമകെയര്‍ ഐസിയുവില്‍ ആയിരുന്നു. ഡ്രിപ്പും, ഓക്സിജന്‍ മാസ്കും ഉണ്ട്. ശരീരത്തില്‍ ഘടിപ്പിച്ചിരിക്കുന്ന കേബിളുകള്‍ എന്തോ മെഷീനിലേക്ക് പോയിരിക്കുന്നു. എന്താണ് സംഭവിച്ചതെന്ന് എനിക്കൊരെത്തുംപിടിയും കിട്ടിയില്ല. നേരെ മുന്നില്‍ കാണുന്നത് തലയില്‍ മുഴുവന്‍ വെളുത്ത ബാന്‍ഡേജ് ചുറ്റി വായിലൂടെ ട്യൂബും, ദേഹം മുഴുവന്‍ കേബിളുകളും ഘടിപ്പിച്ച് ബോധരഹിതനായി കിടക്കുന്ന ഒരാള്‍. വലതുവശത്ത്‌ കാഴ്ചയില്‍ വലിയ കുഴപ്പമില്ലാത്ത രീതിയില്‍ ബെഡ്ഡില്‍ കിടക്കുന്ന മറ്റൊരാള്‍. ഡോറിന്റെ ചില്ലുഗ്ലാസ്സിലൂടെ പുറത്തുനില്‍ക്കുന്ന ചില പരിചിതമുഖങ്ങളെ തിരിച്ചറിഞ്ഞു. പക്ഷെ, ആരെയും അടുത്ത് കാണാന്‍ അനുവാദമുണ്ടായിരുന്നില്ല. ഹോസ്പിറ്റല്‍ ഏതാണെന്ന് നഴ്സിനോട് അന്വേഷിച്ചു. ഷൊര്‍ണൂര്‍റോഡിലുള്ള ദയ ഹോസ്പിറ്റലാണ്.
     രണ്ട് ദിവസംകൂടി കഴിഞ്ഞ് റൂമിലേക്ക്‌ മാറ്റിയപ്പോഴാണ്‌ സംഭവിച്ചതെന്താണെന്ന് ഏകദേശരൂപം കിട്ടുന്നത്. ബൈക്കില്‍ പോവുകയായിരുന്ന ഞാന്‍ കുറ്റൂര്‍ എന്ന സ്ഥലത്ത് എത്തിയപ്പോള്‍ ഒരു ജങ്ങ്ഷനില്‍ വച്ച് മുന്നിലുണ്ടായിരുന്ന ഒരു കാറില്‍ ഇടിക്കുകയായിരുന്നത്രേ. പതുക്കെ പോവുകയായിരുന്ന ആ കാറിനെ മറികടക്കുവാന്‍ ഞാന്‍ ശ്രമിക്കുന്നതിനിടെ യാതൊരു മുന്നറിയിപ്പും കൂടാതെ ഡ്രൈവര്‍ വലത്തോട്ട് തിരിക്കുകയായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സാമാന്യം വേഗതയിലായിരുന്ന എന്‍റെ ബൈക്ക് ആ കാറില്‍ ഇടിച്ച്, ഞാന്‍ അതിന് മുകളിലൂടെ തെറിച്ച് അല്‍പ്പം മാറി സ്ഥിതിചെയ്തിരുന്ന മതിലില്‍ ചെന്ന് ഇടിച്ച് ഒരു ഓടയിലേക്ക്‌ വീഴുകയായിരുന്നു. പരിക്ക് തലയ്ക്ക് ആയിരുന്നതിനാല്‍ ഓര്‍മ്മ പൂര്‍ണ്ണമായും തന്നെ നഷ്ടപ്പെടുകയാണ് ഉണ്ടായത്. ആ കവലയില്‍ തന്നെയുള്ള ഒരു റേഷന്‍കടയുടെ ഉടമസ്ഥനായ ആന്‍റോ എന്നയാളാണ് എന്നെ എടുത്ത് ഹോസ്പിറ്റലില്‍ എത്തിച്ചത്. ഹെല്‍മറ്റ് വച്ചിരുന്നിട്ടും ഹെഡ്ഇഞ്ച്വറി ആയ എന്നെ ആ സമയത്ത് എത്തിച്ചിരുന്നില്ലെങ്കില്‍ രക്ഷിക്കാനാവുമായിരുന്നില്ല എന്ന് ഡോക്ടര്‍ പിന്നീട് പറഞ്ഞു.
     ഹോസ്പിറ്റലില്‍നിന്ന് ഡിസ്ചാര്‍ജ് ആയി അപകടം സംഭവിച്ച വഴിയിലൂടെ പോയപ്പോള്‍, അപകടം നടന്ന സ്ഥലവും, ഞാന്‍ ചെന്ന് വീണ ഭാഗവും കണ്ട് ഏവരും വിസ്മയിച്ചു. അത്തരം ഒരു അപകടം അവിടെ നടന്നാല്‍ രക്ഷപെടാനുള്ള സാധ്യത വളരെ വിരളം. ഒരു കറന്റ്പോസ്റ്റിനും കരിങ്കല്‍കൂട്ടത്തിനും ഇടയിലാണ് ഞാന്‍ ചെന്ന് വീണ സ്ഥലം. അല്‍പ്പം മാറിയിരുന്നെങ്കില്‍...! ഇപ്പോള്‍, ഹെഡ്ഇഞ്ച്വറി മൂലം സംഭവിച്ച ചില പ്രശ്നങ്ങളാല്‍ കുറച്ചുകാലം വിശ്രമം വേണം എന്നതും, ചെറിയ ചില പോറലുകളും ഒഴിച്ചാല്‍ മറ്റുപ്രശ്നങ്ങള്‍ ഒന്നുംതന്നെയില്ല.
     ഇപ്പോള്‍ തിരിഞ്ഞു നോക്കുമ്പോള്‍, ഈ അപകടം എന്‍റെ ജീവിതത്തില്‍ വളരെ വലിയ മാറ്റങ്ങളാണ് വരുത്തിയതെന്ന് വ്യക്തമാകുന്നു. ഇടയ്ക്കെന്നോ കൈവിട്ടുപോയ ലക്ഷ്യബോധത്തിലേക്ക്‌ തിരിച്ചെത്താന്‍, കൂടുതല്‍ ചിന്തിക്കാന്‍, പ്രവര്‍ത്തിക്കാന്‍... ഇതിനെല്ലാമുള്ള ഊര്‍ജ്ജം എനിക്ക് നല്‍കിയത് ആ സംഭവമായിരുന്നു. ഫ്രീലാന്‍സ് ആയി വാണിജ്യദൃശ്യമാധ്യമരംഗത്ത് പ്രവര്‍ത്തിച്ചിരുന്ന ഞാന്‍ ആ ഒരിടക്കാലത്തിനുശേഷം കേരളസഭയുടെ അഭിമാനമായ ശാലോം ടെലിവിഷന്‍റെ ഭാഗമായി മാറി. ദൈവത്തിന്‍റെ പദ്ധതിയനുസരിച്ച് വിളിക്കപ്പെട്ട എന്നിലൂടെ ശക്തമായ ഇടപെടലുകള്‍ അവിടുന്ന് ഈ സമൂഹത്തില്‍ നടത്തുന്നത് ഞാന്‍ തിരിച്ചറിയുന്നു. ആ ഒരപകടം എന്‍റെ ജീവിതത്തില്‍ നടന്നിരുന്നില്ലെങ്കില്‍, ഒരിക്കലും തൃശൂരില്‍നിന്ന്‌ അകലാനോ, എന്‍റെ ചില ഉത്തരവാദിത്തങ്ങളില്‍നിന്നും, പ്രതിബദ്ധതകളില്‍നിന്നും അടുത്ത വര്‍ഷങ്ങളിലെങ്കിലും മാറിനില്‍ക്കാനോ എനിക്ക് കഴിയുമായിരുന്നില്ല.
     ലോകത്തിന്‍റെ കണ്ണിലൂടെ നോക്കിയാല്‍ അത്യന്തം ദോഷകരമായ ഒരു സംഭവം ദൈവം എനിക്ക് തികച്ചും പ്രയോജനകരമാക്കിയതെങ്ങനെയെന്നാണ് ഞാന്‍ ചിന്തിച്ചത്. പലപ്പോഴും അസംഭവ്യം എന്ന് നാം ചിന്തിക്കുന്ന ചില അവസ്ഥകളിലേക്ക് നമ്മെ കൊണ്ടെത്തിക്കാന്‍ ദൈവം നിശ്ചയിക്കുന്ന വഴികള്‍ ഇത്തരത്തില്‍ നമുക്ക് ഉള്‍ക്കൊള്ളാനോ, ഗ്രഹിക്കാണോ കഴിയാത്തതായിരിക്കാം. ഉത്തമമായ ബോധ്യങ്ങളിലേയ്ക്കും, ഭൂമിയില്‍ പിറക്കും മുമ്പേ ദൈവം നിശ്ചയിച്ചിട്ടുള്ള പദ്ധതികളിലേയ്ക്കും അവിടുന്ന് നമ്മെ നയിക്കുന്നത് ഇത്തരം ചില വഴിത്തിരിവുകളിലൂടെയാവാം. ദൈവാശ്രയബോധം കൈവിടാതിരിക്കുക, പൂര്‍ണ്ണമായി നമ്മെത്തന്നെ ദൈവത്തിന് വിട്ടുകൊടുക്കുക എന്നീ കാര്യങ്ങളേ നമുക്ക് ചെയ്യുവാനുള്ളൂ.
     ചില പരാജയങ്ങളും, തകര്‍ച്ചകളും ജീവിതത്തില്‍ ചോദ്യചിഹ്നങ്ങളായി മാറുമ്പോള്‍, എല്ലാം അവസാനിച്ചു എന്ന് ചിന്തിച്ചേക്കാവുന്ന രീതിയില്‍ വഴിമുട്ടുന്ന ഘട്ടങ്ങള്‍ ജീവിതത്തിലുണ്ടാവുമ്പോള്‍ മനസ്സിലാക്കുക, നിന്നെക്കുറിച്ച് അനാദിമുതലേ ഒരു പദ്ധതിക്ക് രൂപം കൊടുത്തിട്ടുള്ള സര്‍വ്വശക്തനായ ദൈവം നിന്‍റെ കൂടെയുണ്ട്. ഈ ലോകജീവിതത്തിലെ കഷ്ടനഷ്ടങ്ങള്‍ക്കും കണക്കുകൂട്ടലുകള്‍ക്കുമപ്പുറം നിന്നെ കാത്തിരിക്കുന്ന സൗഭാഗ്യങ്ങളുമുണ്ട്. 
"കര്‍ത്താവ് നിനക്ക് കഷ്ടതയുടെ അപ്പവും, ക്ലേശത്തിന്‍റെ ജലവും തന്നാലും നിന്‍റെ ഗുരു നിന്നില്‍നിന്ന് മറഞ്ഞിരിക്കുകയില്ല. നിന്‍റെ നയനങ്ങള്‍ നിന്‍റെ ഗുരുവിനെ ദര്‍ശിക്കും. നീ വലത്തോട്ടോ ഇടത്തോട്ടോ തിരിയുമ്പോള്‍ നിന്‍റെ കാതുകള്‍ പിന്നില്‍നിന്ന് ഒരു സ്വരം ശ്രവിക്കും. ഇതാണ് വഴി, ഇതിലേ പോവുക." ഏശയ്യ 30/ 20,21
     2004 ജനുവരിയില്‍ വയനാട്ടിലെ പനമരത്ത് വച്ചുണ്ടായ ഒരു റോഡപകടത്തില്‍ ഏതാനുംപേര്‍ മരിക്കുകയും, ഏറെപ്പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയുമുണ്ടായി. ഒരു ബസ്സ്‌ റോഡരികിലെ മരത്തില്‍ ഇടിക്കുകയായിരുന്നു. സംഭവം നടന്നത് രാവിലെ ആയിരുന്നതിനാല്‍, വിദ്യാര്‍ത്ഥികളും ജോലിക്കാരുമായിരുന്നു അപകടത്തില്‍പ്പെട്ട യാത്രക്കാരില്‍ ഏറിയപങ്കും. ആ സംഭവത്തില്‍ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ് ശരീരം തളര്‍ന്നുപോയ ഒരു പെണ്‍കുട്ടിയാണ് സ്മിത (പേര് യഥാര്‍ത്ഥമല്ല). മാനന്തവാടിയിലെ ഒരു തൊഴിലധിഷ്ഠിത വിദ്യാഭ്യാസസ്ഥാപനത്തില്‍ വിദ്യാര്‍ത്ഥിനി ആയിരുന്നു അന്ന് അവള്‍. ശരീരത്തിന്‍റെ ചലനശേഷിയും, സ്പര്‍ശനശേഷിയും നഷ്ടപ്പെട്ട അവളെ വീട്ടുകാര്‍ ആവുംവിധം ചികിത്സിച്ചു. പക്ഷെ, ഒരു ആയുര്‍വേദ ചികിത്സയ്ക്കിടയില്‍ സംഭവിച്ച കൈപ്പിഴ മൂലം മാരകമായി പൊള്ളലേല്‍ക്കുക കൂടി ചെയ്തതോടെ അവളുടെ അവസ്ഥ കൂടുതല്‍ ഗുരുതരമായിമാറി. അങ്ങനെ, ജീവിതത്തിലേക്ക് ഒരു തിരിച്ചുവരവ്‌ അസാധ്യം എന്ന ചിന്തയില്‍ അവള്‍ മരണം കാത്തുകിടന്നു. അപ്പോഴാണ്‌ ജോര്‍ജ്ജ് (പേര് യഥാര്‍ത്ഥമല്ല) എന്ന യുവാവ് രംഗപ്രവേശം ചെയ്തത്. അപകടം സംഭവിക്കുന്നതിന് ഏതാനും നാളുകള്‍ക്കുമുമ്പ് സ്മിതയെ അയാള്‍ വിവാഹം ആലോചിച്ചിരുന്നു. പഠനം കഴിയട്ടെ, എന്നിട്ട് ആലോചിക്കാം എന്ന ധാരണയില്‍ ആ ആലോചന വീട്ടുകാര്‍ മാറ്റിവയ്ക്കുകയായിരുന്നു. 
     ഇനി ചികിത്സകൊണ്ട് പ്രയോജനമില്ല എന്ന ധാരണയില്‍ ചികിത്സകള്‍ നിര്‍ത്തിവച്ചിരുന്ന വീട്ടുകാരെ പറഞ്ഞുസമ്മതിപ്പിച്ച്, അവളുടെ ചികിത്സയുടെ ഉത്തരവാദിത്തം ജോര്‍ജ്ജ് ഏറ്റെടുത്തു. ആദ്യമൊക്കെ, മരണാസന്നയായ സ്മിതയുടെ എല്ലാ കാര്യങ്ങളും അയാള്‍ തന്നെ ചെയ്തുകൊടുക്കേണ്ടതായി വന്നിരുന്നു. അത് ഉള്‍ക്കൊള്ളുവാന്‍ അവള്‍ കുറച്ചുകാലമെടുത്തു. അങ്ങനെ സാവകാശം മുറിവുകളൊക്കെ സുഖപ്പെട്ട് ആരോഗ്യകാര്യത്തില്‍ അവള്‍ ഏറെ മുന്നേറി. അപകടം സംഭവിച്ചിട്ട്‌ എട്ട് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും സ്മിത ഇന്നും ജോര്‍ജിന്‍റെ സംരക്ഷണയില്‍ തന്നെയാണ്. ഏറെ ചികിത്സയ്ക്ക് ശേഷം സ്പര്‍ശനശേഷിയും, കൈകളുടെ സ്വാധീനവും കുറെയൊക്കെ വീണ്ടെടുത്തിരിക്കുന്നു. വളരെ ചെലവുള്ള ചികിത്സയ്ക്കായി ഓടിനടന്ന് രാവും പകലും അധ്വാനിച്ച് പണം സ്വരുക്കൂട്ടുന്ന അദ്ദേഹത്തിന് യാതൊരുവിധ നഷ്ടബോധമോ, അന്നെടുത്ത തീരുമാനത്തെക്കുറിച്ച് അല്‍പ്പംപോലും ഇച്ഛാഭംഗമോ ഇല്ല. 
     സ്മിതയാകട്ടെ, തികച്ചും പ്രസന്നവതിയാണ്. തന്നെ കഷ്ടതയിലൂടെ വഴിനടത്തിയപ്പോള്‍, ദൈവത്തെ അടുത്തറിയാനും അനുഭവിക്കാനും കഴിഞ്ഞു എന്ന ചാരിതാര്‍ത്ഥ്യം ആ മുഖത്ത് തിരിച്ചറിയാം. ആ സംഭവം ദൈവപദ്ധതിപ്രകാരം തന്‍റെ ജീവിതത്തില്‍ അനിവാര്യമായിരുന്നു എന്ന തിരിച്ചറിവാണ് അവള്‍ പങ്കുവച്ചത്. മുമ്പ് ഒരു വിശ്വാസി ആയിരുന്നെങ്കിലും, ദൈവത്തോട് ചേര്‍ന്ന് നില്‍ക്കുന്ന അനുഭവത്തിന്‍റെ മാധുര്യം തിരിച്ചറിയുന്നതും, ശരിയായി പ്രാര്‍ത്ഥിക്കാന്‍ കഴിയുന്നതും ഈ അപകടത്തിനുശേഷമാണെന്ന് അവള്‍ പറയുന്നു. 
   ജോര്‍ജ്ജിന്റെയും സ്മിതയുടെയും ജീവിതത്തില്‍ ദൈവാനുഭവവും, ആത്മീയബോധ്യങ്ങളും അവരെ തേടിയെത്തിയത് ആ വലിയ അപകടത്തിലൂടെയായിരുന്നു. പില്‍ക്കാലത്ത് നവീകരണത്തിന്റെ വെളിച്ചം ആ ജീവിതങ്ങളില്‍ ജ്വലിച്ചെങ്കിലും, ദൈവം അവര്‍ക്കായി ഒരുക്കിയ കഷ്ടതയുടെ അപ്പം സന്തോഷത്തോടെ സ്വീകരിക്കാന്‍ തയ്യാറായതാണ് ദൈവത്തിലേക്ക് അവരെ അടുപ്പിച്ചത്. 
     ജീവിതാനുഭവങ്ങള്‍ എപ്രകാരം നമ്മെ വഴി നടത്തുന്നുവെന്ന ഒരു വിചിന്തനം നന്നായിരിക്കും. കുശവന്റെ കയ്യിലെ മണ്‍കുടം പോലെ, തകര്‍ക്കപ്പെടുന്നത് കൂടുതല്‍ മികച്ചൊരു സൃഷ്ടിക്കായാണ് എന്ന തിരിച്ചറിവ് പലപ്പോഴും നമുക്ക് അന്യമാണ്. തകര്‍ച്ചയുടെ, കണ്ണീരിന്‍റെ, പരാജയത്തിന്‍റെ, വേദനയുടെ എല്ലാം അനുഭവങ്ങള്‍ നമ്മെ നിരാശയുടെ നീര്‍ച്ചുഴിയിലേക്ക് നയിക്കുന്നെങ്കില്‍, ഓര്‍ക്കുക, നമ്മെ പരിപാലിക്കുന്ന സ്നേഹനിധിയായ ദൈവത്തില്‍നിന്ന് നാം അകലുന്നു.
     

Wednesday, August 22, 2012

ലക്ഷ്യമില്ലാത്ത യാത്രക്കാര്‍...


     കുറച്ചുനാള്‍മുമ്പ്, സുഹൃത്തായ ഒരു ചലച്ചിത്രകാരന്‍ പട്ടണത്തില്‍ ഉണ്ടെന്നറിഞ്ഞ് അദ്ദേഹം താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ കാണാന്‍ ചെന്നു. സംസാരിച്ചു കൊണ്ടിരുന്നതിനിടയില്‍ അദ്ദേഹത്തിന്‍റേതായ ചില തത്വശാസ്ത്രങ്ങള്‍ക്ക് ചെവി കൊടുക്കേണ്ടതായും വന്നു.
"ഇവിടെ ഒരാളും സ്വാര്‍ത്ഥലക്ഷ്യങ്ങളോടു കൂടിയല്ലാതെ മറ്റൊരാളെ സ്നേഹിക്കുന്നില്ല." മറുപടി പറഞ്ഞാല്‍ ഫലമുണ്ടാവില്ല എന്നുതോന്നിയതിനാല്‍ അദ്ദേഹം പറയുന്നത് ഞാന്‍ വെറുതേ കേട്ടിരുന്നു.
"നിസ്വാര്‍ത്ഥസ്നേഹം എന്നുപറയുന്ന ഒന്നില്ല. സ്വാര്‍ത്ഥത മാത്രം. ഭാര്യ ഭര്‍ത്താവിനെ സ്നേഹിക്കുന്നതും, മക്കള്‍ അച്ഛനെ സ്നേഹിക്കുന്നതുമെല്ലാം അവര്‍ക്ക് അയാളെ ആവശ്യമുള്ളതുകൊണ്ട് മാത്രമാണ്... സുഹൃത്തുക്കളും മറിച്ചല്ല; നീയിപ്പോള്‍ എന്‍റെ അടുത്ത് വന്നിരിക്കുന്നത് പോലും എന്നില്‍നിന്ന്‍ എന്തോ പ്രതീക്ഷിക്കുന്നത് കൊണ്ടാണ്." അത്രയുമായപ്പോള്‍ ഞാന്‍ മറ്റെന്തോ വിഷയം എടുത്തിട്ട് അദ്ദേഹത്തിന്‍റെ ശ്രദ്ധ തിരിച്ചു.
"ആകട്ടെ, ജീവിതമൊക്കെ എങ്ങനെ? സുഖമാണോ?" കുറച്ചുകഴിഞ്ഞപ്പോള്‍ ഞാന്‍ തിരക്കി.
അപ്പോള്‍ അദ്ദേഹത്തിന്‍റെ മുഖത്ത് അതുവരെയില്ലാത്ത ഒരു ഗൌരവ ഭാവം.
"ജനിച്ചുപോയില്ലേ, ജീവിച്ചല്ലേ പറ്റൂ.... അങ്ങനെ ജീവിച്ചുപോകുന്നു." വിഷാദഛായയുള്ള ഒരു ദീര്‍ഘനിശ്വാസത്തിന്‍റെ അകമ്പടിയോടെ അദ്ദേഹം പറഞ്ഞു.
     കോഴിക്കോട് പട്ടണത്തില്‍, മികച്ച ജീവിത സാഹചര്യങ്ങളും, നല്ല ജോലിയും,  ഉണ്ടായിരുന്ന  രണ്ട് പിഞ്ചുമക്കളുടെ ആമ്മയായ ഒരു യുവതി ആത്മഹത്യ ചെയ്ത കഥ അവരുടെ ഭര്‍ത്താവ് തന്നെയാണ് പങ്കുവച്ചത്. "ജീവിതം മടുത്തു, അതിനാല്‍ മരിക്കാന്‍ തീരുമാനിക്കുന്നു." എന്ന, അവള്‍ എഴുതിവച്ചിരുന്ന ഒരു കുറിപ്പിനപ്പുറത്ത് മറ്റൊരു മരണകാരണം ഇന്നും അദ്ദേഹത്തിന് അജ്ഞാതം. പക്ഷെ, ആ സ്ത്രീയുടെ മരണം വരെ ആ കുടുംബം മുഴുവന്‍ കടുത്ത നിരീശ്വരവാദത്തിന്‍റെ പിടിയിലായിരുന്നു എന്നതായിരുന്നു വാസ്തവം. ആ സംഭവത്തെ തുടര്‍ന്ന്, ശൂന്യതാബോധത്തിന്‍റെയും, നിരാശയുടെയും പിടിയില്‍ അകപ്പെട്ട് തകര്‍ന്നുപോയ ആ ഭര്‍ത്താവ് ദൈവത്തിലേക്ക് തിരിയാനിടയായപ്പോള്‍ അടിയുറച്ച  ഒരു വിശ്വാസിയായി മാറി.
     ഈ രണ്ട് അനുഭവങ്ങളും ചില വലിയ ജീവിതയാഥാര്‍ത്ഥ്യങ്ങളെ  വെളിപ്പെടുത്തുന്നു. ഒരു മനുഷ്യന്‍റെ ജീവിതത്തെ സാര്‍ത്ഥകമാക്കുന്ന ഏറെ മൂല്യങ്ങളുണ്ട്. നിസ്വാര്‍ത്ഥ സ്നേഹവും, ദൈവവിശ്വാസവുമെല്ലാം അവയില്‍ ഒഴിച്ചുകൂടാനാവാത്തവയാണ്. ഇത്തരം ജീവിതമൂല്യങ്ങളെ തള്ളിപ്പറഞ്ഞുകൊണ്ട് നശ്വരമായ ചില ലക്ഷ്യബോധങ്ങളുടെ പിന്‍ബലത്തില്‍ ആവേശത്തോടെ മുന്നേറുന്ന ചിലരുണ്ട്. പക്ഷെ, ജീവിതം ചില നിര്‍ണ്ണായകഘട്ടങ്ങളില്‍ എത്തിച്ചേരുമ്പോള്‍, അഥവാ ആ ലക്ഷ്യങ്ങളുടെ പൊള്ളത്തരങ്ങള്‍ വ്യക്തമാകുമ്പോള്‍ അവര്‍ തളര്‍ന്നു പോയേക്കാം. അത്തരത്തില്‍ മരവിച്ച മനസ്സും, നിരര്‍ത്ഥകമായനുഭവപ്പെടുന്ന ജീവിതവുമായി അനേകര്‍ നമുക്ക് ചുറ്റുമുണ്ട്.
    തങ്ങള്‍ ഒരിക്കല്‍ തള്ളിപ്പറഞ്ഞ ദൈവത്തിലേക്ക് സ്വമേധയാ തിരികെ എത്തുന്നവരുടെ എണ്ണം ചുരുക്കം. എന്നാല്‍ ചിലരുടെ പര്യാപ്തമായ ഇടപെടലുകള്‍ ഇത്തരം അനേകരെ ഉറച്ച വിശ്വാസത്തിലേക്കും അതുവഴി സമാധാനവും സന്തോഷവും നിറഞ്ഞ ജീവിതത്തിലേക്കും കൈപിടിച്ച് നടത്തുന്നു. ഒരു യഥാര്‍ത്ഥ ക്രൈസ്തവന്‍റെ ജീവിതം പേറുന്ന അടിസ്ഥാനദൌത്യവും ഇതുതന്നെയാണ്. എങ്കിലും, ഈ ആധുനിക ലോകത്തിന്‍റെ വിവിധ സങ്കീര്‍ണ്ണതകളില്‍ പെട്ട് അന്ധകാരത്തില്‍ നിപതിക്കുന്നവരുടെ എണ്ണം അനുദിനം വര്‍ദ്ധിക്കുന്നു. പ്രകാശത്തിലേക്ക് തിരിച്ചുവരുവാന്‍ ആത്മാവില്‍ ആഗ്രഹിക്കുന്നെങ്കിലും പലര്‍ക്കും അവസരം ലഭിക്കുന്നില്ല.   "കൊയ്ത്ത് വളരെ; വേലക്കാരോ ചുരുക്കം. അതിനാല്‍ കൊയ്ത്തിന് വേലക്കാരെ അയക്കുവാന്‍ കൊയ്ത്തിന്‍റെ നാഥനോട് നിങ്ങള്‍ പ്രാര്‍ത്ഥിക്കുവിന്‍" (ലൂക്കാ 10/2)
     അപര്യാപ്തമായ ജീവിത സാഹചര്യങ്ങളും, അപക്വമായ കാഴ്ച്ചപ്പാടുകളും പകര്‍ന്നുനല്‍കുന്ന ഭൌതിക വ്യഗ്രതയാണ് കൂടുതല്‍പേരെയും ആത്മീയബോധ്യങ്ങളില്‍നിന്ന് അകറ്റുന്നത്. അവരില്‍ നിലനില്‍ക്കുന്ന ഭൌതിക കാഴ്ച്ചപ്പാടുകള്‍ക്കും, യാഥാര്‍ത്ഥ്യത്തിന്‍റെ പ്രകാശത്തിനും മദ്ധ്യേ ഒരു മതില്‍ കെട്ടി ഉയര്‍ത്തപ്പെട്ടിരിക്കുന്നു; മാനുഷികമായ പിടിവാശികളും, വ്യര്‍ത്ഥാഭിമാനവും കൊണ്ട് പണിയപ്പെട്ട ഒരു മതില്‍.... തങ്ങളുടെ ലക്ഷ്യങ്ങളുടെയും കാഴ്ച്ചപ്പാടുകളുടെയും പൊള്ളത്തരം ബോധ്യമായാല്‍പോലും, ഈ മതില്‍ സത്യത്തില്‍നിന്ന് അവരെ അകറ്റിനിര്‍ത്തിയേക്കാം.
     നിസ്വാര്‍ത്ഥസ്നേഹവും, ജീവിതത്തില്‍ മുറുകെപ്പിടിക്കേണ്ട മറ്റെല്ലാ മൂല്യങ്ങളും, വിശ്വാസത്തിന്‍റെ വെളിച്ചവും ജീവിതത്തില്‍ ഓരോ നിമിഷവും കാത്തുസൂക്ഷിക്കുക എന്ന സന്ദേശമാണ് തിരുവചനം നമുക്ക് നല്‍കുന്നത്. മറ്റെന്തിനേക്കാളും പ്രാധാന്യം മരണംവരെ ഇവയ്ക്ക് നല്‍കാന്‍ കഴിഞ്ഞാല്‍ നാം ആത്യന്തിക വിജയം നേടുന്നു. മറിച്ച്, സ്വാര്‍ത്ഥലക്ഷ്യങ്ങളും ജീവിതവ്യഗ്രതയും സുഖസൗകര്യങ്ങളുമെല്ലാം പ്രഥമപരിഗണനീയങ്ങളായാല്‍ ഒരുവന്‍ ദൈവതിരുമുമ്പില്‍ നീതീകരിക്കപ്പെടുകയില്ല. നമുക്ക് വേണ്ടതെല്ലാം സമൃദ്ധമായി നല്‍കുവാന്‍ കഴിവുള്ളവനും, നമ്മുടെ ആവശ്യങ്ങളെ നമ്മെക്കാളധികം അറിയുന്നവനുമാണ്‌ ദൈവം എന്ന സത്യം ഈശോ അസന്ധിഗ്ദമായി പ്രഖ്യാപിക്കുന്നുണ്ട്. "എന്ത് തിന്നുമെന്നോ, എന്ത് കുടിക്കുമെന്നോ അന്വേഷിക്കേണ്ട; ആകുലചിത്തരാവുകയും വേണ്ട. ഈ ലോകത്തിന്‍റെ ജനതകളാണ് ഇതെല്ലാം അന്വേഷിക്കുന്നത്. നിങ്ങള്‍ക്ക് ഇതെല്ലാം ആവശ്യമാണെന്ന് നിങ്ങളുടെ പിതാവിനറിയാം. നിങ്ങള്‍ അവിടുത്തെ രാജ്യം അന്വേഷിക്കുവിന്‍ ഇവയെല്ലാം അതോടൊപ്പം നിങ്ങള്‍ക്ക് ലഭിക്കും." (ലൂക്കാ 12/29-31)
     അവിശ്വാസിയെന്ന് സ്വയം പ്രഖ്യാപിക്കുന്നവരും വിശ്വാസിയെന്നുഭാവിച്ച് അതിന് വിരുദ്ധമായി ജീവിക്കുന്നവരും വ്യത്യസ്ഥരല്ല. ഇരുകൂട്ടരും തങ്ങളുടെ ലക്ഷ്യത്തെ തിരിച്ചറിയുന്നതില്‍ പരാജയപ്പെട്ടവരാണ്. നിത്യതയിലേക്കുള്ള പ്രകാശത്തെ മുന്നില്‍ക്കണ്ട് ലൌകികവ്യഗ്രതയില്‍  അകപ്പെടാതെ ജീവിക്കാന്‍ തീരുമാനിക്കാത്ത പക്ഷം സകലരും അന്ധകാരത്തില്‍ തന്നെയാണ് തുടരുന്നത്. മനുഷ്യനുവേണ്ടി ദൈവം സജ്ജീകരിച്ചിരിക്കുന്ന വലിയ നന്മയെ തിരിച്ചറിയുവാന്‍ നാമേവരും പ്രാപ്തരാകേണ്ടിയിരിക്കുന്നു. "എഴുതപ്പെട്ടിരിക്കുന്നതുപോലെ, ദൈവം തന്നെ സ്നേഹിക്കുന്നവര്‍ക്കായി സജ്ജീകരിച്ചിരിക്കുന്നവ കണ്ണുകള്‍ കാണുകയോ, ചെവികള്‍ കേള്‍ക്കുകയോ, മനുഷ്യമനസ്സ് ഗ്രഹിക്കുകയോ ചെയ്തിട്ടില്ല. എന്നാല്‍, നമുക്ക് ദൈവം അതെല്ലാം ആത്മാവ് മുഖേന വെളിപ്പെടുത്തിത്തന്നിരിക്കുന്നു." (1കോറിന്തോസ് 2/9-10)
     നമുക്കായി ദൈവം കരുതിയിരിക്കുന്ന ആ നന്മ നിത്യജീവനല്ലാതെ മറ്റൊന്നല്ല. അതുതന്നെയായിരിക്കണം ഈ ലോകത്തില്‍ നമ്മുടെ ജീവിതലക്ഷ്യവും. ആ ലക്ഷ്യത്തിലേക്ക് നമ്മെ നയിക്കുന്നത് ഈ ലോകത്തിന്‍റെ സങ്കീര്‍ണ്ണങ്ങളായ സമവാക്യങ്ങളോ, ലോകം വലുതെന്ന്‍ കരുതുന്ന മറ്റെന്തെങ്കിലുമോ അല്ല. മറിച്ച്, കേവലം ലളിതങ്ങളായ മൂല്യങ്ങളും, ഉറച്ച വിശ്വാസവുമാണ്. കൂദാശകളും, പ്രാര്‍ത്ഥനയും, പരിശുദ്ധ അമ്മയുടെയും വിശുദ്ധരുടെയും മാദ്ധ്യസ്ഥസഹായവും പ്രധാനമാണ്. ഇവയെല്ലാം നമ്മെ രക്ഷയിലേയ്ക്ക് കൈപിടിച്ചുയര്‍ത്തി നിത്യജീവനിലേക്ക്‌ വഴിനടത്തും. "ആകയാല്‍, യേശു കര്‍ത്താവാണ് എന്ന് അധരം കൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരില്‍നിന്ന്‍ ഉയര്‍പ്പിച്ചു എന്ന് ഹൃദയത്തില്‍ വിശ്വസിക്കുകയും ചെയ്‌താല്‍ നീ രക്ഷ പ്രാപിക്കും. എന്തുകൊണ്ടെന്നാല്‍, മനുഷ്യന്‍ ഹൃദയംകൊണ്ട് വിശ്വസിക്കുകയും തന്മൂലം നീതീകരിക്കപ്പെടുകയും ചെയ്യുന്നു. അവന്‍ അധരംകൊണ്ട് ഏറ്റുപറയുകയും തന്മൂലം രക്ഷപ്രാപിക്കുകയും ചെയ്യുന്നു." (റോമ 10/9-10)

Monday, August 20, 2012

വിശ്വാസവര്‍ഷവും വിശ്വാസപരിശീലനവും

      "വിശ്വാസം എന്നത് പ്രത്യാശിക്കുന്നവ ലഭിക്കുമെന്ന ഉറപ്പും, കാണപ്പെടാത്തവ ഉണ്ട് എന്ന ബോധ്യവുമാണ്." ഹെബ്രായര്‍ 11/1

     2012-13 വിശ്വാസവര്‍ഷമായി പ്രഖ്യാപിക്കുന്നത് വഴി തികച്ചും കാലാനുചിതമായ ഒരു നടപടിയാണ് കത്തോലിക്കാസഭയില്‍ നടപ്പാകുന്നത്. വിശ്വാസം ഏറ്റവുംകൂടുതല്‍ വെല്ലുവിളികളെ നേരിടുന്ന കാലമാണ് ഇത്. ഏറെ പ്രത്യയശാസ്ത്രങ്ങള്‍ വിശ്വാസവിരുദ്ധങ്ങളായ ഇടപെടലുകള്‍ ഈ സമൂഹത്തില്‍ നടത്തുന്നുണ്ട്. ആയതിനാല്‍ത്തന്നെ, പ്രത്യേകിച്ച് കുഞ്ഞുങ്ങള്‍ക്കും യുവജനങ്ങള്‍ക്കുമിടയില്‍ തീക്ഷ്ണമായ വിശ്വാസപരിശീലനം നടത്തേണ്ടതിന്‍റെ ആവശ്യകത ശക്തമായിരിക്കുന്നു. ബാഹ്യലോകത്തിന്‍റെ പലരീതിയിലുള്ള ഇടപെടലുകള്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തുന്നത് നമ്മുടെ ഇളംതലമുറകളില്‍ തന്നെയാണ്.
     വിശ്വാസത്തില്‍ ശക്തിപ്രാപിക്കുക, അടിയുറച്ച വിശ്വാസത്തിലേക്ക് ഇളംതലമുറകളെ കൈപിടിച്ച് ഉയര്‍ത്തുക തുടങ്ങിയ പരമപ്രധാനങ്ങളായ ലക്ഷ്യങ്ങളാണ് രണ്ടാം വത്തിക്കാന്‍ കൌണ്‍സിലിന്‍റെ  അമ്പതാം വാര്‍ഷികവും, കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥത്തിന്‍റെ ഇരുപതാം വാര്‍ഷികവും കൂടിയായ ഈ വര്‍ഷം വിശ്വാസവര്‍ഷമായി ആചരിക്കുന്നതിന് പിന്നിലുള്ളത്. ആധുനികലോകത്തില്‍ കത്തോലിക്കാ വിശ്വാസത്തിനും മതബോധനത്തിനും ശക്തമായ മാര്‍ഗ്ഗദീപമായി മാറിയ രണ്ടാം വത്തിക്കാന്‍ കൌണ്‍സിലിന്‍റെ  സന്ദേശങ്ങള്‍ ഓരോ വിശ്വാസിയുടെയും ഹൃദയത്തില്‍ പതിപ്പിക്കുക എന്നതും പ്രധാനമാണ്. ആത്മപരിശോധനയ്ക്കും, പരിവര്‍ത്തനങ്ങള്‍ക്കും, തിരിച്ചറിവുകള്‍ക്കുമായി ഈ വിശ്വാസവര്‍ഷത്തില്‍ നാമോരോരുത്തരും പരിശ്രമിക്കേണ്ടതുണ്ട്. ഒപ്പം സഭയുടെ വിശ്വാസപ്രഘോഷണദൌത്യത്തില്‍ പങ്കാളികളായിരിക്കുന്ന ഓരോരുത്തരിലും നിക്ഷിപ്തമായിരിക്കുന്ന ഒരുപിടി ഉത്തരവാദിത്വങ്ങളുമുണ്ട്. 
     കഴിഞ്ഞ ചില വര്‍ഷങ്ങളിലായി മാനസികവും, കുടുംബപരവും, സാമൂഹികവുമായ ചില ഘടകങ്ങള്‍ സഭയില്‍ , പ്രത്യേകിച്ച് കേരള കത്തോലിക്കാ സമൂഹത്തില്‍ വിശ്വാസത്തിന് ഗുരുതരമായ ചില വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. പ്രത്യക്ഷമായും പരോക്ഷമായും കത്തോലിക്കാ വിശ്വാസത്തെ സ്വാധീനിക്കുന്ന ചില ബാഹ്യ ഇടപെടലുകളാണ് പ്രധാന കാരണം. ഇങ്ങനെ, ദൈവാശ്രയബോധത്തിന്‍റെയും വിശ്വാസാധിഷ്ഠിത ജീവിതശൈലിയുടേയും അഭാവം രൂഢമൂലമായിരിക്കുന്ന സാഹചര്യത്തില്‍ തീക്ഷ്ണമായ വിശ്വാസത്തിലേക്ക് അജഗണത്തെ നയിക്കേണ്ട ബാധ്യത അജപാലകര്‍ക്കുണ്ട്. 
     കത്തോലിക്കാസഭയുടെ വിശ്വാസപരിശീലനം
     കെട്ടുറപ്പുള്ള ചട്ടക്കൂടോടുകൂടിയ മതബോധന സമ്പ്രദായം ഇന്ന് കത്തോലിക്കാസഭയ്ക്കുണ്ട്. പക്വമായ സിലബസ്സും നിലപാടുകളുമുണ്ട്. എന്നാല്‍, കേരളത്തിലെ മറ്റേതൊരു വിദ്യാഭ്യാസരീതിയും പോലെ, പലപ്പോഴും അത് പാഠപുസ്തകത്തില്‍ ഒതുങ്ങിപ്പോകുന്നു എന്നത് പ്രസ്താവ്യമാണ്. പുസ്തക പഠനമോ, തിയറി പഠനമോ അല്ല മതബോധനം. അത് ബോധ്യങ്ങളിലേക്കുള്ള യാത്രയാണ്. ഏറെ ബോധ്യങ്ങളിലെക്കും ശക്തമായ നിലപാടുകളിലെക്കും കുട്ടിയെ നയിക്കുവാന്‍ മതാധ്യാപകന് കഴിയണം. എങ്കിലേ മതബോധനം ലക്‌ഷ്യം കാണൂ. മതാധ്യാപകരുടെ യോഗ്യതയും അവിടെ പ്രധാനമാണ്. സന്നദ്ധതയും, ലഭ്യതയുമാണ് ഇന്ന് പലപ്പോഴും പൊതുവായി പരിഗണിക്കപ്പെടാറുള്ള യോഗ്യതകള്‍. രണ്ടും അത്യാവശ്യവുമാണ്. എന്നാല്‍, ഇവയ്ക്ക് മുന്നില്‍ കോംപ്രമൈസ് ചെയ്യപ്പെടുന്ന ചില അപകടസാധ്യതകളും ഉണ്ട്. വ്യക്തിത്വം തന്നെ പ്രധാനം. ചില സമീപകാല അനുഭവങ്ങള്‍ നിരാശാജനകമാം വിധം ഇത്തരം കാര്യങ്ങളിലെ അപകടങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. സ്വന്തം വിശ്വാസജീവിതത്തിലൂടെ കുട്ടികള്‍ക്ക് വഴികാട്ടാന്‍ കഴിയാത്ത ഒരു മതാധ്യാപകന് ആ ഉദ്യമത്തില്‍ വിജയിക്കാന്‍ കഴിയില്ല, മാനുഷികമായി ചിന്തിച്ചാല്‍ വിജയിച്ചു എന്ന് വിലയിരുത്തപ്പെട്ടാല്‍ പോലും.
ആദ്യമായി വേദപാഠാധ്യാപകരായി വരുന്ന പെണ്‍കുട്ടികളെ ഒന്നാംക്ലാസ്സിലേക്ക് അയക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. ഏറ്റവും അപകടകരമാണീ നിലപാട്. വിശ്വാസത്തിന് അടിത്തറ കെട്ടിത്തുടങ്ങേണ്ട നാളുകളില്‍ ശരിയായും തീക്ഷ്ണമായും നയിക്കപ്പെടുക എന്നത് കുഞ്ഞുങ്ങളുടെ വിശ്വാസജീവിതത്തില്‍ അതീവ പ്രധാനമാണ്. ഇത്തരത്തില്‍ ചിന്തിച്ചാല്‍, വേണ്ടത്ര യോഗ്യതയോടെ എത്ര ശതമാനം പേര്‍ മതധ്യാപകരായിരിക്കുന്നു എന്നത് ഒരു വലിയ ചോദ്യമായി മാറുന്നു. 
സ്കൂളില്‍ എടുത്താല്‍ പൊന്താത്ത പാഠ്യഭാഗങ്ങളുമായി മല്ലടിച്ച്, ആകെപ്പാടെ ഒഴിവുകിട്ടുന്ന ഒരു ഞായറാഴ്ച്ച മറ്റൊരു പാഠ്യവിഷയംകൂടി എന്ന ചിന്തയില്‍ ദുഃഖിക്കുന്നൊരുകുട്ടി വേദപഠനം അവസാനിച്ചുകിട്ടാന്‍ കാത്തിരിക്കും എന്ന് തീര്‍ച്ച. ഈ പ്രശ്നത്തിന് ഒരു പോംവഴിയെ ഉള്ളൂ, സ്വയം പാഠപുസ്തകമാകുന്ന അധ്യാപകര്‍. അങ്ങനെയൊരു അധ്യാപകന്‍റെ മുന്നില്‍ അവര്‍ ബോധ്യങ്ങളെ തേടിപ്പിടിക്കും. വിശ്വാസത്തിന്‍റെ അടിയുറച്ച പോരാളികളായിമാറി യുവജനത്തിന് മാര്‍ഗ്ഗദീപമാവുകയും ചെയ്യും. ആത്മീയതയുടെ ലോകത്ത് അക്ഷരങ്ങളും ആശയങ്ങളുമില്ല, ബോധ്യങ്ങളും സമര്‍പ്പണങ്ങളുമേയുള്ളൂ. ഉറപ്പില്ലാത്ത വിശ്വാസത്തിനുമുന്നില്‍ ആടിയുലയുന്ന ഇന്നത്തെ യുവതയുടെ മതബോധനകാലത്ത് സംഭവിച്ചിട്ടുള്ളത് ഈ ചര്‍ച്ച ചെയ്തതില്‍ നിന്ന് വ്യത്യസ്ഥമായൊന്നാവില്ല.
     കൂടുതല്‍ സങ്കീര്‍ണ്ണമായ ഇന്നത്തെ ഈ സാഹചര്യത്തില്‍ ഒരു വര്‍ഷം കൂടി വിശ്വാസപൂര്‍ണ്ണതയ്ക്കുവേണ്ടി സമര്‍പ്പിക്കുമ്പോള്‍ നാം ഏറ്റവും കൂടുതല്‍ ഊന്നല്‍ കൊടുക്കേണ്ട വിഷയവും മേല്‍പ്പറഞ്ഞത് തന്നെയാണ്. കത്തോലിക്കാസഭയുടെ വിശ്വാസപരിശീലന കാലയളവില്‍ ബോധ്യങ്ങള്‍ തേടിയെത്തുന്ന ഓരോ കുഞ്ഞിനേയും ശക്തവും പൂര്‍ണ്ണവുമായ വിശ്വാസത്തിന്‍റെ പാതയില്‍ കൈ പിടിച്ചുനടത്തുവാന്‍ നാം കൂടുതല്‍ ശ്രദ്ധിക്കണം. മതാധ്യാപകരുടെത് മഹത്തരമായ ഒരു ദൈവവിളി തന്നെയാണെന്ന തിരിച്ചറിവില്‍, അനുയോജ്യരായ കൂടുതല്‍പേരെ മതബോധനരംഗത്തേയ്ക്ക് ആനയിക്കേണ്ടതും പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണ്. ഒന്നാംക്ലാസ് മുതല്‍ തുടങ്ങുന്ന കത്തോലിക്കാസഭയുടെ വിശ്വാസപരിശീലന ഘട്ടങ്ങളില്‍ HDC, DCC, HCC തുടങ്ങിയ ഉയര്‍ന്ന കോഴ്സുകള്‍ വരെ കൂടുതല്‍ ആത്മാര്‍ത്ഥതയോടും, വിശ്വാസാധിഷ്ഠിതമായ കാഴ്ച്ചപ്പാടുകളോടും കൂടി സമീപിക്കുവാനുള്ള പ്രചോദനം പുതിയ തലമുറകള്‍ക്ക്  നല്‍കുവാനും ഈ വിശ്വാസവര്‍ഷത്തില്‍ പ്രത്യേക ഊന്നല്‍ ആവശ്യമാണ്‌.
    കുടുംബസാഹചര്യങ്ങളും വിശ്വാസപരിശീലനവും
     ഗര്‍ഭകാലം മുതല്‍ ആരംഭിക്കുന്ന ഒരു കുഞ്ഞിന്‍റെ സ്വഭാവരൂപീകരണപ്രക്രിയയില്‍, അവന്‍റെ ജീവിതത്തിലെ വിശ്വാസത്തിനുള്ള പങ്ക് ആദ്യം മുതല്‍ തന്നെ നിര്‍ണ്ണയിക്കപ്പെടുന്നു. അവന്‍ രൂപപ്പെടുന്ന അവസരം മുതല്‍ പിറന്നുവീഴുന്നത് വരെ മാതാപിതാക്കളുടെ വിശ്വാസജീവിതവും പ്രാര്‍ത്ഥനാമനോഭാവവും കുഞ്ഞില്‍ സ്വാധീനം ചെലുത്തും. പിന്നീട് വീടിന്‍റെ ചുവരിന് പുറത്തേയ്ക്ക് അവന്‍ എത്തുന്നത് വരെ വിശ്വാസത്തിന്‍റെ ബാലപാഠങ്ങള്‍ അവന് നല്‍കേണ്ടതും കുടുംബമാണ്. മാതാപിതാക്കളുടെ മാതൃകയാണ് പരമപ്രധാനം. ഇന്ന് നമുക്കിടയില്‍ ഒഴിവാക്കപ്പെടേണ്ടതായ ഒരുപാട് നിലപാടുകള്‍ ഈ തലത്തിലുണ്ട്. ദിവ്യബലിക്കും, ഭക്താനുഷ്ഠാനങ്ങള്‍ക്കും ജീവിതത്തില്‍ പ്രഥമസ്ഥാനം നല്‍കാതിരിക്കുക,  ചെറുപ്പത്തില്‍ കുഞ്ഞുങ്ങളെ പള്ളിയില്‍ കൊണ്ടുപോകാതിരിക്കുക,  മതബോധനക്ലാസ്സുകള്‍ അത്യാവശ്യമല്ലെന്ന നിലപാട് സ്വീകരിക്കുക തുടങ്ങി ഒട്ടേറെ കുറവുകള്‍ ഇന്ന് കത്തോലിക്കാ മാതാപിതാക്കളുടെ ഇടയില്‍ പൊതുവായി കാണപ്പെടുന്നു.  
     ആധുനിക കുടുംബസാഹചര്യങ്ങളില്‍, ചെറുപ്പം മുതല്‍ മാതാപിതാക്കളും, മറ്റു കുടുംബാംഗങ്ങളും കുട്ടികളുടെ മുന്നില്‍ എടുത്തുകാണിക്കുന്ന ഒരുപാട് ലക്ഷ്യങ്ങളുണ്ട്. സാധാരണ മലയാളി കുടുംബങ്ങളില്‍ അതില്‍ ആത്മീയനേട്ടങ്ങള്‍ക്ക് എത്രത്തോളം സ്ഥാനമുണ്ടാകും എന്നത് ചിന്തിക്കാവുന്നതെയുള്ളൂ. ജീവിതവിജയത്തിലേക്കായി അടിവരയിട്ട് നല്‍കപ്പെടുന്ന ഒട്ടേറെ പരീക്ഷകളും പരീക്ഷണങ്ങളും. അവയിലെല്ലാം ഒന്നാമനായി വിജയിക്കുവാനാവശ്യമായ മനോധൈര്യവും, ഭൌതികസാഹചര്യങ്ങളും എങ്ങനെയും പകര്‍ന്നുനല്‍കുവാന്‍ നമ്മുടെ മാതാപിതാക്കള്‍ തത്രപ്പെടുന്നു. ഒന്നാമനാവുക, വിജയം നേടുക എന്നീ ഭൌതികലക്ഷ്യങ്ങള്‍ക്കപ്പുറത്തെവിടെയോ ആത്മീയനേട്ടങ്ങള്‍ പരിഗണനീയമല്ലാതെ പോകുന്നു. ഇത്തരത്തില്‍ കുടുംബസാഹചര്യങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന അശ്രദ്ധാമനോഭാവം കുഞ്ഞുങ്ങളുടെ ആത്മീയ നേട്ടങ്ങള്‍ക്കുമുന്നില്‍ വിലങ്ങുതടിയാകുന്നു. 
     കത്തോലിക്കാസഭയുടെ വിശ്വാസപരിശീലനം ലക്‌ഷ്യം വയ്ക്കുന്നത് ഒരു വ്യക്തിയുടെ വിശ്വാസപൂര്‍ണ്ണതയെ തന്നെയാണെന്നിരിക്കെ, കത്തോലിക്കാ കുടുംബസാഹചര്യങ്ങളെ സംബന്ധിച്ച പോരായ്മകളും ഈ അവസരത്തില്‍ പരിഗണനീയമാണ്. കുഞ്ഞുങ്ങളുടെ ആത്മീയകാഴ്ച്ചപ്പാടുകളും അതിന്‍റെ വ്യത്യസ്ഥ തലങ്ങളും സംബന്ധിച്ച വ്യക്തമായ ആശയവിനിമയം എല്ലാ സഭാംഗങ്ങളുമായും വളര്‍ത്തിയെടുക്കാന്‍ കഴിയണം. ഇത്തരത്തില്‍, മതബോധനത്തെ സംബന്ധിച്ച വ്യക്തമായുള്ള കാഴ്ച്ചപ്പാട് കുടുംബതലത്തില്‍ സ്വായത്തമാക്കാന്‍ കഴിഞ്ഞെങ്കിലേ വിശ്വാസപരിശീലനം പൂര്‍ണ്ണതയിലെത്തൂ.
     വിശ്വാസപരിശീലനം- മാനസികവും വ്യക്തിപരവുമായ തലത്തില്‍
      ഏറെ കലുഷിതമായ സാമൂഹിക സാഹചര്യത്തിലാണ് ഇന്ന് കുട്ടികള്‍ വളരുന്നത്‌. പ്രായത്തിനനുസരിച്ച് പക്വമെന്ന് അവകാശപ്പെടാനാവാത്ത മാനസികനിലവാരമാണ് പലപ്പോഴും കുഞ്ഞുങ്ങളില്‍ തിരിച്ചറിയാനാവുന്നത്. ഭൌതിക നേട്ടങ്ങള്‍ക്ക്‌ അസാമാന്യമാംവിധം മുന്‍ഗണന കൊടുക്കുന്നുണ്ടെങ്കില്‍പോലും വ്യക്തമായ ലക്ഷ്യബോധത്തിന്‍റെ അഭാവവും അവരില്‍ കണ്ടെത്താന്‍ കഴിയും. കൌമാരത്തിന്‍റെ വിവിധ ഘട്ടങ്ങളിലുള്ള കുട്ടികളില്‍ ഈ വൈരുധ്യം എളുപ്പം തിരിച്ചറിയാം. ഇത്തരമൊരു അവസ്ഥയിലേക്ക് അവരെ കൊണ്ടെത്തിക്കുന്നതിന് പ്രധാനകാരണം ദൈവാശ്രയബോധത്തിന്റെയും ആത്മീയബോധ്യങ്ങളുടെയും അഭാവമാണ്. 
     കുടുംബവും സമൂഹവും പകര്‍ന്നുനല്‍കുന്ന ഭൌതികലക്ഷ്യങ്ങളിലൂന്നിയതും അപക്വവുമായ ജീവിതകാഴ്ച്ചപ്പാടുകള്‍ മാനസികമായി ആത്മീയബോധ്യങ്ങളില്‍നിന്ന് അവരെ അകറ്റിനിര്‍ത്തുന്നു. ഈ അവസരത്തില്‍, മതബോധന കാലയളവില്‍ അവര്‍ക്ക് ലഭിക്കേണ്ടത് ശരിയായ ജീവിതകാഴ്ച്ചപ്പാടുകള്‍ കൂടിയാണെന്നത് നാം തിരിച്ചറിയേണ്ടതുണ്ട്. ഓരോ കുഞ്ഞിനും ഒരു ദൈവവിളിയുണ്ടെന്നും, അത് തിരിച്ചറിയുവാനായി പ്രാര്‍ത്ഥനാപൂര്‍വ്വമായ ജീവിതവീക്ഷണം സ്വായത്തമാക്കണമെന്നുമുള്ള അടിസ്ഥാനപാഠത്തിന് കൂടുതല്‍ ഊന്നല്‍ കൊടുക്കുവാന്‍ ഈ വിശ്വാസവര്‍ഷത്തില്‍ പ്രത്യേക പരിശ്രമങ്ങള്‍ ആവശ്യമാണ്‌. 
     തനിക്ക് അനുയോജ്യമല്ലാത്ത ജീവിതമേഖലകളിലേക്കും പഠനസാഹചര്യങ്ങളിലേക്കും ചെന്നെത്താവുന്ന വിധത്തിലുള്ള അപക്വമായ കാഴ്ച്ചപ്പാടുകളെ തിരിച്ചറിയാനുള്ള പരിശീലനവും വിശ്വാസത്തിന്‍റെ വെളിച്ചത്തില്‍ ഓരോ കുട്ടിക്കും ലഭിക്കേണ്ടതുണ്ട്. മാനസികമായി പക്വതയും, വ്യക്തിപൂര്‍ണ്ണതയുമുള്ള ഒരു നല്ല തലമുറയ്ക്കായി പ്രത്യേകം പരിശ്രമിക്കുവാനും ഈ വിശ്വാസവര്‍ഷം നമുക്കാവും. 
     സാങ്കേതികതയുടെയും, ആധുനിക സൌഹൃദസങ്കേതങ്ങളുടെയും അതിപ്രസരം കുട്ടികളില്‍ ശക്തമായ സ്വാധീനം ചെലുത്തുന്നുണ്ട്. സാമൂഹികമായ ഇത്തരം മാറ്റങ്ങള്‍ പക്വതയോടെ സ്വീകരിക്കാത്തപക്ഷം ഏറെ ദോഷഫലങ്ങള്‍ വ്യക്തിതലത്തിലും വിശ്വാസതലത്തിലും കുട്ടികളില്‍ ഉളവാകുന്നതായി കാണാം. ആഗോളസംസ്കാരങ്ങളുടെയും, കാഴ്ച്ചപ്പാടുകളുടെയും തെറ്റായ അനുകരണവും സ്വാധീനവും വിശ്വാസത്തില്‍നിന്നും, ലക്ഷ്യബോധത്തില്‍നിന്നും വലിയൊരു ശതമാനം കുഞ്ഞുങ്ങളെ അകറ്റുന്നു. തൊഴില്‍, വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി അന്യനാടുകളിലേയ്ക്കുള്ള കുടിയേറ്റവും, അതുവഴിയുള്ള സാമൂഹിക സാഹചര്യങ്ങളുടെ മാറ്റവും ഇത്തരത്തില്‍ തിന്മയിലേക്ക് അവരെ നയിക്കാന്‍ കാരണമാകുന്നു. ഒരുപക്ഷെ, ഇപ്പോഴത്തെ ഇളംതലമുറകള്‍ക്കും ഭാവിയില്‍ വലിയ ഭീഷണി ആയേക്കാവുന്ന അവസ്ഥയാണ് ഇന്ന് നമ്മുടെ കണ്മുന്നിലുള്ളത്. സങ്കീര്‍ണ്ണങ്ങളായ ഇത്തരം പ്രശ്നങ്ങളെ അതിജീവിക്കുന്നതിന് ഒരേയൊരു മാര്‍ഗ്ഗം ശരിയായ ദിശയിലുള്ള വിശ്വാസപരിശീലനമാണ്. ശക്തമായ വിശ്വാസത്തിന്‍റെയും ദൈവാശ്രയബോധത്തിന്‍റെയും പിന്തുണയുള്ള ക്രിസ്തീയവ്യക്തിത്വങ്ങളാക്കി ഓരോ കുട്ടിയേയും മാറ്റുക എന്നത് ഈ സാഹചര്യത്തില്‍ സഭയുടെ പരമപ്രധാന ദൌത്യം തന്നെയാണ്. 
     ഉപസംഹാരം
     വിപ്ലവസംഘടനകളുടെയും, പ്രോട്ടസ്റ്റന്‍റ് സഭകളുടെയും തുടങ്ങി അനവധി ആശയങ്ങളും, ആധുനിക ജീവിതസാഹചര്യങ്ങളും വരെ വിശ്വാസജീവിതത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന കാലമാണിത്. ഇത്തരം സ്വാധീനങ്ങളെ അതിജീവിക്കുന്നതിനുള്ള വിശ്വാസതീക്ഷ്ണത കുഞ്ഞുങ്ങള്‍ക്ക്‌ പകര്‍ന്നുനല്‍കുന്നതിനുള്ള ചുമതല സഭയ്ക്കുണ്ട്. ലോകം നല്‍കുന്ന സങ്കീര്‍ണ്ണ പ്രതിസന്ധികള്‍ക്ക് ശാശ്വതമായ പരിഹാരം യഥാര്‍ത്ഥവിശ്വാസം തന്നെയാണെന്ന ബോധ്യമാണ് ഒരു ക്രൈസ്തവന് പ്രധാനമായി വേണ്ടത്. ഉറച്ച ദൈവാശ്രയബോധവും, ആഴമുള്ള പ്രാര്‍ത്ഥനാജീവിതവും ജീവിതവിജയത്തിന്‍റെ അടിസ്ഥാനശിലകളാണ്. വ്യക്തിയുടെയും, കുടുംബത്തിന്‍റെയും, സമൂഹത്തിന്‍റെയും വ്യത്യസ്ഥ തലങ്ങളില്‍ ശക്തമായ ബോധ്യങ്ങള്‍ പകരുന്നതോടൊപ്പം, മാതൃക നല്‍കി അവരെ നയിക്കുവാനും നല്ലൊരു സമൂഹം വിശ്വാസപരിശീലനരംഗത്ത് നിലനില്‍ക്കുവാനും ഈ വിശ്വാസവര്‍ഷത്തില്‍ നമുക്ക് പരിശ്രമിക്കാം. 

തെറ്റായ വഴിയെ നയിക്കപ്പെടുന്നവര്‍

കത്തോലിക്കാസഭയില്‍ കരിസ്മാറ്റിക് നവീകരണത്തിന് ആദ്യമായി ആഹ്വാനം നല്‍കിയത് രണ്ടാം വത്തിക്കാന്‍ കൌണ്‍സില്‍ ആണ്. ആദിമസഭയിലെ ദൈവാനുഭവത്തിന്റെയും ആത്മീയ തീക്ഷ്ണതയുടെയും സത്ഫലങ്ങള്‍ ആധുനിക കാലഘട്ടത്തിലെ വിശ്വാസികള്‍ക്ക് സംലഭ്യമാവുക എന്നതായിരുന്നു ആ ഉദ്യമത്തിന് പിന്നിലെ പ്രേരകം. അത് പൂര്‍ണ്ണ വിജയം കണ്ടു എന്നുതന്നെ പറയാം. പരിശുദ്ധാത്മാവിന്‍റെ വരങ്ങളും, ജ്ഞാനവും തീക്ഷ്ണമായ പ്രാര്‍ത്ഥനയിലൂടെയും, കൂട്ടായ്മയിലൂടെയും സാധാരണ വിശ്വാസികള്‍ക്ക് ധാരാളമായി ലഭിച്ചു. കൂടുതല്‍ പേരിലേക്ക് ഈ സത്ഫലങ്ങളും, ജീവിതശൈലിയും, ഉറച്ച വിശ്വാസവും പകരുന്നതിനായി കരിസ്മാറ്റിക് മുന്നേറ്റങ്ങള്‍ ശക്തിപ്രാപിച്ചു. കേരളസഭയില്‍ ഇത്തരം നേതൃത്വങ്ങള്‍ വളരെ വ്യക്തമായ മാറ്റങ്ങള്‍ സൃഷ്ടിക്കുകയുണ്ടായി. 1986ല്‍ പോട്ടയിലെ വിന്‍സെന്‍ഷ്യന്‍ ആശ്രമത്തിന്‍റെ നേതൃത്വത്തില്‍ ആരംഭം കുറിച്ച് പിന്നീട്‌ വളരെ ശ്രദ്ധ നേടിയ ഡിവൈന്‍ ധ്യാനകേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ കരിസ്മാറ്റിക് നവീകരണ മുന്നേറ്റത്തില്‍ സ്തുത്യര്‍ഹമായ പങ്ക് വഹിച്ചു. 
     ഒട്ടേറെ മാനസാന്തരങ്ങള്‍ക്കും, രോഗസൗഖ്യങ്ങള്‍ക്കും, ജീവിത പരിവര്‍ത്തനങ്ങള്‍ക്കും ഇടയാക്കിയ കരിസ്മാറ്റിക് നവീകരണത്തിന്റെ ഉജ്ജ്വലമായ കാല്‍ നൂറ്റാണ്ട് കേരളസഭയിലും വിശ്വാസികളിലും ഒട്ടേറെമാറ്റങ്ങള്‍ക്കു കാരണമായി. ആരംഭത്തില്‍ ഒറ്റപ്പെട്ട നേതൃത്വങ്ങളും, വിരലിലെണ്ണാവുന്ന പ്രഘോഷകരും മാത്രമായിരുന്നുവെങ്കില്‍, ഇന്ന് എണ്ണമറ്റ സ്ഥാപനങ്ങളും അസംഖ്യം പ്രഘോഷകരും നമുക്ക് ഈ മേഖലയിലുണ്ട്. കാലം ആധുനിക ലോകത്തില്‍ വരുത്തിയിരിക്കുന്ന മാറ്റങ്ങള്‍ കരിസ്മാറ്റിക് - വിശ്വാസ പ്രഘോഷണ മേഖലകളിലും ഏറെ പുരോഗമനങ്ങള്‍ക്ക് കാരണമായിരിക്കുന്നു. ഒട്ടേറെ പ്രസിദ്ധീകരണങ്ങള്‍ക്ക് പുറമേ ടെലിവിഷന്‍ ചാനലുകള്‍, വെബ്സൈറ്റുകള്‍ തുടങ്ങിയ ആധുനിക സങ്കേതങ്ങളും രംഗപ്രവേശം ചെയ്തതോടെ ഇന്നത്തെ വചനപ്രഘോഷണത്തിന്‍റെ മുഖച്ഛായ തന്നെ മാറിയിരിക്കുന്നു. ഇത്തരത്തില്‍ സുശക്തമായിത്തന്നെ വിശ്വാസിസമൂഹത്തില്‍ ഇടപെടുവാന്‍ പ്രഘോഷകര്‍ക്ക് കഴിയുന്നുമുണ്ട്.
     കരിസ്മാറ്റിക് നവീകരണത്തിന്റെ ആദ്യ കാലഘട്ടങ്ങളില്‍ ധ്യാനങ്ങളിലൂടെയും, പ്രാര്‍ത്ഥനാ കൂട്ടായ്മകളിലൂടെയും മാത്രം നിലനിര്‍ത്തപ്പെട്ടിരുന്ന സമൂഹങ്ങളുടെ വിശ്വാസതീക്ഷ്ണത  ഇന്ന് ആധുനിക ഇടപെടലുകളിലൂടെ കൂടുതല്‍ സങ്കീര്‍ണ്ണമായിരിക്കുന്നു. വ്യത്യസ്ഥമായ ശൈലികളിലൂടെയും വിഭിന്നമായ ആശയങ്ങളിലൂടെയും തനതായ രീതികളില്‍ പ്രവര്‍ത്തിക്കുകയും, പ്രഘോഷിക്കുകയും ചെയ്യുന്ന  അനവധി നേതൃത്വങ്ങളാണ് ഇന്നുള്ളത്. പ്രഘോഷണം ആധുനിക യുഗത്തിലേക്ക് കടന്നതോടെ മാധ്യമങ്ങള്‍ക്കും സാങ്കേതിക വിദ്യകള്‍ക്കുമായി ധാരാളം പണം ആവശ്യമായി വരുന്നുണ്ട്. പ്രസിദ്ധീകരണങ്ങള്‍ക്ക് അതില്‍ത്തന്നെ വരുമാന സാധ്യതകള്‍ ഉണ്ടെങ്കില്‍, എത്രയോ മടങ്ങ്‌ അധികം പണചെലവുള്ള ടെലിവിഷന്‍ ചാനലുകള്‍ മിക്കവാറും സൗജന്യസേവനമാണ്. ഇന്ന് ഒരു ടെലിവിഷന്‍ ചാനല്‍ വിജയകരമായി പ്രവര്‍ത്തിക്കണമെങ്കില്‍ പ്രതിമാസം ഒരു കോടി രൂപയോളം ചെലവുണ്ട്. ഭീമമായ മൂലധനവും ഉപകരണങ്ങളുടെ ചെലവുകളും വേറെ. ഇത്തരത്തില്‍ വലിയ സാമ്പത്തിക ബാധ്യതകളും ചില മുന്‍നിര പ്രസ്ഥാനങ്ങളുടെ നിലനില്‍പ്പിന്റെ ഭാഗമായി മാറിയിരിക്കുന്നത് ഒരുതരത്തില്‍ പറഞ്ഞാല്‍ ഒരു വെല്ലുവിളി തന്നെയാണ്. അതോടൊപ്പം, പൂര്‍ണ്ണ അര്‍ത്ഥത്തിലുള്ള ശുശ്രൂഷകര്‍ക്ക് പുറമേ കഴിവുറ്റ പ്രൊഫഷനലുകളും മറ്റു തൊഴിലാളികളും ഈ രംഗത്ത് ഏറെ ആവശ്യമായി വരുന്നതിനാല്‍ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു. മാനുഷികമായ കണക്കുകൂട്ടലുകള്‍ ഈ രംഗത്ത് കൂടുതലായി വേണ്ടിവരുന്നു എന്നര്‍ത്ഥം. കൂടാതെ, ഏറെപ്പേര്‍ പ്രഘോഷണത്തിനായി മുന്നോട്ടു വന്നിരിക്കുന്നതിനാലും, ഡസന്‍ കണക്കിന് ധ്യാനകേന്ദ്രങ്ങളും മറ്റും നിലനില്‍ക്കുന്നതിനാലും മാനുഷികമായൊരു മാത്സര്യസ്വഭാവം ചിലപ്പോഴെങ്കിലും ദര്‍ശിക്കാവുന്നതാണ്.
      മാധ്യമരംഗത്ത് ശക്തമായ മുദ്ര പതിപ്പിച്ചിരിക്കുന്ന ശാലോം മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ശാലോം ടെലിവിഷന്‍ ആരംഭിച്ചിട്ട് എട്ടു വര്‍ഷം കഴിഞ്ഞിരിക്കുന്നു.  ഒന്നുമില്ലായ്മയില്‍നിന്ന് ഉയര്‍ന്നുവന്നു തീക്ഷ്ണതയോടെ നിലനില്‍ക്കുന്ന ശാലോം ടെലിവിഷന്‍ അടുത്തകാലത്തായി ചില വെല്ലുവിളികളെ നേരിടുന്നതായി സൂചനയുണ്ട്. സമാന മേഖലയില്‍ തന്നെ ഉയര്‍ന്നുവന്നിട്ടുള്ള പ്രസ്ഥാനങ്ങളുടെ മാത്സര്യബുദ്ധിയും, പ്രചാരണങ്ങളും ചില ഘട്ടങ്ങളില്‍ ശലോമിന് തിരിച്ചടിയാകുന്നതായി കാണുന്നുണ്ട്.
     മാനുഷികമായി ചിന്തിച്ചാല്‍ പ്രസ്ഥാനങ്ങളുടെയും, സംരംഭങ്ങളുടെയും നിലനില്‍പ്പിന് അടിസ്ഥാനമായി കാണാവുന്ന സാമ്പത്തിക ഭദ്രത എന്ന ഘടകത്തിന് ആത്മീയ കാഴ്ചപ്പാടില്‍ വലിയ സ്ഥാനമില്ല. ആത്മീയ മേഖലയിലെ ഇടപെടലുകളുടെയും, നിലനില്‍പ്പിന്റെയും അടിസ്ഥാനം ദൈവപരിപാലനയാണെന്ന വലിയ സത്യം തന്നെയാണ് കാരണം. ആത്മീയമായി ചിന്തിക്കാന്‍ തുടങ്ങുന്ന ഏതൊരു വ്യക്തിയുടെയും തിരിച്ചറിവുകളില്‍പെടുന്നതാണ് ഇത്. പക്ഷെ, കരിസ്മാറ്റിക് നവീകരണത്തിന് ചുക്കാന്‍ പിടിക്കുന്നു എന്ന് അവകാശപ്പെടുന്ന നേതൃത്വങ്ങള്‍ മറിച്ചുള്ള മാതൃക നല്‍കിയാല്‍ അവരെ ഉറ്റുനോക്കുന്ന വിശ്വാസിസമൂഹങ്ങള്‍ തെറ്റായ വഴിയെ നയിക്കപ്പെടുമെന്ന് തീര്‍ച്ച.
     അടുത്ത നാളുകളില്‍ കേരളത്തിലെ ഒരു പ്രധാനപ്പെട്ട ധ്യാനകേന്ദ്രത്തിന്‍റെ നേതൃത്വത്തില്‍ ഇംഗ്ലണ്ടില്‍ വച്ച് നടന്ന ഒരു കരിസ്മാറ്റിക്  കണ്‍വെന്‍ഷനെക്കുറിച്ച് കേട്ടിരുന്നു. ആര്‍ഭാടപൂര്‍ണ്ണമായൊരു റിസോര്‍ട്ടില്‍വച്ച് ആളൊന്നിന് 12500ഓളം ഇന്ത്യന്‍ രൂപ ഫീസ്‌ വാങ്ങിയാണ് രണ്ടു ദിവസത്തെ ആ കണ്‍വെന്‍ഷന്‍ നടത്തപ്പെട്ടതത്രേ. അത് നേരിട്ട് കാണാനിടയായ ഒരു വൈദികന്‍ തന്നെ ആ വിവരം പങ്കുവച്ചപ്പോള്‍ ഏറെ അപാകതകള്‍ അദ്ദേഹം ചൂണ്ടിക്കാണിക്കുകയുണ്ടായി. പുതുതായി ആരംഭിച്ച തങ്ങളുടെ ടെലിവിഷന്‍ ചാനലിനെ പ്രമോട്ട് ചെയ്യുകയായിരുന്നത്രേ ആ കണ്‍വെന്‍ഷന്‍റെ പ്രധാന അജന്‍ഡ! വെറുതെ ടിവി ഓണ്‍ ചെയ്ത് പ്രസ്തുത ചാനല്‍ വച്ചിരിക്കയാല്‍ ലഭിച്ച അനുഗ്രഹങ്ങളും, വയ്ക്കാതെ പോയതിനാല്‍ സംഭവിച്ച നഷ്ടങ്ങളുമടക്കം ഏറെ അനുഭവവിവരണങ്ങള്‍ അതുസംബന്ധിച്ച് കേള്‍ക്കുകയുണ്ടായി എന്നും അദ്ദേഹം പറഞ്ഞു.
      ഈ രീതിയിലുള്ള പ്രവര്‍ത്തനങ്ങളും, പ്രചാരണങ്ങളും കൊണ്ട് ആവശ്യത്തിലധികം പണവും, പ്രചാരവും നേടിയെടുക്കാന്‍ കഴിഞ്ഞേക്കാം. പക്ഷെ, മഹത്തായ കരിസ്മാറ്റിക് നവീകരണ രംഗത്ത് അപചയം സംഭവിക്കുകയും, വിശ്വാസികള്‍ കൂട്ടത്തോടെ തെറ്റിദ്ധരിക്കപ്പെടുകയും, അബദ്ധധാരണകളില്‍ നിപതിച്ച് ആത്മീയാന്ധരായി മാറുകയുമാണ് ചെയ്യുന്നതെന്ന് അവര്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു.
     ഇടവകകളുടെയും, സംഘടനകളുടെയും, സഭാസ്ഥാപനങ്ങളുടെയും പേരിലാണെങ്കില്‍പോലും ഭൌതികസ്വത്ത് സമ്പാദനത്തിനായി ഇത്തരം മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നതും ഇന്ന് പതിവാണ്. അതാതു കാലഘട്ടങ്ങളില്‍ ഏറ്റവും ജനപ്രീതിയുള്ള പ്രഘോഷകരെ ഉപയോഗിച്ച് വിപുലമായ കണ്‍വെന്‍ഷനുകള്‍ നടത്തി വലിയരീതിയില്‍ ധനസമാഹരണം നടത്തുന്നത് സാധാരണം. അത്, ധാരാളം സ്വത്തുള്ള പള്ളികള്‍ക്ക് കൂടുതല്‍ വാങ്ങിക്കൂട്ടാനും, ഓഡിറ്റോറിയം പുതുക്കി പണിയാനുമൊക്കെയാകുമ്പോള്‍ തീര്‍ച്ചയായും അപലപനീയമാണ്. ഇത്തരം പ്രവൃത്തികള്‍ ഒരു വിഭാഗം വിശ്വാസികളിലും, പുറത്തുള്ളവരിലും അതൃപ്തി ഉളവാക്കാനിടയാക്കുന്നു. ഇത്തരത്തില്‍, ഏറെ പരിണിതഫലങ്ങള്‍ക്കിടയിലും, അതിനും മേലെ നാം ചിന്തിക്കേണ്ട മറ്റൊന്നുണ്ട്. കരിസ്മാറ്റിക് നവീകരണത്തെ മുന്‍നിര്‍ത്തി തെറ്റായി നയിക്കപ്പെടുന്ന ഒരു വിഭാഗം വിശ്വാസികള്‍... ഭൌതികകാര്യസാധ്യപ്രധാനമായ, മായം കലര്‍ന്ന ആത്മീയ കാഴ്ചപ്പാടുകളുടെ വക്താക്കളായി അവര്‍ മാറുന്നു. അതുപോലെതന്നെ, മറ്റൊരു വിഭാഗം മാനസികമായി വിശ്വാസജീവിതത്തില്‍നിന്നും ആത്മീയബോധ്യങ്ങളില്‍നിന്നും അകലുന്നു.
      ഓരോ വിശ്വാസികളും തങ്ങളുടെ ബോധ്യങ്ങളുടെ പിന്‍ബലത്തില്‍ ഉറച്ച ആത്മീയ കാഴ്ചപ്പാടുകളിലേക്കും, അതിന്‍റെ വെളിച്ചത്തില്‍ കളങ്കമില്ലാത്ത ക്രിസ്തീയ ജീവിതശൈലിയിലേക്കും എത്തിച്ചേരേണ്ടതുണ്ട്. ഈ സമൂഹത്തിന്‍റെ ആത്മീയ മേഖലയില്‍ പോലും കണ്ടെത്താന്‍ കഴിയുന്ന ദുര്‍മാതൃകകളെ തിരിച്ചറിയാനും പ്രതിരോധിക്കാനുമുള്ള കൃപാവരവും ജ്ഞാനവും നാമോരോരുത്തരും പ്രാര്‍ത്ഥനയിലൂടെ നേടേണ്ടിയിരിക്കുന്നു. കരിസ്മാറ്റിക് മേഖലയിലെ ഇത്തരം ദുഷ്പ്രവണതകളെ ഫലപ്രദമായി ചെറുക്കുവാനും തിരുത്തുവാനും കെസിബിസി യുടെ കീഴില്‍ കരിസ്മാറ്റിക് മുന്നേറ്റത്തിന്റെ മേല്‍നോട്ടത്തിനായി രൂപംകൊണ്ട കേരളാ സര്‍വീസ് ടീം (KST) കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. സഭാംഗങ്ങളുടെ കൂട്ടായ പ്രാര്‍ത്ഥനയും പ്രവര്‍ത്തനങ്ങളും കാര്യക്ഷമമായ നേതൃത്വവും, മാര്‍ഗ്ഗനിര്‍ദ്ദേശവും ഉണ്ടെങ്കിലേ ഈ പ്രതിസന്ധിഘട്ടത്തെ അതിജീവിക്കാന്‍ കേരളസഭക്ക് കഴിയൂ.

Sunday, August 19, 2012

യുവത്വത്തിന് ഇവിടെ സംഭവിക്കുന്നത്....

 ഇന്നത്തെ സാമൂഹികപശ്ചാത്തലത്തില്‍ കൂടുതല്‍ ഗൌരവമായി ചര്‍ച്ചചെയ്യപ്പെടേണ്ട ഒരു വിഷയമാണ് 'കത്തോലിക്ക യുവത്ത്വത്തിന്‍റെ ദിശാബോധം'. ഒരുപക്ഷേ, ഈ സമൂഹത്തില്‍ പ്രതിബിംബിച്ച ഒട്ടേറെ ലക്ഷണങ്ങളെയും കാലങ്ങളായി അവഗണിച്ച നാം ഇന്ന് കൂടുതല്‍ ബോധ്യത്തോടെ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. വിശ്വാസരാഹിത്യം, ജീവിതപരാജയം, കുടുംബത്തകര്‍ച്ചകള്‍ തുടങ്ങി ഒട്ടേറെ വെല്ലുവിളികളിലൂടെ നീങ്ങിക്കൊണ്ടിരിക്കുന്ന കത്തോലിക്കായുവത്വം തന്നെയാണ് ഇന്നൊരുപക്ഷെ സഭയുടെയും പ്രധാന വെല്ലുവിളി. അനവധി നിരീശ്വര, ഭൌതികവാദ പ്രസ്ഥാനങ്ങളുടെയും, ധാര്‍മ്മിക, സാമൂഹിക വിധ്വംസക പ്രവര്‍ത്തനങ്ങളുടെയും വരെ പങ്കാളികളായി തള്ളിക്കളയാനാവാത്തൊരു ശതമാനം യുവജനങ്ങള്‍ ഈ സമൂഹത്തില്‍ പ്രത്യക്ഷപ്പെടുന്നു. ഏതെങ്കിലും ഒരുതലത്തില്‍ മാത്രം നിന്നുകൊണ്ട് വിലയിരുത്താനാവാത്തത്ര സങ്കീര്‍ണ്ണമായൊരു മാറ്റത്തെ അഭിമുഖീകരിക്കുകയാണ് യുവതലമുറകള്‍. സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്റെയും കൂട്ടുത്തരവാദിത്തത്തില്‍നിന്ന് അകന്ന്‍ സ്വാശ്രയദ്വീപുകളായി മാറ്റപ്പെടുന്ന ആഗോള പ്രതിഭാസത്തിന് നേതൃത്വം വഹിക്കുകയാണോ നമ്മുടെ യുവജനങ്ങള്‍ ഇവിടെ? യുവത്വത്തിന് സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളുടെ ഒരു വിശകലനമാണിവിടെ.

1. വിശ്വാസം - മതബോധനം

  ഗര്‍ഭകാലം മുതല്‍ തുടങ്ങുന്ന ഒരു കുഞ്ഞിന്‍റെ സ്വഭാവ രൂപീകരണവേളയില്‍ തന്നെ വിശ്വാസത്തിന് അവന്‍റെ ജീവിതത്തിലുള്ള പങ്കും നിര്‍ണ്ണയിക്കപ്പെട്ട് തുടങ്ങുന്നു. അവന്‍ രൂപപ്പെടുന്ന അവസരം മുതല്‍ പിറന്നുവീഴുന്നത് വരെ മാതാപിതാക്കളുടെ വിശ്വാസജീവിതവും പ്രാര്‍ത്ഥനാ മനോഭാവവും കുഞ്ഞില്‍ സ്വാധീനം ചെലുത്തുന്നു. പിന്നീടും, വീടിന്‍റെ ചുവരുകള്‍ക്ക്‌ പുറത്ത് അവനെത്തുവോളം വിശ്വാസത്തിന്‍റെ ബാലപാഠം അവനു നല്‍കേണ്ടതും കുടുംബമാണ്. മാതാപിതാക്കളുടെ മാതൃകയാണ് ഇവിടെ പരമ പ്രധാനം. നമുക്കിടയില്‍ ഇന്ന് ഒഴിവാക്കപ്പെടേണ്ട ഒരുപാട് നിലപാടുകള്‍ ഈ മാതൃകയുടെ തലത്തില്‍ ഉണ്ട്. ദിവ്യബലിക്കും ഭക്താനുഷ്ടാനങ്ങള്‍ക്കും ജീവിതത്തില്‍ ഒന്നാംസ്ഥാനം നല്‍കാതിരിക്കുക, ചെറുപ്പത്തില്‍ കുഞ്ഞുങ്ങളെ പള്ളിയില്‍ കൊണ്ടുപോകാതിരിക്കുക, മതബോധനക്ലാസ്സുകള്‍ അത്യാവശ്യമല്ലെന്ന നിലപാട് സ്വീകരിക്കുക തുടങ്ങി ഒട്ടേറെ കുറവുകള്‍ ഇന്ന് കത്തോലിക്കാ മാതാപിതാക്കള്‍ക്കിടയില്‍ പൊതുവായി കാണപ്പെടുന്നു. 
  രണ്ടാമത്തെ ഘട്ടമാണ് ആര്‍ജ്ജിതമതബോധനം. കെട്ടുറപ്പുള്ള ചട്ടക്കൂടോടുകൂടിയ മതബോധനസമ്പ്രദായം ഇന്ന് കേരള കത്തോലിക്കാസഭക്ക് ഉണ്ട്. പക്വമായ സിലബസുകളും നിലപാടുകളുമുണ്ട്. എന്നാല്‍, കേരളത്തിലെ മറ്റേതൊരു വിദ്യാഭ്യാസരീതിയും പോലെ പലപ്പോഴും അത് പുസ്തകത്തില്‍ ഒതുങ്ങിപ്പോകുന്നു എന്നത് പ്രസ്താവ്യമാണ്. പുസ്തകപഠനമോ തിയറിപഠനമോ അല്ല മതബോധനം. അത് ബോധ്യങ്ങളിലെക്കുള്ള യാത്രയാണ്. ശക്തമായ ബോധ്യങ്ങളിലെക്കും, വ്യക്തമായ നിലപാടുകളിലെക്കും കുട്ടിയെ നയിക്കുവാന്‍ മതാധ്യാപകന് കഴിയണം. എങ്കിലേ മതബോധന സമ്പ്രദായം ലക്ഷ്യം കാണൂ. മതാധ്യാപകരുടെ യോഗ്യതയും പ്രധാനമാണ്. സന്നദ്ധതയും, ലഭ്യതയുമാണ് ഇന്ന് പലപ്പോഴും പൊതുവായി പരിഗണിക്കപ്പെടാറുള്ള യോഗ്യതകള്‍. രണ്ടും അത്യാവശ്യവുമാണ്. എന്നാല്‍, ഇവയ്ക്ക് മുന്നില്‍ കോംപ്രമൈസ് ചെയ്യപ്പെടുന്ന ചില അപകടസാധ്യതകളും ഉണ്ട്. വ്യക്തിത്വം തന്നെ പ്രധാനം. ചില സമീപകാല അനുഭവങ്ങള്‍ നിരാശാജനകമാം വിധം ഇത്തരം കാര്യങ്ങളിലെ അപകടങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. സ്വന്തം വിശ്വാസജീവിതത്തിലൂടെ കുട്ടികള്‍ക്ക് വഴികാട്ടാന്‍ കഴിയാത്ത ഒരു മതാധ്യാപകന് ആ ഉദ്യമത്തില്‍ വിജയിക്കാന്‍ കഴിയില്ല, മാനുഷികമായി ചിന്തിച്ചാല്‍ വിജയിച്ചു എന്ന് വിലയിരുത്തപ്പെട്ടാല്‍ പോലും.
ആദ്യമായി വേദപാഠാധ്യാപകരായി വരുന്ന പെണ്‍കുട്ടികളെ ഒന്നാംക്ലാസ്സിലേക്ക് അയക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. ഏറ്റവും അപകടകരമാണീ നിലപാട്. വിശ്വാസത്തിന് അടിത്തറ കെട്ടിത്തുടങ്ങേണ്ട നാളുകളില്‍ ശരിയായും തീക്ഷ്ണമായും നയിക്കപ്പെടുക എന്നത് കുഞ്ഞുങ്ങളുടെ വിശ്വാസജീവിതത്തില്‍ അതീവ പ്രധാനമാണ്. ഇത്തരത്തില്‍ ചിന്തിച്ചാല്‍, വേണ്ടത്ര യോഗ്യതയോടെ എത്ര ശതമാനം പേര്‍ മതധ്യാപകരായിരിക്കുന്നു എന്നത് ഒരു വലിയ ചോദ്യമായി മാറുന്നു. 
സ്കൂളില്‍ എടുത്താല്‍ പൊന്താത്ത പാഠ്യഭാഗങ്ങളുമായി മല്ലടിച്ച്, ആകെപ്പാടെ ഒഴിവുകിട്ടുന്ന ഒരു ഞായറാഴ്ച്ച മറ്റൊരു പാഠ്യവിഷയംകൂടി എന്ന ചിന്തയില്‍ ദുഃഖിക്കുന്നൊരുകുട്ടി വേദപഠനം അവസാനിച്ചുകിട്ടാന്‍ കാത്തിരിക്കും എന്ന് തീര്‍ച്ച. ഈ പ്രശ്നത്തിന് ഒരു പോംവഴിയെ ഉള്ളൂ, സ്വയം പാഠപുസ്തകമാകുന്ന അധ്യാപകര്‍. അങ്ങനെയൊരു അധ്യാപകന്‍റെ മുന്നില്‍ അവര്‍ ബോധ്യങ്ങളെ തേടിപ്പിടിക്കും. വിശ്വാസത്തിന്‍റെ അടിയുറച്ച പോരാളികളായിമാറി യുവജനത്തിന് മാര്‍ഗ്ഗദീപമാവുകയും ചെയ്യും. ആത്മീയതയുടെ ലോകത്ത് അക്ഷരങ്ങളും ആശയങ്ങളുമില്ല, ബോധ്യങ്ങളും സമര്‍പ്പണങ്ങളുമേയുള്ളൂ. ഉറപ്പില്ലാത്ത വിശ്വാസത്തിനുമുന്നില്‍ ആടിയുലയുന്ന ഇന്നത്തെ യുവതയുടെ മതബോധനകാലത്ത് സംഭവിച്ചിട്ടുള്ളത് ഈ ചര്‍ച്ച ചെയ്തതില്‍ നിന്ന് വ്യത്യസ്ഥമായൊന്നാവില്ല.

2. കുടുംബം

  കുടുംബാന്തരീക്ഷം വളരെ പ്രധാനമാണെന്നത് പ്രത്യേകം പറയേണ്ടതില്ല. ചെറുപ്പം മുതല്‍ മാതാപിതാക്കളും, മറ്റു കുടുംബാംഗങ്ങളും കുട്ടികളുടെ മുന്നില്‍ എടുത്തുകാണിക്കുന്ന ഒരുപാട് ലക്ഷ്യങ്ങളുണ്ട്. സാധാരണ മലയാളി കുടുംബങ്ങളില്‍ അതില്‍ ആത്മീയനേട്ടങ്ങള്‍ക്ക് എത്രത്തോളം സ്ഥാനമുണ്ടാകും എന്നത് ചിന്തിക്കാവുന്നതെയുള്ളൂ. ജീവിതവിജയത്തിലേക്കായി അടിവരയിട്ട് നല്‍കപ്പെടുന്ന ഒട്ടേറെ പരീക്ഷകളും പരീക്ഷണങ്ങളും. അവയിലെല്ലാം ഒന്നാമനായി വിജയിക്കുവാനാവശ്യമായ മനോധൈര്യവും, ഭൌതികസാഹചര്യങ്ങളും എങ്ങനെയും പകര്‍ന്നുനല്‍കുവാന്‍ നമ്മുടെ മാതാപിതാക്കള്‍ തത്രപ്പെടുന്നു. ഒന്നാമനാവുക എന്ന ഭൌതികലക്ഷ്യത്തിനപ്പുറത്തെവിടെയോ പരിഗണനീയമല്ലാതെ പോകുന്ന ആത്മീയ ബോധ്യങ്ങള്‍.... അവയെക്കുറിച്ച് ഈ തലമുറ വീണ്ടും ചിന്തിക്കണമെങ്കില്‍, പ്രതിരോധകവചത്തില്‍ പൊതിഞ്ഞ യൌവ്വനത്തിന്‍റെ ചട്ടക്കൂട് അഴിഞ്ഞുവീഴണം. 
ഇത്തരത്തില്‍ കുടുംബസാഹചര്യങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന അശ്രദ്ധാമനോഭാവം യുവജനത്തിന്‍റെ ആത്മീയതയ്ക്ക് വിലങ്ങുതടിയാവുന്നു. എല്ലാത്തിനും ഉപരിയായി മുമ്പ് പറഞ്ഞതുപോലെ, മാതാപിതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടാവേണ്ട മാതൃകയും അതീവ പ്രാധാന്യമര്‍ഹിക്കുന്നു. 
കുടുംബജീവിതത്തിലേക്ക് കടന്നുവരുന്ന യുവജനങ്ങള്‍ക്കിടയിലും യഥാര്‍ത്ഥ ബോധ്യങ്ങളുടെ അഭാവം പ്രശ്നകാരണമാകുന്നു. ശരിയായ ദൈവാശ്രയബോധം കുടുംബരൂപീകരണവേളയില്‍ അടിസ്ഥാനശിലയാകാത്തപക്ഷം ആ കുടുംബം ക്രിസ്തീയമാകുന്നില്ല. ഭൌതികലക്ഷ്യങ്ങളുടെ ചൂളയില്‍ വാര്‍ത്തെടുത്ത വ്യക്തിത്വങ്ങളായ ഓരോ യുവതീയുവാക്കളും ദൈവാശ്രയബോധത്തിന്‍റെ കാര്യത്തില്‍ പരാജയമാണ്. 

3. വിദ്യാഭ്യാസം - തൊഴില്‍

  വിദ്യാഭ്യാസ-തൊഴില്‍ മേഖലകളില്‍ നമ്മുടെ ഇളംതലമുറകള്‍ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന പരോക്ഷമായ പരാജയം ഇനിയുമൊരുപക്ഷെ ശരിയായി വിലയിരുത്തപ്പെട്ടിട്ടില്ല. വലിയൊരു വിഭാഗം യുവജനങ്ങളിലും പക്വതയില്ലാത്ത പ്രായത്തിലെ തെരഞ്ഞെടുപ്പുകളില്‍ സംഭവിച്ച ബാഹ്യസമ്മര്‍ദ്ദം ജീവിതത്തെ തന്നെ വഴിതിരിച്ചുവിടാന്‍ കാരണമായിട്ടുണ്ട്. തങ്ങള്‍ക്കനുയോജ്യമല്ലാത്ത വിദ്യാഭ്യാസം നേടി അസംതൃപ്തമായ തൊഴില്‍സാഹചര്യങ്ങളില്‍ കുടുങ്ങിപ്പോയ അനവധി യുവജനങ്ങള്‍ നമുക്കിടയിലുണ്ട്. അസംഖ്യം തൊഴില്‍ മേഖലകള്‍ കണ്ടെത്താമായിരുന്നിട്ടും, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മുഖ്യപങ്ക് പെണ്‍കുട്ടികളും നഴ്സിംഗ് പഠിക്കുവാന്‍ ഇറങ്ങിത്തിരിച്ചത് ഒരു ഉദാഹരണം മാത്രം. മെഡിസിന്‍, എഞ്ചിനീയറിംഗ്, ബി.എഡ് തുടങ്ങിയ മുഖ്യധാരാ വിദ്യാഭ്യാസ മേഖലകളും പി. എസ്.സി, ബാങ്കിംഗ്, ഇന്‍ഷുറന്‍സ് തുടങ്ങിയ തൊഴില്‍മേഖലകളും പോലും അനുയോജ്യമല്ലാതെ തെരഞ്ഞെടുക്കുന്നവരുടെ കാര്യത്തില്‍ വ്യത്യസ്ഥമല്ലാത്ത പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുന്നു. ഇത്തരത്തില്‍, പക്വതയെത്താത്ത പ്രായത്തിലെ തെരഞ്ഞെടുപ്പ് സംതൃപ്തിയില്ലാത്ത തൊഴില്‍സാഹചര്യത്തില്‍ തുടരാന്‍ നിര്‍ബന്ധിക്കുന്ന സാഹചര്യത്തില്‍ എങ്ങനെ ഒരാള്‍ക്ക്‌ സഭയിലും സമൂഹത്തിലും ആത്മാഭിമാനത്തോടെ നിലകൊള്ളാന്‍ സാധിക്കും? 
മറ്റൊരു വിഭാഗം യുവജനങ്ങള്‍ തൊഴിലിന്‍റെ കാര്യത്തില്‍ ജീവിതത്തില്‍ കടുത്ത വിട്ടുവീഴ്ചക്ക് തയ്യാറാകുന്നവരാണ്. മുന്‍കാലങ്ങളെ അപേക്ഷിച്ച് അവിദഗ്ദ്ധ തൊഴില്‍ മേഖലകളിലേക്ക് പതിന്മടങ്ങ്‌പേര്‍ ഒഴുകുന്നത്‌ ചില ദേശങ്ങളില്‍ യുവജനങ്ങളുടെ അഭാവത്തിനുതന്നെ ഇടയാക്കിയിരിക്കുന്നു. കേരളത്തിന് അകത്തും പുറത്തുമുള്ള പട്ടണങ്ങളിലേക്കും, ഗള്‍ഫ്‌ നാടുകളിലേക്കുമുള്ള കുടിയേറ്റം ആത്മീയ മേഖലയില്‍ സാമൂഹികവും വ്യക്തിപരവുമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. 
തനിക്ക്‌ അനുയോജ്യമായ തൊഴില്‍ സാഹചര്യവും അതിലുപരി, വിശാലമായ അറിവ് നല്‍കുന്ന, വ്യക്തിത്വത്തെ പരിപോഷിപ്പിക്കുന്ന വിദ്യാഭ്യാസവും ലക്ഷ്യം വയ്ക്കാന്‍ കഴിയാത്ത ഒരു തലമുറയില്‍നിന്ന് നമുക്ക് കൂടുതലൊന്നും പ്രതീക്ഷിക്കാനാവില്ല.
തൊഴില്‍ മേഖലകളിലെ ചൂഷണങ്ങളും തള്ളിക്കളയാന്‍ കഴിയാത്തൊരു പ്രതിസന്ധിയാണ്. അന്യനാട്ടില്‍ മാത്രമല്ല, സ്വന്തം നാട്ടിലും വിദഗ്ദ - അവിദഗ്ദ ഭേദമില്ലാതെ അനവധി തൊഴില്‍മേഖലകളില്‍ രൂക്ഷമായ ചൂഷണങ്ങളെ നേരിടേണ്ട അവസ്ഥ ഇന്നത്തെ യുവജനങ്ങള്‍ക്കുണ്ട്. ചിലപ്പോഴെങ്കിലും ഇത്തരം ചൂഷണങ്ങള്‍ സഭാധികാരികളുടെ അറിവോടെയാകുമ്പോള്‍ അത് ആത്മീയ മേഖലയില്‍ കനത്ത തിരിച്ചടിക്ക് കാരണമാകുന്നുണ്ട്. മാനസികവും, ആത്മീയവുമായ തകര്‍ച്ചയാണ് ഇത്തരം ചൂഷണങ്ങളുടെ പരിണിതഫലം.  

4. കൂട്ടായ്മകള്‍ - സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ്

  കൂട്ടുകെട്ടുകള്‍ക്ക് ഒരു വ്യക്തിയില്‍ ചെലുത്താന്‍ കഴിയുന്ന സ്വാധീനത്തെക്കുറിച്ച് കൂടുതലൊന്നും പറയേണ്ടതില്ല. സത്ജനസംസര്‍ഗ്ഗത്തിന്‍റെ അഭാവം നമ്മുടെ യുവജനത്തിന്‍റെ സാമൂഹികമാനത്തെ തകിടം മറിക്കുന്നുണ്ട്. ഒരിക്കല്‍ നഷ്ടപ്പെട്ടുപോയ സുഹൃദ്‌വലയത്തിന്‍റെ തിരിച്ചുവരവ് ഈ കാലഘട്ടത്തിന്‍റെ പ്രത്യേകതകളില്‍ ഒന്നാണ്. ഇലക്ട്രോണിക് മീഡിയയും ഇന്‍റെര്‍നെറ്റുമാണ് പ്രധാന കാരണങ്ങള്‍. ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ക്ക് യുവജനങ്ങള്‍ക്കിടയിലുള്ള സ്ഥാനം ചെറുതല്ല. ഇതുവഴി ഒട്ടേറെ ആശയങ്ങള്‍ക്കും, വ്യക്തികള്‍ക്കും ഓരോരുത്തരിലും വ്യക്തിപരമായ സ്വാധീനം ചെലുത്താന്‍ കഴിയുന്നു. 
മതവിരുദ്ധ - നിരീശ്വരവാദ പ്രസ്ഥാനങ്ങളുടെയും പ്രോട്ടസ്റ്റന്‍റ് പ്രസ്ഥാനങ്ങളുടെയും ആശയങ്ങള്‍ക്ക് ഇത്തരത്തില്‍ യുവജനങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനം ചെലുത്താന്‍ കഴിയുന്നുണ്ട് എന്നത് അനുഭവങ്ങളില്‍നിന്ന് വ്യക്തമാണ്. മതബോധനത്തിലൂടെ വേണ്ടത്ര ബോധ്യങ്ങളില്‍ എത്തിച്ചേരാത്ത നല്ലൊരുവിഭാഗത്തെ സമര്‍ത്ഥമായി തെറ്റിദ്ധരിപ്പിക്കാന്‍ ഈ പ്രസ്ഥാനങ്ങളുടെ പ്രചാരകര്‍ക്ക് കഴിയുന്നുണ്ട്. ഈ മീഡിയകള്‍ക്ക് അപകടകരങ്ങളായ ചില സവിശേഷതകളുമുണ്ട്. സെന്‍സറിംഗോ, ഫില്‍ട്ടറിംഗോ ഇല്ലാതെ ഏത് ആശയങ്ങളെയും പ്രചരിപ്പിക്കാം. അതിന്‍റെ സാര്‍വത്രിക സ്വീകാര്യതയും പ്രചാരവും നിമിത്തം ലോകമെമ്പാടും പടരാന്‍ ചുരുങ്ങിയ സമയം മതി. ആര്‍ക്കും ഏതു പേരും ഉപയോഗിക്കാമെന്നുള്ളതുകൊണ്ട് ആരെയും എളുപ്പം തെറ്റിദ്ധരിപ്പിക്കാനുമാവും. കേരള കത്തോലിക്കാസഭയിലെ യുവജനപ്രസ്ഥാനങ്ങളുടെയുള്‍പ്പെടെ പേരുകള്‍ ദുരുപയോഗിച്ചുകൊണ്ട് ഇത്തരത്തില്‍ അബദ്ധ ആശയങ്ങള്‍ പ്രചരിക്കപ്പെടുന്നു എന്നതുകൊണ്ട് തന്നെ ലക്ഷക്കണക്കിന് കത്തോലിക്കാ യുവജനങ്ങളിലേക്ക് ഇവ കടന്നെത്തുന്നു.
ഇതുപോലുള്ള മാധ്യമ ദുരുപയോഗത്തിനെതിരെ ശക്തമായ പ്രബോധനം നല്‍കേണ്ടത് കാലഘട്ടത്തിന്‍റെ അനിവാര്യതയാണ്. 

5. സാമൂഹികസാഹചര്യങ്ങളുടെ രസതന്ത്രം.

  പൊതുവില്‍ പറയുകയാണെങ്കില്‍ ലോകം മുഴുവന്‍ പടര്‍ന്നുനില്‍ക്കുന്ന ഒരു ഏകഭാവമുണ്ട് മലയാളിക്ക്. കാലമോ കാലാവസ്ഥയോ വരുത്തുന്ന മാറ്റങ്ങള്‍ എന്ത്തന്നെ ആയാലും, അതിനെ പങ്കുവയ്ക്കുന്ന സാമൂഹികമനശാസ്ത്രം മലയാളിയുടെ സ്വന്തം. യുവജനങ്ങളെ നിരീക്ഷിച്ചാല്‍, ഇത്തരത്തില്‍ പങ്കുവയ്ക്കപ്പെടുന്ന നല്ലതും ചീത്തയുമായ പല മാറ്റങ്ങളും എളുപ്പത്തില്‍ തിരിച്ചറിയാം. വ്യത്യസ്ഥ മനോഭാവങ്ങള്‍ക്കും, ജീവിതശൈലികള്‍ക്കും മധ്യത്തിലും ഏറെ സമാനതകള്‍ വലിയൊരു ശതമാനം യുവതയും പങ്കുവയ്ക്കുന്നുണ്ട്. മറ്റൊരു ദേശത്തിനുമില്ലാത്ത ചില പ്രത്യേകതകള്‍ തന്നെയായിരിക്കണം പ്രധാനപ്പെട്ട കാരണവും. കേരളത്തിലെ ജനസംഖ്യയുടെ തൊണ്ണൂറു ശതമാനവും മധ്യവര്‍ഗ്ഗമാണ്; അവര്‍ വിദേശമലയാളികളോ, ഉദ്യോഗസ്ഥരോ, കൃഷിക്കാരോ, ബിസിനസ്സ്കാരോ ആയിക്കൊള്ളട്ടെ. മറ്റൊന്ന്, എല്ലാത്തരം സൗകര്യങ്ങളും കേരളത്തിലെ ഓരോ പട്ടണങ്ങളും, ഗ്രാമങ്ങളും ഒരുപോലെ പങ്കുവയ്ക്കുന്നു. ഒരുപക്ഷേ പ്രഥമദൃഷ്ട്യാ സത്ഗുണങ്ങളായി കരുതപ്പെടാവുന്ന ഇവതന്നെ മറ്റൊരു തരത്തില്‍ ദോഷങ്ങളുമാണെന്ന് വരുന്നു. ഏവരും സമാനരാണ് എന്ന ചിന്ത ചെറുപ്പത്തിലേ തന്നെ ഭൌതികതലത്തില്‍ രൂപപ്പെടുന്നത് വഴി ഓരോ കുഞ്ഞിന്‍റെയും വ്യക്തിത്വ വികസനത്തില്‍ ചില ദോഷഫലങ്ങള്‍ ഉളവാകുന്നു. അനുകരണശീലവും മാത്സര്യബുദ്ധിയുമാണ് ഇതില്‍ പ്രധാനം. 
കേരളത്തിന്‍റെ മണ്ണില്‍ വളര്‍ന്ന ഓരോ ഉപബോധമനസ്സിനെയും കൂട്ടിയിണക്കുന്ന ബൃഹത്തായ ഒരു ശൃംഖല, അതിലൂടെ ഇത്തരത്തില്‍ ഒട്ടേറെ നെഗറ്റീവ് ചിന്താധാരകള്‍ പങ്കുവയ്ക്കപ്പെടുന്നു. ഒരു പക്ഷെ, മുന്‍തലമുറകള്‍ പകര്‍ന്നുനല്‍കിയ അതിജീവനങ്ങളുടെ തനത് പാഠങ്ങള്‍ കാലഹരണപ്പെട്ടതാവം മൂലകാരണം. മാത്സര്യത്തിന്‍റെയും, അനുകരണത്തിന്‍റെയും വിഷവിത്തുകള്‍ കുഞ്ഞുമനസ്സുകളില്‍ വിതയ്ക്കാതിരിക്കുക എന്നത് തന്നെയാണ് ഇതിന്‍റെ പ്രധാന പ്രതിവിധി. സാമൂഹികസ്വാധീനങ്ങളുടെ തെറ്റായ വലയങ്ങളില്‍ അവര്‍ ഉള്‍പ്പെടുന്നുവോ എന്ന വിലയിരുത്തലും പ്രധാനം. സമൂഹത്തിന്‍റെ പൊതുവായ ചില രീതികളുടെ അനുകരണം തെറ്റല്ല; എന്നാല്‍, അനുദിനം മാറിക്കൊണ്ടിരിക്കുന്ന ഫാഷനുകളുടെയും, ട്രെന്‍ഡ്കളുടെയും വക്താവായിരിക്കുക ഒരു രോഗലക്ഷണമായിരിക്കാം. വ്യക്തിത്വവികാസത്തിന്‍റെ കാലഘട്ടത്തില്‍, ഒരുവന്‍റെ തനത് കാഴ്ചപ്പാടുകളില്‍ പ്രാധാന്യം നല്‍കേണ്ട ഘടകങ്ങള്‍ക്കെല്ലാം സ്ഥാനമുണ്ടെങ്കില്‍, അനാവശ്യമായ സാമൂഹിക ഇടപെടലുകള്‍ അവിടെ ഉണ്ടായിട്ടില്ലെങ്കില്‍ അവന്‍ ഒരു മാതൃകാവ്യക്തിത്വം ആയിരിക്കും.

ഉപസംഹാരം

  ഇന്നത്തെ യുവതയും, ഇളംതലമുറകളും മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധിഘട്ടത്തിലൂടെയാണ് നീങ്ങുന്നത്. ചില ആഗോളീകൃത കാഴ്ചപ്പാടുകളുടെ പിന്‍ബലത്തില്‍ ധാര്‍മ്മികതയുടെയും, മാനുഷികതയുടെയും കത്തോലിക്കാമാനങ്ങളെ പൊളിച്ചെഴുതിക്കൊണ്ട് യുവജനങ്ങള്‍ ശിഥിലീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഒരു തിരിച്ചുവരവ് അനിവാര്യം. കെ.സി.വൈ.എം., ജീസസ്‌ യൂത്ത്‌, തുടങ്ങിയ യുവജനപ്രസ്ഥാനങ്ങള്‍ക്ക് ചെയ്യുവാന്‍ ഏറെയുണ്ട്. സാമൂഹികമായ ആത്മീയ ഇടപെടലുകള്‍ സംഘടനകളിലൂടെയെ സാധിക്കൂ. കാലത്തിന് അനുയോജ്യമായ വിധത്തില്‍ ശക്തമായ പ്രവര്‍ത്തന - ബോധന ശൈലികള്‍ സംഘടനകളും മതബോധന നേതൃത്വവും കൈക്കൊള്ളെണ്ടിയിരിക്കുന്നു. ശരിയായ ദിശയിലുള്ള പ്രവര്‍ത്തനങ്ങളിലൂടെ വലിയൊരു ശതമാനം യുവജനങ്ങളെ തിരിച്ചുകൊണ്ടുവരാനാവും.  

അവന്‍ നിങ്ങളോട് പറയുന്നത് ചെയ്യുവിന്‍. യോഹ;2/5

     കത്തോലിക്കാസഭയുടെ വിശ്വാസപാരമ്പര്യങ്ങളില്‍ ഒഴിച്ചുകൂടാനാവാത്തതാണ് പരിശുദ്ധ കന്യാമറിയത്തോടുള്ള ഭക്തി. കുരിശില്‍ കിടക്കുമ്പോള്‍ യോഹന്നാനിലൂടെ ലോകത്തിനുമുഴുവന്‍ അമ്മയായി ഈശോ നല്‍കിയ ദിവ്യജനനി എക്കാലത്തുമുള്ള സകലര്‍ക്കും സ്വര്‍ഗീയ മധ്യസ്ഥയാണ്. ഈ മഹനീയമായ മാധ്യസ്ഥം ഈ ലോകജീവിതത്തില്‍ വിശ്വാസസ്ഥിരതയോടെ മുന്നേറുവാന്‍ നമ്മെ ശക്തരാക്കുന്നു.
     പരസ്യജീവിത കാലത്ത് ഈശോ ആദ്യം പ്രവര്‍ത്തിക്കുന്ന അത്ഭുതമാണ് കാനായില്‍ വെള്ളം വീഞ്ഞാക്കിയത്. അവിടെ പരിശുദ്ധ കന്യാമറിയത്തിന്‍റെ ഇടപെടല്‍ വലിയ അപമാനത്തില്‍നിന്നും ആ കുടുംബത്തെ സംരക്ഷിക്കുന്നതായി നാം കാണുന്നു. എന്ത് ചെയ്യണമെന്നറിയാതെ നിന്ന പരിചാരകരോട് പരിശുദ്ധ അമ്മ പറയുന്നത്, "അവന്‍ നിങ്ങളോട് പറയുന്നത് ചെയ്യുവിന്‍" എന്നാണ്. തന്‍റെ ശക്തമായ മധ്യസ്ഥസഹായത്തിലൂടെ ഇടപെട്ടെങ്കിലും, ഈശോയുടെ വാക്കുകള്‍ ശ്രവിച്ച് അതിനനുസൃതമായി പ്രവര്‍ത്തിക്കുവാന്‍ അമ്മ അവരോട് ആവശ്യപ്പെടുന്നു. ഇന്ന് നമ്മുടെ ജീവിത പ്രതിസന്ധികളിലും ഇടപെടുവാന്‍ സന്നദ്ധയായ പരിശുദ്ധ അമ്മ നമ്മെയും നയിക്കുന്നത് ഈശോയിലേക്കാണ്. ഈശോയിലേക്ക് തിരിയുവാന്‍ നമ്മെ പഠിപ്പിക്കുന്ന പരിശുദ്ധ അമ്മ, അവിടുത്തെ വാക്കുകള്‍ ശ്രവിക്കുവാനും, അതനുസരിച്ച് പ്രവര്‍ത്തിക്കുവാനും നമ്മെ ആഹ്വാനം ചെയ്യുന്നു.
     കത്തോലിക്കാസഭ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തിയിട്ടുള്ള സകല മഹാത്മാക്കളും പരിശുദ്ധ കന്യകയോട്‌ ചേര്‍ന്ന് നിന്നവരായിരുന്നു. വിശ്വാസത്തിന്‍റെയും വിശുദ്ധിയുടെയും പൂര്‍ണതയിലേയ്ക്ക് നമ്മെ ആനയിക്കുവാന്‍ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥസഹായം നമ്മെ പര്യാപ്തരാക്കുന്നു.
"പരിശുദ്ധ അമ്മയുടെ സഹായം കൂടാതെ വിശുദ്ധി നേടാന്‍ ആഗ്രഹിക്കുന്നത് ചിറകില്ലാതെ പറക്കാന്‍ ആഗ്രഹിക്കുന്നതുപോലെയാണ്" എന്ന് പീയൂസ് പന്ത്രണ്ടാമന്‍ പാപ്പ പറയുന്നു. ഈ വാക്കുകള്‍ പരിശുദ്ധ കന്യകയ്ക്ക് നാം ജീവിതത്തില്‍ നല്‍കേണ്ട സ്ഥാനം എന്തെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
     നമ്മുടെ സംരക്ഷണത്തിന് സദാ സന്നദ്ധയായ പരിശുദ്ധ അമ്മ എല്ലായ്പ്പോഴും നമ്മെ തന്നോട് ചേര്‍ത്ത് നിര്‍ത്തുവാന്‍ ആഗ്രഹിക്കുന്നു. ജപമാലഭക്തിയുടെ പ്രാധാന്യം പല അവസരങ്ങളിലും പലര്‍ക്കും മുന്നില്‍ മാതാവ് വെളിപ്പെടുത്തിയിട്ടുണ്ട്. ദുഷ്ടശക്തികളെയും, പ്രലോഭനങ്ങളെയും എതിര്‍ക്കുവാനും വിജയം നേടുവാനും ജപമാല നമ്മെ സഹായിക്കുന്നു. തന്‍റെ അമ്മയെ ഏറ്റവുമധികം സ്നേഹിക്കുന്ന ഈശോ ആ മാധ്യസ്ഥത്തില്‍ നമുക്ക് എന്തും സാധിച്ചുതരും. "ഈശോ സ്നേഹിക്കുന്നതിനേക്കാള്‍ ഏറെ പരിശുദ്ധ അമ്മയെ സ്നേഹിക്കുവാന്‍ മനുഷ്യര്‍ക്കാര്‍ക്കും സാധിക്കില്ല" എന്ന് വി. മാക്സിമില്ല്യന്‍ കോള്‍ബേ പറയുന്നു. "അമലോല്‍ഭവ മാതാവിന് മാത്രമാണ് സാത്താനെ പരാജയപ്പെടുത്താനുള്ള വരം ദൈവം നല്‍കിയിട്ടുള്ളതെന്നും അദ്ദേഹം പറയുന്നുണ്ട്.
     ദിവ്യകാരുണ്യഈശോയോട് നമ്മെ കൂടുതല്‍ അടുപ്പിക്കുകയാണ് പരിശുദ്ധ അമ്മ ചെയ്യുന്നത്. വിശുദ്ധകുര്‍ബ്ബാനയില്‍ കൂടുതല്‍ ഭക്തിയോടെ പങ്കുചേരാനും, അതിനനുസൃതമായ ജീവിതം നയിക്കുവാനും പരിശുദ്ധഅമ്മ നമ്മെ ആഹ്വാനം ചെയ്യുന്നു.
     എക്കാലത്തുമുള്ള മനുഷ്യരുടെ രക്ഷക്കുവേണ്ടി ഈശോ മനുഷ്യനായി ഈ ലോകത്തില്‍ അവതരിച്ചു. അവിടുത്തെ രക്ഷയില്‍ ഏവരും പങ്കാളികളാവുന്നതിനായി കൂദാശകള്‍ സ്ഥാപിക്കപ്പെട്ടു. കൂദാശകളിലൂടെ ലഭിക്കുന്ന വരപ്രസാദം നമ്മെ പരിശുദ്ധനായ ദൈവത്തിന്‍റെ വിശുദ്ധിയോട് ചേര്‍ത്തുനിര്‍ത്തുന്നു. പക്ഷെ, മാനുഷികമായ ഏറെ പരിമിതികളും പ്രതിസന്ധികളും എല്ലായ്പ്പോഴും നമുക്ക് തടസ്സമായി മാറുന്നുണ്ട്. ഈ അവസ്ഥയില്‍, ദിവ്യകാരുണ്യത്തിന് അനുയോജ്യമായൊരു കൂദാശാജീവിതം നയിക്കുവാന്‍ നമ്മെ സഹായിക്കുന്നത് പരിശുദ്ധ അമ്മയാണ്. അമ്മയുടെ മാധ്യസ്ഥസഹായവും, സാത്താനെയും അവന്‍റെ പ്രലോഭനങ്ങളെയും തോല്‍പ്പിക്കുവാനുള്ള കഴിവും നമ്മെ അന്തിമവിജയത്തിലെത്തിക്കാന്‍  പര്യാപ്തരാക്കുന്നു.
     ദിവ്യകാരുണ്യഈശോയോട് നമ്മെ ചേര്‍ത്തുനിര്‍ത്തുന്ന മാതൃസ്നേഹമാണ് പരിശുദ്ധ അമ്മ. "അവന്‍ നിങ്ങളോട് പറയുന്നത് ചെയ്യുവിന്‍" എന്നതാണ് അമ്മയ്ക്ക് നമ്മോട് പറയുവാനുള്ളത്. ദൈവവചനത്തോടുള്ള വലിയ വിധേയത്വമാണ് അമ്മയെ ദൈവത്തിന് ഏറ്റവും പ്രിയങ്കരിയാക്കി മാറ്റിയത്. അതുവഴി, എക്കാലത്തുമുള്ള സകല ജനതക്കും ആമ്മയായിരിക്കുക എന്ന സവിശേഷമായ സ്ഥാനവും പരിശുദ്ധ കന്യകയ്ക്ക് ലഭിച്ചു. നമ്മുടെ അമ്മയായി ഈശോനാഥനോടൊപ്പം സ്വര്‍ഗ്ഗത്തില്‍ ആയിരിക്കുന്ന അവിടുത്തെ മാധ്യസ്ഥസഹായം എക്കാലവും നമുക്ക് ഏറ്റവും വലിയ ശക്തിയാണ്. ഈ തിരിച്ചറിവില്‍, അമ്മയോട് ചേര്‍ന്ന് വിശുദ്ധിക്കായി നമുക്ക് അഭിലഷിക്കാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ...

വിശുദ്ധിയിലേക്ക്‌....

     ഓരോ ക്രൈസ്തവന്‍റെയും ജീവിതം വിശുദ്ധിയിലേയ്ക്കുള്ള വിളിയാണ്. ക്രിസ്തുവിലുള്ള സത്യവിശ്വാസത്തില്‍ ഉറച്ചുനിന്നുകൊണ്ട് ജീവിക്കുമ്പോഴാണ് നാം വിശുദ്ധിയില്‍ എത്തിച്ചേരുന്നത്. വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കണമെങ്കില്‍ നാം പ്രാര്‍ത്ഥനയിലും, ഭക്തകര്‍മ്മങ്ങളിലും ഏറ്റവും കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്. ഇത്തരത്തില്‍ വിശ്വാസ വഴിയേ നാം വിശുദ്ധിയിലേക്ക്‌ നീങ്ങുമ്പോള്‍ പരിഗണിക്കപ്പെടേണ്ട മറ്റു ചില കാര്യങ്ങളുമുണ്ട്.
    ഉയര്‍ത്തെഴുന്നേറ്റ ഈശോയ്ക്ക് മുന്നില്‍ ശക്തമായ തന്‍റെ വിശ്വാസം ഏറ്റുപറഞ്ഞ തോമാശ്ലീഹായിലൂടെയാണ് ഭാരതീയരായ നാം ആദ്യമായി ഈശോയെക്കുറിച്ചറിഞ്ഞത്. വിശ്വാസത്തിനുവേണ്ടി രക്തസാക്ഷിയാവുകയും, ഒരു വലിയ ജനതയ്ക്ക്‌ തന്‍റെ വിശ്വാസം വഴി മഹത്തായ സാക്ഷ്യം നല്‍കുകയും ചെയ്ത ധീരനായ അപ്പസ്തോലനായിരുന്നു മാര്‍ത്തോമാശ്ലീഹാ. തോമാശ്ലീഹായെ പോലെ ധീരമായി കര്‍ത്താവിന് സാക്ഷ്യം നല്‍കുവാന്‍ നാമും കടപ്പെട്ടവരാണ്. ജീവിതത്തിലെ ഒരു പ്രതിസന്ധിഘട്ടങ്ങളിലും കൈവിടാത്ത വിശ്വാസം നമ്മെയും വിശുദ്ധിയിലേക്ക് നയിക്കും.
     "നീ എന്നെ കണ്ടതുകൊണ്ട് വിശ്വസിച്ചു. കാണാതെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്മാര്‍" എന്ന് ഈശോ തോമാശ്ലീഹയോട്‌ പറഞ്ഞു. ക്രൈസ്തവരായ ഓരോരുത്തരും മരണംവരെ ഹൃദയത്തില്‍ സൂക്ഷിക്കേണ്ട ശക്തമായ വിശ്വാസത്തെക്കുറിച്ചാണ് ഈശോ പറയുന്നത്. സന്തോഷത്തിലും ഐശ്വര്യത്തിലും മാത്രമല്ല, ദുഃഖത്തിലും തകര്‍ച്ചയിലും ദാരിദ്ര്യത്തിലും നാം അടിയുറച്ച വിശ്വാസികളായിരിക്കണമെന്ന് ഈശോ ആഗ്രഹിക്കുന്നു.
    നമ്മുടെ വിശ്വാസം ജീവിതത്തിലൂടെയാണ് പ്രകടിപ്പിക്കപ്പെടേണ്ടത്. നമ്മുടെ പ്രവര്‍ത്തനങ്ങളും പെരുമാറ്റവും, ചിന്തകളുമെല്ലാം വിശ്വാസത്തിന്‍റെ വെളിച്ചത്തില്‍ ഈശോയോട് ചേര്‍ന്നുള്ളതാവണം. സഭ വിശുദ്ധിയിലേക്ക് ഉയര്‍ത്തിയിട്ടുള്ള ഓരോരുത്തരുടെയും ജീവിതത്തിലൂടെ സഞ്ചരിച്ചാല്‍ ഇത്തരം കാര്യങ്ങള്‍ നമുക്ക് ബോധ്യമാകും. അടിയുറച്ച വിശ്വാസത്തിലധിഷ്ഠിതമായ ജീവിതശൈലിയും പ്രവര്‍ത്തനങ്ങളും, ഉറച്ച പ്രാര്‍ത്ഥനാജീവിതവും എല്ലാ വിശുദ്ധരിലും നമുക്ക് കണ്ടെത്താന്‍ കഴിയും. എല്ലാത്തിലും ഉപരി അവരോരോരുത്തരുടെയും ജീവിതം വലിയ സാക്ഷ്യത്തിന്‍റെയും ആയിരുന്നു. തന്‍റെ ചുറ്റുപാടുമുള്ളവര്‍ക്ക് പ്രവര്‍ത്തനങ്ങളിലൂടെയും, വാക്കുകളിലൂടെയും മരണം വരെയും സാക്ഷ്യം നല്‍കിയവരാണ് സകല വിശുദ്ധരും. വിശുദ്ധിയിലേക്ക്‌ വിളിക്കപ്പെട്ടിരിക്കുന്ന നാമോരോരുത്തരും നമ്മുടെ സമൂഹത്തില്‍ ക്രിസ്തുസാക്ഷ്യം നല്‍കേണ്ടവരുമാണ്. ഓരോ നിമിഷവും സക്ഷ്യത്തിനായി നമുക്ക് മുന്നില്‍ ലഭിക്കുന്ന അവസരങ്ങളെ നാം തിരിച്ചറിയുകയും, ഉപയോഗിക്കുകയും വേണം. വീട്ടിലും, സ്കൂളിലും, ജോലിസ്ഥലത്തും ആയിരിക്കുമ്പോഴും നമ്മുടെ നല്ല മാതൃകകള്‍ വഴിയായി നാം വിശ്വസിക്കുന്ന ക്രിസ്തുനാഥന് സാക്ഷ്യം നല്‍കുവാന്‍ നമുക്കാവും.
     ദിവ്യബലിക്കും പ്രാര്‍ത്ഥനയ്ക്കും ആവശ്യത്തിന് സമയം കണ്ടെത്തുവാനും നാം പരിശ്രമിക്കണം. ദൈവത്തോടുള്ള സ്നേഹസംഭാഷണം തന്നെയായ പ്രാര്‍ത്ഥന നമ്മെ അനുനിമിഷം വിശുദ്ധിയിലേക്ക്‌ ചേര്‍ത്ത് നിര്‍ത്തും. സമൂഹമായും, കുടുംബത്തോട് ചേര്‍ന്നും, വ്യക്തിപരമായും കഴിയുമ്പോഴൊക്കെ പ്രാര്‍ത്ഥനയ്ക്കായി ചെലവഴിക്കുവാന്‍ നമുക്ക് കഴിയണം. നമുക്ക്മുമ്പേ കടന്നുപോയിട്ടുള്ള വിശുദ്ധാത്മാക്കളെല്ലാം പ്രാര്‍ഥനയ്ക്ക് ജീവിതത്തില്‍ വളരെ വലിയ സ്ഥാനം നല്‍കിയവരാണ്.
     പരിശുദ്ധഅമ്മയുടെ മാദ്ധ്യസ്ഥവും പ്രധാനമാണ്. "പരിശുദ്ധ അമ്മയുടെ സഹായം കൂടാതെ വിശുദ്ധി നേടാന്‍ ആഗ്രഹിക്കുന്നത് ചിറകില്ലാതെ പറക്കാന്‍ ആഗ്രഹിക്കുന്നതുപോലെയാണ്" എന്ന് പീയൂസ് പന്ത്രണ്ടാമന്‍ പാപ്പ പറയുന്നു. ഈ വാക്കുകള്‍ പരിശുദ്ധ കന്യകയ്ക്ക് നാം ജീവിതത്തില്‍ നല്‍കേണ്ട സ്ഥാനം എന്തെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
     "വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിക്കുക സാധ്യമല്ല" എന്ന് ഹെബ്രായര്‍ക്കെഴുതിയ ലേഖനം പറയുന്നു. പരിശുദ്ധനായ ദൈവത്തെ പ്രസാദിപ്പിച്ച് അവിടുത്തോട് ചേര്‍ന്ന് നില്‍ക്കുന്ന അവസ്ഥയാണ് വിശുദ്ധി. പൂര്‍വ്വപിതാക്കളും, സകല വിശുദ്ധരും നേടിയെടുത്ത ആ സൌഭാഗ്യം നമുക്ക് വിശ്വാസത്തിലൂടെയാണ് ലഭിക്കുന്നതെന്ന് വചനം നമ്മെ പഠിപ്പിക്കുന്നു. പ്രാര്‍ഥനയിലും കൂദാശാജീവിതത്തിലും ഉറച്ചുനിന്ന് അടിയുറച്ച വിശ്വാസത്തോടെ നമുക്ക് വിശുദ്ധി നേടുന്നതിനായി പരിശ്രമിക്കാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ...

കണ്ണുനീര് അനുവദിക്കുന്ന ദൈവം....

     ദുഃഖദുരിതങ്ങള്‍ പാപത്തിന്‍റെ ഫലങ്ങളാണ് എന്ന ധാരണ പുലര്‍ത്തിയിരുന്ന യാഥാസ്ഥിതിക സമൂഹത്തിന് വ്യത്യസ്ഥമായൊരു സന്ദേശം നല്‍കിക്കൊണ്ട് ഈശോ അന്ധനു കാഴ്ച നല്‍കുന്ന സംഭവം വി. യോഹന്നാന്‍റെ സുവിശേഷം ഒമ്പതാമധ്യായത്തില്‍ നാം വായിക്കുന്നു. "ഇവന്‍റെയോ, ഇവന്‍റെ മാതാപിതാക്കളുടെയോ പാപം നിമിത്തമല്ല, പ്രത്യുതാ ദൈവത്തിന്‍റെ പ്രവൃത്തികള്‍ ഇവനില്‍ പ്രകടമാകുന്നതിനുവേണ്ടിയാണ്." എന്ന് അവന്‍റെ അവസ്ഥയെപ്പറ്റി ശിഷ്യരോട് അവിടുന്ന് വിശദീകരിക്കുന്നുണ്ട്. തകര്‍ച്ചകളുടെയും, കണ്ണീരിന്റെയും പിന്നിലെ ക്രൈസ്തവദര്‍ശനമാണ് ഇവിടെ വെളിപ്പെടുത്തപ്പെടുന്നത്.
     ഇന്നത്തെ സാമൂഹിക ചുറ്റുപാടുകളില്‍, വിശ്വാസജീവിതത്തില്‍ ഓരോ ക്രൈസ്തവനും അഭിമുഖീകരിക്കുന്ന ഒരുപാട് പ്രതിസന്ധികളുണ്ട്. പ്രത്യേകമായും, സാമ്പത്തികവും ആരോഗ്യപരവുമായ സങ്കീര്‍ണ്ണ പ്രശ്നങ്ങള്‍ ഏറെ ചോദ്യങ്ങള്‍ നമ്മില്‍ ഉയര്‍ത്തിയേക്കാം. കണ്ണുനീരിന്‍റെയും, തകര്‍ച്ചകളുടെയും ആത്മീയാര്‍ത്ഥം ഗ്രഹിക്കുവാന്‍ പലപ്പോഴും നമുക്ക് കഴിയുന്നതുമില്ല. ദൈവത്തിനു മുന്നില്‍ എല്ലായ്പ്പോഴും നാം ഒരു കാന്‍വാസ് ആണ് എന്നത് ഒരു യാഥാര്‍ഥ്യമാണ്. ദുഃഖത്തിന്റെയും സന്തോഷത്തിന്റെയും പലവിധ വര്‍ണ്ണങ്ങള്‍ക്കൊണ്ടാണ്   അവിടെ ചിത്രം എഴുതപ്പെടുന്നത്. ദൈവാശ്രയബോധവും വിധേയത്വവും മാത്രമാണ് അതില്‍ നമ്മുടെ സംഭാവനകള്‍. പൂര്‍ണ്ണമായി ദൈവത്തിന് തങ്ങളെത്തന്നെ വിട്ടുകൊടുക്കുവാന്‍ മനസ്സാകുന്നവര്‍ തങ്ങളുടെ ജീവിതത്തെ ഏറ്റവും മനോഹരമാക്കി തീര്‍ക്കുന്നു.
     സമ്മിശ്ര വികാരങ്ങളുടെയും രുചിഭേദങ്ങളുടെയും സങ്കീര്‍ണ്ണ സംയോജനം തന്നെയായ ഓരോ ജീവിതത്തിലും നന്മതിന്മകള്‍ക്കും, സുഖദുഃഖങ്ങള്‍ക്കും തുല്യ പ്രസക്തിയാണ് ഉള്ളത്. സുഖത്തിന്റെയും സന്തോഷത്തിന്റെയും മാഹാത്മ്യവും വിലയും തിരിച്ചറിയണമെങ്കില്‍ അവിടെ ദുഃഖവും തകര്‍ച്ചകളും കൂടിയേ തീരൂ. പണത്തിനുവേണ്ടി കഷ്ടപ്പെടുകയും, ദാരിദ്ര്യം അനുഭവിക്കുകയും ചെയ്തിട്ടുള്ള മുന്‍തലമുറയുടെ ജീവിത കാഴ്ചപ്പാടുകളും, നിലപാടുകളും പുതിയ തലമുറയുടെതില്‍നിന്ന് തികച്ചും വ്യത്യസ്ഥമായതിനുപിന്നില്‍ മേല്‍പറഞ്ഞതുപോലെ ഏറെ അനുഭവപാഠങ്ങളുടെയും വിശ്വാസജീവിതത്തിന്റെയും പിന്‍ബലമുണ്ട്.
     പ്രശ്നങ്ങളുടെയും, തകര്‍ച്ചകളുടെയും അനുഭവ തീക്ഷ്ണതയ്ക്ക് പിന്നില്‍ മനഃശാസ്ത്രപരമായ ചില വസ്തുതകളുമുണ്ട്. എന്തിന്റെയും താരതമ്യവിശകലനം മനുഷ്യന്‍റെ ഉപബോധമനസ്സിന്‍റെ അടിസ്ഥാനപരമായ ഒരു പ്രക്രിയയാണ്. സുഖ-ദുഃഖങ്ങളുടെയും സംതൃപ്തിയുടെയും തുടങ്ങി എന്തിന്റെയും അനുഭവതീക്ഷ്ണതയെ നിശ്ചയിക്കുന്നത് ഈ താരതമ്യവിശകലനമാണ്. ഈ പ്രക്രിയയെ പരമാവധി പോസിറ്റീവ് ആക്കിയെടുക്കുവാന്‍ നാം പരിശ്രമിക്കേണ്ടതുണ്ട്. സാധാരണയായി ഒരു ശരാശരി വ്യക്തി തന്‍റെ സുഖ-സൗകര്യങ്ങളെയും, സന്തോഷത്തെയും, സംതൃപ്തിയെയും വിലയിരുത്തുവാന്‍ താരതമ്യമാനകമായി സ്വീകരിക്കുന്നത് തന്‍റെ സങ്കല്‍പ്പത്തില്‍ ഒരു പടി മേലെ നില്‍ക്കുന്നരുടെ അനുഭവങ്ങള്‍ ആയിരിക്കും. അതുപോലെ തന്നെ, വേദനയുടെയും കണ്ണീരിന്റെയും കാര്യത്തില്‍, അല്‍പ്പമെങ്കിലും മെച്ചപ്പെട്ട അവസ്ഥയില്‍ ഉള്ളവരുടെയും. ഈ രണ്ട് ഘട്ടത്തിലും അസംതൃപ്തിയും കണ്ണുനീരും ആയിരിക്കും ഫലം എന്ന് പറയേണ്ടതില്ലല്ലോ. അതേസമയം, വേദനിക്കുന്നവര്‍ തന്‍റെ ചുറ്റുപാടുമുള്ള തന്നെക്കാള്‍ എത്രയോ അധികം വേദനിക്കുന്നവരിലെയ്ക്ക് ശ്രദ്ധതിരിക്കുമ്പോള്‍ ആ ദുഃഖം ലഘൂകരിക്കപ്പെടുന്നു. തന്‍റെ അവസ്ഥകളില്‍ അസംതൃപ്തി അനുഭവിക്കുന്നവന്‍ പരിതാപകരമായ ചുറ്റുപാടുകളില്‍ ജീവിക്കുന്ന ചുറ്റുപാടുമുള്ളവരിലേയ്ക്ക് ശ്രദ്ധതിരിച്ചാല്‍ സംതൃപ്തി താനേ അനുഭവവേദ്യമാവും.
     നാമോരോരുത്തര്‍ക്കും നല്‍കപ്പെടുന്നത് നമുക്ക് വഹിക്കാനാവുന്ന കുരിശും, അതിജീവിക്കാനാവുന്ന തകര്‍ച്ചകളുമാണ്. വ്യത്യസ്ഥമായി അനുഭവപ്പെടുന്നെങ്കില്‍ പലപ്പോഴും അതിനുകാരണം മേല്‍പ്പറഞ്ഞ താരതമ്യവിശകലനമാണ്. "ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ തന്നെത്തന്നെ പരിത്യജിച്ച് അനുദിനം തന്‍റെ കുരിശുമെടുത്തുകൊണ്ട് എന്നെ അനുഗമിക്കട്ടെ"  (ലൂക്ക:14/27).