ഒരു വാക്ക്....

യഥാര്‍ത്ഥ ക്രിസ്തുദര്‍ശനത്തിനായി ചിന്തിക്കുകയും ആ സന്ദേശം പ്രചരിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു കത്തോലിക്കന്‍. സുവിശേഷസന്ദേശം ലോകമെങ്ങും എത്തിക്കുക എന്നത് ലോകമെങ്ങുമുള്ള ക്രൈസ്തവരുടെ ജീവിതദൌത്യമാണെന്ന തിരിച്ചറിവില്‍ എന്‍റെ തൊഴിലിലൂടെയും ജീവിതത്തിലൂടെയും ഞാന്‍ എന്‍റെ ക്രിസ്തുവിനെ മഹത്വപ്പെടുത്തുന്നു. സ്ഥാപനവല്‍ക്കരണത്തിലൂടെയും, സുവിശേഷവിരുദ്ധമായ നയങ്ങളിലൂടെയും കത്തോലിക്കാ സഭയില്‍ സംഭവിക്കുന്ന അപചയപ്രവണതകള്‍ക്കുള്ള പ്രതിവിധി സഭാംഗങ്ങള്‍ ഏവരും ശരിയായ ബോധ്യത്തിലേക്ക് കടന്നുവരികയാണ്. ശരിയായ വിശ്വാസവും ആത്മീയ കാഴ്ച്ചപ്പാടുകളും സ്വന്തമാക്കുവാന്‍ ഈ ദൈവജനത്തെ പര്യാപ്തരാക്കേണ്ട ചുമതല നാമേവര്‍ക്കുമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു.

Friday, June 12, 2015

പാദുവായിലെ വിശുദ്ധ അന്തോണീസ്‌, സ്വര്‍ഗ്ഗീയ ജ്ഞാനത്തിന്റെ വിശുദ്ധന്‍...

1222 സെപ്റ്റംബര്‍ എട്ടാം തിയ്യതി, പരിശുദ്ധ കന്യകാമാതാവിന്റെ ജനനത്തിരുന്നാളായ ആ ദിനത്തിന് മറ്റൊരു സവിശേഷതകൂടിയുണ്ടായിരുന്നു. ഇറ്റലിയിലെ ഫോര്‍ലികത്തീഡ്രലില്‍ വച്ച്, ഫ്രാന്‍സിസ്കന്‍ സഭയിലെയും,
ഡൊമിനിക്കന്‍ സഭയിലെയും ഏതാനും വൈടികാര്‍ത്ഥികള്‍ അന്ന് അഭിഷിക്തരാവുകയാണ്. ഏറെ ഭക്തിനിര്‍ഭരവും, ആഘോഷപൂര്‍വ്വകവുമായ അന്തരീക്ഷം. ഫ്രാന്‍സിസ്കന്‍ സഭയുടെ റൊമാനോപ്രോവിന്‍സിന്റെ സുപ്പീരിയര്‍ ഗ്രേഷ്യനച്ചനൊപ്പം, ഒരു യുവവൈദികനും ചടങ്ങില്‍ സംബന്ധിക്കുവാന്‍ കത്തീഡ്രലില്‍ എത്തിയിരുന്നു.അപ്രതീക്ഷിതമായി അവിടെയൊരു അനിശ്ചിതത്വം ഉടലെടുത്തു. തിരുക്കര്‍മ്മങ്ങള്‍ക്കിടയില്‍, മുഖ്യപ്രഭാഷണം നടത്തുവാന്‍ നിശ്ചയിക്കപ്പെട്ടിരുന്ന വികാരിജനറാള്‍ അസുഖബാധയെത്തുടര്‍ന്ന് എത്താനാവില്ലെന്ന് അറിയിച്ചു. ഡൊമിനിക്കന്‍, ഫ്രാന്‍സിസ്കന്‍ സുപ്പീരിയര്‍മാര്‍, ആശങ്കാകുലരായി. ഒടുവില്‍ പ്രഭാഷണത്തിന്റെ ചുമതല, ഗ്രേഷ്യനച്ചന്റെതായി മാറി. താന്‍ പ്രഭാഷണത്തിനായി ഒരുങ്ങിയിട്ടില്ലാത്ത സാഹചര്യത്തില്‍, ഏവര്‍ക്കും അപരിചിതനായിരുന്ന തന്റെ ഒപ്പമുള്ള യുവവൈദികനെ ആ ചുമതല അദ്ദേഹം ഏല്‍പ്പിച്ചു. പ്രസംഗത്തില്‍ മുന്‍പരിചയം ഇല്ലാതിരുന്നിട്ടും, സുപ്പീരിയരുടെ ആജ്ഞയെ അദ്ദേഹം ദൈവഹിതമായി സ്വീകരിച്ചു.സമയമായപ്പോള്‍, വിനയപൂര്‍വ്വം അദ്ദേഹം തന്റെ പ്രസംഗം ആരംഭിച്ചു. ഒരു മന്ദമാരുതന്‍ പോലെ, അര്‍ത്ഥസമ്പുഷ്ടവും, ശ്രവ്യമധുരവും, ഘാനഗംഭീരവുമായ വാഗ്ദോരണി ഒഴുകി. ശ്രോതാക്കളുടെ ഹൃദയങ്ങളില്‍ കുളിര്‍ക്കാറ്റായി മാറിയ പ്രൌഡോജ്ജ്വലവും, അവസരോജിതവുമായ പ്രഭാഷണം. അപ്രതീക്ഷിതവും, അപൂര്‍വ്വവുമായ ഒരു അനുഭവമായിരുന്നു അത്. ആല്‍പൈനന്‍ മലമുകളിലെ ഏതോ അജ്ഞാത ഗുഹയില്‍ സമാധിയിലായിരുന്ന ഒരു വാനമ്പാടി ഫോര്‍ലി കത്തീഡ്രലില്‍ നിന്ന് ചിറകുവിരിച്ച് വാനിലേയ്ക്ക് പരന്നുയരുകയായിരുന്നു. അതെ, ലോകം എന്നും സ്മരിക്കുന്ന ഒരു വിശുദ്ധനായ പ്രഭാഷകന്റെ ഉദയമായിരുന്നു അത്. ആ അധരങ്ങളിലൂടെ, സ്വര്‍ഗ്ഗത്തിന്റെ ജ്ഞാനം ലോകത്തിലേയ്ക്ക് ഒഴുകി.

പട്ടുമെത്തയില്‍ നിന്നും, മരക്കട്ടിലിലേയ്ക്ക് ...

മുന്‍കാലങ്ങളെ അപേക്ഷിച്ച്, ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ഏറ്റവും വലിയ സവിശേഷതകളില്‍ ഒന്ന്  ആഡംബരങ്ങളുടെയും സുഖസൗകര്യങ്ങളുടെയും അതിപ്രസരമാണ്. സാങ്കേതികവിദ്യകളും, ആഡംബരവസ്തുക്കളും  സമൂഹത്തിന്റെ അടിത്തട്ടിലുള്ളവര്‍ക്ക്‌പോലും കയ്യെത്തുന്നരീതിയില്‍ ആധുനിക ലോകം ഏറെ മാറിയിരിക്കുന്നു.  ധനസമ്പാദനവും, ജീവിതസൗകര്യങ്ങളുടെ ഔന്നത്യങ്ങള്‍ കണ്ടെത്തലും സാമാന്യജനതയുടെ ജീവിത ലക്ഷ്യങ്ങളില്‍  പ്രഥമസ്ഥാനം നേടിയിരിക്കുന്നു. കണ്ണഞ്ചിക്കുന്ന സുഖസൗകര്യങ്ങള്‍ സ്വപ്നം കണ്ട്, പുലരി കാത്തിരിക്കുന്ന  അനേകര്‍ക്കിടയില്‍ എന്നും ചോദ്യചിഹ്നങ്ങളായി മാറുന്ന ചില ജീവിതങ്ങളുണ്ട്. സമ്പത്തും സ്ഥാനമാനങ്ങളും  സുഖസൗകര്യങ്ങളുമെല്ലാം നിസാരമായി കണ്ടുകൊണ്ട്, ഉയരമുള്ള പടവുകള്‍ ചവിട്ടിക്കയറിയ അനേകര്‍...

പോര്‍ച്ചുഗലിലെ പ്രശസ്തമായ ഒരു പ്രഭുകുടുംബത്തില്‍ ജനിച്ച്, സമ്പന്നതയുടെ ഉത്തുംഗശൃംഗത്തില്‍ വളര്‍ന്ന്,  പില്‍ക്കാലത്ത് പാദുവായിലെ വിശുദ്ധ അന്തോണീസ് എന്ന നാമത്തില്‍ ലോകമെങ്ങും പ്രശസ്തനായി മാറിയ  ഫെര്‍ണാണ്ടോയുടെ ജീവിതം ഇത്തരത്തില്‍, എല്ലാം ത്യജിച്ചവന്റെ വിജയഗാഥയാണ്.

പിതാവ് ലിസ്ബണ്‍ നഗരത്തിന്റെ ഗവര്‍ണ്ണറും, മജിസ്‌ട്രേട്ടും, പോര്‍ച്ചുഗീസ് രാജാവിന്റെ ഉപദേഷ്ടാവുമായ  ഡോണ്‍ മാര്‍ട്ടീനോ... മാതാവ് രാജകുടുംബാംഗമായ ഡോണ തെരേസ... അവരുടെ ഏക മകനും, പിതാവിന്റെ  സ്ഥാനമാനങ്ങളുടെ പിന്തുടര്‍ച്ചാവകാശിയും ആയിരുന്നു ഫെര്‍ണാണ്ടോ. കുടുംബത്തിന്റെ പ്രൗഡിക്കും,  പദവിക്കും യോജ്യമായിരുന്നു ബാലനായ ഫെര്‍ണാണ്ടോയുടെ പ്രകൃതം. പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും  ഏറ്റവും മികച്ച മാതൃകാവിദ്യാര്‍ത്ഥിയായിരുന്നു അവന്‍. എല്ലാത്തിനും പുറമേ, വാള്‍പ്പയറ്റും  കുതിരസവാരിയും അവന്‍ അഭ്യസിച്ചു. ലത്തീന്‍, ഫ്രഞ്ച്, ഇറ്റാലിയന്‍ തുടങ്ങിയ ഭാഷകളിലും പ്രാവീണ്യം നേടി.  ഏവരും ഫെര്‍ണാണ്ടോയില്‍ ദര്‍ശിച്ചത് ഭാവിയിലെ മികച്ചൊരു ഭരണകര്‍ത്താവിനെയാണ്.

എന്നാല്‍ ഫെര്‍ണാണ്ടോയുടെ ഹൃദയം ലക്ഷ്യം വച്ചിരുന്നത് മറ്റുചിലതായിരുന്നു. ഭൗതികമായ  സുഖസൗകര്യങ്ങള്‍ക്കും, ആഡംബരങ്ങള്‍ക്കുമപ്പുറം, അനശ്വരമായ നേട്ടങ്ങളെക്കുറിച്ച്  അവന്‍ ചിന്തിച്ചിരുന്നു.  സമൂഹത്തില്‍ ഉന്നതസ്ഥാനം അലങ്കരിച്ചിരുന്നവരെങ്കിലും, ഫെര്‍ണാണ്ടോയുടെ മാതാപിതാക്കളില്‍ വിളങ്ങിയിരുന്ന  സവിശേഷമായ നന്മകളാണ് ആ മകന്റെ ഹൃദയത്തില്‍, ബാല്യത്തില്‍ തന്നെ വിശുദ്ധിയുടെ ദീപം ജ്വലിപ്പിച്ചത്.  പ്രത്യേകിച്ച്, അമ്മ ഡോണ തെരേസയുടെ മാതൃകയും, ഉപദേശങ്ങളും അവനെ ആത്മീയതയില്‍ വളര്‍ത്തി.  ചെറുപ്പം മുതല്‍ ഒരു അള്‍ത്താരബാലന്‍ കൂടിയായിരുന്നു ഫെര്‍ണാണ്ടോ.

യൗവ്വനത്തിലേയ്ക്ക് കാലൂന്നിയ ഫെര്‍ണാണ്ടോയെ ഒരു വഴിത്തിരിവിലേയ്ക്ക് നയിച്ചത് അഗസ്റ്റീനിയന്‍  വൈദികനായിരുന്ന ഫാ. ജോസഫ് ആണ്. അദ്ദേഹവുമായുണ്ടായിരുന്ന അടുപ്പം, തന്റെ ജീവിതലക്ഷ്യങ്ങളെക്കുറിച്ച്  ആഴത്തില്‍ ചിന്തിക്കുവാന്‍ ഫെര്‍ണാണ്ടോയെ പ്രേരിപ്പിച്ചു. താന്‍ ആയിരിക്കുന്ന അവസ്ഥയും, തന്റെ  ചുറ്റുമുള്ളവരുടെ ജീവിതസാഹചര്യങ്ങളും ജീവിതലക്ഷ്യത്തോട് കൂട്ടിവായിക്കുവാന്‍ അവന്‍ പരിശ്രമിച്ചു.

തന്റെ വിശാലമായ കൊട്ടാരത്തിലേയ്ക്ക് അവന്‍ കണ്ണോടിച്ചു. അനേകര്‍ക്ക് താമസിക്കാനുതകുന്ന  അതിവിശാലമായ മാളിക, നൂറുകണക്കിന് പരിചാരകര്‍, ആയിരക്കണക്കിന് ഏക്കര്‍ കൃഷിസ്ഥലങ്ങള്‍...  മറുവശത്ത്, അന്തിയുറങ്ങുവാന്‍ ഒരു കുടില്‍ പോലുമില്ലാത്ത പട്ടിണിപ്പാവങ്ങള്‍... മറ്റൊരിടത്ത്  ആധിപത്യങ്ങള്‍ക്കും അധികാരത്തിനും വേണ്ടിയുള്ള യുദ്ധങ്ങള്‍... അവിടെ മരിച്ചുവീഴുന്നവര്‍ എത്രയെത്ര...

തന്റെ ജീവിതത്തെ അല്‍പ്പം മാറിനിന്നു വീക്ഷിച്ച ഫെര്‍ണാണ്ടോയ്ക്ക് ഏറെ അമ്പരപ്പ് തോന്നി. ദൈവമേ,  എന്താണ് ഈ ജീവിതം? ഈ ജീവിതത്തില്‍ ഞാന്‍ ആരായി തീരണം? എന്താണ് ഞാന്‍ ചെയ്യേണ്ടത്? അങ്ങ്  തെന്നെ എനിക്ക് വെളിപ്പെടുത്തി തന്നാലും... അവന്‍ ദൈന്യതയോടെ പ്രാര്‍ത്ഥിച്ചു. നിഷ്‌കളങ്കമായ  ഹൃദയത്തില്‍നിന്നുതിര്‍ന്ന ആ പ്രാര്‍ത്ഥന ദൈവം കൈക്കൊണ്ടു... അവിടെ ആരംഭിക്കുകയായി, ഫെര്‍ണാണ്ടോ  എന്ന പ്രഭുകുമാരനില്‍ നിന്നും, അന്തോണി എന്ന വിശുദ്ധ വൈദികനിലേയ്ക്കുള്ള യാത്ര.


ഉയരങ്ങള്‍ ലക്ഷ്യം വയ്ക്കുമ്പോള്‍...

തടസ്സങ്ങള്‍ക്കൊരു ദൈവശാസ്ത്രമുണ്ട്... പ്രതിബന്ധങ്ങളേറുമ്പോള്‍, ലക്ഷ്യപ്രാപ്തി ആവശ്യപ്പെടുന്ന പരിശ്രമവും,  മാനുഷികമായ സമര്‍പ്പണവും കൂടുതല്‍ പ്രസക്തമാവുകയാണ്. ദൈവം മനുഷ്യനില്‍നിന്ന് ആഗ്രഹിക്കുന്ന വലിയ  പുണ്യമാണ് സമര്‍പ്പണം. നിശ്ചയദാര്‍ഢ്യത്തോടെ, ദൈവത്തോട് ചേര്‍ന്നുനിന്ന് പോരാടുന്നവന്‍ ലക്ഷ്യത്തിലെത്തും,  തീര്‍ച്ച...

സന്യാസം സ്വീകരിക്കുവാനുള്ള ഫെര്‍ണാണ്ടോയുടെ തീരുമാനം പ്രവൃത്തിപഥത്തില്‍ എത്തിക്കുക  എളുപ്പമായിരുന്നില്ല. കാരണം, ഒരു ദേശത്തിന്റെ മുഴുവന്‍ സ്വപ്നം ആ ചെറുപ്പക്കാരന്റെ മേലുണ്ടായിരുന്നു.  എന്നാല്‍, ഒരു അഗസ്റ്റീനിയന്‍ വൈദികനായി മാറി, ക്രിസ്തുവിനെ ലോകത്തിനു നല്‍കുക എന്ന തന്റെ  ലക്ഷ്യത്തില്‍ നിന്നും പിന്നോട്ട് പോകുവാന്‍ ഫെര്‍ണാണ്ടോ ഒരുക്കവുമായിരുന്നില്ല. മാതാപിതാക്കളുടെ  സ്വപ്നങ്ങള്‍... ഈ ലോകത്തില്‍ അപൂര്‍വ്വം പേര്‍ക്ക് മാത്രം സ്വപ്നം കാണാനാവുന്ന സുഖസൗകര്യങ്ങള്‍...  സ്ഥാനമാനങ്ങള്‍... ഇതെല്ലാം പ്രതിബന്ധങ്ങളായിരുന്നു. എല്ലാത്തിനും പുറമേ, അതീവസുന്ദരിയായ  രാജപുത്രിയുമായുള്ള വിവാഹാലോചനയും ഫെര്‍ണാണ്ടോയ്ക്ക് മുന്നില്‍ ശക്തമായ പ്രലോഭനമായി  പ്രത്യക്ഷപ്പെട്ടു. പക്ഷെ, എല്ലാ പ്രതിബന്ധങ്ങളെയും തകര്‍ത്തെറിഞ്ഞ്, ഒരു പോര്‍ക്കുതിരയെപ്പോലെ  ഫെര്‍ണാണ്ടോയുടെ ഹൃദയം സന്യാസജീവിതത്തിലേയ്ക്ക് കുതിച്ചു. അങ്ങനെ അഗസ്റ്റീനിയന്‍ സന്ന്യാസ ഭവനത്തില്‍  ഫെര്‍ണാണ്ടോ വൈദിക വിദ്യാര്‍ത്ഥിയായി മാറി. പരിശീലനകാലത്തും, തന്റെ ബന്ധുജനങ്ങളില്‍നിന്നുള്ള സമ്മര്‍ദ്ദം  തുടര്‍ന്നപ്പോള്‍, ലിസ്ബണിലെ സെന്റ് വിന്‍സെന്റ് സന്ന്യാസഭവനത്തില്‍ നിന്നും, ഏറെ ദൂരെ, കോയിമ്പ്രയിലുള്ള  മറ്റൊരു ഭവനത്തിലേയ്ക്ക് ചേര്‍ന്ന് പഠനം തുടരുവാന്‍ അദ്ദേഹം തീരുമാനമെടുത്തു. അങ്ങനെ വൈകാരികത  വച്ചുനീട്ടിയ പ്രതിബന്ധങ്ങളേയെല്ലാം ഫെര്‍ണാണ്ടോ തകര്‍ത്തെറിഞ്ഞു.

1219ല്‍ ഫെര്‍ണാണ്ടോ പൗരോഹിത്യം സ്വീകരിച്ചു. പ്രൗഡമായ ആശ്രമഅള്‍ത്താരയില്‍ വച്ച്,  ദിവ്യകാരുണ്യനാഥനെ കരങ്ങളില്‍ വഹിച്ച ഫെര്‍ണാണ്ടോയുടെ ഹൃദയം ആനന്ദാതിരേകത്താല്‍ പുളകിതമായി.  അദ്ദേഹത്തിന്റെ ഹൃദയം മന്ത്രിച്ചു, ദിവ്യ ഈശോയേ, അങ്ങയെ കരങ്ങളില്‍ സംവഹിക്കുന്നതിനായി എന്റെ  ഹൃദയം കൊതിക്കുകയായിരുന്നു. ഈ അവസരത്തിനായി അങ്ങേയ്ക്ക് നന്ദി. ആ മഹനീയ വേളയില്‍, തന്റെ  കരങ്ങളില്‍ ഇരിക്കുന്ന തിരുവോസ്തി ഉണ്ണീശോയായി മാറിയതായി അദ്ദേഹത്തിന് അനുഭവപ്പെട്ടു. പരിശുദ്ധ  അമ്മയുടെ കരങ്ങളില്‍ എന്നതുപോലെ, സുസ്‌മേരവദനനും, ശാന്തനും, വിനീതനുമായി ഉണ്ണീശോ തന്റെ  കരങ്ങളില്‍... ഫാദര്‍ ഫെര്‍ണാണ്ടോയുടെ മിഴികളില്‍നിന്നും കണ്ണീര്‍ ഒഴുകി. പിന്നീടും, ഉണ്ണീശോ കരങ്ങളില്‍  പ്രത്യക്ഷപ്പെടുന്ന അനുഭവം മറ്റുള്ളവര്‍ കാണ്‍കെ അദ്ദേഹത്തിന് ഉണ്ടായിട്ടുണ്ട്. പില്‍ക്കാലത് പ്രശസ്തമായ  വിശുദ്ധ അന്തോണീസിന്റെ ചിത്രം ഉണ്ണീശോയെ സംവഹിച്ചുകൊണ്ടുള്ളതാണ്.

നാലോളം ഭാഷകളില്‍ വൈദഗ്ദ്യം, സുവിശേഷപ്രഘോഷണത്തിനായുള്ള അദമ്യമായ ആഗ്രഹം, രക്തസാക്ഷിത്വം  വരിക്കുവാനുള്ള ശക്തമായ ഉള്‍പ്രേരണ... ഒരു നിമിഷം പോലും പാഴാക്കാതെ ക്രിസ്തുവിനുവേണ്ടി ലോകത്തില്‍  ആഞ്ഞുവീശുവാന്‍ ഹൃദയം വെമ്പിയ ആ യുവപുരോഹിതനെ കാത്തിരുന്ന ദൗത്യങ്ങള്‍ വ്യത്യസ്ഥമായിരുന്നു.  വിനയാന്വിതനും, സ്‌നേഹമയനുമായിരുന്ന അദ്ദേഹത്തെ, താരതമ്യേന സമ്പന്നമായിരുന്ന അഗസ്റ്റീനിയന്‍  സന്യാസസമൂഹത്തിന്റെ നേതൃത്വം ഭരമേല്പ്പിച്ച ഉത്തരവാദിത്തം അതിഥി ശുശ്രൂഷയായിരുന്നു. അസ്വസ്ഥമായ  മനസ്സോടെ, ലക്ഷ്യത്തില്‍ എത്തിച്ചേരുന്നതിനായി അദ്ദേഹം പ്രാര്‍ത്ഥിക്കുക മാത്രം ചെയ്തു.


മനുഷ്യന്‍ ആഗ്രഹിക്കുന്നതും, ദൈവം തീരുമാനിക്കുന്നതും...

ഓരോ ആത്മാക്കളുടെ ഉള്ളിലും, തങ്ങളുടെ ജീവിതത്തെക്കുറിച്ചുള്ള അവ്യക്തമായ ദര്‍ശനങ്ങള്‍ ദൈവം  നിക്ഷേപിക്കുന്നുണ്ട്. ദൈവത്തോട് ചേര്‍ന്നുനിന്ന് ജീവിതത്തില്‍ മുന്നേറുവാന്‍ തയ്യാറാകുമ്പോള്‍,സമയത്തിന്റെ  പൂര്‍ണ്ണതയില്‍, ദൈവികപദ്ധതികള്‍ അവനു വെളിപ്പെടുത്തപ്പെടും. ഭൗതികവും, സ്വാര്‍ത്ഥപരവുമായ  ലക്ഷ്യങ്ങള്‍ക്ക് പിന്നാലെ അന്ധമായി യാത്ര ചെയ്യുന്നവര്‍ പരാജിതരാകുന്നതിനുപിന്നിലെ ദൈവശാസ്ത്രം ഇതാണ്.  ഈ ലോകത്തില്‍ അവര്‍ക്ക് ദൈവം നല്‍കിയിരിക്കുന്ന അവസരങ്ങളെ അവര്‍ തിരിച്ചറിയുന്നില്ല. എന്നാല്‍,  ദൈവം നിയോഗിക്കുന്ന ചില വ്യക്തികളും, അവിടുന്നനുവദിക്കുന്ന സാഹചര്യങ്ങളും ജീവിതങ്ങളില്‍  വഴിത്തിരിവിന് കാരണമായി മാറുന്നു. വലിയൊരു ദൈവികരഹസ്യമാണ് ഇത്.

ഫാ. ഫെര്‍ണാണ്ടോയുടെ സമകാലീനനായ മറ്റൊരു വ്യക്തിയുണ്ടായിരുന്നു. മാടമ്പി സ്ഥാനവും, പിതൃസ്വത്തും  തൃണവദ്ഗണിച്ചവന്‍... പിതാവ് നല്‍കിയ ഉടുപ്പ് പോലും തിരികെ നല്‍കിയവന്‍... നഗ്‌നപാദന്‍... അന്നന്നത്തെ  അപ്പത്തിനായി ഭിക്ഷയെടുത്തവന്‍... കുഷ്ഠരോഗിയെ ആലിംഗനം ചെയ്തവന്‍... നാശോന്മുഖമായ ദേവാലയങ്ങള്‍  പുനരുദ്ധരിക്കാന്‍ പൊരിവെയിലത്ത് അധ്വാനിച്ചവന്‍... പാടാനും പ്രസംഗിക്കാനുമുള്ള കഴിവുകള്‍  സുവിശേഷപ്രഘോഷണത്തിനായി വിനിയോഗിച്ചവന്‍... പാറക്കെട്ടിലും മരച്ചുവട്ടിലും അന്തിയുറങ്ങിയവന്‍...  സ്വന്തമായി യാതൊന്നും സമ്പാദിക്കാത്തവന്‍... അസീസിയിലെ ഫ്രാന്‍സിസ്. സമ്പന്നമായ സന്ന്യാസജീവിതം  വീര്‍പ്പുമുട്ടിച്ച ഫെര്‍ണാണ്ടോ അച്ചനെ ഫ്രാന്‍സിസ് അസീസിയുടെ ജീവിതമാതൃക വളരെപ്പെട്ടെന്നു സ്വാധീനിച്ചു.  ഫ്രാന്‍സിസിന്റെ സഹോദരന്മാരുടെ ശൈലികള്‍ അദ്ദേഹത്തിന്റെ ഹൃദയത്തെ ജ്വലിപ്പിച്ചു.  സുവിശേഷപ്രഘോഷണത്തിനിടെ രക്തസാക്ഷിത്വം വരിച്ച ഏറെപ്പേരുടെ മാതൃകയും കൂടിയായപ്പോള്‍ അദ്ദേഹം  ഫ്രാന്‍സിസ്‌കന്‍ സഭയിലേയ്ക്ക് ആകര്‍ഷിക്കപ്പെട്ടു.

ഫാ. ഫെര്‍ണാണ്ടോ, ഫാ. അന്തോണിയായി മാറുകയായിരുന്നു. പുതിയൊരു ജീവിതമാണ് തന്നെ കാത്തിരിക്കുന്നത്  എന്ന തിരിച്ചറിവായിരുന്നിരിക്കണം പുതിയ പേര് സ്വീകരിക്കുവാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ഇടിമുഴക്കം  പോലെ ശബ്ദമുള്ളവന്‍ എന്നാണ് അന്തോണി എന്ന വാക്കിന്റെ അര്‍ത്ഥം, പില്‍ക്കാലത്ത് അത് സാര്‍ത്ഥകമായി  മാറി.

ഫ്രാന്‍സിസിന്റെ അനുയായിയായിമാറി പുതിയ സഭയിലേയ്ക്ക് കടന്നെത്തിയ ഫാ. അന്തോണിയുടെ ഒരേയൊരു  ജീവിതലക്ഷ്യം അന്യദേശങ്ങളില്‍ സുവിശേഷം പ്രഘോഷിക്കുകയും, അതിന്റെ ഭാഗമായി രക്തസാക്ഷിത്വം  വരിക്കുകയുമായിരുന്നു. എന്നാല്‍, ദൈവഹിതം മറ്റൊന്നായിരുന്നു. സുവിശേഷപ്രഘോഷണത്തിനായി  മൊറോക്കോയിലെത്തിയ അദ്ദേഹം രോഗബാധിതനായി തീര്‍ന്നു. തന്റെ ജീവിതത്തെക്കുറിച്ചുള്ള ദൈവിക പദ്ധതി  താന്‍ ആഗ്രഹിച്ചത് ആയിരുന്നില്ലെന്ന് മനസ്സിലാക്കിയ അന്തോണിയച്ചന്‍, ഹൃദയവേദനയോടെ തിരികെ  നാട്ടിലേയ്ക്ക് പോകുവാന്‍ തീരുമാനിച്ചു.

തുടര്‍ന്നും, മാനുഷിക തീരുമാനങ്ങള്‍ പരാജയപ്പെടുന്നത് അന്തോണിയച്ചന്‍ തന്റെ ജീവിതത്തില്‍ കണ്ടു.  പോര്‍ച്ചുഗലിലേയ്ക്ക് കപ്പല്‍ കയറിയ അദ്ദേഹം കടല്‍ക്ഷോഭം മൂലം എത്തിച്ചേര്‍ന്നത് ഇറ്റലിയിലെ  മെസീനയിലാണ്.ദൈവിക പദ്ധതിയനുസരിച്ച്, അത്ഭുതകരമായി അദ്ദേഹം, ദൈവം നിശ്ചയിച്ചിരുന്ന വയലിലേയ്ക്ക്  എത്തിച്ചേരുകയായിരുന്നു.

റൊമാനോ പ്രോവിന്‍സില്‍, ഫോര്‍ലിനഗരത്തെ വലയംചെയ്തുനില്‍ക്കുന്ന ആല്‍പൈനന്‍ മലനിരകള്‍ക്കിടയിലെ  മൊണ്ടേ പൗളോ താഴ്വരയിലെ സന്യാസഭവനത്തിലേയ്ക്കാണ് അന്തോണിയച്ചന്‍ തുടര്‍ന്ന്  നിയോഗിക്കപ്പെട്ടത്.സുവിശേഷപ്രഘോഷണമെന്ന അഭിലാഷം പ്രാര്‍ത്ഥനാപൂര്‍വ്വം ഹൃദയത്തില്‍ സൂക്ഷിച്ച്  ഏകാന്തധ്യാനത്തിനും, പ്രാര്‍ത്ഥനയ്ക്കുമായി അദ്ദേഹം ഏറെ സമയം ചെലവഴിച്ചു. ഓരോ പ്രഭാതത്തിലും,  ദിവ്യബലിക്ക് ശേഷം ആല്‍പൈനന്‍ മലകളിലെ ഗുഹകളിലൊന്നില്‍, അദ്ദേഹം ഏകാന്തധ്യാനത്തിന് പതിവായി  എത്തിചേര്‍ന്നിരുന്നു. ആ കാലഘട്ടം അദ്ദേഹത്തിന്റെ ഹൃദയത്തില്‍ പരിശുദ്ധാത്മാവ് ഏറെ ആത്മീയ  ദര്‍ശനങ്ങളും ബോധ്യങ്ങളും നിറച്ചു. ആത്മാവില്‍ ദൈവസ്‌നേഹാഗ്‌നി കത്തിയെരിഞ്ഞു. ലഭിച്ച  അവബോധങ്ങളുടെ വെളിച്ചത്തില്‍, അദ്ദേഹത്തിന്റെ ജീവിതശൈലിയില്‍ ഏറെ മാറ്റങ്ങള്‍ സംഭവിച്ചു, കൂടുതല്‍  ലാളിത്യമുള്ളവനായി, വിനയാന്വിതനായി, സേവനതല്‍പ്പരനായി അദ്ദേഹം മാറി. അതെ, ദൈവം ആഗ്രഹിച്ച  ജ്ഞാനപൂര്‍ണ്ണതയിലേയ്ക്കും, ശൂന്യവല്‍ക്കരണത്തിലേയ്ക്കും ആ പ്രഭുകുമാരന്‍ വളരുകയായിരുന്നു.

ഒടുവില്‍ അപ്രതീക്ഷിതമായ ഒരു സാഹചര്യത്തില്‍, ഫോര്‍ലികത്തീഡ്രലില്‍ ദൈവം നല്‍കിയ അവസരത്തിലൂടെ  അന്തോണിഅച്ചനെ പുറംലോകം അറിഞ്ഞു. അദ്ദേഹം തന്നെയും, തന്റെ നിയോഗം എന്താണെന്ന്  തിരിച്ചറിയുകയായിരുന്നു.


ദൈവനിയോഗത്തിന്റെ വഴിത്താരകള്‍...

ജീവിതവിജയം വലിയൊരു ദൈവിക ദാനമാണ്. ദൈവിക പദ്ധതികളെ തിരിച്ചറിഞ്ഞ്, അതിന് വിധേയപ്പെടുന്നവര്‍ക്ക് ദൈവം നല്‍കുന്ന വിലയേറിയ സമ്മാനം. തന്നോട് ചേര്‍ന്നുനില്‍ക്കുന്നവരിലൂടെ വലിയ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്ന ദൈവം നമുക്ക് അപരിചിതനല്ല... ഏറെ വിശുദ്ധാത്മാക്കളുടെ ജീവിതങ്ങള്‍ ആ ദൈവിക മാഹാത്മ്യത്തിന് സാക്ഷ്യം നല്‍കുന്നു.

ഫോര്‍ലികത്തീഡ്രലിലെ സംഭവത്തിനു ശേഷമുള്ള അന്തോണിയച്ചന്റെ ജീവിതം സ്വപ്നസദൃശ്യമായാണ് മുന്നേറിയത്. അദ്ദേഹം ആ നാടിന്റെ ശബ്ദമായി മാറിയത് വളരെ പെട്ടെന്നായിരുന്നു. പാഷണ്ഡതകളുടെയും, തെറ്റിദ്ധാരണകളുടെയും മദ്ധ്യേ, സഭയിലൂടെ ക്രിസ്തുവിന് നല്‍കുവാനുള്ള സന്ദേശം ആ നാവില്‍നിന്നും ജനം സന്തോഷത്തോടെ ശ്രവിച്ചു. മത്സ്യങ്ങളും മൃഗങ്ങളും പോലും അദ്ദേഹത്തിനെ ശ്രവിച്ച അത്ഭുതകരമായ അനുഭവങ്ങള്‍ അനവധി...

ഒരിക്കല്‍, വിശുദ്ധകുര്‍ബ്ബാനയുടെ ദൈവികത അദ്ദേഹത്തിലൂടെ അവിശ്വാസികള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തുവാന്‍ ദൈവം തിരുമനസ്സായി. അന്തോണിയച്ചനെ പരസ്യമായി വെല്ലുവിളിച്ച ഒരു മനുഷ്യന്‍ വിശന്നുവലഞ്ഞ ഒരു കഴുതയുമായി അദ്ദേഹത്തിന്റെ മുന്നിലെത്തി. പുല്ലിനെ അവഗണിച്ച്, ദിവ്യകാരുണ്യത്തെ വണങ്ങാന്‍ ആ മൃഗം തയ്യാറായാല്‍ അദ്ദേഹത്തെ അംഗീകരിക്കാം എന്നായിരുന്നു ആ നിരീശ്വരവാദിയുടെ വാക്ക്. ദിവ്യകാരുണ്യവുമേന്തിനിന്ന അന്തോണിയച്ചന്റെ മുന്നില്‍, മുട്ടുമടക്കി നിന്ന് ദൈവത്തെ ആരാധിച്ച ആ കഴുത അനേക അവിശ്വാസികളുടെ കണ്ണ് തുറക്കുവാന്‍ കാരണമായി മാറി.

തുടര്‍ന്നുള്ള നാളുകളില്‍, രോഗബാധിതനായി അവശനിലയിലായിരുന്ന അസീസിയിലെ ഫ്രാന്‍സീസുമായും, തുടര്‍ന്ന്, മാര്‍പ്പാപ്പയുമായും, ഏറെ കര്‍ദ്ദിനാള്‍മാരുമായെല്ലാം അടുപ്പം പുലര്‍ത്തുവാനും, ഫ്രാന്‍സിസ്‌കന്‍ സന്യാസസമൂഹത്തിനായി നിയമാവലി തയ്യാറാക്കുവാനുമെല്ലാം അന്തോണിയച്ചന് കഴിഞ്ഞു. സാധാരണക്കാരായ ജനസഹസ്രങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുവാനും, ഏറെപ്പേരെ മാനസാന്തരാനുഭവത്തിലേയ്ക്ക് നയിക്കുവാനും അദ്ദേഹത്തിനായി. ചുരുങ്ങിയ കാലങ്ങള്‍ക്കുള്ളില്‍ അത്ഭുതപ്രവര്‍ത്തകനായും അദ്ദേഹം അറിയപ്പെട്ടു. ദൈവാത്മാവിന്റെ ശക്തമായ ഇടപെടലുകള്‍ അദ്ദേഹത്തിലൂടെ സംഭവിച്ചുകൊണ്ടിരുന്നു. ദൈവവചനത്തെ നീതീകരിക്കുവാനും, സ്ഥിരീകരിക്കുവാനും, ശ്രോതാക്കള്‍ക്കിടയില്‍ വിശ്വാസത്തിന്റെയും മാനസാന്തരത്തിന്റെയും ഫലങ്ങള്‍ ഉളവാക്കുവാനും, ദൈവകരം അന്തോണിയച്ചനിലൂടെ പ്രവര്‍ത്തിച്ചപ്പോള്‍ അത്ഭുതങ്ങളുണ്ടായി.

ഒരുകാലത്ത്, ഭൗതികജിവിത സന്തോഷങ്ങള്‍ക്ക് പിന്നാലെ കുതിച്ചുപാഞ്ഞ ഒരു ചരിത്രം സ്വന്തമായുണ്ടായിരുന്ന നഗരമായിരുന്നു പാദുവ. ആ നാട്ടിലെ അന്തോണിയച്ചന്റെ ഇടപെടലുകള്‍ ഏറെ മാനസാന്തരങ്ങള്‍ക്കും, വിശ്വാസവളര്‍ച്ചയ്ക്കും കാരണമായി മാറി. പാദുവാ നിവാസികള്‍ തങ്ങളുടെ പ്രവാചകനെ അംഗീകരിക്കുകയും, സ്‌നേഹിക്കുകയും ചെയ്തു. തുടര്‍ന്ന് എക്കാലവും ആ ദേശത്തിന്റെ പേരിലാണ് അദ്ദേഹം അറിയപ്പെട്ടത്.

തുടര്‍ന്നുള്ള ജീവിതകാലമുടനീളവും തനിക്ക് ലഭിച്ച സ്വര്‍ഗ്ഗീയജ്ഞാനത്തിന്റെ പ്രഘോഷകനായി സുവിശേഷത്തിനുവേണ്ടി ജീവിക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഹ്രസ്വമായ ആ ജീവിതമാകുന്ന വിളക്ക് എരിഞ്ഞത് പരിമിതമായ കാലയലവിലേയ്ക്കായിരുന്നില്ല. ഇടുങ്ങിയ ഒരു ഭൂപ്രദേശത്തേയ്ക്കുമായിരുന്നില്ല. ആ നിലയ്ക്കാത്ത സൗരഭ്യം എക്കാലവും, എല്ലാ ദേശത്തേയ്ക്കും പ്രസരിച്ചുകൊണ്ടിരുന്നു.

1231 ജൂണ്‍ പതിമൂന്നിന് തന്റെ മുപ്പത്തിയേഴാം വയസില്‍ രോഗബാധയെത്തുടര്‍ന്ന് അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു. ജീവിതവിശുദ്ധികൊണ്ട് പവിത്രീകരിക്കപ്പെട്ട ആ ആത്മാവ് ദൈവകരങ്ങളിലേയ്ക്ക് ഉയര്‍ന്നു. അദ്ദേഹത്തിന്റെ സംസ്‌കാര ദിവസം തന്നെ അനേക അത്ഭുതങ്ങള്‍ നടന്നതായി സാക്ഷ്യം ലഭിച്ചു. ചുരുങ്ങിയ കാലം കൊണ്ട് അമ്പതോളം അത്ഭുതങ്ങള്‍ തെളിയിക്കപ്പെട്ടു. 1232 മെയ് മാസം മുപ്പതാം തിയ്യതി, അതായത് മരണശേഷം ഒരു വര്‍ഷം തികയുന്നതിനുമുമ്പ് അദ്ദേഹം വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ടു.

വിശുദ്ധ അന്തോണീസിന്റെ അത്ഭുത മധ്യസ്ഥം...

ലോകം മുഴുവന്‍ ഒരേ മനസോടെ മാധ്യസ്ഥം പ്രാര്‍ത്ഥിക്കുന്ന അപൂര്‍വ്വം ചില വിശുദ്ധാത്മാക്കളില്‍ ഒരാളാണ് പാദുവായിലെ വിശുദ്ധ അന്തോണീസ്. ജീവിച്ചിരിക്കുമ്പോള്‍ തന്നെ, അത്ഭുതപ്രവര്‍ത്തകനായി അറിയപ്പെട്ടിരുന്ന അദ്ദേഹം, മരണശേഷവും ആ ഖ്യാതി നിലനിര്‍ത്തി. ശക്തമായ മാധ്യസ്ഥ സഹായവും, ഇടപെടലുകളും കൊണ്ട് ഏറെ വിശേഷണങ്ങള്‍ക്ക് ഉടമയായി ഈ വിശുദ്ധന്‍ മാറി.

നിരവധി സ്വര്‍ഗ്ഗീയ രഹസ്യങ്ങള്‍ ലോകത്തിന് പകര്‍ന്നുകൊടുക്കുവാന്‍ നിയോഗിക്കപ്പെട്ട അദ്ദേഹത്തിന്റെ നാവ് അഴുകുവാന്‍ ദൈവം അനുവദിച്ചില്ല. മരണത്തിന് ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടം മാറ്റി സ്ഥാപിക്കുന്നതിനായി കബറിടം തുറന്നപ്പോള്‍, അസ്ഥിപോലും ദ്രവിച്ചിരുന്നെങ്കിലും, നാവ് മാത്രം ജീവനുള്ള മനുഷ്യന്റെതുപോലെ അവശേഷിച്ചിരുന്നതായി കാണപ്പെട്ടു. അത് ഇന്നും പ്രത്യേകമായി സൂക്ഷിക്കപ്പെട്ടിരിക്കുന്നു. ജീവിതകാലമത്രയും ദൈവസ്തുതിപാടിയ ഒരാത്മാവിന് ദൈവം നല്‍കിയ ഒരപൂര്‍വ്വ സമ്മാനം...

നഷ്ടപ്പെട്ടവ കണ്ടുകിട്ടുന്നതിനും, ജ്ഞാനത്തിനും, അപൂര്‍വ്വനേട്ടങ്ങള്‍ക്കും മറ്റുമുള്ള വിശുദ്ധ അന്തോണീസിനോടുള്ള മധ്യസ്ഥപ്രാര്‍ത്ഥനയും, നൊവേനയും പ്രശസ്തമാണ്. പറഞ്ഞാല്‍ തീരാത്ത അത്ഭുതസാക്ഷ്യങ്ങളുമായി, ഈ മഹാനായ വിശുദ്ധന്റെ അനുഭവകഥകള്‍ നൂറ്റാണ്ടുകള്‍ക്കിപ്പുറവും തുടരുകയാണ്. ഉറപ്പുള്ള പ്രാര്‍ത്ഥനാസഹായങ്ങള്‍ക്കായി നമുക്കും ഈ വിശുദ്ധന്റെ മാധ്യസ്ഥം തേടാം.











No comments:

Post a Comment