ഒരു വാക്ക്....

യഥാര്‍ത്ഥ ക്രിസ്തുദര്‍ശനത്തിനായി ചിന്തിക്കുകയും ആ സന്ദേശം പ്രചരിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു കത്തോലിക്കന്‍. സുവിശേഷസന്ദേശം ലോകമെങ്ങും എത്തിക്കുക എന്നത് ലോകമെങ്ങുമുള്ള ക്രൈസ്തവരുടെ ജീവിതദൌത്യമാണെന്ന തിരിച്ചറിവില്‍ എന്‍റെ തൊഴിലിലൂടെയും ജീവിതത്തിലൂടെയും ഞാന്‍ എന്‍റെ ക്രിസ്തുവിനെ മഹത്വപ്പെടുത്തുന്നു. സ്ഥാപനവല്‍ക്കരണത്തിലൂടെയും, സുവിശേഷവിരുദ്ധമായ നയങ്ങളിലൂടെയും കത്തോലിക്കാ സഭയില്‍ സംഭവിക്കുന്ന അപചയപ്രവണതകള്‍ക്കുള്ള പ്രതിവിധി സഭാംഗങ്ങള്‍ ഏവരും ശരിയായ ബോധ്യത്തിലേക്ക് കടന്നുവരികയാണ്. ശരിയായ വിശ്വാസവും ആത്മീയ കാഴ്ച്ചപ്പാടുകളും സ്വന്തമാക്കുവാന്‍ ഈ ദൈവജനത്തെ പര്യാപ്തരാക്കേണ്ട ചുമതല നാമേവര്‍ക്കുമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു.

Sunday, September 30, 2012

ദൈവത്തിനായ് മാറ്റിവയ്ക്കുമ്പോള്‍....

     പണ്ട് കേട്ടിട്ടുള്ള ഒരു കൊച്ചു കഥയുണ്ട്. ഒരു രാജാവ് തന്‍റെ പ്രജകളുടെ ക്ഷേമമന്വേഷിക്കാനായി വേഷപ്രച്ഛന്നനായി നാട്ടിലേക്ക് ഇറങ്ങുക പതിവായിരുന്നു. ഒരിക്കല്‍ ഒരു കച്ചവടക്കാരന്റെ വേഷം ധരിച്ച അദ്ദേഹത്തിന്‍റെ മുന്നില്‍ ഒരു യാചകന്‍ കൈനീട്ടി. രാജാവ് അയാള്‍ക്ക് ഒന്നും കൊടുത്തില്ലെന്ന് മാത്രമല്ല, തനിക്ക് എന്തെങ്കിലും തരണമെന്ന് യാചകനോട് ആവശ്യപ്പെടുകയും ചെയ്തു. അയാള്‍ പുച്ഛത്തോടെ തന്‍റെ ഭാണ്ഡത്തില്‍നിന്നും രണ്ട് അരിമണികള്‍ പെറുക്കിയെടുത്ത് രാജാവിന് നല്‍കി. രാജാവ് ഒരു പുഞ്ചിരിയോടെ അത് വാങ്ങി അവിടെനിന്നും പോയി. യാചകന്‍ വൈകുന്നേരം തന്‍റെ കുടിലില്‍ ചെന്ന് തനിക്ക് അന്നേദിവസം കിട്ടിയ ഭിക്ഷകള്‍ ഭാണ്ഡത്തില്‍നിന്ന് കുടഞ്ഞിട്ട് വേര്‍തിരിക്കവേ, അത്ഭുതകരമായ ഒരു കാഴ്ച കണ്ടു. ആ അരിമണികള്‍ക്കിടയില്‍ സ്വര്‍ണ്ണം കൊണ്ടുള്ള രണ്ട് അരിമണികള്‍. യാചകന്‍ രാജാവിന് കൊടുത്ത അരിമണികള്‍ക്ക് പകരം അദ്ദേഹം തന്നെ സൂത്രത്തില്‍ നിക്ഷേപിച്ചതായിരുന്നു അവ. കാര്യം മനസ്സിലായപ്പോള്‍ യാചകന് വലിയ ഇച്ഛാഭംഗം തോന്നി. തന്‍റെ കൈവശമുള്ളതൊക്കെയും അദ്ദേഹത്തിന് കൊടുക്കാന്‍ തോന്നിയിരുന്നെങ്കില്‍ ഇന്ന് താനൊരു ധനികനായി മാറിയേനെ എന്നയാള്‍ വേദനയോടെ ചിന്തിച്ചു.
     ദൈവത്തിനായി എന്തെങ്കിലും മാറ്റിവയ്ക്കുമ്പോള്‍ നാമും പലപ്പോഴും ഈ യാചകനെപ്പോലെ തരംതാഴാറില്ലേ? ധനമോ, സമയമോ, അദ്ധ്വാനമോ മറ്റെന്തെങ്കിലുമോ ആകട്ടെ, ദൈവത്തെ പ്രതി നാം മാറ്റിവയ്ക്കുമ്പോള്‍ അതില്‍ നമ്മുടെ വേദനയും ത്യാഗവും അടങ്ങിയിട്ടുണ്ടോ എന്നതാണ് പ്രധാനം എന്ന് വചനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. വിധവ ഭണ്ഡാരത്തില്‍ നിക്ഷേപിക്കുന്ന കേവലം നിസ്സാരങ്ങളായ ചില്ലിത്തുട്ടുകളെക്കുറിച്ച് നമ്മോട് പറയുന്ന ഈശോ സൂചിപ്പിക്കുന്നത് ഇതുതന്നെയാണ്. 
     ദൈവത്തെ പ്രതി, ദൈവസ്നേഹത്തെ പ്രതി സന്മനസ്സോടെ എന്ത് നീക്കിവയ്ക്കാന്‍ നമുക്ക് കഴിയുന്നു എന്നതാണ് നമുക്ക് ലഭിക്കുന്ന അനുഗ്രഹങ്ങളെ നിശ്ചയിക്കുന്നത്. ദശാംശം കൊടുക്കുക എന്ന ശീലം ജീവിതത്തിലുടനീളം പാലിക്കുന്ന അനേകരെ കണ്ടുമുട്ടിയിട്ടുണ്ട്. മാനുഷികമായി ചിന്തിച്ചാല്‍, ഇന്ന് ഒരു സാധാരണക്കാരന്‍റെ ഒരുമാസത്തെ ശരാശരി വരുമാനവും ചെലവുകളും പൊരുത്തപ്പെടുത്തികൊണ്ടുപോകാന്‍ തന്നെ ബുദ്ധിമുട്ടായിരിക്കെ, ദൈവത്തെപ്രതി നല്‍കുവാന്‍ സന്മനസ്സായിരിക്കുന്ന ഓരോരുത്തരുടെ ജീവിതത്തിലും അത്ഭുതങ്ങള്‍ സംഭവിക്കുന്നതാണ് കാണാന്‍ കഴിയുക. ഒരിക്കലും മനുഷ്യനെ തൃപ്തിപ്പെടുത്താന്‍ കഴിയാത്ത ചരിത്രമാണ് പണത്തിന്‍റെത്. സമ്പാദിക്കുംതോറും അതിന്‍റെ ആവശ്യങ്ങള്‍ വര്‍ദ്ധിക്കും; ഉപ്പുവെള്ളം കുടിക്കുന്നവന്റെ ദാഹം ഒരിക്കലും നിലയ്ക്കില്ല എന്ന് പറയുന്നതുപോലെ. പക്ഷെ, മനുഷ്യന്‍റെ അധ്വാനത്തിന്‍റെ പ്രതിഫലമായ സമ്പത്തിന്‍റെ ഒരു വിഹിതം ദൈവികമായ കാഴ്ചപ്പാടുകളോടെ വിനിയോഗിക്കാന്‍ സന്മനസ്സായാല്‍, ആ അധ്വാനത്തിന്‍റെ മുഴുവന്‍ ഫലങ്ങളും അതിന്‍റെ എല്ലാ വിനിയോഗങ്ങളും വിശുദ്ധീകരിക്കപ്പെടുകയും, അവന്‍റെ സകല ആവശ്യങ്ങളും നിറവേറ്റപ്പെടുകയും ചെയ്യും എന്ന് തീര്‍ച്ച.
     ദൈവത്തിനായി നീക്കിവയ്ക്കുന്നത് എന്തുതന്നെയായാലും അതിന്‍റെ പിന്നിലെ സന്മനസ്സിനെ ദൈവം അങ്ങേയറ്റം വിലമതിക്കുന്നു. അദ്ധ്വാനമോ, അദ്ധ്വാനഫലമോ, സമയമോ എന്തുതന്നെയായാലും ദൈവകാര്യത്തിനുവേണ്ടി നാം മാറ്റിവയ്ക്കുന്നെങ്കില്‍ നമ്മുടെ വിശ്വസ്തത അവിടെ മുഖ്യമാണ്. ഇത്തരത്തില്‍ ചിന്തിക്കുമ്പോള്‍, ദൈവകോപത്തിന് തന്നെ കാരണമായേക്കാവുന്ന അലംഭാവത്തെക്കുറിച്ച് തിരുവചനം സൂചിപ്പിക്കുന്നത് കാണാന്‍ സാധിക്കും. അപ്പസ്തോലന്മാരുടെ പ്രവര്‍ത്തനങ്ങളുടെ അഞ്ചാമദ്ധ്യായത്തില്‍ അനനിയാസ്, സഫീറ എന്നീ ഭാര്യാഭര്‍ത്താക്കന്മാര്‍ നേരിട്ട ദുരന്തത്തെക്കുറിച്ച് നാം വായിക്കുന്നു. ദൈവത്തിനുവേണ്ടി നല്‍കുവാന്‍ തീരുമാനിക്കപ്പെട്ട സമ്പത്തിന്‍റെ ഒരു വിഹിതം രഹസ്യമായി നീക്കിവയ്ക്കുവാന്‍ ഇടയായത് അവരുടെ മരണത്തില്‍ കലാശിക്കുന്നു. നാം പുലര്‍ത്തേണ്ട വിശ്വസ്ഥതയെക്കുറിച്ചുള്ള വലിയ സന്ദേശമാണ് അത്. 
     ഇത്തരത്തില്‍, നാം ദൈവത്തിനായി നീക്കിവയ്ക്കുന്ന ആരോഗ്യത്തെയും സമ്പത്തിനെയും കുറിച്ചെല്ലാം കൂടുതല്‍ വിശ്വസ്ഥമായ സമീപനം പുലര്‍ത്തേണ്ടത് ആവശ്യമാണ്‌. അല്ലാത്തപക്ഷം, നമുക്ക് ലഭിക്കേണ്ട അനുഗ്രഹങ്ങള്‍ ശാപങ്ങളായി പരിണമിച്ചേക്കാം. ഓര്‍ക്കുക, നാം സ്വയമേവ ഏറ്റെടുക്കുന്ന ഇത്തരം ത്യാഗങ്ങളെയും നഷ്ടങ്ങളെയുമെല്ലാം അതിലംഘിക്കുന്നതാണ് വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന നന്മകള്‍. 
     'സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു, ദൈവരാജ്യത്തിനുവേണ്ടി വീടിനെയോ, ഭാര്യയെയോ, സഹോദരന്മാരെയോ, മാതാപിതാക്കളെയോ, സന്താനങ്ങളെയോ ഉപേക്ഷിച്ചവരിലാര്‍ക്കും, ഇക്കാലത്തുതന്നെ അവ അനേകമടങ്ങ്‌ ലഭിക്കാതിരിക്കുകയില്ല. വരാനിരിക്കുന്ന കാലത്ത് നിത്യജീവനും.' ലൂക്കാ18/29,30
     സഹജീവികളില്‍നിന്നുള്ള പ്രശംസയോ പ്രതിഫലമോ കാംക്ഷിക്കാതെ ആവുംവിധം ഏവര്‍ക്കും സഹായം നല്‍കുവാനാണ് തിരുവചനം നമ്മെ ഉത്ബോധിപ്പിക്കുന്നത്. തിരിച്ചുകിട്ടുമെന്ന പ്രതീക്ഷ കൂടാതെ ദൈവത്തെപ്രതി നല്‍കാന്‍ തയ്യാറാകുമ്പോള്‍ അതിന്‍റെ പ്രതിഫലം വളരെ വലുതായിരിക്കും. പണത്തിന്‍റെയും, അദ്ധ്വാനത്തിന്‍റെയും, സമയത്തിന്‍റെയുമെല്ലാം മൂല്യം ഇത്തരത്തില്‍ ദൈവത്തിന്‍റെ കണ്ണില്‍ അമൂല്യങ്ങളായി മാറുകയും നമുക്ക് അവര്‍ണ്ണനീയങ്ങളായ അനുഗ്രഹങ്ങളായി പരിണമിക്കുകയും ചെയ്യുന്നത് നമ്മുടെ ഈ ജീവിതത്തില്‍ തിരിച്ചറിയാനാവും. 

1 comment: