ഒരു വാക്ക്....

യഥാര്‍ത്ഥ ക്രിസ്തുദര്‍ശനത്തിനായി ചിന്തിക്കുകയും ആ സന്ദേശം പ്രചരിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു കത്തോലിക്കന്‍. സുവിശേഷസന്ദേശം ലോകമെങ്ങും എത്തിക്കുക എന്നത് ലോകമെങ്ങുമുള്ള ക്രൈസ്തവരുടെ ജീവിതദൌത്യമാണെന്ന തിരിച്ചറിവില്‍ എന്‍റെ തൊഴിലിലൂടെയും ജീവിതത്തിലൂടെയും ഞാന്‍ എന്‍റെ ക്രിസ്തുവിനെ മഹത്വപ്പെടുത്തുന്നു. സ്ഥാപനവല്‍ക്കരണത്തിലൂടെയും, സുവിശേഷവിരുദ്ധമായ നയങ്ങളിലൂടെയും കത്തോലിക്കാ സഭയില്‍ സംഭവിക്കുന്ന അപചയപ്രവണതകള്‍ക്കുള്ള പ്രതിവിധി സഭാംഗങ്ങള്‍ ഏവരും ശരിയായ ബോധ്യത്തിലേക്ക് കടന്നുവരികയാണ്. ശരിയായ വിശ്വാസവും ആത്മീയ കാഴ്ച്ചപ്പാടുകളും സ്വന്തമാക്കുവാന്‍ ഈ ദൈവജനത്തെ പര്യാപ്തരാക്കേണ്ട ചുമതല നാമേവര്‍ക്കുമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു.

Friday, September 26, 2014

അല്‍മായതീക്ഷ്ണത വഴിതെറ്റുമ്പോള്‍...

പരിശുദ്ധ കത്തോലിക്കാസഭയെ എല്ലാവിധ മാലിന്യങ്ങളില്‍നിന്നും വിമുക്തമാക്കി ശുദ്ധീകരിക്കണമെന്നുള്ള ശക്തമായ ആന്തരിക പ്രചോദനത്താല്‍ പ്രേരിതരായി ഇന്നോളം ഈ ലോകത്തില്‍ ഉയര്‍ന്നുവന്നിട്ടുള്ള പ്രസ്ഥാനങ്ങളും കൂട്ടായ്മകളും വ്യക്തികളും അനവധിയാണ്. പ്രത്യക്ഷത്തില്‍ ദോഷമൊന്നും കണ്ടെത്താനാവാത്ത ആദര്‍ശങ്ങളെ പിന്തുടര്‍ന്ന്, സഭയ്ക്ക് പുറത്തുനിന്ന് പ്രവര്‍ത്തിക്കുന്ന ഇത്തരം പല സംഘങ്ങളുടെയും പ്രവര്‍ത്തനങ്ങളും പ്രചാരണങ്ങളും പലപ്പോഴും എന്തുകൊണ്ട് സഭാവിരുദ്ധവും, സല്‍ഫലങ്ങള്‍ക്കിടയാക്കാത്തതും ആയി മാറുന്നു എന്നത് ഒരു ചിന്താവിഷയം തന്നെയാണ്. അടുത്തകാലങ്ങളിലായി ഈ ലക്ഷ്യത്തെ മുന്‍നിര്‍ത്തി അഹോരാത്രം അധ്വാനിക്കുകയും ഓണ്‍ലൈനിലും, ഓഫ്‌ലൈനിലുമായി നെടുനീളന്‍ ലേഖനങ്ങള്‍ എഴുതിക്കൂട്ടുകയും ചെയ്യുന്ന ചില ഗ്രൂപ്പുകളുടെ പ്രവര്‍ത്തനങ്ങളും പ്രായോഗിക തലത്തില്‍ ചിന്തിച്ചാല്‍ വ്യത്യസ്തമല്ല. ഇത്തരത്തില്‍, മലയാളത്തില്‍, പ്രത്യേകിച്ച്, സീറോമലബാര്‍ സഭയുടെ നിഴലില്‍ പ്രവര്‍ത്തിക്കുന്ന, കേരളത്തിനകത്തും പുറത്തുമുള്ള ചില ബുദ്ധിജീവികളായ അല്‍മായരുടെ പ്രകോപനപരമായ ആശയപ്രകടനങ്ങള്‍ പതിവായി കാണുകയും, അവയുടെ വാസ്തവവിരുദ്ധതയും വിവേകരാഹിത്യവും ബോധ്യപ്പെടുകയും ചെയ്തതിന്റെ ഫലമാണ് ഈ കുറിപ്പ്.

പാരമ്പര്യം, സ്വത്ത് സമ്പാദനം, അവയുടെ കൈകാര്യം, സാമൂഹിക ഇടപെടലുകള്‍ തുടങ്ങിയവയിലുള്ള സഭയുടെ നിലപാടുകള്‍ വിമര്‍ശനവിധേയമാക്കുക എന്ന മുഖംമൂടിയോടെ ഇത്തരം സംഘാംഗങ്ങള്‍ ചെയ്യുന്നത് പലപ്പോഴും സഭാവിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിക്കുകയും, എന്തെങ്കിലും ഒറ്റപ്പെട്ട കാരണങ്ങളാല്‍ സഭയോട് വിഘടിച്ചു നില്‍ക്കുന്നവരെ ഒരുമിച്ചുകൂട്ടി കൂടുതല്‍ ഫലപ്രദമായി കത്തോലിക്കാസഭയ്‌ക്കെതിരെ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുകയുമാണ്. എങ്കിലും, തങ്ങള്‍ എഴുതുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന അബദ്ധജഡിലമായ ആശയങ്ങള്‍ ഇവിടെ വിപ്ലവം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു എന്ന് ഊറ്റംകൊള്ളുകയും, തരംതാണ ഭാഷയില്‍ സഭാധികാരികളെയും, സാധാരണ വിശ്വാസികളെയും വെല്ലുവിളിക്കുകയും, വിലകുറഞ്ഞ വാദഗതികള്‍ നിരത്തി വാതോരാതെ പ്രസംഗിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ഇത്തരക്കാര്‍, തങ്ങള്‍ ചെയ്യുന്ന പ്രവര്‍ത്തികളിലെ വിവേകരാഹിത്യവും ഫലശൂന്യതയും മനസ്സിലാക്കുന്നില്ല എന്നതാണ് വാസ്തവം. പതിറ്റാണ്ടുകള്‍ക്ക് മുമ്പെന്നോ സഭയില്‍ (കേരള സഭയിലും) ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നതോ, ഈ കാലങ്ങളില്‍ ഒറ്റപ്പെട്ടതോ ആയ പ്രമാണിത്തമനോഭാവത്തെയും, അധികാര വടംവലികളെയും, സമ്പത്തിന്റെ അമിതവിനിയോഗത്തെയും സാമാന്യവല്‍ക്കരിച്ചുകൊണ്ട്, പൗരോഹിത്യത്തെ അടച്ച് തള്ളിപ്പറയുന്ന, സുവിശേഷത്തിന്റെ യഥാര്‍ത്ഥ സന്ദേശത്തെ പുച്ഛത്തോടെ തള്ളുന്ന ഇത്തരക്കാരുടെ നിലപാടുകളെ വിശ്വാസത്തിന്റെ വെളിച്ചത്തില്‍ ന്യായീകരിക്കാനാവില്ല.

മേല്‍പ്പറഞ്ഞ പ്രശ്‌നങ്ങള്‍ ഇന്ന് തീരെയും ഈ ദൈവജനത്തിനിടയില്‍ ഇല്ല എന്ന് അവകാശപ്പെടുന്നില്ല. ദൈവികസ്ഥാപിതമെങ്കിലും, മാനുഷികമായ ചട്ടക്കൂടുകളോടെ നിലനില്‍ക്കുന്ന ഒരു സംവിധാനത്തില്‍, മാനുഷികമായ ചില പോരായ്മകളും അപൂര്‍ണ്ണതകളും ഉണ്ടായേ തീരൂ. ആ അര്‍ത്ഥത്തില്‍ ഇത്തരം കുറവുകളെ ഭാഗികമായെങ്കിലും ഉള്‍ക്കൊള്ളുകയും, ഈ സമൂഹത്തോട് ചേര്‍ന്ന് നിന്നുകൊണ്ട് അത് പരിഹരിക്കാനായി ശ്രമിക്കുകയും ചെയ്യുന്നതിന് പകരം, വിമര്‍ശനങ്ങളുടെ കൂരമ്പുകള്‍ വിശ്രമമില്ലാതെ എയ്തുകൊണ്ട് എതിരാളികളായി കാണുന്നവരെ പരാജയപ്പെടുത്താനായുള്ള ഉദ്യമം ഇവിടെ തീരെയും ആശാസ്യമല്ല. അതൊരുപക്ഷേ, കേരളത്തില്‍ കണ്ടുവരുന്ന പതിവ് രാഷ്ട്രീയക്കളികളെക്കാള്‍ തരംതാണതാണ് എന്ന് പറയാതെ വയ്യ.      

തിരുസഭയെയും, െ്രെകസ്തവ വീക്ഷണങ്ങളെയും ശരിയായ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളാനും, ജീവിതത്തില്‍ സ്വീകരിക്കാനും കഴിയാതെ പോകുന്ന ഒരു വിഭാഗത്തിന്റെ സഹതാപാര്‍ഹമായ വീഴ്ചയാണ് ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ വെളിവാക്കപ്പെടുന്നത്. സ്‌നേഹം തന്നെയായ ദൈവത്തെയും, ആ ദൈവത്തില്‍ വിശ്വസിച്ചവരുടെ സമൂഹമായ സഭയെയും ആ അര്‍ത്ഥത്തില്‍ തന്നെ മനസ്സിലാക്കുന്ന ഒരാള്‍ക്കും ഈ സംവിധാനത്തെ തള്ളിപ്പറയാനാവില്ല എന്നതാണ് വാസ്തവം. മറിച്ച്, ദൈവം എന്ന ആശയത്തിന്, മതം എന്ന മാനുഷിക സംവിധാനത്തിന്റെ പിന്‍ബലത്തോടുകൂടിയ സങ്കീര്‍ണ്ണമായൊരു നിര്‍വ്വചനവും, സഭ എന്നാല്‍, ലോകത്തിലെ വലിയ സാമൂഹിക, സാമ്പത്തിക സ്വാധീന ശക്തി എന്ന അര്‍ത്ഥവും കല്‍പ്പിക്കപ്പെട്ടാല്‍, ദൈവത്തോടും, ദൈവത്തിന്റെ സ്വന്തം വിശ്വാസ സമൂഹത്തോടുമുള്ള നിലപാടുകള്‍ക്ക് മാറ്റമുണ്ടാകും എന്ന് തീര്‍ച്ച.

ഒരു കാലഘട്ടത്തില്‍ സഭ ആവശ്യപ്പെട്ടിരുന്ന ചില ശക്തമായ സാമൂഹിക ഇടപെടലുകളുടെ ഭാഗമായിരുന്നു വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിലെ സഭയുടെ പ്രവര്‍ത്തനോദ്യമങ്ങള്‍. ആ ഒരു കാലഘട്ടത്തില്‍ സ്തുത്യര്‍ഹമായ രീതിയില്‍, ചോദ്യം ചെയ്യപ്പെടാനാവാതെ മുന്നോട്ട് പോയിരുന്നുവെങ്കിലും, കാലഘട്ടത്തിന്റെ മാറിയ സമവാക്യങ്ങളനുസരിച്ചുള്ള ചില അപചയങ്ങള്‍ അത്തരം മേഖലകളില്‍ വ്യാപകമായി സംഭവിക്കുകയും സഭാസ്ഥാപനങ്ങളും ഒരളവുവരെ അതിന്റെ ഭാഗമായി മാറ്റപ്പെടുകയും ചെയ്തിരുന്നു എന്നത് വാസ്തവമാണ്. എങ്കിലും, രാഷ്ട്രീയത്തിന്റെയും, ആനുകാലിക മാധ്യമങ്ങളുടെയും  ചില പ്രത്യേക ഇടപെടലുകളുടെ തുടര്‍ഫലമായ വളച്ചൊടിക്കലുകളെ മാറ്റിനിര്‍ത്തിയാല്‍, മുമ്പ് ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള ഏറെ പ്രസ്ഥാനങ്ങള്‍ പോലും അടുത്തറിയുമ്പോള്‍ സ്തുത്യര്‍ഹമായ നിലയില്‍ സേവനം ചെയ്യുന്നവയാണെന്ന് കാണാം. ഇത് വ്യക്തമായും മറ്റൊരു വിഷയം തന്നെയായതിനാല്‍ ദീര്‍ഘിപ്പിക്കുന്നില്ല. എങ്കിലും, കത്തോലിക്കാ തിരുസഭയുടെ ആത്യന്തിക ദൗത്യത്തെ ചോദ്യം ചെയ്യാന്‍മാത്രം പ്രസക്തമല്ല അവയ്ക്കുമേലുള്ള ദുഷ്പ്രചാരണങ്ങളുടെ ആകെത്തുക. അതോടൊപ്പം, വിരലിലെണ്ണാവുന്ന, മേല്‍പ്പറഞ്ഞതരം ചില സ്ഥാപനങ്ങളെ മുന്‍നിര്‍ത്തി ആരോപണശരങ്ങള്‍ തൊടുക്കുമ്പോള്‍ തന്നെ വിമര്‍ശകര്‍ വിസ്മരിക്കുന്ന മറ്റൊരു വസ്തുതയുണ്ട്. പേരും പ്രശസ്തിയും ആഗ്രഹിക്കാതെയും, ലാഭേച്ഛയില്ലാതെയും ഈ സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിനായ സ്ഥാപനങ്ങള്‍... പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ അന്യരാജ്യങ്ങളിലേയ്ക്ക് കുടിയേറി, ഇപ്പോള്‍, സമ്പന്നതയുടെ ആനപ്പുറത്തിരുന്ന്, താഴേയ്ക്ക് നോക്കുമ്പോള്‍ ഉയര്‍ന്നുകാണുന്ന ചില വിഷയങ്ങളെ മാത്രം ഉപയോഗിച്ച് ഉതപ്പുണ്ടാക്കാന്‍ പരിശ്രമിക്കുന്ന യുട്ടോപ്യന്‍ വിമര്‍ശകരെ സംബന്ധിച്ച്, പലപ്പോഴും, നല്ലത് പറയുക എന്നത് അവരുടെ ആവശ്യമോ ലക്ഷ്യമോ അല്ലല്ലോ.

സമൂഹത്തില്‍ ചിലപ്പോഴൊക്കെ ഉയര്‍ന്നുകണ്ടിട്ടുള്ള ഒറ്റപ്പെട്ട ചില സംഭവങ്ങളെയും, വ്യക്തികളെയും മുന്‍നിര്‍ത്തി പൗരോഹിത്യത്തെയും, മെത്രാന്‍ പദവിയെയും, മറ്റും അടച്ച് തള്ളിപ്പറയുകയും, അന്ധമായി വിമര്‍ശിക്കുകയും, അനാവശ്യമായി ചോദ്യം ചെയ്യുകയുമാണ് പതിവായി കണ്ടുവരുന്ന മറ്റൊരു പ്രവണത. ഒരിക്കലുംതന്നെ, അടുത്തറിഞ്ഞ് പഠിച്ചതിനുശേഷമുള്ള വിലയിരുത്തലുകള്‍ പോലുമല്ല അതൊന്നും എന്നതാണ് കൂടുതല്‍ ദുഃഖകരം. ചില മുഖ്യധാരാ മാധ്യമങ്ങളുടെ ദുഷ്ടലാക്കോടുകൂടിയ സമീപനങ്ങളുടെ ഫലമായി പലപ്പോഴും വളച്ചൊടിക്കപ്പെടുന്ന ചില വിഷയങ്ങളുണ്ട്. അടുത്തകാലങ്ങളായി ഏറെ ചര്‍ച്ചചെയ്യപ്പെട്ടിട്ടുള്ള ചില വിവാദങ്ങള്‍ ഉദാഹരണങ്ങള്‍ മാത്രം. എക്‌സ്‌ക്ലൂസീവ് ന്യൂസുകള്‍ക്കായി പരത്തി നടക്കുന്ന, അടിസ്ഥാന ധാര്‍മ്മിക നിയമങ്ങള്‍പോലും പാലിക്കാത്ത ചില മാധ്യമകിങ്കരന്മാര്‍ ഇവിടെ ഇത്തരത്തില്‍ സൃഷ്ടിച്ചിട്ടുള്ളതും, വഴിതെറ്റിച്ചുവിട്ടിട്ടുള്ളതും, സമൂഹത്തിന് തെറ്റിദ്ധാരണകള്‍ സമ്മാനിച്ചിട്ടുള്ളതുമായ ഒട്ടേറെ ചൂട് വാര്‍ത്തകളില്‍ മതപരവും, ആത്മീയവുമായ വിഷയങ്ങള്‍ക്കുള്ള പങ്ക് വലുതാണ്. വര്‍ഗ്ഗീയമായ ചില പ്രശ്‌നങ്ങളെ ബോധപൂര്‍വ്വം സൃഷ്ടിച്ചുകൊണ്ട് സമൂഹത്തില്‍ അസന്തുലിതാവസ്ഥ രൂപീകരിക്കുന്നതിനുള്ള ചില ഗൂഡശക്തികളുടെ സംഘടിത ശ്രമങ്ങളുടെ ഭാഗമാണത്. ഇത്തരത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള ചില സംഭവങ്ങളെ ഉയര്‍ത്തിപ്പിടിച്ച്, കത്തോലിക്കാ സഭയെയും, പൗരോഹിത്യത്തെയും ഒന്നടങ്കം ചോദ്യം ചെയ്യുകയും, ആക്ഷേപിക്കുകയും ചെയ്യുന്ന അഭിനവ ബുദ്ധിജീവികളുടെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യപ്പെടേണ്ടതാണ്. അറിഞ്ഞോ അറിയാതെയോ ഇത്തരക്കാര്‍ കൂട്ടുനില്‍ക്കുന്നത് വര്‍ഗ്ഗീയവിഷവിത്തുകള്‍ വിതയ്ക്കുന്നവരുടെ ലക്ഷ്യപ്രാപ്തിക്കാണ്.

പലപ്പോഴും, തെറ്റിധാരണാജനകമായ ചില വാര്‍ത്തകളില്‍ ഉയര്‍ന്നുവന്നിട്ടുള്ള അപൂര്‍വ്വം ചില വ്യക്തികളെ ഉയര്‍ത്തിക്കാട്ടി ഒരു സമൂഹത്തെ മുഴുവന്‍ വെല്ലുവിളിക്കുന്നവര്‍ ഒരിക്കലും കാണാതെ പോകുന്ന ചില വാസ്തവങ്ങളുണ്ട്. വിമര്‍ശകപ്രധാനികളില്‍ പലരും കേരളമണ്ണില്‍ കാലുറപ്പിച്ചു നിന്നിരുന്ന  ആദ്യകാലങ്ങളില്‍ ഇവിടെയുണ്ടായിരുന്ന വിരലിലെണ്ണാവുന്ന നാട്ടുമെത്രാന്‍മാര്‍ മാത്രമല്ല ഇന്നുള്ളത്. ഇന്ന് അഹോരാത്രം സഭാമക്കള്‍ക്കിടയിലും, സമൂഹത്തിലും ഇറങ്ങി പ്രവര്‍ത്തിക്കുന്ന ഒട്ടേറെ മെത്രാന്മാരടക്കം ഏറെ പുരോഹിതശ്രേഷ്ഠര്‍ കേരളത്തിലുണ്ട്. അതിനൊന്നും അവര്‍ മാധ്യമപരസ്യം നല്‍കാറില്ല എന്ന് മാത്രം. 'സുഖസൗകര്യങ്ങളിലും, ആര്‍ഭാടങ്ങളിലും' മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നവര്‍ എന്ന് ചിലപ്പോഴെങ്കിലും ചിലര്‍ വിലയിരുത്തുമ്പോള്‍, തങ്ങളുടെ വീക്ഷണവ്യാപ്തിയുടെ അപര്യാപ്തതയെക്കുറിച്ച് സ്വയം സഹതപിക്കേണ്ട സമയമായെന്ന് സാരം. വിരലിലെണ്ണിയാല്‍ തീരാത്തത്ര മെത്രാന്‍മാരെയും, പരശതം വൈദികരെയും അടുത്ത് മനസിലാക്കാന്‍ കഴിഞ്ഞിട്ടുള്ള ലേഖകന് നെഞ്ചത്ത് കൈവച്ച് പറയുവാന്‍ കഴിയുന്ന വസ്തുതകളാണ് ഇവ. എല്ലാ കാലത്തും, എല്ലാ ദേശത്തും, എല്ലാ സമൂഹങ്ങളിലും നന്മയ്‌ക്കൊപ്പം തന്നെ അതിനു വിരുദ്ധമായ ചില ചിത്രങ്ങളും പ്രത്യക്ഷമായിട്ടുണ്ട്. ഭാഗികമായ ഒരു മാനുഷിക സംവിധാനം എന്ന നിലയില്‍ സഭയും ആ പ്രത്യേകതകളില്‍ നിന്ന് വിമുക്തമല്ല. അതിനാല്‍ത്തന്നെ, അതിവിശുദ്ധരെ മാത്രമേ സഭയുടെ വേദിയില്‍ കാണാന്‍പാടുള്ളൂ എന്ന ശാഠ്യം ബാലിശമാണ്. എന്നാല്‍ കുറവുകളോട് കൂടി നാം കാണുന്ന വ്യക്തിത്വങ്ങള്‍ക്കപ്പുറം, ജീവിതത്തിലും, കര്‍മ്മങ്ങളിലും വിശുദ്ധി കാത്തുസൂക്ഷിക്കുന്ന ഒട്ടേറെപ്പേര്‍ ഈ സമൂഹത്തിലുണ്ട് എന്നത് മനസിലാക്കിയിരിക്കേണ്ട ഒരു വാസ്തവമാണ്.

അധികാരത്തെയും, ധനവിനിയോഗത്തെയുംകുറിച്ച് എന്നും ആവശ്യത്തിലധികമായി കലിതുള്ളുന്ന ഒരു വിഭാഗം മനുഷ്യര്‍ക്കുള്ളില്‍ സ്വാഭാവികമായും കുടികൊള്ളുന്ന ചില മാനസിക ദൗര്‍ബ്ബല്യങ്ങളുണ്ടാവണം. തങ്ങള്‍ക്ക് അര്‍ഹിക്കപ്പെട്ട സ്ഥാനങ്ങള്‍ ഒരിക്കലും സമൂഹം നല്‍കിയിട്ടില്ല എന്ന മിഥ്യാബോധം അതിലൊന്നാവാം. താന്‍ അതിശ്രേഷ്ഠമായി ചിന്തിക്കുന്നു എന്ന ധാരണയ്‌ക്കൊപ്പം, മറ്റുള്ളവര്‍ തീരെ കുറഞ്ഞവരാണ് എന്ന ഏകപക്ഷീയമായ വിലയിരുത്തലുകളായിരിക്കാം ഇത്തരത്തില്‍ ബാലിശങ്ങളായ വാദഗതികളുമായി ചര്‍ച്ചകളില്‍ നിറഞ്ഞുനില്‍ക്കാന്‍ ഇത്തരക്കാരെ പ്രേരിപ്പിക്കുന്നത്. തങ്ങള്‍ ധരിച്ചിരിക്കുന്നതുപോലെ, സഭയെന്നാല്‍ ഭൗതികമായൊരു സംവിധാനമല്ല എന്നും, യഥാര്‍ത്ഥ വിശ്വാസം സ്‌നേഹത്തിലധിഷ്ടിതമാണെന്നും ഗ്രഹിക്കുക മാത്രമാണ് പരിഹാരം.

പാരമ്പര്യത്തെയും, അതിന്റെ ശ്രേഷ്ടതയെയും ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള വിമര്‍ശനങ്ങളാണ് മറ്റൊന്ന്. പാരമ്പര്യങ്ങളുടെ മാഹാത്മ്യത്തെ തള്ളിപ്പറയുന്നില്ല. കഴിവുള്ളിടത്തോളം, പാരമ്പര്യങ്ങളെയും പാരമ്പര്യസിദ്ധമായ ആചാരാനുഷ്ടാനരീതികളെയും പിന്തുടരുകയും വേണം. എന്നാല്‍, ഓരോ കാലഘട്ടങ്ങളിലെയും ദൈവനിവേശിതമായ പ്രവര്‍ത്തന രീതികളും, ആചാരാനുഷ്ടാനങ്ങളുമാണ് പാരമ്പര്യമായി മാറുന്നതെന്ന് ഓര്‍ക്കുന്നത് നന്ന്. മനുഷ്യസമൂഹത്തിനുമേലുള്ള ദൈവിക ഇടപെടലുകള്‍ ഒരിക്കലും അവസാനിക്കുന്നതോ, ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കുന്നതോ അല്ല. ദൈവികതയും, ദൈവശാസ്ത്രവും രണ്ടാണ്. ഓരോ കാലഘട്ടങ്ങളിലും ദൈവികതാബോധത്തില്‍ സമൂഹത്തിനുവരുന്ന മാറ്റങ്ങള്‍ക്കനുസൃതമായി ദൈവശാസ്ത്രത്തിനും വികാസം സംഭവിച്ചേക്കാം. ദൈവമനുഷ്യ ബന്ധത്തിലെ ദൃഡതയ്ക്കപ്പുറം എഴുതി തയ്യാറാക്കപ്പെട്ട രീതികള്‍ക്ക് പ്രസക്തിയില്ലെന്ന് സാരം. പാരമ്പര്യങ്ങളെ വിശ്വാസധാരയ്ക്കും മീതെ ഉയര്‍ത്തിപ്പിടിച്ച്, കൂടുതല്‍ അഭിപ്രായ ഭിന്നതകള്‍ക്ക് കളമൊരുക്കുന്നവര്‍ ശ്രദ്ധിക്കുക, ആദ്യകാലത്തെ നിയമജ്ഞര്‍ വിധിക്കപ്പെട്ടതുപോലെ നിങ്ങളും പുറംതള്ളപ്പെട്ടേക്കാം. നിയമത്തിന് ദൈവത്തെക്കാളും, ദൈവസ്‌നേഹത്തിന്റെ മാഹാത്മ്യത്തെക്കാളും വിലകല്‍പ്പിക്കപ്പെടുകയും, അതുവഴി വിശ്വാസക്ഷയത്തിന് കാരണമാവുകയും ചെയ്താല്‍, അതിനു വഴിയൊരുക്കുന്നവര്‍ക്ക് ദുരിതം. ഏറെ വിശദീകരണങ്ങള്‍ ആവശ്യപ്പെടുന്ന വിഷയമാണെങ്കിലും അധികം ദീര്‍ഘിപ്പിക്കുന്നില്ല.

ആക്കും ആണിയും തിരിച്ച്, സങ്കീര്‍ണ്ണതകളെ വേര്‍തിരിക്കുകയും, കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ അനുദിനം ഉത്സാഹിക്കുകയും ചെയ്യുന്നവരോട് പറയാന്‍ ഒന്നേയുള്ളൂ. നിയമങ്ങളും, മര്‍മ്മങ്ങളും, സ്ഥാനഭേദങ്ങളും പഠിക്കുകയും, അതിനുവേണ്ടി വാദിക്കുകയും, എന്നാല്‍, വിശ്വാസത്തിന്റെയോ, സ്‌നേഹം തന്നെയായ ദൈവത്തിന്റെയോ പിന്‍ബലമില്ലാതെ അതിനുവേണ്ടി അലമുറയിടുകയും ചെയ്യുന്നതിന് മുമ്പായി, ചെയ്യുന്നത് പാഴ് വേലയും, പലപ്പോഴും, വിശ്വാസത്തിനും, സ്‌നേഹത്തിനും വിരുദ്ധവുമാണെന്ന് തിരിച്ചറിയുക. 

7 comments:

  1. ഓണ്‍ലൈനിലും ഓഫ്‌ലൈനിലും ആയി ഇന്ന് മാധ്യമങ്ങളില്‍ കൂടി പ്രവഹിച്ചുകൊണ്ടിരിക്കുന്ന അനേകം സഭാ വിരുദ്ധ ലേഖനങ്ങള്‍ ഒരാള്‍ എഴുതിയതല്ല, ഒരിടത്ത് നിന്ന് പുറത്തു വരുന്നവയുമല്ല. സിറോ മലബാര്‍ സഭക്കെതിരെ ലോകം മുഴുവനുള്ള വിശ്വാസികളില്‍ ബഹു ഭൂരിപക്ഷവും അസ്വസ്ഥരാണെന്നത് ഒരു നഗ്നസത്യമാണ്. അമേരിക്കയിലോ വിദേശ രാജ്യങ്ങളിലോ ലത്തിന്‍ റിത്തില്‍ ഉള്‍പ്പെട്ട കേരളിയരായ മുഴുവന്‍ ആളുകളെയോ ബഹു ഭൂരിപക്ഷത്തെയോ തന്നെ ഓടി നടന്നു രൂപീകരിച്ച സിറോ രൂപതകളില്‍ അംഗമാക്കാന്‍ സഭക്ക് ഇന്നേവരെ കഴിഞ്ഞിട്ടില്ല, ഇനി കഴിയുകയുമില്ല. ഇന്ത്യയില്‍ ഡല്‍ഹിയില്‍ താമസിക്കുന്ന കേരളിയരെ തന്നെ ഫരീദാബാദ് സിറോ മലബാര്‍ എപ്പാര്‍ക്കിയുടെ കീഴില്‍ കൊണ്ടുവരാന്‍ ശ്രമിച്ചതിന്‍റെ ഫലം നാം കണ്ടു. ഒറ്റക്കെട്ടായി മലയാളി കത്തോലിക്കര്‍ പ്രതിക്ഷേധിച്ചു. അത്രമേല്‍ എല്ലാവരും സ്നേഹിക്കുന്ന ഒരു സഭയാണ് സിറോ മലബാര്‍.

    കേരളത്തില്‍ നിരവധി കത്തോലിക്കാ പ്രസിദ്ധീകരണങ്ങളില്‍ എഴുതുകയും ധ്യാനങ്ങള്‍ നയിക്കുകയും ചെയ്യുന്ന ഒരു പ്രശസ്തയായ വനിത എന്‍റെ സഹപാഠിയാണ്. അവരെ നേരിട്ട് കണ്ടപ്പോള്‍ സഭ നന്നായല്ല നയിക്കപ്പെടുന്നതെന്ന് അവര്‍ തുറന്നു സമ്മതിക്കുകയുണ്ടായി. വെറുപ്പ്‌ എന്നൊരു വികാരം അപകടകാരിയായതുകൊണ്ട് ഞാനാരെയും വെറുക്കുന്നില്ല എന്നാണു അവര് പറഞ്ഞത്.

    ഈ കേരളത്തില്‍ നിരവധി വൈദികരും കന്യാസ്ത്രികളും അംഗങ്ങളായ ‘ആശ്രമൈറ്റ്സ് സംഘം’ പ്രവര്‍ത്തിക്കുന്നുവെന്നത് ലേഖനം എഴുതിയ സുഹൃത്ത് അറിഞ്ഞു കാണില്ല. ഫാ. ബോബി ജോസ് കപ്പൂച്ചിനെപോലുള്ള നിരവധി വൈദികര്‍ വെട്ടിത്തുറന്നു കാര്യങ്ങള്‍ പറയുന്നുവെന്നതും അനേകര്‍ ആ വഴിയില്‍ തങ്ങിയിട്ടുണ്ടെന്നുള്ളതും സുഹൃത്ത് ശ്രദ്ധിച്ചിട്ടില്ല. സിറോ മലബാറിന്‍റെ ഈറ്റില്ലമായ കേരളത്തിലെ എല്ലാ ഇടവകകളിലും തന്നെ സഭാ നവീകരണ വാദികള്‍ ഉണ്ട്. സ്നേഹിതന്‍ അവരെ ബുദ്ധി ജീവികള്‍ എന്നായിരുന്നില്ല, ചിന്തിക്കുന്നവര്‍ എന്നായിരുന്നു വിശേഷിപ്പിക്കേണ്ടിയിരുന്നത്. ലേഖകന്‍ പറഞ്ഞതുപോലെ ഇത് പിതാക്കന്മാരെ വിഷമിപ്പിക്കുന്നുണ്ട്, മിക്ക ഇടയ ലേഖനങ്ങളിലും ഇത് പിതാക്കന്മാര്‍ സൂചിപ്പിക്കുന്നുമുണ്ട്. സ്നേഹിതന്‍ അറിഞ്ഞിരിക്കേണ്ട മറ്റൊരു കാര്യം ഈ വിമതരുടെ സംഖ്യ അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നുവെന്നതും ഒരേറ്റുമുട്ടലിനു തന്നെ വിശ്വാസികള്‍ തയ്യാറെടുക്കുന്നുവെന്നതുമാണ്.

    ReplyDelete
  2. അബദ്ധജഡിലമായ ആശയങ്ങള്‍ പ്രചരിപ്പിക്കുകയും തരാം താണ ഭാഷകളില്‍ സഭാധികാരികളെ വെല്ലുവിളിക്കുകയും ചെയ്യുന്നുവെന്നാണ് വിമതരെപ്പറ്റി ലേഖകന്‍ പറയുന്നത്. അബദ്ധജഡിലമായ ആശയങ്ങള്‍ പ്രതിക്ഷേധക്കാരുടെ പക്കല്‍ നിന്നും വരുന്നില്ലായെന്നു ഞാന്‍ പറയുന്നില്ല, തരാം താണ ഭാഷകള്‍ ആരും പറഞ്ഞിട്ടില്ലെന്നും ഞാന്‍ പറയുന്നില്ല. അതിലും തരം താണ ഭാഷയും പെരുമാറ്റവും സഭയുടെ ഔദ്യോഗിക അനുമതിയോടെ നടന്ന ചില മുന്നേറ്റങ്ങളില്‍ ഉണ്ടായിട്ടുണ്ട് എന്ന് അറിയുക. ചങ്ങനാശ്ശേരിയില്‍ തെരുവിലൂടെ വിശ്വാസികള്‍ അലറിയ മുദ്രാവാക്യങ്ങളിലും തരം താണ ഭാഷയുണ്ടായിരുന്നു, അതിഥിയായി വന്ന സ്ഥാനാര്‍ഥിയോട് ഒരു മെത്രാന്‍ പറഞ്ഞതും ഗ്രേഡ് കൂടിയ ഭാഷയായിരുന്നില്ല. കാഞ്ഞിരപ്പള്ളിയിലും കൊല്ലത്തും വളരെ സമാധാനപരമായി പ്രകടനം നടത്തിയ പ്രതിക്ഷേധക്കാരെ യുവദീപ്തി പ്രവര്‍ത്തകര്‍ കമ്പും വടിയുമായി നേരിട്ടപ്പോഴും കൊല്ലത്ത് പ്രതിക്ഷേധക്കാരുടെ നേരെ പൊലീസിനെ ഇറക്കിയപ്പോഴുമൊക്കെ നിലവിട്ട പ്രവര്‍ത്തനങ്ങളാണ് ഉണ്ടായതെന്നും ലേഖകന്‍ ഓര്മ്മിക്കുക. പറയാന്‍ ഇനിയുമുണ്ട്.

    അതവിടെ നില്‍ക്കട്ടെ; തുടര്‍ന്ന് ലേഖകന്‍ പറയുന്നു, ഒറ്റപ്പെട്ട പ്രാമാണിത്തമനോഭാവത്തെയും, അധികാര വടംവലികളെയും, സമ്പത്തിന്‍റെ അമിതവിനിയോഗത്തെയും സാമാന്യവല്‍ക്കരിച്ചുകൊണ്ട്, പൗരോഹിത്യത്തെ അടച്ച് തള്ളിപ്പറയുന്ന, സുവിശേഷത്തിന്‍റെ യഥാര്‍ത്ഥ സന്ദേശത്തെ പുച്ഛത്തോടെ തള്ളുന്ന ഇത്തരക്കാരുടെ നിലപാടുകളെ വിശ്വാസത്തിന്‍റെ വെളിച്ചത്തില്‍ ന്യായീകരിക്കാനാവില്ലായെന്ന്. വിശ്വാസികള്‍ സഭാ പിതാക്കന്മാരുടെയും ഭരണ ശ്രേണിയെയും വിമര്‍ശിക്കുന്നത് ഒറ്റപ്പെട്ട സംഭവങ്ങളെ ആധാരമാക്കിയല്ല, വ്യാപകമായ അധികാര ദുര്‍വ്വിനിയോഗവും ധാര്‍മ്മികച്യുതിയും ചൂണ്ടിക്കാട്ടിയാണെന്ന് ഓര്മ്മിക്കുക. കാഞ്ഞിരപ്പള്ളിയില്‍ മോണിക്കയുടെ ഭൂമി തട്ടിയെടുത്തുവെന്നത് ഏതെങ്കിലും അത്മായന്‍ മെനഞ്ഞ കഥയല്ല, മെത്രാന്‍ പ്രതിയായി കോടതിയില്‍ നിലവിലുള്ള ഒരു കേസിനെ അടിസ്ഥാനമാക്കിയാണ് ഇത് പറയുന്നത്.

    എല്ലാ പിതാക്കന്മാരും ദുഷ്ടന്മാരല്ല. പക്ഷെ, കേരളത്തില്‍ സഭയുടെ സ്ഥാപനങ്ങളില്‍ ഗവണ്മെന്റിന്‍റെ ചിലവില്‍ നടത്തുന്ന നിയമനങ്ങളില്‍ പണം വാങ്ങാത്ത ഒരു രൂപതയെങ്കിലും ഈ ലേഖകന്‍ കാണിച്ചു തരാമോ? കോതമംഗലത്ത്, പറഞ്ഞ വാക്കില്‍ നിന്നും മെത്രാന്‍ പിന്മാറി ഒരു കുടുംബത്തെ പിച്ചി ചീന്തിയ കഥ മാത്രം എടുത്താല്‍ മതി അത്മായനെ എത്ര മാത്രം ബഹുമാനത്തോടെയാണ് അധികാരികള്‍ കറങ്ങുന്ന കസേരകളിലിരുന്നു കാണുന്നതെന്ന്.

    ReplyDelete
  3. ഡോ. ജെയിംസ് കോട്ടൂര്‍ സാക്ഷാല്‍ ആലഞ്ചേരി പിതാവിനെക്കണ്ട് വിശ്വാസികളുടെ പരാതികള്‍ക്ക് മറുപടി ലഭിക്കാനുള്ള ഒരു സംവിധാനം ഉണ്ടാകണമെന്ന് മറ്റു പിതാക്കന്മാരുടെ സാന്നിദ്ധ്യത്തില്‍ വെച്ചും അല്ലാതെയും പല തവണ ആവശ്യപ്പെട്ടിട്ടും നടന്നില്ല. ഇതിനെ ധാര്‍ഷ്ട്യം എന്നല്ലാതെ എന്താണ് വിളിക്കേണ്ടത്?

    സുവിശേഷത്തിന്‍റെ യഥാര്‍ത്ഥ സന്ദേശത്തെ പുശ്ചത്തോടെ തള്ളുന്നവര്‍ എന്നൊരു വിശേഷണം ലേഖകന്‍ നവീകരണ വാദികള്‍ക്ക് നല്‍കുന്നുണ്ട്. സുവിശേഷമാണോ മാര്‍ത്തോമ്മായുടെ പാരമ്പര്യവും ഞാന്‍ പരി. ആത്മാവാണെന്നും ക്രിസ്തുവാണെന്നുമൊക്കെ വാദിച്ച മാനിയുടെ ഔദ്യോഗിക ചിഹ്നമായ താമരക്കുരിശുമാണോ സിറോമലബാര്‍ സഭക്ക് പ്രിയപ്പെട്ടതെന്ന് ലേഖകന്‍ സമയം കിട്ടുമ്പോള്‍ ഒന്ന് പരിചിന്തനം ചെയ്യുക. ഒരു നവീകരണ പ്രവര്‍ത്തകനെയും ബാലാല്‍സംഗത്തിനോ, രാജ്യദ്രോഹത്തിനോ, തട്ടിപ്പിനോ ഇവിടെ അറസ്റ്റു ചെയ്തിട്ടില്ലെന്നും ഞാന്‍ ഓര്‍മ്മിപ്പിക്കട്ടെ.

    സഭയുടെ നല്ല പ്രവര്‍ത്തനങ്ങള്‍ എന്ന് പറയുന്നു ലേഖകന്‍. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങള്‍ വിട്ടുപോകുന്ന മതം സീറോ മലബാര്‍ ആണെന്ന് 2013 ല്‍ വന്ന ഒരു ലേഖനത്തില്‍ ഇന്ത്യ റ്റുഡെ ചൂണ്ടിക്കാണിച്ചു. ഇന്ന് കത്തോലിക്കാ സഭയ്ക്കുള്ളില്‍ കാണുന്നത്ര അസ്വസ്ഥത മറ്റേതെങ്കിലും സഭക്കുള്ളിലുണ്ടെങ്കില്‍ ലേഖകന്‍ അതും സദയം കാണിച്ചു തരിക. എന്‍റെ അറിവ് ശരിയെങ്കില്‍ വലിയ ദ്വാരം അടിയിലുള്ള കപ്പലും ചെറിയ ദ്വാരം അടിയില്‍ ഉള്ള വള്ളവും മുങ്ങാന്‍ വിധിക്കപ്പെട്ടവകളാണ്.

    പല വര്‍ഷങ്ങളായി ഈ സഭയുടെ അംഗസംഖ്യ ന്യായമായി വര്‍ദ്ധിക്കുന്നില്ല. പ്രീകാനാ കോഴ്സ് ഉണ്ട്, വിവാഹമോചന കേസുകളുടെ എണ്ണം കൂടിയോ കുറഞ്ഞോ? ശിശുക്കള്‍ക്കൊഴിച്ച് എല്ലാ പ്രായക്കാര്‍ക്കും സംഘടനകള്‍ ഉണ്ട്. എല്ലാത്തിന്‍റെയും തലപ്പത്ത് ഒന്നുകില്‍ മെത്രാന്‍ അല്ലെങ്കില്‍ ഒരു വൈദികന്‍. വിശ്വാസം കൂടിയോ കുറഞ്ഞോ? സാക്ഷാല്‍ മാര്‍പ്പാപ്പാ പല തവണ ആവശ്യപ്പെട്ടിട്ടും ഇന്ത്യയില്‍ ഫാമിലി സര്‍വ്വേ എന്തുകൊണ്ട് നടത്തിയില്ല? ഒരൊറ്റ അത്മായനെ പോലും ഇന്ത്യയില്‍ നിന്ന് ഈ ഒക്ടോബറില്‍ റോമില്‍ നടക്കുന്ന പ്രത്യേക സമ്മേളനത്തില്‍ പങ്കെടുപ്പിക്കാന്‍ നമുക്കെന്തുകൊണ്ട് കഴിഞ്ഞില്ല? വെല്ലുവിളികളെ സഭ അതിജീവിക്കും എന്ന് സുവിശേഷകന്‍ പറഞ്ഞിട്ടുണ്ടെങ്കില്‍, മാര്‍പ്പാപ്പയെ അനുസരിച്ചും അദ്ദേഹത്തിനു വിധേയപ്പെട്ടും കഴിയുന്ന ഏതെങ്കിലും സഭയെ ആയിരിക്കണം ഉദ്ദേശിച്ചത്.

    ReplyDelete
  4. ഒരു കാലത്ത് സഭ ചെയ്തുകൊണ്ടിരുന്നത് സ്തുത്യര്‍ഹമായ സേവനങ്ങള്‍ ആയിരുന്നു എന്ന ലേഖകന്‍റെ പരാമര്‍ശം ഞാനും ഭാഗികമായി അംഗീകരിക്കുന്നു. അന്നും തെമ്മാടിക്കുഴികളും മഹറോനും ഉണ്ടായിരുന്നു എന്നോര്‍ക്കുക. ഏതായാലും അന്ന് സഭയിലേക്ക് അനേകര്‍ വന്നു കൊണ്ടിരുന്നു, സഭാ സ്വത്തുക്കള്‍ കൈകാര്യം ചെയ്തുകൊണ്ടിരുന്നത് അത്മായരുമായിരുന്നു. അന്ന് നമ്മുടെ മെത്രാന്മാര്‍ക്ക് സമൂഹത്തില്‍ ഉന്നതമായ ഒരു സ്ഥാനം ഉണ്ടായിരുന്നെങ്കില്‍ ഇന്ന് പൊതു സാംസ്കാരിക ചടങ്ങുകളില്‍ അവരെ ആരും ക്ഷണിക്കുന്നില്ല.

    പേരും പ്രശസ്തിയും ആഗ്രഹിക്കാതെ സഭക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന പുണ്യാത്മാക്കാള്‍ സഭയില്‍ ഇന്നുണ്ടെങ്കില്‍ അവര്‍ക്കെല്ലാം സഭ കൊടുത്ത കുരിശുകളുടെ എണ്ണവും കുറവല്ല. അടുത്ത കാലത്ത് നിര്യാതനായ കൈപ്പന്പ്ലാക്കല്‍ അച്ചന്‍ തന്നെ ഉദാഹരണം.

    “വിശ്വാസധാരയ്ക്കും മീതെ ഉയര്‍ത്തിപ്പിടിച്ച്, കൂടുതല്‍ അഭിപ്രായ ഭിന്നതകള്‍ക്ക് കളമൊരുക്കുന്നവര്‍ ശ്രദ്ധിക്കുക, ആദ്യകാലത്തെ നിയമജ്ഞര്‍ വിധിക്കപ്പെട്ടതുപോലെ നിങ്ങളും പുറംതള്ളപ്പെട്ടേക്കാം.” ലേഖകന്‍ ഇപ്പറഞ്ഞത്‌ സഭാധികാരികളെപ്പറ്റി ആയിരിക്കണം. ഈ അഭിപ്രായം എനിക്കുമുണ്ടെന്ന് സദയം അറിയിക്കട്ടെ. യേശു യുദ്ധം ചെയ്തിട്ടുണ്ടെങ്കില്‍ പുരോഹിതര്‍ക്കും നിയമജ്ഞന്മാര്‍ക്കും എതിരായിട്ടായിരുന്നു എന്ന് തന്നെയാണല്ലോ വി. ബൈബിള്‍ പറയുന്നത്.

    ലേഖകന്‍ സഭാ നവീകരണ പ്രവര്‍ത്തകര്‍ക്കെല്ലാം ഒരു മുന്നറിയിപ്പ് കൊടുത്തുകൊണ്ടാണ് ലേഖനം അവസാനിപ്പിക്കുന്നത്. ഒരു സത്യം ഞാനും അദ്ദേഹത്തിന് ഉപദേശിക്കട്ടെ, ‘ആദ്യം സ്വന്തം കണ്ണിലെ തടി എടുത്തു കളയുക, എന്നിട്ട് അത്മായനെ പഠിപ്പിക്കുക’. ഏതായാലും തുടര്‍ന്നും അത്മായശബ്ദം വായിക്കുക കത്തോലിക്കനില്‍ എഴുതുക.

    ReplyDelete

  5. സലോമിയുടെ ആത്മഹത്യക്ക് ശേഷം പള്ളിയിൽ പോക്ക് നിറുത്തിയ ഒരു വിശ്വാസി ആണ് ഞാൻ. ക്രൈസ്തവത അല്പം എങ്കിലും ഉണ്ടായിരുന്നെങ്കിൽ മെത്രാൻ അന്ന് മാപ്പ് പറയണമായിരുന്നു. പകരം മെത്രാൻ വീണ്ടും പഴി ചാരുകയാണ് ഉണ്ടായതു. ഇനി അയാൾ മെത്രാൻ സ്ഥാനത്ത് ഉള്ളിടത്തോളം കാലം ഞാൻ പള്ളിയില പോവില്ല. ഇതിനെ പറ്റി കത്തോലിക്കന് എന്താ പറയാൻ ഉള്ളത് ?

    ReplyDelete
  6. അല്‍മായതീക്ഷ്ണത വഴിതെറ്റുമ്പോള്‍... ലേഖനം വായിച്ചപ്പോൾ ഓർമ വന്നത് shoot the messenger എന്ന ശൈലി ആണ്, വളരെ നന്നായിരിക്കുന്നു, അത് തന്നെയാണു സഭാ നേതൃത്വവും പ്രോത്സാഹിപ്പിക്കുന്നത്. ഇന്ന് ക്രിസ്തുവിന്റെ സന്ദേശങ്ങൾക്ക് പ്രതിബന്ധമായി നില്ക്കുന്നത് പുരോഹിത മേല്ക്കൊയ്മയും അധികാര ദുർവിനിയോഗവും ആണ്. പുരോഹിതവർഗത്തിന് കേരള ക്രൈസ്തവ സഭയിൽ യാതൊരു അടിസ്ഥാനവും പ്രസക്തിയും ഇല്ലാ. യഹൂദപൌരോഹിത്യതിന്റെയും, യൂറോപ്യൻ രാജത്വത്തിന്റെയും പിന്തുടർച്ചക്കാരാണ് തങ്ങളെന്ന അഹംഭാവം മാത്രമാണ് ഇതിന്റെയെല്ലാം അടിസ്ഥാനം. തെറ്റുകാർ നമ്മൾ ആടുകൾ മാത്രമാണ്. നാമിതെല്ലാം അന്ധമായി വിശ്വസിച്ചു. ഇതെല്ലാം തിരുത്തേണ്ട കാലം അതിക്രമിച്ചുവെന്നതിനു ധാരാളം തെളിവുകൾ ഉണ്ട്. യേശു രണ്ടു കാര്യങ്ങളേ നമ്മോടു ആവശ്യപ്പെട്ടിട്ടുള്ളു. (1) എല്ലാറ്റിനും ഉപരിയായി ദൈവത്തെ സ്നേഹിക്കുക, (2) തന്നത്താനെ എന്നപോലെ തന്റെ അയല്ക്കാരനെ (യേശു പറഞ്ഞിട്ടുണ്ട് നമ്മുടെ അയൽക്കാരൻ ആരാണെന്നു) സ്നേഹിക്കുക. പള്ളിയെപ്പറ്റിയൊ, ഞായറാഴ്ച്ചയെപറ്റിയോ, കതനാന്മാരെ പറ്റിയോ, ശ്രേഷ്ഠകത്തനന്മാരെ പറ്റിയോ ധ്യാനത്തെ കുറിച്ചോ ബൈബിൾ കണ്വൻഷനെ കുറിച്ചോ യേശു ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല, പുരോഹിതരെക്കുറിച്ചു എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അത് മോശമായതു മാത്രമാണു. കേരള കത്തോലിക്കാസഭ മറന്നു പോയ ഒരു പ്രവർത്തനം, ആതുരസേവനം, വൻതോതിൽ തുടങ്ങണം, പ്രത്യേകിച്ചും ആശുപത്രികൾ. ലാഭവും നഷ്ടവും ഇല്ലാത്ത രീതിയിൽ, സേവനം മാത്രം ഉന്നം വച്ചു വേണം ഇത് നടത്താൻ. അല്ലാതെ ഇപ്പോൾ നിലവിലുള്ള കത്തോലിക്കാ ആശുപത്രികൾ പോലെയായിരിക്കരുത്. 'തിരുമേനികളും' പട്ടക്കാരും മാത്രമായിരിക്കരുത് ഈ ആശുപത്രികളുടെ മേലാളുകൾ. നമ്മുടെ ഇടയിൽ ധാരാളം പ്രഗൽഭരും ആസയസംപുഷ്ടരും സേവനമതികളുമായ അല്മായർ ഉണ്ട്. അവരുടെ സേവനം ഉപയോഗിക്കണം. കേരള കത്തോലിക്കാ സഭയുടെ ആസ്തികൾ കൂട്ടിനോക്കിയാൽ ഇന്ത്യയുടെ സമ്പന്നന്മാരുടെ മുൻനിരയിലായിരിക്കും. അപ്പോൾ മേല്പ്പറഞ്ഞ സംരംഭം തുടങ്ങുവാൻ ഒരു ബുദ്ധിമുട്ടും ഉണ്ടായിരിക്കുകയില്ല. അഥവാ മൂലധനം ഒരു പ്രശ്നമായി വന്നാൽ സഭയുടെ വക സ്വാശ്രയ കോളജുകളും പ്രഫഷണൽ കോളജുകളും വിറ്റ് കാശാക്കണം. വേണ്ടിവന്നാൽ കുറെ 'അരമന'കളും വില്ക്കണം. ദരിദ്രൻ ആയി ജീവിച്ചു മരിച്ച യേശു തന്റെ ഇടയന്മാർ ഇത്രയും വലിയ കൊട്ടാരങ്ങളിൽ ജീവിക്കുമെന്ന് കരുതിക്കാണുകയില്ല. കത്തോലിക്കാസഭ പന്ത്രണ്ടാം ക്ളാസ്സിനു മുകളിലുള്ള വിദ്യാഭ്യാസ്സ സ്ഥാപനങ്ങൾ നടത്തുന്നത് പണക്കൊതി, സ്ഥാനമാനമോഹം, അധികാരികളെയും രാഷ്ട്രീയനേതാക്കളെയും സ്വാധീനിക്കാനുള്ള താല്പര്യം എന്നിവ കൊണ്ടാണ്. യേശുവിസ്വാസത്തിൽ ഉള്ള ഒരു അടിത്തറ പന്ത്രണ്ട് കൊല്ലം കൊണ്ട് സാധിക്കുന്നില്ലെങ്കിൽ അത് പിന്നീടുള്ള വിദ്യാഭ്യാസം കൊണ്ടും സാധിക്കാൻ പോകുന്നില്ല. അതുകൊണ്ട്, കേരള കത്തോലിക്കാ സഭ ഇപ്പോളത്തെ വഴിപിഴച്ച പോക്കിൽ നിന്നുമാറി മേൽപറഞ്ഞതുപോലെയുള്ള ഒരു സംരംഭം തുടങ്ങിയാൽ അത് അഭയകേസ് മുതലായവ കൊണ്ട് കത്തോലിക്കാ സഭയ്കുണ്ടായ മാനക്ഷയം കുറെയൊക്കെ മാറ്റിത്തരും. എന്നെപ്പോലെ മൂക്കും പൊത്തി കത്തോലിക്കാസഭയിൽ തന്നെ തുടരുന്നവർക്ക് ഒരാശ്വാസവും ആകും. അങ്ങനെ കത്തോലിക്കന്റെ ജീവിത മാത്രുക കണ്ടു മറ്റുള്ളവരെ ക്രിസ്തുവിലേക്കും ക്രിസ്ത്യാനികളെ വൈദികവൃത്തിയിലേക്കും ആകർഷിക്കാൻ കഴിഞ്ഞേക്കും.

    ReplyDelete
  7. "(കത്തോലിക്കന്‍) അജ്ഞാതന്" ഒരു പട്ടക്കാരന്റെ എല്ലാ ലക്ഷണങ്ങളും ഉണ്ട്. ആടുകളെ കുറ്റം പറയുകയായിരുന്നു പൊതുവേ, പഴയ കഥ തന്നെ, പട്ടക്കാരും മനുഷ്യരാണ്, പരിപൂർണരല്ല, പുറത്തു നിന്നുള്ള വിമർശനം ശരിയല്ല ...... ഒരു ചോദ്യം, "അജ്ഞാത കത്തോലിക്കനോട്"; അകത്തു നിന്ന് വിമർശിക്കുന്നതു സാധ്യത ഉള്ള ഒരു കാര്യമാണോ? എന്തെങ്കിലും ഫലം ഉണ്ടാക്കിയിട്ടുണ്ടോ? മഹറോനും തെമ്മാടിക്കുഴിയും അല്ലാതെ!

    ReplyDelete