ഒരു വാക്ക്....

യഥാര്‍ത്ഥ ക്രിസ്തുദര്‍ശനത്തിനായി ചിന്തിക്കുകയും ആ സന്ദേശം പ്രചരിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു കത്തോലിക്കന്‍. സുവിശേഷസന്ദേശം ലോകമെങ്ങും എത്തിക്കുക എന്നത് ലോകമെങ്ങുമുള്ള ക്രൈസ്തവരുടെ ജീവിതദൌത്യമാണെന്ന തിരിച്ചറിവില്‍ എന്‍റെ തൊഴിലിലൂടെയും ജീവിതത്തിലൂടെയും ഞാന്‍ എന്‍റെ ക്രിസ്തുവിനെ മഹത്വപ്പെടുത്തുന്നു. സ്ഥാപനവല്‍ക്കരണത്തിലൂടെയും, സുവിശേഷവിരുദ്ധമായ നയങ്ങളിലൂടെയും കത്തോലിക്കാ സഭയില്‍ സംഭവിക്കുന്ന അപചയപ്രവണതകള്‍ക്കുള്ള പ്രതിവിധി സഭാംഗങ്ങള്‍ ഏവരും ശരിയായ ബോധ്യത്തിലേക്ക് കടന്നുവരികയാണ്. ശരിയായ വിശ്വാസവും ആത്മീയ കാഴ്ച്ചപ്പാടുകളും സ്വന്തമാക്കുവാന്‍ ഈ ദൈവജനത്തെ പര്യാപ്തരാക്കേണ്ട ചുമതല നാമേവര്‍ക്കുമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു.

Wednesday, August 22, 2012

ലക്ഷ്യമില്ലാത്ത യാത്രക്കാര്‍...


     കുറച്ചുനാള്‍മുമ്പ്, സുഹൃത്തായ ഒരു ചലച്ചിത്രകാരന്‍ പട്ടണത്തില്‍ ഉണ്ടെന്നറിഞ്ഞ് അദ്ദേഹം താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ കാണാന്‍ ചെന്നു. സംസാരിച്ചു കൊണ്ടിരുന്നതിനിടയില്‍ അദ്ദേഹത്തിന്‍റേതായ ചില തത്വശാസ്ത്രങ്ങള്‍ക്ക് ചെവി കൊടുക്കേണ്ടതായും വന്നു.
"ഇവിടെ ഒരാളും സ്വാര്‍ത്ഥലക്ഷ്യങ്ങളോടു കൂടിയല്ലാതെ മറ്റൊരാളെ സ്നേഹിക്കുന്നില്ല." മറുപടി പറഞ്ഞാല്‍ ഫലമുണ്ടാവില്ല എന്നുതോന്നിയതിനാല്‍ അദ്ദേഹം പറയുന്നത് ഞാന്‍ വെറുതേ കേട്ടിരുന്നു.
"നിസ്വാര്‍ത്ഥസ്നേഹം എന്നുപറയുന്ന ഒന്നില്ല. സ്വാര്‍ത്ഥത മാത്രം. ഭാര്യ ഭര്‍ത്താവിനെ സ്നേഹിക്കുന്നതും, മക്കള്‍ അച്ഛനെ സ്നേഹിക്കുന്നതുമെല്ലാം അവര്‍ക്ക് അയാളെ ആവശ്യമുള്ളതുകൊണ്ട് മാത്രമാണ്... സുഹൃത്തുക്കളും മറിച്ചല്ല; നീയിപ്പോള്‍ എന്‍റെ അടുത്ത് വന്നിരിക്കുന്നത് പോലും എന്നില്‍നിന്ന്‍ എന്തോ പ്രതീക്ഷിക്കുന്നത് കൊണ്ടാണ്." അത്രയുമായപ്പോള്‍ ഞാന്‍ മറ്റെന്തോ വിഷയം എടുത്തിട്ട് അദ്ദേഹത്തിന്‍റെ ശ്രദ്ധ തിരിച്ചു.
"ആകട്ടെ, ജീവിതമൊക്കെ എങ്ങനെ? സുഖമാണോ?" കുറച്ചുകഴിഞ്ഞപ്പോള്‍ ഞാന്‍ തിരക്കി.
അപ്പോള്‍ അദ്ദേഹത്തിന്‍റെ മുഖത്ത് അതുവരെയില്ലാത്ത ഒരു ഗൌരവ ഭാവം.
"ജനിച്ചുപോയില്ലേ, ജീവിച്ചല്ലേ പറ്റൂ.... അങ്ങനെ ജീവിച്ചുപോകുന്നു." വിഷാദഛായയുള്ള ഒരു ദീര്‍ഘനിശ്വാസത്തിന്‍റെ അകമ്പടിയോടെ അദ്ദേഹം പറഞ്ഞു.
     കോഴിക്കോട് പട്ടണത്തില്‍, മികച്ച ജീവിത സാഹചര്യങ്ങളും, നല്ല ജോലിയും,  ഉണ്ടായിരുന്ന  രണ്ട് പിഞ്ചുമക്കളുടെ ആമ്മയായ ഒരു യുവതി ആത്മഹത്യ ചെയ്ത കഥ അവരുടെ ഭര്‍ത്താവ് തന്നെയാണ് പങ്കുവച്ചത്. "ജീവിതം മടുത്തു, അതിനാല്‍ മരിക്കാന്‍ തീരുമാനിക്കുന്നു." എന്ന, അവള്‍ എഴുതിവച്ചിരുന്ന ഒരു കുറിപ്പിനപ്പുറത്ത് മറ്റൊരു മരണകാരണം ഇന്നും അദ്ദേഹത്തിന് അജ്ഞാതം. പക്ഷെ, ആ സ്ത്രീയുടെ മരണം വരെ ആ കുടുംബം മുഴുവന്‍ കടുത്ത നിരീശ്വരവാദത്തിന്‍റെ പിടിയിലായിരുന്നു എന്നതായിരുന്നു വാസ്തവം. ആ സംഭവത്തെ തുടര്‍ന്ന്, ശൂന്യതാബോധത്തിന്‍റെയും, നിരാശയുടെയും പിടിയില്‍ അകപ്പെട്ട് തകര്‍ന്നുപോയ ആ ഭര്‍ത്താവ് ദൈവത്തിലേക്ക് തിരിയാനിടയായപ്പോള്‍ അടിയുറച്ച  ഒരു വിശ്വാസിയായി മാറി.
     ഈ രണ്ട് അനുഭവങ്ങളും ചില വലിയ ജീവിതയാഥാര്‍ത്ഥ്യങ്ങളെ  വെളിപ്പെടുത്തുന്നു. ഒരു മനുഷ്യന്‍റെ ജീവിതത്തെ സാര്‍ത്ഥകമാക്കുന്ന ഏറെ മൂല്യങ്ങളുണ്ട്. നിസ്വാര്‍ത്ഥ സ്നേഹവും, ദൈവവിശ്വാസവുമെല്ലാം അവയില്‍ ഒഴിച്ചുകൂടാനാവാത്തവയാണ്. ഇത്തരം ജീവിതമൂല്യങ്ങളെ തള്ളിപ്പറഞ്ഞുകൊണ്ട് നശ്വരമായ ചില ലക്ഷ്യബോധങ്ങളുടെ പിന്‍ബലത്തില്‍ ആവേശത്തോടെ മുന്നേറുന്ന ചിലരുണ്ട്. പക്ഷെ, ജീവിതം ചില നിര്‍ണ്ണായകഘട്ടങ്ങളില്‍ എത്തിച്ചേരുമ്പോള്‍, അഥവാ ആ ലക്ഷ്യങ്ങളുടെ പൊള്ളത്തരങ്ങള്‍ വ്യക്തമാകുമ്പോള്‍ അവര്‍ തളര്‍ന്നു പോയേക്കാം. അത്തരത്തില്‍ മരവിച്ച മനസ്സും, നിരര്‍ത്ഥകമായനുഭവപ്പെടുന്ന ജീവിതവുമായി അനേകര്‍ നമുക്ക് ചുറ്റുമുണ്ട്.
    തങ്ങള്‍ ഒരിക്കല്‍ തള്ളിപ്പറഞ്ഞ ദൈവത്തിലേക്ക് സ്വമേധയാ തിരികെ എത്തുന്നവരുടെ എണ്ണം ചുരുക്കം. എന്നാല്‍ ചിലരുടെ പര്യാപ്തമായ ഇടപെടലുകള്‍ ഇത്തരം അനേകരെ ഉറച്ച വിശ്വാസത്തിലേക്കും അതുവഴി സമാധാനവും സന്തോഷവും നിറഞ്ഞ ജീവിതത്തിലേക്കും കൈപിടിച്ച് നടത്തുന്നു. ഒരു യഥാര്‍ത്ഥ ക്രൈസ്തവന്‍റെ ജീവിതം പേറുന്ന അടിസ്ഥാനദൌത്യവും ഇതുതന്നെയാണ്. എങ്കിലും, ഈ ആധുനിക ലോകത്തിന്‍റെ വിവിധ സങ്കീര്‍ണ്ണതകളില്‍ പെട്ട് അന്ധകാരത്തില്‍ നിപതിക്കുന്നവരുടെ എണ്ണം അനുദിനം വര്‍ദ്ധിക്കുന്നു. പ്രകാശത്തിലേക്ക് തിരിച്ചുവരുവാന്‍ ആത്മാവില്‍ ആഗ്രഹിക്കുന്നെങ്കിലും പലര്‍ക്കും അവസരം ലഭിക്കുന്നില്ല.   "കൊയ്ത്ത് വളരെ; വേലക്കാരോ ചുരുക്കം. അതിനാല്‍ കൊയ്ത്തിന് വേലക്കാരെ അയക്കുവാന്‍ കൊയ്ത്തിന്‍റെ നാഥനോട് നിങ്ങള്‍ പ്രാര്‍ത്ഥിക്കുവിന്‍" (ലൂക്കാ 10/2)
     അപര്യാപ്തമായ ജീവിത സാഹചര്യങ്ങളും, അപക്വമായ കാഴ്ച്ചപ്പാടുകളും പകര്‍ന്നുനല്‍കുന്ന ഭൌതിക വ്യഗ്രതയാണ് കൂടുതല്‍പേരെയും ആത്മീയബോധ്യങ്ങളില്‍നിന്ന് അകറ്റുന്നത്. അവരില്‍ നിലനില്‍ക്കുന്ന ഭൌതിക കാഴ്ച്ചപ്പാടുകള്‍ക്കും, യാഥാര്‍ത്ഥ്യത്തിന്‍റെ പ്രകാശത്തിനും മദ്ധ്യേ ഒരു മതില്‍ കെട്ടി ഉയര്‍ത്തപ്പെട്ടിരിക്കുന്നു; മാനുഷികമായ പിടിവാശികളും, വ്യര്‍ത്ഥാഭിമാനവും കൊണ്ട് പണിയപ്പെട്ട ഒരു മതില്‍.... തങ്ങളുടെ ലക്ഷ്യങ്ങളുടെയും കാഴ്ച്ചപ്പാടുകളുടെയും പൊള്ളത്തരം ബോധ്യമായാല്‍പോലും, ഈ മതില്‍ സത്യത്തില്‍നിന്ന് അവരെ അകറ്റിനിര്‍ത്തിയേക്കാം.
     നിസ്വാര്‍ത്ഥസ്നേഹവും, ജീവിതത്തില്‍ മുറുകെപ്പിടിക്കേണ്ട മറ്റെല്ലാ മൂല്യങ്ങളും, വിശ്വാസത്തിന്‍റെ വെളിച്ചവും ജീവിതത്തില്‍ ഓരോ നിമിഷവും കാത്തുസൂക്ഷിക്കുക എന്ന സന്ദേശമാണ് തിരുവചനം നമുക്ക് നല്‍കുന്നത്. മറ്റെന്തിനേക്കാളും പ്രാധാന്യം മരണംവരെ ഇവയ്ക്ക് നല്‍കാന്‍ കഴിഞ്ഞാല്‍ നാം ആത്യന്തിക വിജയം നേടുന്നു. മറിച്ച്, സ്വാര്‍ത്ഥലക്ഷ്യങ്ങളും ജീവിതവ്യഗ്രതയും സുഖസൗകര്യങ്ങളുമെല്ലാം പ്രഥമപരിഗണനീയങ്ങളായാല്‍ ഒരുവന്‍ ദൈവതിരുമുമ്പില്‍ നീതീകരിക്കപ്പെടുകയില്ല. നമുക്ക് വേണ്ടതെല്ലാം സമൃദ്ധമായി നല്‍കുവാന്‍ കഴിവുള്ളവനും, നമ്മുടെ ആവശ്യങ്ങളെ നമ്മെക്കാളധികം അറിയുന്നവനുമാണ്‌ ദൈവം എന്ന സത്യം ഈശോ അസന്ധിഗ്ദമായി പ്രഖ്യാപിക്കുന്നുണ്ട്. "എന്ത് തിന്നുമെന്നോ, എന്ത് കുടിക്കുമെന്നോ അന്വേഷിക്കേണ്ട; ആകുലചിത്തരാവുകയും വേണ്ട. ഈ ലോകത്തിന്‍റെ ജനതകളാണ് ഇതെല്ലാം അന്വേഷിക്കുന്നത്. നിങ്ങള്‍ക്ക് ഇതെല്ലാം ആവശ്യമാണെന്ന് നിങ്ങളുടെ പിതാവിനറിയാം. നിങ്ങള്‍ അവിടുത്തെ രാജ്യം അന്വേഷിക്കുവിന്‍ ഇവയെല്ലാം അതോടൊപ്പം നിങ്ങള്‍ക്ക് ലഭിക്കും." (ലൂക്കാ 12/29-31)
     അവിശ്വാസിയെന്ന് സ്വയം പ്രഖ്യാപിക്കുന്നവരും വിശ്വാസിയെന്നുഭാവിച്ച് അതിന് വിരുദ്ധമായി ജീവിക്കുന്നവരും വ്യത്യസ്ഥരല്ല. ഇരുകൂട്ടരും തങ്ങളുടെ ലക്ഷ്യത്തെ തിരിച്ചറിയുന്നതില്‍ പരാജയപ്പെട്ടവരാണ്. നിത്യതയിലേക്കുള്ള പ്രകാശത്തെ മുന്നില്‍ക്കണ്ട് ലൌകികവ്യഗ്രതയില്‍  അകപ്പെടാതെ ജീവിക്കാന്‍ തീരുമാനിക്കാത്ത പക്ഷം സകലരും അന്ധകാരത്തില്‍ തന്നെയാണ് തുടരുന്നത്. മനുഷ്യനുവേണ്ടി ദൈവം സജ്ജീകരിച്ചിരിക്കുന്ന വലിയ നന്മയെ തിരിച്ചറിയുവാന്‍ നാമേവരും പ്രാപ്തരാകേണ്ടിയിരിക്കുന്നു. "എഴുതപ്പെട്ടിരിക്കുന്നതുപോലെ, ദൈവം തന്നെ സ്നേഹിക്കുന്നവര്‍ക്കായി സജ്ജീകരിച്ചിരിക്കുന്നവ കണ്ണുകള്‍ കാണുകയോ, ചെവികള്‍ കേള്‍ക്കുകയോ, മനുഷ്യമനസ്സ് ഗ്രഹിക്കുകയോ ചെയ്തിട്ടില്ല. എന്നാല്‍, നമുക്ക് ദൈവം അതെല്ലാം ആത്മാവ് മുഖേന വെളിപ്പെടുത്തിത്തന്നിരിക്കുന്നു." (1കോറിന്തോസ് 2/9-10)
     നമുക്കായി ദൈവം കരുതിയിരിക്കുന്ന ആ നന്മ നിത്യജീവനല്ലാതെ മറ്റൊന്നല്ല. അതുതന്നെയായിരിക്കണം ഈ ലോകത്തില്‍ നമ്മുടെ ജീവിതലക്ഷ്യവും. ആ ലക്ഷ്യത്തിലേക്ക് നമ്മെ നയിക്കുന്നത് ഈ ലോകത്തിന്‍റെ സങ്കീര്‍ണ്ണങ്ങളായ സമവാക്യങ്ങളോ, ലോകം വലുതെന്ന്‍ കരുതുന്ന മറ്റെന്തെങ്കിലുമോ അല്ല. മറിച്ച്, കേവലം ലളിതങ്ങളായ മൂല്യങ്ങളും, ഉറച്ച വിശ്വാസവുമാണ്. കൂദാശകളും, പ്രാര്‍ത്ഥനയും, പരിശുദ്ധ അമ്മയുടെയും വിശുദ്ധരുടെയും മാദ്ധ്യസ്ഥസഹായവും പ്രധാനമാണ്. ഇവയെല്ലാം നമ്മെ രക്ഷയിലേയ്ക്ക് കൈപിടിച്ചുയര്‍ത്തി നിത്യജീവനിലേക്ക്‌ വഴിനടത്തും. "ആകയാല്‍, യേശു കര്‍ത്താവാണ് എന്ന് അധരം കൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരില്‍നിന്ന്‍ ഉയര്‍പ്പിച്ചു എന്ന് ഹൃദയത്തില്‍ വിശ്വസിക്കുകയും ചെയ്‌താല്‍ നീ രക്ഷ പ്രാപിക്കും. എന്തുകൊണ്ടെന്നാല്‍, മനുഷ്യന്‍ ഹൃദയംകൊണ്ട് വിശ്വസിക്കുകയും തന്മൂലം നീതീകരിക്കപ്പെടുകയും ചെയ്യുന്നു. അവന്‍ അധരംകൊണ്ട് ഏറ്റുപറയുകയും തന്മൂലം രക്ഷപ്രാപിക്കുകയും ചെയ്യുന്നു." (റോമ 10/9-10)

No comments:

Post a Comment